വയനാട് രേഖകള്‍….
ചുരം കയറുമ്പോള്‍
വയനാട്ടിലേക്കെത്താന്‍ നിരവധി ചുരങ്ങളുണ്ട്. അതില്‍ പ്രധാനം താമരശ്ശേരി ചുരമാണ്. വയനാട് ഒരു പ്രലോഭനമാകുന്നത് ഈ ചുരത്തിലൂടെയുള്ള യാത്ര കൊണ്ടു കൂടിയാണ്. 12 കിലോമീറ്ററോളം വളഞ്ഞു പുളഞ്ഞു കിടക്കുന്ന ചുരം പാത. കോടമഞ്ഞിലൂടെ, നേര്‍ത്തു പെയ്യുന്ന മഴയിലൂടെ കുളിര്‍കാറ്റുമേറ്റ് കെ.എസ്.ആർ.ടി.സി ബസില്‍ ചുരം കയറുന്ന അനുഭവം പറഞ്ഞറിയിക്കാനാവില്ല.
സമുദ്ര നിരപ്പില്‍ നിന്ന് ഏതാണ്ട് രണ്ടായിരത്തിലധികം അടി മുകളിലേക്കാണ് നമ്മള്‍ പോകുന്നത്. ഈ പാത വലിയാരത്ഭുതമാണ്. ചെങ്കുത്തായ മലകളെ ചുറ്റിച്ചുറ്റി മുകളിലേക്ക് കയറിപ്പോകുന്ന പാത. ബ്രിട്ടീഷുകാരാണ് ഈ ചുരം പാത നിര്‍മിച്ചത്. അവര്‍ക്ക് ഈ ദിശ കാണിച്ചു കൊടുത്തത് കരിന്തണ്ടന്‍ എന്ന ഗോത്രവര്‍ഗക്കാരനായിരുന്നെന്നും ഇതിന്റെ ഖ്യാതി സ്വന്തമാക്കാനായി ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ കൊന്നു കളഞ്ഞു എന്നുമുള്ള ഒരു കഥ ഇവിടെ നിലനില്‍ക്കുന്നുണ്ട്. കരിന്തണ്ടന്റെ ആത്മാവിനെ തളച്ചതായി പറയപ്പെടുന്ന ചങ്ങലമരം ഈ പാതയോരത്തുണ്ട്.
പൂക്കോട് തടാകം
സമുദ്ര നിരപ്പില്‍ നിന്ന് രണ്ടായിരത്തിലധികം അടി ഉയരെ ഒരു വലിയ ജലാശയം. അതാണ് വയനാട്ടിലെ പൂക്കോട് തടാകം. ഈ തടാകത്തില്‍ മാത്രം കാണുന്ന ഒരിനം പരല്‍ മീനുണ്ട്. പൂക്കോടന്‍ പരല്‍ എന്നാണ് അതിന്റെ പേര്. വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ് പൂക്കോട് തടാകം. പൂക്കോട് തടാകത്തിലൂടെയുള്ള ബോട്ട് യാത്രയും തടാക തീരത്തെ ഉദ്യാനവും മീന്‍ വളര്‍ത്തല്‍ കേന്ദ്രവും ഏതൊരു സഞ്ചാരിയെയും അങ്ങോട്ട് ആകര്‍ഷിക്കും.
എന്‍ ഊര്
വയനാട്ടിലെ പൂക്കോട് എന്ന ദേശം തടാകം കൊണ്ട് മാത്രമല്ല ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. എന്‍ ഊര് എന്ന പേരില്‍ ഇവിടെ ഒരു ഗോത്ര പൈതൃക ഗ്രാമമുണ്ട്. പട്ടികവര്‍ഗ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ഊര് ലോക ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ആദിവാസി ജനതയുടെ ഉന്നതി ലക്ഷ്യമാക്കി ആരംഭിച്ച ഈ പദ്ധതി കാണുന്നതിന് നിരവധി പേരാണ് എത്തുന്നത്. പുല്ലുമേഞ്ഞ കുടിലുകള്‍, ഗോത്ര വിപണി, ഓപ്പണ്‍ തിയേറ്റര്‍, ഫെസിലിറ്റേഷന്‍ സെന്റര്‍, വംശീയ ഭക്ഷണശാല, എക്‌സിബിഷന്‍ ഹാള്‍, ഗോത്രവര്‍ഗക്കാര്‍ നിര്‍മിച്ച കരകൗശല വസ്‌തുക്കൾ എന്നിവ ഇവിടെയുണ്ട്.
എടക്കല്‍ ഗുഹകള്‍
വയനാട് അമ്പുകുത്തി മലയിലാണ് എടക്കല്‍ ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. ശിലായുഗ മനുഷ്യര്‍ പാര്‍ത്ത ഒരിടം. ഗുഹയിലെ ശിലാലിഖിതങ്ങള്‍ ചരിത്രകാര്‍ക്ക് മാത്രമല്ല ചിത്രകാര്‍ക്കും പ്രിയപ്പെട്ടതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികളും ഗവേഷകരും ഇവിടെയെത്തുന്നു.