കാരമൂട്ടിലെ അമ്മൂമ്മ
ധാരാളം ഭൂസ്വത്തും മൂന്ന് ആണ്‍മക്കളും ഉണ്ടായിട്ടും ഏറെക്കുറെ ദരിദ്രമായ ജീവിതമായിരുന്നു കാരമൂട്ടിലെ അമ്മുമ്മക്ക്. പ്രതാപ കാലത്ത് മൂത്ത മകന്‍ ശിവരാമയണ്ണന് സര്‍ക്കാര്‍ ജോലി കിട്ടിയതാണ്. അന്ന് അമ്മൂമ്മ എടുത്ത വാക്കാലെ പറഞ്ഞു: ‘അങ്ങനെ കണ്ട സര്‍ക്കാറിന്റെ അടിമപ്പണി എടുത്ത് നീ ഈ വീട്ടില്‍ ചെലവിന് തരണ്ട.’ കാലാന്തരത്തില്‍ മക്കള്‍ മടിയന്‍മാരാവുകയും ഭൂമി കാടു കയറുകയും ദാരിദ്ര്യം കുടുംബത്തിലേക്ക് അരിച്ചരിച്ച് പ്രവേശിക്കുകയും ചെയ്‌തു. പഴയ ആ വീട്ടില്‍ ധാരാളം വരുത്തന്‍ ചെടികള്‍ പൂത്തു നിന്നിരുന്നു. ഓണക്കാലത്ത് അമ്മുമ്മയുടെ കണ്ണ് വെട്ടിച്ച് അവിടെ നിന്നും ഞങ്ങള്‍ സീനിയയും റോസയും പല വര്‍ണ്ണങ്ങളിലുള്ള മൊസന്തയും മോഷ്‌ടിച്ച് അത്തമിടും.
അയല്‍പക്കങ്ങള്‍ തമ്മില്‍ കൊടുക്കല്‍ വാങ്ങലൊക്കെ നില നിന്ന അക്കാലത്തെ ഒരു സംഭവം പറയാം. കാരമൂട്ടിലെ അമ്മുമ്മയുടെ അയല്‍വാസി കുടുംബം മുസ്ലിങ്ങളാണ്. അംഷാന്‍ മുതലാളി. അവര്‍ അമ്മുമ്മയെ ചാന്നാട്ടി എന്ന് വിളിച്ചു പോന്നു. പെരുന്നാള്‍ വന്നു. മുതലാളിയുടെ ഭാര്യ ഒരു പാത്രം നിറച്ച് നെയ്ച്ചോറും ആട്ടിറച്ചിയും മകന്റെ കൈയില്‍ കാരമൂട്ടിലേക്ക് കൊടുത്തു വിട്ടു. അമ്മുമ്മ അത് സന്തോഷത്തോടെ വാങ്ങി.
പിന്നെ ഓണം വന്നു. കാരമൂട്ടില്‍ അന്ന് പുട്ടാണ് ഉണ്ടാക്കിയത്. (ഉലക്ക പോലെ കഠിനമായിരുന്നു – ഓണത്തിനിടയിലെ ആ പുട്ട്.) അമ്മൂമ്മ ഒരു പാത്രത്തില്‍ രണ്ട് കുറ്റി പുട്ട് കുത്തിയിട്ടു. ചെറുമകനെ വിളിച്ച് ഓണപ്പലഹാരം മുതലാളിയുടെ വീട്ടില്‍ കൊണ്ട് കൊടുക്കാന്‍ ഏര്‍പ്പാട് ചെയ്‌തു. രണ്ട് കുറ്റി പുട്ട് തലയില്‍ ചുമന്നു കൊണ്ട് അവന്‍ മുതലാളിയുടെ വീട്ടിലെത്തി. അവിടത്തെ ഉമ്മക്ക് അതുകണ്ട് ചിരി വന്നു: ‘അയ്യോ, ചെല്ലക്കിളീ, ഇവിടെ ഇങ്ങനെ വെളീന്ന് ഒന്നും വാങ്ങൂല. പുള്ള കൊണ്ട് പൊയ്ക്കോ.’ അവനെ അവിടെ അടുക്കളയിലിരുത്തി ഉമ്മ അപ്പവും ആട്ടിറച്ചിയും കഴിപ്പിച്ച് പുട്ടുമായി തിരികെ വിട്ടു. തിരികെ വന്നപ്പോള്‍ കാരമൂട്ടിലെ അമ്മുമ്മ ആ പുട്ട് വാങ്ങി പൂച്ചയ്ക്ക് ഇട്ടു കൊടുത്തു. പിന്നെയും പെരുന്നാള്‍ വന്നു. മുതലാളിയുടെ വീട്ടില്‍ നിന്നും ഉച്ചക്ക് ബിരിയാണിയും ആട്ടിറച്ചിയുമായി മകന്‍ വന്നു. അമ്മുമ്മ അവനെ അകത്ത് വിളിച്ചു. വലിയ പാത്രത്തില്‍ തിളക്കുന്ന ഇറച്ചി കാണിച്ചു കൊടുത്തു. എന്നിട്ട് പറഞ്ഞു: ‘ദാരിദ്ര്യം പിടിക്കണതിന് മുമ്പ് എന്നും എറച്ചി വെന്തോണ്ടിരുന്ന അടുപ്പാണിത്. ഇവിടയിപ്പം ഇത് വേണ്ട. അപ്പി കൊണ്ട് പൊയ്ക്കോ.’ അവന്‍ നെയ്ച്ചോറും മട്ടനും തിരികെ കൊണ്ടു പോയി. കാലാനന്തരം ആ കുടുംബങ്ങള്‍ കൊടുക്കല്‍ വാങ്ങലുകളിലൂടെ സ്‌നേഹം സ്ഥാപിച്ചെന്ന വസ്‌തുത കൂടി പറഞ്ഞാലേ കഥ പൂര്‍ത്തിയാകൂ. ഒരിക്കലും കെടാത്ത മൈത്രികളുടെ ഗ്രാമകഥകള്‍ നിരവധിയാണ്. ഇങ്ങനെ ചില രസങ്ങള്‍ കൂടിയാണ് ഓണം എന്ന ഓര്‍മ്മ. ഇതിനിടയില്‍ ശിവരാമയണ്ണനുമായി സൗഹൃദം കൂടി നാട്ടിലെ ചെറുപ്പക്കാര്‍ ഒത്തുകൂടാന്‍ കാരമൂട് വീട് ഒരിടമായി ഒപ്പിച്ചിട്ടുണ്ടായിരുന്നു. മറ്റൊരോണക്കാലം വന്നു. തിരുവോണ ദിവസം രാവിലെ തന്നെ വീട്ടില്‍ കൂട്ടുകാരെത്തി. ഏതോ പ്രാകൃതമായ മാട്ട് സാധനം ആരോ അണ്ണന് ഒഴിച്ചു കൊടുത്തു. ഉച്ചക്ക് മുന്നേ അണ്ണന്‍ തല കുമ്പിട്ട് പായയില്‍ പതിച്ചു. മൂന്നാം നാള്‍ റോഡിലൂടെ ഘോഷയാത്ര പോകുന്ന ബഹളം കേട്ടാണ് അണ്ണന്‍ ഉയിര്‍ത്തെണീക്കുന്നത്. എണീറ്റപ്പോഴാണ് ഇന്ന് തിരുവോണമാണല്ലോ എന്ന് അണ്ണന്‍ ഓര്‍ത്തത്. തിരുവോണമായിട്ടും സദ്യയുടെ ഒരാവിയും അനക്കവും കാണാതിരുന്നപ്പോള്‍ അണ്ണന് കലിവന്നു. ‘ഇന്നേ കെളവീ, തിരുവോണമായിറ്റ് ഇവിട ഒന്നും ഒണ്ടാക്കിയില്ലേ?’ അണ്ണന്‍ അമ്മുമ്മയോട് ചോദിച്ചു. അമ്മുമ്മയപ്പോള്‍ അണ്ണന്‍ ഉണര്‍ന്നു വരുമ്പോള്‍ അടി കൊടുക്കാനുള്ള ഉലക്ക ഉറിയില്‍ തപ്പുകയായിരുന്നു. ലോറിയിലിരുന്ന് മൈക്കിലൂടെ പാടുന്ന ഷിബുവിനെ അണ്ണന്‍ കണ്ടു. അണ്ണന് ക്രമേണ കാര്യങ്ങള്‍ തിരിഞ്ഞു വരാന്‍ തുടങ്ങി.
അങ്ങനെ ഓണം കഴിഞ്ഞതായി മനസ്സിലാക്കി അണ്ണന്‍ വരാന്തയില്‍ നില്‍ക്കെ ഷിബു അടുത്ത പാട്ട് പാടാന്‍ തുടങ്ങുന്നു:
ദൈവമേ കാത്തു കൊള്‍കങ്ങ്
കൈവിടാതിങ്ങു ഞങ്ങളേ ….