കുമ്പളങ്ങിയിലെ രാത്രികള്‍

-സി. ടി. ജോണ്‍

 

ഇന്ത്യയിലെ ആദ്യത്തെ മാതൃക മത്സ്യ-ടൂറിസം ഗ്രാമം എന്ന പേരില്‍ ശ്രദ്ധിക്കപ്പെട്ട കുമ്പളങ്ങി ഇന്ന് ഗ്രാമീണ ടൂറിസത്തിന്റെ പറുദീസയാണ്. കുമ്പളങ്ങിയുടെ ഗ്രാമീണ സൗന്ദര്യം രാജ്യാന്തര തലത്തില്‍ വരെ ശ്രദ്ധേയമാണ്. കോവിഡ് മഹാമാരിക്ക് ശേഷം ടൂറിസം രംഗം ഉണര്‍ന്നതോടെ കുമ്പളങ്ങിയിലേക്കും ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. നഗരത്തിരക്കില്‍ നിന്ന് ശാന്തമായി കുടുംബവുമായി ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുമ്പളങ്ങി പ്രിയപ്പെട്ടതാണ്. വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഈ ഗ്രാമം നല്‍കുന്നത് നവ്യാനുഭവമാണ്. ഇവിടത്തെ കായൽക്കാഴ്‌ചകൾ ആസ്വദിച്ച് നാടന്‍ വിഭവങ്ങളും രുചിച്ച് താമസിക്കാന്‍ 22 ഹോം സ്റ്റേകളുമുണ്ട്.

കായല്‍ തീരത്തു നിന്നുള്ള സൂര്യാസ്‌തമയ കാഴ്‌ച വേറിട്ടനുഭവമാണ് നല്‍കുന്നത്. കുമ്പളങ്ങി-കണ്ടക്കടവ് റോഡിലൂടെയുള്ള യാത്രയും സായാഹ്നക്കാഴ്‌ചകളും വിവരണാതീതം. അത് അനുഭവിച്ചു തന്നെ അറിയണം. സാധാരണ വിനോദ സഞ്ചാരത്തില്‍ നിന്ന് വ്യത്യസ്‌തമാണ് കുമ്പളങ്ങിയിലെ കാഴ്‌ചകൾ. വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമത്തില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കാമോ അതെല്ലാം കുമ്പളങ്ങിയില്‍ കാണാം. പ്രധാന ആകര്‍ഷണം കുമ്പളങ്ങിക്ക് ചുറ്റുമുള്ള കായലും നൂറു കണക്കിന് ചീനവലകളുമാണ്. രാത്രിയില്‍ ചീനവലയിലെ മീന്‍ പിടിത്തം ഇവിടത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.

പ്രധാന കേന്ദ്രമായ കല്ലഞ്ചേരിയില്‍ എത്തിയാല്‍ മീന്‍ പിടിക്കല്‍, കള്ള് ചെത്തല്‍, പരമ്പരാഗത രീതിയിലെ കയര്‍ പിരിക്കല്‍, തൊണ്ട് തല്ലല്‍, കക്ക പുഴുങ്ങല്‍ തുടങ്ങിയ കാഴ്‌ചകൾ കാണാം. തനത് ഗ്രാമീണത നഷ്‌ടമാകാതെയുള്ള ടൂറിസമാണ് ഇവിടെ. വിദേശ വിനോദ സഞ്ചാരികള്‍ക്ക് കായലില്‍ വഞ്ചി യാത്രയും, ഓട്ടോറിക്ഷ യാത്രയും പ്രത്യേക ടൂറിസം പാക്കേജായി നല്‍കുന്നുണ്ട്. കല്ലഞ്ചേരിയില്‍ കണ്ടല്‍ക്കാടുകള്‍ക്ക് സമീപത്തു കൂടെ പെഡല്‍ ബോട്ട് യാത്രയും വ്യത്യസ്‌തമായ അനുഭവമാവും.

മത്സ്യ വിഭവങ്ങള്‍ ആസ്വദിക്കാം

കുമ്പളങ്ങിയിലെ ഹോം സ്റ്റേകളിലും ഹോട്ടലുകളിലും എത്തുന്നവരെ കാത്തിരിക്കുന്നത് നാവിനെ കൊതിപ്പിക്കുന്ന കായല്‍ മത്സ്യ വിഭവങ്ങളാണ്. വിവിധ തരം ചെമ്മീനുകളായ നാരന്‍, കാര, ചൂടന്‍, കൊഞ്ച് എന്നിവയുടെ ഫ്രൈ, റോസ്റ്റ്, ഞണ്ട് കറി, കുടംപുളിയിട്ട് വച്ച മീന്‍കറി, കരിമീന്‍ പൊള്ളിച്ചത്, നാടന്‍ തിലാപ്പിയ ഫ്രൈ, കക്ക ഫ്രൈ, ചിതമ്പല്‍ കളയാതെ പൊള്ളിച്ച മീന്‍കറി, പള്ളത്തി ഫ്രൈ എന്നിങ്ങനെ നീളുന്നു മത്സ്യ വിഭവങ്ങള്‍. എരിവിനും പുളിക്കും ഉപ്പിനും ലേശം പരിഗണന കൊടുത്തുള്ള കുമ്പളങ്ങി സ്‌റ്റൈല്‍ പാചകവും വേറിട്ടതാണ്.

കുമ്പളങ്ങിയിലെ നീല വിസ്‌മയം 

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയ്‌ക്കൊപ്പം ഹിറ്റായ കവരിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണ് കുമ്പളങ്ങി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രാത്രിയിലാണ് കവര് പ്രകടമാകുന്നത്. ഇത്തവണ ആയിരക്കണക്കിന് സഞ്ചാരികളാണ് കവര് കാണുവാന്‍ മാത്രം കുമ്പളങ്ങിയിലെത്തിയത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കായലിലെ വെള്ളത്തിന് ഉപ്പ് കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ കവര് ദൃശ്യമാകുന്നത്.

പഴമക്കാര്‍ ഇതിനെ വെള്ളത്തിലെ എരിച്ചില്‍ എന്നും പറയുമായിരുന്നു. ഇളക്കം തട്ടുമ്പോള്‍ വെള്ളത്തില്‍ ഉണ്ടാകുന്ന നിറ വ്യത്യാസമാണ് ഇത്. ഇളം നീല നിറത്തിലാണ് ഇത് ദൃശ്യമാകുന്നത്. ഒഴുക്കും അനക്കവുമില്ലാത്ത ഭാഗങ്ങളില്‍ കൂടുതല്‍ മനോഹരമായി ദൃശ്യമാകും.

കുമ്പളങ്ങിയിലേക്ക്

കൊച്ചി നഗരത്തിന്റെ തെക്ക്-പടിഞ്ഞാറായി 15 കിലോ മീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന, വെള്ളത്താല്‍ ചുറ്റപ്പെട്ട ദ്വീപാണ് കുമ്പളങ്ങി. കൊച്ചി നഗരത്തില്‍ നിന്നും ഫോർട്ട് കൊച്ചിയിൽ നിന്നും വരുന്നവര്‍ക്ക് പെരുമ്പടപ്പ്-കുമ്പളങ്ങി പാലം വഴിയും ആലപ്പുഴ ഭാഗത്തു നിന്നും വരുന്നവര്‍ക്ക് എഴുപുന്ന-കുമ്പളങ്ങി പാലം വഴിയും എത്തിച്ചേരാം. കണ്ണമാലി, ചെല്ലാനം ഭാഗത്തു നിന്ന് കണ്ടക്കടവ് വഴി റോഡ് മാര്‍ഗവും അരൂരില്‍ നിന്ന് ബോട്ട് മാര്‍ഗവും എത്താം. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 43 കിലോ മീറ്റര്‍ ദൂരവും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 14 കിലോ മീറ്റര്‍ ദൂരവും യാത്ര ചെയ്‌താൽ കുമ്പളങ്ങിയിലെത്താം.

കുമ്പളങ്ങിയെക്കുറിച്ച് അറിയാന്‍ : 90740 04070