കടല്‍ കടക്കുന്ന കേരള രുചികള്‍
കേരളം കാണാനെത്തുന്ന വിദേശികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും തദ്ദേശീയ സഞ്ചാരികളും വ്യത്യസ്‌ത രുചിക്കൂട്ടുകളാണ് ആസ്വദിക്കുന്നത്. ഇതുവഴി സാംസ്‌കാരിക വൈവിധ്യത്തിന്റെ ലോകക്രമം എളുപ്പത്തില്‍ തിരിച്ചറിയാനാകും. ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തുന്നവരൊക്കെ ഭക്ഷണത്തിന്റെ കൂടി മികവിന്റെ അടിസ്ഥാനത്തിലാണ് യാത്രകള്‍ ആസ്വദിക്കുന്നത്. അപ്പോഴും ശീലിച്ചു വന്നതൊക്കെ വിട്ടു കളയാന്‍ മടിയുണ്ടാകും. അതേമട്ടില്‍ തന്നെയാകും പുതു രുചികളോടുള്ള ഭ്രമവും. ഈ രണ്ടു താത്പര്യങ്ങളും സംരക്ഷിച്ചാകും പാചകക്കൂട്ടുകള്‍ തയ്യാറാക്കേണ്ടത്. ഇവിടെയാണ് വൈവിധ്യം ഒളിഞ്ഞിരിക്കുന്നത്, പുതുപരീക്ഷണങ്ങള്‍ക്ക് വഴിയൊരുങ്ങുന്നതും. മലയാളിയുടെ ഭക്ഷണ സംസ്‌കാരവും രുചിഭേദങ്ങളും മറുനാടന്‍ തീന്‍ മേശകളില്‍ അഭിമാനത്തോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായാണ് ഞാന്‍ കാണുന്നത്.
ഈ പശ്ചാത്തലത്തിലാണ് നമ്മുടെ നാട്ടിലെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് തോന്നുന്നത്. ഫുഡ് ടൂറിസം ഈ നിലയ്ക്കുള്ള മികച്ച പരീക്ഷണമാണ്. വിദേശികളും തദ്ദേശവാസികളായ സഞ്ചാരികളും കേരളീയ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പമാണ് രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന വിഭവങ്ങള്‍ തേടുന്നത്. നമ്മുടെ ഭക്ഷണ രീതി അനുഭവിച്ചറിയാന്‍ കൂടിയാണ് സഞ്ചാരികളെത്തുന്നത്. ലോകോത്തര തീന്‍ മേശകളില്‍ ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ ഏറ്റവും പ്രാധാന്യം കേരള ഭക്ഷണത്തിനാണ് എന്നത് ഓര്‍ക്കേണ്ടതുണ്ട്.
പച്ചക്കറി ഇഷ്‌ടക്കാർ
കേരളീയ ഭക്ഷണ രീതിയുടെ എരിവും പുളിയും ചേരുവകളാകുന്ന പാചക രീതികള്‍ പരിചയപ്പെടാന്‍ നല്ലൊരുപങ്ക് യാത്രികരും ശ്രമിക്കാറുണ്ട്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ വൈവിധ്യമാര്‍ന്ന ഭക്ഷണ ശൃംഖലയാണ് നമുക്ക് സ്വന്തമായുള്ളത്. ഓരോ നാട്ടിലും തനത് ഭക്ഷണ വൈവിധ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. പ്രാദേശിക ടൂറിസത്തോടൊപ്പം പ്രാദേശിക ഭക്ഷണ വൈവിധ്യങ്ങളാണ് നാളെയുടെ കേരളീയ ടൂറിസം എന്നാണ് തോന്നുന്നത്. കേരളീയ ഭക്ഷണ രീതിയില്‍ വിദേശികള്‍ കൂടുതലായി ഇഷ്‌ടപ്പെടുന്നതാണ് പച്ചക്കറി വിഭവങ്ങള്‍.
മാംസപദാര്‍ഥങ്ങള്‍, പാല്, തൈര്, തേന്‍, മുട്ട തുടങ്ങിയ എല്ലാം ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും മാത്രം ഉപയോഗിക്കുന്ന രീതിയായ വീഗന്‍ ഏറെപ്പേരെയും ആകര്‍ഷിക്കുന്നു. വീഗന്‍ ടൂറിസവുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര പാക്കേജുകള്‍ പ്രിയതരമാകാതെ തരമില്ല. വിദേശികള്‍ക്ക് ഭക്ഷണം ഒരുക്കുമ്പോള്‍ കേരളീയ ഭക്ഷണ രുചികളെ മാറ്റി പിടിക്കാറുണ്ട്. കൂടുതല്‍ എരിവും പുളിയും ഒഴിവാക്കി ഒരു മധ്യവര്‍ത്തി രീതിയാണ് പരീക്ഷിക്കുക. നമ്മുടെ തനത് ഭക്ഷണ രീതിയില്‍ വരുത്തുന്ന മാറ്റം വിദേശികള്‍ക്ക് വളരെ പ്രിയങ്കരമായി അനുഭവപ്പെട്ടിട്ടുണ്ട്.
ആഗോള തലത്തില്‍ കേരളത്തിന്റെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഏറെ അംഗീകരിക്കപ്പെട്ട സാഹചര്യത്തില്‍ വിദേശികളുടെ കുത്തൊഴുക്കാണ് പ്രതീക്ഷിക്കാവുന്നത്. നമ്മുടെ ഭക്ഷണ സംസ്‌കാരവും അനുബന്ധമായി പരിപോഷിപ്പിക്കാന്‍ കഴിയും. ഇവിടെയാണ് ഫുഡ് ടൂറിസത്തിന്റെ പ്രാധാന്യം. ഫുഡ് ഫെസ്റ്റിവല്‍, ഫുഡ് കാര്‍ണിവല്‍ തുടങ്ങിയ ആഘോഷങ്ങളിലൂടെ സന്ദര്‍ശകരുടെ ആഹാര പ്രിയതയെ തൃപ്‌തിപ്പെടുത്താനുമാകും. നാടിന്റെ അടയാളമായി മാറിയ തട്ടുകടകള്‍ കേന്ദ്രീകരിച്ച് ഫുഡ് ഹബ്ബുകള്‍ തുടങ്ങുന്നതിലും വിജയ സാധ്യത മാത്രമാണുള്ളത്. ഫുഡ് സ്‌ട്രീറ്റുകൾ എല്ലായിടത്തും വിജയിച്ച ചരിത്രമാണുള്ളത്.
രുചിയിലെ സംസ്‌കാരക്കലര്‍പ്പുകള്‍
കേരളീയ ഭക്ഷണം നാളിതുവരെ വളരെയേറെ പരീക്ഷണങ്ങളിലൂടെയാണ് കടന്നു വന്നിരിക്കുന്നത്. ഉത്തമ ഉദാഹരണമാണ് വടക്കേ ഇന്ത്യയിലെ തെരുവ് ഭക്ഷണമായ പാനിപൂരിയെ കേരളീയ രീതിയിലേക്ക് മാറ്റിയത്. ഉരുളക്കിഴങ്ങിന് പകരം മാങ്ങാ അച്ചാറും മല്ലിയിലയുടെ വെള്ളത്തിന് പകരം തണുത്ത സംഭാരവും ചേര്‍ത്ത് കടുമാങ്ങ സംഭാരം പാനിപൂരി എന്ന വിഭവമാക്കിമാറ്റി. വളരെയേറെ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്. വടക്കേ ഇന്ത്യയിലെ മറ്റൊരു വിഭവമാണ് ഉരുളക്കിഴങ്ങും തൈരും മിക്‌സ്‌ചറും ചേര്‍ത്ത് തയ്യാറാക്കുന്ന ചാട്ട്. ഇത് കേരളീയ ശൈലിയില്‍ പഴംപൊരിയിലാണ് പരീക്ഷിച്ചത്. പുളിയിഞ്ചി ചിക്കനും വേറിട്ട കേരള രുചിയാണ് പകര്‍ന്നത്.
കേരളീയ ഭക്ഷണങ്ങള്‍ രാജ്യാന്തര തീന്‍മേശകള്‍ കീഴടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഫുഡ് ടൂറിസത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. കേരളീയ സംസ്‌കാരത്തോട് ചേര്‍ന്ന പരമ്പരാഗത ഭക്ഷണ രീതികള്‍, ഭക്ഷണക്കൂട്ടുകള്‍ എന്നിവ സംരക്ഷിക്കപ്പെടേണ്ടതുമുണ്ട്. രുചിയുടെ കേരളപ്പെരുമ അതിരുകളില്ലാത്ത ആകാശം കീഴടക്കുന്നതായാണ് വ്യക്തിപരമായ അനുഭവം.