കോഴിക്കോടന്‍ ഹൃദയതാളം

എഴുത്തും വരയും:
-സുനില്‍ അശോകപുരം

മാനാഞ്ചിറയും മധുരത്തെരുവും

എന്റെ സ്ഥലമായ അശോകപുരത്തു നിന്ന് ഒന്നിച്ച് പഠിച്ച് വളര്‍ന്ന കൂട്ടുകാരായ കുറച്ചുപേര്‍ എന്നും വൈകുന്നേരം നഗരത്തിലേക്ക് നടക്കാന്‍ പോകുന്നത് പതിവായിരുന്നു. മാനാഞ്ചിറയ്ക്കടുത്തുള്ള അന്‍സാരി പാര്‍ക്കിലേക്കാണ് ആദ്യം. പാര്‍ക്കിനു മുകളില്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ബീഡിപ്പുകയാണ് അവിടേക്കെത്തുന്നവരെ സ്വീകരിക്കുന്നത്. ഓരോ മരത്തിന് ചുവട്ടിലും പുല്‍മേടുകളില്‍ ഇരുന്ന് അന്നത്തെ ക്ഷുഭിത യൗവനങ്ങള്‍ തല പുകയ്ക്കുന്നതാണ് അന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്.

പുറത്തെ സിമന്റ് ബെഞ്ചില്‍ പലപ്പോഴായി നമ്പൂതിരിയേയും തിക്കോടിയനേയും നിലമ്പൂര്‍ ബാലേട്ടനേയും കെ.എ കൊടുങ്ങല്ലൂരിനേയും കാണാം. അവര്‍ ടൗണ്‍ ഹാളിലേക്കുള്ള യാത്രയ്ക്കിടയ്ക്കുള്ള  കൂടിക്കാഴ്‌ചയിലായിരിക്കും. അങ്ങിനെ നടന്ന് മാനാഞ്ചിറ മൈതാനവും കടന്ന് മിഠായിത്തെരുവിലേക്ക്. അന്നവിടെ എസ്.കെയുടെ പ്രതിമയും ദേശത്തിന്റെ കഥയുടെ മ്യൂറല്‍ റിലീഫ്മൊന്നുമുണ്ടായിരുന്നില്ല. തിരക്കിനിടയിലെ അലസമായ യാത്രയാണ് ആസ്വാദ്യകരം. പ്രമുഖ എഴുത്തുകാരെയും നാടകക്കാരെയും വിപ്ലവകാരികളെയും അന്നത്തെ ബുദ്ധിജീവികളെയും കണ്ടുമുട്ടും.

കല്ലായിയുടെ താളം

മിഠായിത്തെരുവും കഴിഞ്ഞ് കല്ലായ് റോഡിലൂടെ പാലം വരെയാണ് പിന്നീടുള്ള നടത്തം. മരക്കച്ചവടത്തിന്റെ കേന്ദ്രമായ കല്ലായിപ്പുഴ നിറയെ ദൂരെ ദിക്കില്‍ നിന്നും മുറിച്ചു കൊണ്ട് വരുന്ന ഈട്ടിയും തേക്കും മരുതും പ്ലാവും ചങ്ങാടത്തില്‍ കെട്ടി പുഴയിലൂടെ തുഴഞ്ഞു വരുന്ന കാഴ്‌ച മനോഹരമാണ്. പുഴയിലും പുഴയുടെ തീരത്തും നിറയെ ഇങ്ങനെ കൊണ്ടു വരുന്ന മരങ്ങളാവും. ഉപ്പുവെള്ളത്തില്‍ കുറെയങ്ങനെ കിടക്കും മരത്തടികള്‍. പിന്നീടാണ് അവ പണിത്തരങ്ങളായ് മില്ലില്‍നിന്നും മുറിച്ചു മാറ്റുന്നത്. മില്ലിലും പുറത്തുമായി അനേകം പേരുടെ ഉപജീവനമാണ് കല്ലായി മരക്കച്ചവട കേന്ദ്രം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇവിടെ നിന്നും നമ്മുടെ തേക്കും ഈട്ടിയും കടല്‍ കടന്നു പോയിരുന്ന ഒരു കാലമുണ്ടായിരുന്നു. അതുപോലെയാണ് ബേപ്പൂരിലെ ഉരു നിര്‍മാണ കേന്ദ്രവും. പുറം രാജ്യങ്ങളിലും നമ്മുടെ നാടിന്റെ ഉല്‍പന്നങ്ങള്‍ കയറ്റി അയയ്ക്കാന്‍ ഉരുവായിരുന്നു ഒരു കാലത്തെ ആശ്രയം.

കല്ലായിപ്പുഴയുടെ മുകളിലൂടെ റെയില്‍പ്പാളം വഴി കൂകിപ്പായുന്ന തീവണ്ടിയുടെ ചടപടാ ശബ്‌ദവും മില്ലില്‍ നിന്നും മരം ഈര്‍ച്ചയ്ക്കു വയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ഈര്‍ച്ചവാളും മരവും തമ്മില്‍ കൂടിക്കലര്‍ന്നുണ്ടാവുന്ന ശബ്‌ദവും കൂടിയാവുമ്പോള്‍ അതൊരുതരം ആഫ്രിക്കന്‍ വാദ്യഘോഷമായി മാറും.

വലിയങ്ങാടിയിലെ മെഹ്ഫിലുകള്‍

തിരിച്ച് വലിയങ്ങാടിയുടെ തിരക്കൊഴിഞ്ഞ റോഡിലൂടെ സന്ധ്യ മയങ്ങിയ നേരം നടന്നു പോകുമ്പോള്‍ തട്ടിന്‍പുറത്തു നിന്ന് ഉസ്‌മാൻ ഭായിയുടെ തബലയ്‌ക്കൊപ്പം ബാബുരാജിന്റെ ഹാര്‍മോണിയത്തില്‍ നിന്നും വരുന്ന ഈണവും ബാബുരാജിന്റെ മനോഹര ശബ്‌ദവും ചേര്‍ന്ന് ഒഴുകി വരും. ”എങ്കിലുമെന്നോമലാള്‍ക്ക് താമസിക്കാന്‍ എന്‍ കരളില്‍ തങ്കക്കിനാവ് കൊണ്ടൊരു താജ്‌മഹൽ ഞാന്‍ പണിയാം….”


മുമ്പോട്ട് നടക്കുമ്പോള്‍ മറ്റൊരു തട്ടിന്‍പുറത്ത് നിന്ന് റാന്തല്‍ വെളിച്ചത്തില്‍ അത്രയും വിഷാദ രാഗത്തില്‍ ”ഞാന്‍ പാടാന്‍ ഓര്‍ത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ” എന്ന വിഷാദ ഭാവത്തില്‍ ശ്രുതി സാന്ദ്രമായി ഒഴുകി വരുന്നതായി അനുഭവപ്പെടാറുണ്ട്. പറഞ്ഞു കേട്ടും വായിച്ചും അറിഞ്ഞ മനസ്സില്‍ പതിഞ്ഞു പോയതു കൊണ്ടാവും ആ അനുഭവത്തിനായി മാത്രം തിരക്കൊഴിഞ്ഞ രാത്രി സമയങ്ങളില്‍ വലിയങ്ങാടിയുടെ നിശ്ശബ്‌ദമാക്കപ്പെട്ട തെരുവിലൂടെ നിര്‍ത്തിയിട്ട ട്രോളി വണ്ടികളുടെയും ലോറികളുടെയും തെരുവ് പട്ടികളുടെയും നിശാ സുന്ദരിമാരുടെയും ഇടയിലൂടെ ഞാന്‍ നടന്നു പോകാറുണ്ട്.

ബീച്ചിലെ അലസ നിശകള്‍

ഗുജറാത്തി സ്ട്രീറ്റും സില്‍ക്ക് സ്ട്രീറ്റും കടന്നു പൗരാണിക കെട്ടിടമായ കോര്‍പ്പറേഷനോഫീസും കടന്ന് ബീച്ചിലേക്ക് എത്തുമ്പോള്‍ രാത്രി എട്ടുമണിയൊക്കെ ആവും. തിരക്കൊഴിഞ്ഞു കൊണ്ടിരിക്കുന്ന കടപ്പുറത്ത് കടല്‍പ്പാലത്തില്‍ തലതല്ലി തിരിച്ചു പോകുന്ന തിരമാലകളുടെ ശബ്‌ദമാസ്വദിച്ച് ഇരുള്‍ മൂടിയ ആകാശത്ത് നക്ഷത്രങ്ങളെ നോക്കികിടക്കും ഞങ്ങള്‍. മുന്നില്‍ ആകാശവാണിയുടെ ഓഫീസ്. അവിടെ ഗേറ്റിനടുത്ത് ഉറൂബും എന്‍.എന്‍. കക്കാടും കെ.ടി മുഹമ്മദും ഒന്നിച്ച് സംസാരിച്ചു നില്‍ക്കുന്നതായി തോന്നും. ആകാശവാണിയുടെ പഴയ പ്രൗഢിയെ കുറിച്ച് വായിച്ചറിഞ്ഞതും കേട്ടതുമായ അറിവുവച്ച് ഖാന്‍ കാവിലും മറ്റനേകം പ്രതിഭകളും മനസ്സിലൂടെ തെന്നിമറിയും.

ബീച്ചില്‍ നിന്നും മടങ്ങി വീണ്ടും മിഠായിത്തെരുവില്‍ പഴയ മഹാരാജാസ് ഹോട്ടലിന്റെ മുകളില്‍ കയറി ഒരു ചായ കഴിക്കല്‍ പതിവായിരുന്നു. കോഴിക്കോടന്‍ ബുദ്ധി ജീവികളും പഴയ  നക്‌സലൈറ്റുകളും മറ്റും ഒത്തു കൂടുന്ന ഇടമായിരുന്നു മഹാരാജാസ്. അവിടെ മിഠായിത്തെരുവിലൂടെ നടന്നു പോകുന്ന മനുഷ്യരെയും കണ്ട് എത്ര നേരം ഇരുന്നാലും ആരും ഒന്നും പറയില്ല.

ഇന്നും എവിടെപ്പോയാലും മിഠായിത്തെരുവും കോഴിക്കോട് ബീച്ചും വലിയങ്ങാടിയും കല്ലായിപ്പുഴയും എന്നെ അവിടേക്ക് വിളിച്ചുകൊണ്ടേയിരിക്കും.