വരൂ നവ സ്വപ്‌ന ഭൂമികളിലേക്കു പോകാം

തിരുവനന്തപുരം/നൈറ്റ് ലൈഫ് ടൂറിസം
രാത്രിയിലും മിഴി തുറക്കാന്‍ കനകക്കുന്ന്

തിരുവനന്തപുരം നഗരത്തിലെ നിവാസികള്‍ സായാഹ്നങ്ങള്‍ ചിലവഴിക്കാനും നിശാഗന്ധിയില്‍ നടക്കുന്ന കലാപരിപാടികള്‍ ആസ്വദിക്കാനും ഒത്തു ചേരുന്ന സ്ഥലമാണ് കനകക്കുന്ന് കൊട്ടാരവും പരിസര പ്രദേശവും. സാംസ്‌കാരിക പരിപാടികള്‍ തുടങ്ങി വിവിധ പൊതു പരിപാടികള്‍ക്ക് സാക്ഷ്യം വഹിക്കുന്ന തിരുവനന്തപുരം നഗരത്തിലെ വേദികളിലൊന്നാണ് കൊട്ടാര പരിസരം. രാത്രികാല നഗര ജീവിതം ആസ്വദിക്കുന്നതിനു തുടക്കം കുറിച്ച നൈറ്റ് ലൈഫ് ടൂറിസം പദ്ധതിയുടെ ഭാഗമായി കനകക്കുന്ന് കൊട്ടാരവും പരിസര പ്രദേശവും പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ ഒരുങ്ങുകയാണ്.

കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ പ്രത്യേകമായി രൂപകൽപന ചെയ്‌ത മൂന്ന് പവലിയനുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. നല്ല ഇരിപ്പിട സൗകര്യങ്ങളും സൂക്ഷ്‌മമായി ക്രമീകരിച്ച ലൈറ്റിങ്ങും നല്ലൊരു കലാനുഭവം നല്‍കുന്നു. ആകര്‍ഷകമായ ലൈറ്റിങ്ങ് സംവിധാനം ചുറ്റുപാടുകളെ ആവേശത്തിന്റെയും മാസ്‌മരികതയുടെയും പ്രഭാവലയം കൊണ്ട് നിറയ്ക്കുന്നു. ഇവിടെ ക്രമീകരിച്ചിട്ടുള്ള നാലു കിയോസ്‌കുകളില്‍ രുചികരമായ ഭക്ഷണ വിഭവങ്ങളും ലഭിക്കും. കനകക്കുന്നിലെ നൈറ്റ് ടൂറിസം പദ്ധതിക്കായി 2.63 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരം/ ശാസ്താംപാറ
കാണാം അനന്തപുരിയുടെ വിശാല ഭംഗികള്‍

സൂര്യാസ്‌തമയത്തിന്റെ ദൃശ്യ ഭംഗിയും നീലാകാശത്തിലെ മേഘക്കാഴ്‌ചകളും ഇവിടം സുന്ദരമാക്കുന്നു തിരുവനന്തപുരത്തിന്റെ നഗരത്തിരക്കുകളില്‍ നിന്നും മാറി വലിയ കുന്നുകള്‍ക്കിടയില്‍ പ്രകൃതി ഒളിപ്പിച്ചുവെച്ച വിസ്‌മയ കാഴ്‌ചകൾ ഒട്ടും ആയാസമില്ലാതെ ആസ്വദിക്കുവാനാകുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് ശാസ്‌താംപാറ.  സൂര്യാസ്‌തമയത്തിൻ്റെ ദൃശ്യ ഭംഗിയും നീലാകാശത്തിലെ മേഘക്കാഴ്‌ചകളും ഇവിടം സുന്ദരമാക്കുന്നു. തിരുവനന്തപുരം നഗരത്തിന്റെ വിശാലതയും ശംഖുമുഖം, കോവളം ബീച്ചുകളുടെയും വിഴിഞ്ഞത്തെ തെങ്ങിന്‍ തോപ്പുകളുടെയും ശാന്തതയും ശാന്തന്‍ പാറയില്‍ നിന്നും ആസ്വദിക്കാന്‍ കഴിയും.

ഈ ദൃശ്യ ഭംഗികള്‍ കാണാന്‍ 400 മീറ്റര്‍ കുന്നിന്‍ മുകളിലേക്ക് കയറിയാല്‍ മതി. അവിടെ കുട്ടികളുടെ പാര്‍ക്കും ഒരു കല്‍മണ്ഡപവും ശാസ്‌താ ക്ഷേത്രവും ഒരു കുളവും ഉണ്ട്. വൈകുന്നേരങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 14 കിലോമീറ്റര്‍ മാറിയാണ് ശാസ്‌താംപാറ സ്ഥിതി ചെയ്യുന്നത്. വിളപ്പില്‍ ശാലയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം. നഗരത്തില്‍ നിന്ന് പേയാട് – തച്ചോട്ടുകാവ് – മൂങ്ങോട് റോഡിലൂടെ ശാംസ്‌താംപാറയിലെത്താം. തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ് കേന്ദ്രത്തിന്റെ സംരക്ഷണച്ചുമതല.

രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി റോക്ക് ക്ലൈംമ്പിങ്ങ്, സ്‌കൈ സൈക്ലിങ്ങ് തുടങ്ങിയ സാഹസിക വിനോദങ്ങളും ചെറു പരിശീലന ക്യാമ്പുകളും സംഘടിപ്പിക്കുവാന്‍ പദ്ധതി തയ്യാറാക്കുകയാണ് ഡിടിപിസി.

കൊല്ലം / തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍
കടലോരക്കാറ്റിന്റെ സുഖദാനുഭവം

കൊല്ലത്തിന്റെ ടൂറിസം ഭൂപടത്തിലേക്ക് ഇടംപിടിക്കുകയാണ് തങ്കശ്ശേരി ബ്രേക്ക് വാട്ടര്‍ പദ്ധതിയും. കടലോരക്കാറ്റിന്റെ സുഖദ നിമിഷങ്ങള്‍ക്കൊപ്പം കാഴ്‌ചയുടെ ഉത്സവം കൂടിയാണ് ഇവിടം തീര്‍ക്കുന്നത്. നാനൂറോളം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, കടൽക്കാഴ്‌ചകൾ ആസ്വദിക്കാന്‍ വ്യൂ ടവര്‍, സുരക്ഷാ ഭിത്തി, കടലിന് അഭിമുഖമായി ഇരിപ്പിടങ്ങള്‍, സൈക്കിള്‍ ട്രാക്ക്, കിയോസ്‌കുകള്‍, റാമ്പ്, കുട്ടികളുടെ കളി സ്ഥലം, നടപ്പാതകള്‍, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ടോയ്‌ലറ്റ് ബ്ലോക്ക്, ബോട്ട് ജെട്ടി, റെസ്റ്റോറന്റ്, ബോട്ടിങ്ങ്-വാട്ടര്‍ സ്‌പോര്‍ട്‌സ് സംവിധാനങ്ങള്‍ എന്നിവയാണ് ആകര്‍ഷണം. തിരയിളക്കം കുറവുള്ള മുനമ്പില്‍ നിന്ന് വേറിട്ടയിനം മീനുകളെ കണ്ടെത്താനാകും.

ലൈറ്റ്ഹൗസിന്റെ സാമീപ്യവും ഈ വിനോദ സഞ്ചാര കേന്ദ്രത്തിന് മാറ്റു കൂട്ടുന്നു. ഡച്ച് അധിനിവേശത്തിന്റെ ശേഷിപ്പുകളും ആംഗ്ലോ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടയാളങ്ങളും നിറഞ്ഞ തങ്കശ്ശേരിയുടെ പൈതൃക മൂല്യത്തിന് മുതല്‍ക്കൂട്ടുമാണ് പുതു സംരംഭം.

ടൂറിസം വകുപ്പ് 5.55 കോടി രൂപ ചെലവഴിച്ച് ഹാര്‍ബര്‍ എന്‍ജിനീയറിങ്ങ് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ബ്രേക്ക് വാട്ടര്‍ ടൂറിസം പദ്ധതി തങ്കശ്ശേരിയില്‍ പൂര്‍ത്തീകരിച്ചത്. ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പദ്ധതി നാടിന് സമര്‍പ്പിച്ചു.

സന്ദര്‍ശന സമയം: ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് എട്ടു മണിവരെ.
ടിക്കറ്റ് നിരക്ക്: മുതിര്‍ന്നവര്‍ക്ക് 10 രൂപയും കുട്ടികള്‍ക്ക് അഞ്ച് രൂപയും.

-അമല്‍ പ്രസാദ്

കൊല്ലം / മലമേല്‍പാറ
ചന്ദന ഗന്ധം നിറയും ഗ്രാമ ഭംഗി

ഗ്രാമീണ ചാരുതയാര്‍ന്ന യാത്രാനുഭവം ഒരുക്കുന്ന പ്രകൃതി സൗഹൃദ വിനോദ സഞ്ചാരമാണ് മലമേല്‍ ടൂറിസം പദ്ധതിയുടെ ആകര്‍ഷണം. പ്രകൃതി ഭംഗിക്കൊപ്പം സാഹസികത ഇഷ്‌ടപ്പെടുന്നവർക്കും ആസ്വാദ്യകരമാകും പ്രദേശത്തിന്റെ ഭൂപ്രകൃതി. ഇടമുളയ്ക്കല്‍ പഞ്ചായത്തിലാണ് മലമേല്‍ പാറ. കൊല്ലം നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് 42 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. വിനോദ സഞ്ചാര വകുപ്പ് പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ച മലമേല്‍ മേഖലയ്ക്ക് ഏറെയുണ്ട് പ്രത്യേകതകള്‍. ചന്ദന മരങ്ങളുടെ സമൃദ്ധിയാണ് ഇവിടുത്തെ കാറ്റില്‍ സുഗന്ധം നിറയ്ക്കുന്നത്. മേടുകളോളം പരക്കുന്ന ഇഞ്ചപ്പുല്ലില്‍ പുല്‍തൈലത്തിന്റെ മണം ഒളിഞ്ഞിരിപ്പുണ്ട്. അരികില്‍ തലയെടുപ്പോടെ ഏഴിലംപാലയും. കറുക, കൂവളം, കാഞ്ഞിരം, ദന്തപ്പാല, കുടകപ്പാല, നറുനീണ്ടി, അമൃത്, പേരാല്‍, അരയാല്‍ തുടങ്ങിയവയുടെ വൃക്ഷ സമൃദ്ധി. ത്രിമൂര്‍ത്തികളുടെ സംഗമ സ്ഥാനമെന്ന നിലയില്‍ പ്രസിദ്ധമായ ശങ്കര നാരായണ ക്ഷേത്രവും ഇവിടെയാണ്.

പാറക്കൂട്ടങ്ങള്‍ പിന്നിട്ടാല്‍ നാടുകാണിപ്പാറയുടെ തലയെടുപ്പ് കാണാം. ആകാശം തൊടുന്ന പാറയ്ക്ക് മുകളിലേക്കുള്ള കയറ്റം സാഹസികര്‍ക്ക് ആസ്വദിക്കാം.

നാടുകാണിപ്പാറയ്ക്കു മുകളില്‍ നിന്നാല്‍ തങ്കശ്ശേരി വിളക്കുമാടം കാണാം. ചടയമംഗലം ജടായുപ്പാറയും, മരുതിമലയും ഇവിടെ നിന്ന് കാണാമെന്നതും മുഖ്യ സവിശേഷതയാണ്.

സൗന്ദര്യം ഇഷ്‌ടപ്പെടുന്ന സഞ്ചാരികള്‍ ഇവിടേക്ക് കൂട്ടമായെത്തുന്നുണ്ട്. സുരക്ഷിത ടൂറിസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫെന്‍സിങ്ങ്, വെളിച്ചം എന്നിവയും പ്രദേശവാസികള്‍ക്ക് തൊഴിലവസരം ഉറപ്പാക്കി സുരക്ഷാ ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്. പ്രദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി വിനോദ സഞ്ചാര വകുപ്പ് മൂന്ന് കോടി രൂപ അനുവദിച്ചു കഴിഞ്ഞു.

കൊല്ലത്തു നിന്നു കൊട്ടാരക്കര വഴി വാളകത്തെത്തി അവിടെ നിന്നു കെ.എസ്.ആര്‍.ടി.സി സ്വകാര്യ ബസുകളില്‍ മലമേല്‍ എത്താം. അഞ്ചല്‍ ഏറം, തടിക്കാട് വഴിയും എത്താം. അഞ്ചല്‍-ആയൂര്‍ റോഡിലെ പനച്ചവിളയില്‍ നിന്നുമാണ് മലമേലില്‍ എത്താനുള്ള മൂന്നാമത്തെ വഴി. എം.സി റോഡ് വഴി വരുന്നവര്‍ക്ക് വാളകം വഴിയും ഇവിടെയെത്താം.

-സംഗീത സന്തോഷ്

കോട്ടയം / മറവന്‍തുരുത്ത്‌
ജല സമൃദ്ധിയില്‍ തുഴഞ്ഞു നീങ്ങാം ഗ്രാമ ചാരുതയറിയാം

കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയില്‍ ഒരു ഗ്രാമം ചരിത്രം സൃഷ്‌ടിക്കുന്നതിന്റെ നേര്‍ സാക്ഷ്യമാണ് കോട്ടയം ജില്ലയിലെ മറവന്‍തുരുത്ത്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതിയിലുള്‍പ്പെട്ടതോടെയാണ് മറവന്‍തുരുത്തില്‍ ജനകീയ മുന്നേറ്റം സാധ്യമായത്. വാട്ടര്‍ സ്ട്രീറ്റുകള്‍ ഒരുക്കലായിരുന്നു ആദ്യഘട്ടം. ഗ്രാമ പഞ്ചായത്തിനൊപ്പം ഓരോ വീടും തോളോടു തോള്‍ ചേര്‍ന്നപ്പോള്‍ ഒരു കാലത്ത് മറവന്‍തുരുത്തിന്റെ ഗ്രാമീണ ജീവിതവുമായി അഭേദ്യ ബന്ധമുണ്ടായിരുന്നതും കാലാന്തരത്തില്‍ മാലിന്യ വാഹിനികളായി മാറിയ 18 കനാലുകള്‍ വീണ്ടെടുക്കപ്പെട്ടു. കയാക്കിങ്ങ് വിദഗ്‌ധരുടെ സഹായത്തോടെ ടൂറിസ്റ്റുകള്‍ക്ക് കയാക്കിങ്ങ് നടത്താനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. മൂഴിക്കലും പഞ്ഞിപ്പാലത്തും നിന്ന് ആരംഭിക്കുന്ന കയാക്കിങ്ങ് അരിവാള്‍ തോടിലൂടെ ചുറ്റി മൂവാറ്റുപുഴയാറിലൂടെ 3.5 കിലോമീറ്റര്‍ സഞ്ചരിക്കും.

ചിത്രച്ചുവരുകള്‍
വീടിന്റെയും പൊതുവിടങ്ങളുടെയും ചുറ്റു മതിലുകളില്‍ മറവന്‍തുരുത്തിന്റെ കലയും സംസ്‌കാരവും ജീവിത രീതിയും ഉത്സവങ്ങളും വരച്ചു തീര്‍ത്താണ് ഇവിടെ ആര്‍ട്ട് സ്ട്രീറ്റ് ഒരുക്കിയത്. ഡല്‍ഹിയും കേരളവുമടക്കമുള്ള ഇന്ത്യയിലെ വിവിധ ക്യാമ്പസുകളില്‍ നിന്നും തദ്ദേശീയരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചിത്രകാരന്‍മാരാണ് പ്രതിഫലമില്ലാതെ വീടുകളുടെ ചുറ്റു മതിലുകളില്‍ മനോഹര ചിത്രങ്ങള്‍ വരച്ചത്. കഥകളി, ആറ്റുവേല, ഗരുഡന്‍ തൂക്കം, തൂക്കച്ചാട്, തെയ്യം, ബഷീര്‍ കൃതിയായ പാത്തുമ്മയുടെ ആടിലെ കഥാപാത്രങ്ങള്‍, പക്ഷി മൃഗാദികള്‍, പരമ്പരാഗത തൊഴിലായ കള്ള് ചെത്ത്, ഓല മെടയല്‍, വല വീശല്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. പ്രാദേശിക ഉല്‍പന്നങ്ങളുടെ വിപണനത്തിനായി വിനോദ സഞ്ചാരികളെ കൂടി പങ്കെടുപ്പിച്ച് പാട്ടുകൂട്ടവും നാട്ടു ചന്തയും ഇവിടെ നടത്തുന്നുണ്ട്. വാട്ടര്‍ സ്ട്രീറ്റിനും ആര്‍ട്ട് സ്ട്രീറ്റിനും പുറമേ ഗ്രീന്‍ സ്ട്രീറ്റും വില്ലേജ് ലൈഫ് എക്‌സ്‌പീരിയൻസ് സ്ട്രീറ്റും ഫുഡ് സ്ട്രീറ്റും അഗ്രി സ്ട്രീറ്റും എല്ലാം ഇവിടെ ഒരുങ്ങുകയാണ്. മറവന്‍ തുരുത്തിലെ വാട്ടര്‍ സ്ട്രീറ്റുകള്‍ വിനോദ സഞ്ചാരത്തിലൂടെ ജനകീയ ജല സംരക്ഷണത്തിന്റെ പുതിയ സംസ്‌കാരം രൂപപ്പെടുത്താമെന്നതിന്റെ സാര്‍വ ദേശീയ മാതൃകയാണെന്ന് ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം അവാര്‍ഡ് ജൂറി അഭിപ്രായപ്പെട്ടിരുന്നു.

കോട്ടയം / വലിയമടക്കുളം
അയ്‌മനത്തിൻ്റെ  സായാഹ്നങ്ങള്‍ക്കൊപ്പം

ലോക ശ്രദ്ധ നേടിയ അയ്‌മനത്തിനൊപ്പം സഞ്ചാരികളുടെ പുതിയ ആകര്‍ഷണ കേന്ദ്രമാകാന്‍ ഒരുങ്ങി വലിയ മടക്കുളം ടൂറിസം പദ്ധതി. ടൂറിസം വകുപ്പിന്റെ 4.85 കോടി രൂപ ചെലവിട്ടു നടപ്പാക്കുന്ന പദ്ധതിയില്‍ അയ്‌മനം ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചേക്കറിലധികം വിസ്‌തൃതിയുള്ള വലിയ മടക്കുളം നവീകരിച്ചു.

കുളത്തിലൂടെ നടപ്പാത, കുളത്തില്‍ പൊങ്ങിക്കിടക്കുന്ന വിധം തയാറാക്കുന്ന ഫ്ളോട്ടിങ്ങ് റസ്റ്റോറന്റ്, റെയിന്‍ ഷെല്‍ട്ടറുകള്‍, വിനോദ സഞ്ചാരികള്‍ക്ക് സൂര്യാസ്‌തമയം കാണാനുള്ള സൗകര്യം, കുട്ടികള്‍ക്കുള്ള കളിയിടങ്ങള്‍, കുളത്തിലൂടെ രണ്ടു മുതല്‍ നാലുപേര്‍ക്ക് വരെ ബോട്ടിങ്ങ് സാധ്യമാക്കുന്ന പെഡല്‍ ബോട്ടിങ്ങ് സംവിധാനം, വിശ്രമ മുറികള്‍, പത്തോളം ഇരിപ്പിടങ്ങള്‍, സൈക്ലിങ്ങ് ഏരിയ, ജലചക്രം, ഇ-ടോയ്‌ലറ്റ് സംവിധാനം, പൂന്തോട്ടം തുടങ്ങിയവ ക്രമീകരിക്കും. കൂടാതെ സ്ട്രീറ്റ് ലൈറ്റുകള്‍, മിനിമാസ്റ്റ് ലൈറ്റുകള്‍ കൃത്യമായ മാലിന്യ നിര്‍മാര്‍ജന സൗകര്യങ്ങള്‍, സെക്യൂരിറ്റി റൂം എന്നിവയും വരും.

മഴക്കാലമായാല്‍ പോലും വിനോദ സഞ്ചാരത്തിന് തടസ്സമാകാത്ത വിധമാണ് പദ്ധതിയുടെ രൂപീകരണം. ഇതിനായി കുളത്തിലെ ജലനിരപ്പ് കൃത്യമായ അളവില്‍ ക്രമീകരിച്ച് നിര്‍ത്താന്‍ സാധിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. മഴ പെയ്‌ത് കുളത്തില്‍ വെള്ളം നിറഞ്ഞാല്‍ അധികമായി വരുന്ന ജലം സമീപത്തെ തോടിലൂടെ ഒഴുക്കി വിടാനാകും.

പ്രാദേശിക, വിദേശ വിനോദ സഞ്ചാരികളെ ഒരു പോലെ ആകര്‍ഷിക്കുന്ന വിധമാണ് രൂപകല്‍പന. അയ്‌മനത്തിൻ്റെ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവരോടൊപ്പം സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ എത്തുന്നവരേയും ആകര്‍ഷിക്കാനാവും.

സെപ്റ്റംബറോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കാനുള്ള ശ്രമത്തിലാണ് ടൂറിസം വകുപ്പ്.

പത്തനംതിട്ട / അടവി
കല്ലാറില്‍ താളമിട്ട് ഒരു കുട്ടവഞ്ചി സവാരി.

തണുപ്പും കുളിരും പകരുന്ന കല്ലാറും കാനന ഭൂമിയുടെ മനോഹാരിതയും നിശ്ശബ്‌ദതയുമൊക്കെ ആവോളം നുകരുന്ന ഇടമാണ് അടവി. കോന്നിയില്‍ നിന്നും പതിനാറു കിലോമീറ്റര്‍ അകലെയാണ് അടവിയെന്ന കാനന സുന്ദരി. ഇരുവശവും ഇടതൂര്‍ന്ന് വളര്‍ന്ന് നില്‍ക്കുന്ന വൃക്ഷങ്ങള്‍ക്കിടയിലൂടെ അടവിയിലേക്കുള്ള യാത്ര പോലും അതി മനോഹരമാണ്. കല്ല് കൊണ്ട് കവിതയെഴുതുന്ന കല്ലാറിന്റെ ഓളങ്ങളില്‍ താളം പിടിച്ച് ഒരു കുട്ടവഞ്ചി യാത്ര മാത്രമാണ് അടവിയിലേക്കെത്തുന്ന ഓരോ സഞ്ചാരികളുടേയും മനസ്സില്‍. അച്ചന്‍ കോവില്‍ നദിയുടെ കൈവഴിയാണ് കല്ലാര്‍.

വനം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റേയും സഹകരണത്തോടെയാണ് അടവിയെ അതി മനോഹരിയാക്കി മാറ്റിയത്. കുട്ടവഞ്ചി യാത്രയ്ക്ക് മാത്രമായി ഹൊഗനക്കലിലേക്ക് വണ്ടി കയറിയ ഓരോ സഞ്ചാരിയും ഇപ്പോള്‍ അടവിയിലേക്കെത്തുന്നു.

കേരളത്തില്‍ ആദ്യമായി കുട്ടവഞ്ചി യാത്രയ്ക്ക് അവസരം ഒരുങ്ങുന്നതിവിടെയാണ്. വനം വകുപ്പിന്റെ മേല്‍ നോട്ടത്തിലുള്ള 27 കുട്ടവഞ്ചികളാണുള്ളത്. ഹൊഗനക്കലില്‍ നിന്നും എത്തിയ വള്ള വിദഗ്‌ധരുടെ നേതൃത്വത്തിലാണ് വട്ടവള്ളങ്ങള്‍ നിര്‍മിച്ചതും തുഴച്ചില്‍ പരിശീലിപ്പിച്ചതും. കുട്ടവഞ്ചി സവാരി വിദേശികളുള്‍പ്പെടെയുള്ള സഞ്ചാരികളുടെ മനം കവര്‍ന്നിരിക്കുകയാണ്.

ക്യാന്റീന്‍, ടോയ്‌ലെറ്റ്, ഡ്രെസിങ്ങ് റൂം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടിക്കറ്റ് കൗണ്ടര്‍, ഇക്കോഷോപ്പ് എന്നിവയും കൂടാതെ സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായി അടവി ട്രീ ടോപ് ബാംബു ഹട്ട് എന്ന പേരില്‍ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. മികച്ച സുരക്ഷയൊരുക്കി ലൈഫ് ജാക്കറ്റുകളുമൊക്കെയായാണ് സവാരി നടത്തുന്നത്. മഴക്കാലത്തും ഞായറാഴ്‌ചകൾ ആഘോഷമാക്കാന്‍ ധാരാളം സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നുണ്ട്. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലു പേരുള്ള സംഘത്തിന് 500 രൂപയാണ് അരമണിക്കൂര്‍ യാത്രയ്ക്കുള്ള ഫീസ്. കുട്ടയുടെ നമ്പരും പാസില്‍ രേഖപ്പെടുത്തിത്തരും. ടിക്കറ്റ് വാങ്ങി കൗണ്ടറില്‍ നിന്നു താഴേക്കിറങ്ങുന്ന നടപ്പാതയോടു ചേര്‍ന്ന് അതി മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. വൈവിധ്യമാര്‍ന്ന ചെടികളും, ഔഷധ സസ്യങ്ങളും നിറഞ്ഞതാണ് ഈ പൂന്തോട്ടം. പൂക്കളും പൂന്തോട്ടവും കടന്നു ചെല്ലുമ്പോള്‍ സഞ്ചാരികള്‍ക്ക് ആയത്തില്‍ ആടാന്‍ നല്ലൊരു ഊഞ്ഞാലും ഇലച്ചാര്‍ത്തുകള്‍ കൊണ്ട് തണലൊരുക്കുന്ന വമ്പന്‍ മരങ്ങളും കാത്തിരിപ്പുണ്ട്. സഞ്ചാരികള്‍ക്കായി തേന്‍ നെല്ലിക്ക, തേന്‍, ഇഞ്ചി, തുടങ്ങിയ തേന്‍ ഉല്‍പന്നങ്ങളുടെ വിപണിയും സജീവമാണ്.

അടവിയിലേക്ക് എങ്ങനെ എത്താം
കോന്നി ടൗണില്‍ നിന്നും പൊലീസ് സ്റ്റേഷൻ റോഡിലൂടെ പയ്യനാമണ്ണില്‍ എത്തിച്ചേരാം. അവിടെ നിന്ന് അതുമ്പുകുളം, എലിമുള്ളും പ്ലാക്കല്‍ എന്നീ സ്ഥലങ്ങളിലൂടെ അടവിയിലേക്ക് എത്താം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
വനസംരക്ഷണ സമിതി
ഫോണ്‍: 94478 61456

ആലപ്പുഴ/  കാക്കത്തുരുത്ത്
അസ്‌തമയത്തിന്റെ ദൃശ്യ ഭംഗികള്‍ നാട്ടിട വഴികളുടെ ചങ്ങാത്തം

കുഞ്ഞോളങ്ങള്‍ തഴുകിയൊഴുകുന്ന കൈതപ്പുഴയുടെ നടുക്കായി ഒരു കുഞ്ഞു ദ്വീപുണ്ട്- കാക്കത്തുരുത്ത്. വശ്യമായ അസ്‌തമയ കാഴ്‌ചകളും ഗ്രാമ ജീവിതത്തിന്റെ ലാളിത്യവും കൊണ്ട് വശീകരിക്കുന്ന ചെറു ദ്വീപ് 2016-ല്‍ നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ ‘എറൗണ്ട് ദ വേള്‍ഡ് ഇന്‍ 24 അവേഴ്‌സ്’ ലിസ്റ്റില്‍ ഇടംപിടിച്ച ഇന്ത്യയില്‍ നിന്നുള്ള ഒരേയൊരു സ്ഥലമാണ് കാക്കത്തുരുത്ത്. രാവിലെ 12 മണിക്ക് നോര്‍വേയിലെ നോര്‍ത്തേണ്‍ ലൈറ്റ്സ് സോണിലെ ധ്രുവ ദീപ്‌തിയിൽ തുടങ്ങി, രാവിലെ അഞ്ച് മണിക്ക് ഹവായ്, രാവിലെ ആറ് മണിക്ക് പാരീസ്, ഏഴ് മണിക്ക് സാന്‍ഫ്രാന്‍സിസ്‌കോ, എട്ട് മണിക്ക് അബുദാബി, ഒമ്പത് മണിക്ക് മെല്‍ബണ്‍, ന്യൂയോര്‍ക്ക് തുടങ്ങിയ സ്ഥലങ്ങള്‍ കറങ്ങി വൈകുന്നേരം ആറ് മണിക്ക് കാക്കത്തുരുത്തിലെത്തി അസ്‌തമയം കാണണമെന്നാണ് മാസിക പറയുന്നത്.

കടത്തു വഞ്ചി യാത്ര
ആലപ്പുഴ ജില്ലയില്‍ എഴുപുന്ന പഞ്ചായത്തിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. എരമല്ലൂരില്‍ നിന്നും ഒരു കിലോമീറ്റര്‍ കിഴക്കോട്ട് സഞ്ചരിച്ചാല്‍ ഇവിടെത്താം. പഞ്ചായത്തിന്റെ കടത്തു വഞ്ചിയാണ് തുരുത്തില്‍ എത്താനുള്ള മാര്‍ഗം. രാവിലെ ആറ് മുതല്‍ കടത്ത് തുടങ്ങും. രണ്ടര കിലോമീറ്റര്‍ നീളവും ഒന്നര കിലോമീറ്റര്‍ വീതിയുമുള്ള തുരുത്തില്‍ 207-ഓളം കുടുംബങ്ങള്‍ താമസമുണ്ട്. മത്സ്യബന്ധനവും മത്സ്യ വിപണനവുമാണ് പ്രധാന ജീവിത മാര്‍ഗം.

എഴുപുന്ന പഞ്ചായത്തും ടൂറിസം വകുപ്പും ചേര്‍ന്ന് ദ്വീപ് വിനോദ സഞ്ചാരം വിപുലമാക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ച് വരുന്നത്. ഇതിനായി ഡെസ്റ്റിനേഷന്‍ ചലഞ്ച് കാക്കത്തുരുത്ത് എന്ന പദ്ധതിയും ഒരുങ്ങുന്നു. പഞ്ചായത്തും ടൂറിസം വകുപ്പും സംയുക്തമായി ഒരുകോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.

സമ്പന്നമായ ജൈവ വൈവിധ്യം
വെയില്‍ മങ്ങിത്തുടങ്ങുമ്പോഴാണ് തുരുത്ത് കൂടുതല്‍ മനോഹരമാകുന്നത്. സൂര്യന്‍ പതിയെ തെങ്ങിന്‍ തൈകള്‍ക്കിടയിലേക്ക് മറയാന്‍ തുടങ്ങുമ്പോള്‍ പടിഞ്ഞാറന്‍ മാനം അനേകം നിറങ്ങള്‍ ചാലിച്ച ക്യാന്‍വാസു പോലെ തെളിയും. കായലും ചുവന്ന് തുടുക്കും.

ഈ അസ്‌തമയക്കാഴ്‌ചകളിലൂടെയാണ് കാക്കത്തുരുത്ത് ലോക ടൂറിസം ഭൂപടത്തില്‍ ഇടം പിടിച്ചത്. ദ്വീപിന്റെ തെക്ക് വശത്തെ കായലില്‍ വഞ്ചിയിലോ ബോട്ടിലോ സഞ്ചരിച്ച് വേണം കാഴ്‌ചകൾ കാണാന്‍. ചെറു വള്ളങ്ങളില്‍ കായലില്‍ ചുറ്റി നടന്നും ചെമ്മീന്‍, കരിമീന്‍, ചെമ്പല്ലി, ഞണ്ട്, കക്ക തുടങ്ങി കായല്‍ മത്സ്യങ്ങള്‍ പരമ്പരാഗത രീതിയില്‍ വലയെറിഞ്ഞും ചൂണ്ട ഇട്ടുപിടിച്ചും സമയം ചെലവഴിക്കാം. മനോഹരമായ നാട്ടിട വഴികളാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. മീന്‍പിടിത്തക്കാരും കൃഷിക്കാരുമൊക്കെ പ്രധാന കാഴ്‌ചയാണ്. സമ്പന്നമായ ജൈവവൈവിധ്യം ഉള്‍ക്കൊള്ളുന്നതാണ് ദ്വീപ്. ഓരോ സീസണുകളിലും പലയിനം ദേശാടന പക്ഷികളും ഇവിടെ പറന്നെത്തുന്നു. സൗഹൃദത്തോടെ പെരുമാറുന്നവരാണ് ദ്വീപ് നിവാസികൾ. എല്ലാ ഉത്സവങ്ങളും ഒരുമിച്ച് ആഘോഷിച്ച് സൗഹൃദത്തോടെ കഴിയുന്നവര്‍.

– വിജീഷ് വിജയന്‍

എറണാകുളം/ അരീക്കല്‍ വെള്ളച്ചാട്ടം
പതഞ്ഞൊഴുകുന്ന വശ്യഭംഗി

കൊച്ചിയിലെത്തുന്നവര്‍ അരീക്കല്‍ (അരുവിക്കല്‍) വെള്ളച്ചാട്ടം കാണാതെ മടങ്ങാറില്ല. ചെറു തോട്ടിലൂടെ ഒഴുകി വരുന്ന വെള്ളം കൂറ്റന്‍ പാറക്കെട്ടിനു മുകളില്‍ നിന്ന് താഴേക്ക് പതിച്ച് പതഞ്ഞൊഴുകുന്ന പ്രകൃതിയുടെ വശ്യത കാണാം. മഴ കനക്കുമ്പോഴാണ് അരീക്കല്‍ വെള്ളച്ചാട്ടത്തിന് വീര്യമേറുന്നത്. കിഴക്കന്‍ മലനിരകളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം 130 അടിയോളം താഴെയുള്ള കരിമ്പാറക്കൂട്ടങ്ങളിലാണ് വന്നു പതിക്കുന്നത്.

അടുത്ത് ചെന്ന് വെള്ളച്ചാട്ടം കണ്‍കുളിര്‍ക്കെ കാണാം. അപകട സാധ്യത വളരെ കുറവാണെന്നതാണ് അരീക്കല്‍ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും സഞ്ചാരികള്‍ കുടുംബമായെത്തുന്നു.

പാമ്പാക്കുട പഞ്ചായത്തിലെ പിറമാടത്താണ് പ്രകൃതിയുടെ ഈ ദൃശ്യ വിരുന്ന്. തെക്ക് ഭാഗത്തെ മണ്ഡലം മല, കിഴക്ക് ഭാഗത്തെ കൂരാപ്പിള്ളി മല, വടക്ക് ഭാഗത്ത് കോള്‍പ്പാറ എന്നീ മൂന്ന് മലകളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് അരീക്കലില്‍ വെള്ളച്ചാട്ടമായി മാറുന്നത്.

32 ലക്ഷം രൂപ ചെലവില്‍ ടോയ്‌ലെറ്റും വിശ്രമ മുറിയും സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

വെള്ളച്ചാട്ടത്തിനടുത്തേക്ക് എത്താന്‍ പടികളുണ്ട്. പടികളിറങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് നടന്നെത്തുകയും ചെയ്യാം. വെള്ളച്ചാട്ടത്തിന് സമീപത്തായി ചെറിയ നടപ്പാലവുമുണ്ട്.

രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെയാണ് പ്രവേശനം. ഇരുപത് രൂപയാണ് പ്രവേശന ഫീസ്. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫീസില്ല.

എറണാകുളം-കൂത്താട്ടുകുളം പിറവം വഴി റോഡില്‍ സഞ്ചരിച്ചാല്‍ കാക്കൂര്‍ കൂരാപ്പിള്ളി കവലയില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും മുവാറ്റുപുഴ ഭാഗത്തു നിന്നുള്ളവര്‍ക്കും പാമ്പാക്കുട പാപ്പുക്കവലയില്‍ നിന്ന് മണ്ണത്തൂര്‍ റോഡില്‍ രണ്ടര കിലോമീറ്റര്‍ യാത്ര ചെയ്‌തും ഇവിടെയെത്താം.

അരീക്കലില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള കൊച്ചരീക്കല്‍ സന്ദര്‍ശിക്കാനും നിരവധി പേരെത്താറുണ്ട്. ഗുഹയും തടാകവുമെല്ലാമുള്ള പച്ചത്തുരുത്താണിത്. ഇവിടേക്ക് പ്രവേശനം സൗജന്യമാണ്.

-സുനില്‍കുമാര്‍ എം.എന്‍

തൃശൂര്‍/ കലശമല ഇക്കോ ടൂറിസം വില്ലേജ്
കലശമലയുടെ ജൈവവൈവിധ്യം

ജൈവ വൈവിധ്യം സംരക്ഷിച്ചുള്ള പ്രകൃതിജന്യ ടൂറിസമാണ് കലശമലയെ തൃശൂര്‍ ജില്ലയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിന്ന് വ്യത്യസ്‌തമാക്കുന്നത്.

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് എന്നിവയുടെ അധീനതയിലുള്ള 2.64 ഏക്കര്‍ സ്ഥലത്താണ് കലശമല ഇക്കോ ടൂറിസം വില്ലേജ്. ഏഷ്യയിലെ ഏറ്റവും വലിയ കുളവെട്ടി മരങ്ങളുള്ള പ്രദേശം എന്ന പ്രത്യേകത കൂടി കലശമലയെ ശ്രദ്ധേയമാക്കുന്നു.

കലശമല ഇക്കോ ടൂറിസം വില്ലേജില്‍ ആകര്‍ഷകമായ കവാടം, കുട്ടികളുടെ പാര്‍ക്ക്, ഹെര്‍ബല്‍ ഗാര്‍ഡന്‍, പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കഴിയുന്ന മൂന്ന് വ്യൂ പോയിന്റുകള്‍ എന്നിവ കൂടാതെ നരിമട ഗുഹ, പ്രകൃതിജന്യ നീര്‍ച്ചോല, പ്രാചീന ക്ഷേത്രങ്ങള്‍ എന്നിവയുമുണ്ട്. സംസ്ഥാന നിര്‍മിതി കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ 2.40 കോടി രൂപ ചെലവിലാണ് കലശമല ഇക്കോ ടൂറിസം കേന്ദ്രം നിര്‍മാണം പൂര്‍ത്തിയാക്കിയത്.

കലശമല ഇക്കോ ടൂറിസം പദ്ധതിയില്‍ ജൈവവൈവിധ്യ പൈതൃക കേന്ദ്രം സ്ഥാപിക്കുന്നതിനായി ഭൂമി ഏറ്റെടുക്കുന്നതിന് 10 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. രണ്ടാം ഘട്ട വികസനം പൂര്‍ത്തീകരിക്കുന്നതോടെ കലശമല ഇക്കോ ടൂറിസം സ്‌പോട്ട് തൃശൂര്‍ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി മാറും.

ഇടുക്കി /  കുടിയേറ്റ സ്‌മാരക ടൂറിസം വില്ലേജ്
കുടിയേറ്റ സ്‌മരണകളിൽ ഉയരുന്ന ശില്‌പ ഭംഗി 

കുടിയേറ്റത്തിന്റെയും കുടിയിറക്കത്തിന്റെയും അതീജീവനത്തിന്റെയും ചരിത്രമാണ് ഹൈറേഞ്ചിലേത്. പഴയകാല ഓര്‍മ്മകളുണര്‍ത്തി ഇടുക്കിയില്‍ നിര്‍മിക്കുന്ന കുടിയേറ്റ സ്‌മാരക ടൂറിസം വില്ലേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ഇടുക്കി ആര്‍ച്ച് ഡാമിനു സമീപത്തായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉദ്യാന പദ്ധതിയോട് ചേര്‍ന്നുള്ള അഞ്ച് ഏക്കറിലാണ് വില്ലേജ്.

കുടിയേറ്റ കര്‍ഷകരുടെ ആദ്യകാല അനുഭവങ്ങള്‍ വിവരിക്കുന്ന ഈ ഗ്രാമ ഭംഗി വിനോദ സഞ്ചാരികള്‍ക്ക് ചരിത്രത്തിന്റെ ആഴവും മനസ്സിലാക്കാനുതകും.

ഇരുപതാം നൂറ്റാണ്ടിന്റെ പിറവിയോടെ ഇടുക്കിയുടെ മലമടക്കുകളിലേക്ക് ആരംഭിച്ച കുടിയേറ്റത്തിന്റെയും കുടിയിറക്ക് നീക്കങ്ങളുടെയും തുടര്‍ന്നുള്ള ജീവിതത്തിന്റെയും സ്‌മരണകളുണർത്തുന്ന ശില്‌പങ്ങളും കൊത്തുപണികളുമടങ്ങിയ ഇടുക്കിയുടെ ഭൂതകാലമാണ് കുടിയേറ്റ സ്‌മാരക ടൂറിസം വില്ലേജ്. കുടിയേറ്റ കര്‍ഷകന്റെ രൂപമാണ് സ്‌മാരക വില്ലേജിന്റെ പ്രവേശന കവാടം. ഇവിടെ നിന്നും കരിങ്കല്ല് പാകിയ നടപ്പാതയിലൂടെ നടന്നു കയറിയാല്‍ ആറ് ഇടങ്ങളിലായി വിവിധ ശില്‌പങ്ങളോടു കൂടിയ കാഴ്‌ചകൾ ചിത്രീകരിച്ചിരിക്കുന്നു. എ.കെ.ജിയും ഫാദര്‍ വടക്കനും ഒപ്പം ഗ്രാമങ്ങളും കാര്‍ഷികവൃത്തിയും ഉരുള്‍പൊട്ടലിന്റെ ഭീകരതയും ഇവിടെയുണ്ട്. ഏറ്റവും മുകളിലായി സ്‌മാരക മ്യൂസിയവും അതോടൊപ്പം ഒരു കോഫി ഷോപ്പുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

അതിജീവന ശില്‌പഗാഥകൾ 
മുപ്പത്തി ആറരയടി ഉയരത്തില്‍ നിര്‍മിച്ചിരിക്കുന്ന പ്രവേശന കവാടമാണ് ആദ്യ ആകര്‍ഷണം. പാളത്തൊപ്പിയണിഞ്ഞ കര്‍ഷകന്റെ രൂപത്തില്‍ നിര്‍മിച്ചിരിക്കുന്ന കവാടത്തില്‍ ശില്‌പത്തിൻ്റെ മധ്യഭാഗത്തിനുള്ളിലൂടെയാണ് അകത്തേക്കുള്ള പ്രവേശനം.

എ.കെ.ജിയും ഫാദര്‍ വടക്കനും കര്‍ഷകര്‍ക്കായി ഇടുക്കിയില്‍ സത്യാഗ്രഹമിരുന്നിരുന്നു. അതിന്റെ സ്‌മരണകളുണർത്തുന്ന ദൃശ്യങ്ങളാണ് അടുത്ത കാഴ്‌ച. വന്യമൃഗങ്ങളുടെ ആക്രമണങ്ങളോട് പടപൊരുതി ജീവിതം തുടങ്ങിയ മുന്‍ തലമുറയുടെ ഓര്‍മ്മകള്‍ വരച്ചു കാണിക്കുന്ന രൂപങ്ങളാണ് മറ്റൊന്ന്. പ്രകൃതി ദുരന്തങ്ങളാല്‍ കഷ്‌ടപ്പെട്ട ജനതയുടെ അനുഭവമാണ് അടുത്ത ദൃശ്യത്തില്‍.

ഉരുള്‍ പൊട്ടിയതിന് ശേഷമുള്ള ഒരു ഗ്രാമത്തിന്റെ നേര്‍ചിത്രമാണ് ഇവിടെ വെളിവാകുന്നത്. ഒരു മലഞ്ചെരുവില്‍ വിവിധ ഗ്രാമങ്ങളായി ചിത്രീകരിച്ചു നിര്‍മാണം പൂര്‍ത്തിയായ ശിൽപങ്ങൾക്ക് മികച്ച ലൈറ്റ് സംവിധാനം സജ്ജികരിച്ചിട്ടുണ്ട്. കൂടാതെ ഇരിപ്പിടങ്ങളും പാതയോരങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

രാജാക്കാട് സ്വദേശിയായ ജോമോന്‍ ജോര്‍ജാണ് ശിൽപങ്ങൾ നിര്‍മിച്ചിരിക്കുന്നത്. പത്ത് കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് 2019-ല്‍ ആണ് അനുമതി നല്‍കിയത്.

സ്‌മാരക വില്ലേജിലെത്താന്‍
അടിമാലി -കുമളി ദേശീയ പാതയില്‍ ഇടുക്കിയിലാണ് കുടിയേറ്റ സ്‌മാരക ടൂറിസം വില്ലേജ്. എറണാകുളത്ത് നിന്നും തൊടുപുഴയില്‍ നിന്നും വരുന്നവര്‍ക്ക് ചെറുതോണിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മുന്‍പോട്ട് പ്രധാന പാതയില്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താന്‍ സാധിക്കും.

-ലോലിറ്റ് ജെ. പുന്നക്കല്‍

ഇടുക്കി / പാഞ്ചാലിമേട്
കോടമഞ്ഞില്‍ പൊതിഞ്ഞ ഹരിതഭൂമി

കോടമഞ്ഞില്‍ കുളിച്ചുണരുന്ന ചുറ്റും പച്ചപ്പട്ടുമെത്ത വിരിച്ച പോലെ പുല്‍മേടുകളും കുന്നിന്‍ മുകളില്‍ വാനവും ഭൂമിയും കൂട്ടിമുട്ടുന്ന പ്രതീതിയും സമ്മാനിച്ച് സഞ്ചാരികളെ വരവേല്‍ക്കുന്ന പാഞ്ചാലിമേട്. പുലര്‍ച്ചെയെങ്കില്‍ കോടമഞ്ഞില്‍ പൊതിഞ്ഞ മനോഹരമായ ദൃശ്യ ചാരുതയില്‍, താഴെയുള്ള ലോകം സ്വപ്‌ന തുല്യമായ ക്യാന്‍വാസിലേക്ക് മങ്ങുന്നതായി തോന്നും.. അപ്രതീക്ഷിതമായി എപ്പോള്‍ വേണമെങ്കിലും കോടമഞ്ഞിനാല്‍ മൂടപ്പെടുന്നു പാഞ്ചാലിമേട്..

ഐതിഹ്യങ്ങളുടെ നാട്….
സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 2,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാഞ്ചാലിമേട് കഥകളും ഐതിഹ്യവും നിറഞ്ഞ മണ്ണാണ്. പുരാണത്തിലെ പാഞ്ചാലിയുമായി ബന്ധപ്പെട്ടതാണ് ഈ ഐതിഹ്യം. വനവാസക്കാലത്ത് പാണ്ഡവര്‍ തങ്ങളുടെ ഭാര്യയായ പാഞ്ചാലിക്കൊപ്പം ഇവിടെ എത്തിയെന്നും ഏറെ നാള്‍ ഇവിടെ ചെലവിട്ടുവെന്നുമാണ് ഐതിഹ്യം. ഇതിനെ സാധൂകരിക്കുന്ന നിരവധി കാഴ്‌ചകളും പാഞ്ചാലിമേട് കരുതി വയ്ക്കുന്നു. പാഞ്ചാലിക്കുളം, ആനക്കല്ല്, അടുപ്പു കല്ലുകള്‍ എന്നിങ്ങനെ പാണ്ഡവരുടെയും പാഞ്ചാലിയുടെയും വനവാസക്കാലത്തെ ബന്ധപ്പെടുത്തുന്ന അനവധി കാഴ്‌ചകളാണ് ഇവിടെ ഉള്ളത്.

പാറകള്‍ പാകിയ നടപ്പാതയാണ് പാഞ്ചാലിമേട്ടിലേക്ക്… വഴിയില്‍ ധാരാളം ഇരിപ്പിടങ്ങളും വശങ്ങളില്‍ കല്‍മണ്ഡപങ്ങളും കാണാം. കോടമഞ്ഞുള്ള പുല്‍മേടുകളില്‍ ഇരുന്ന് വിശ്രമിക്കുകയും പ്രകൃതി രമണീയത ആവോളം ആസ്വദിക്കുകയും ചെയ്യാം. എല്ലാവിധ സൗകര്യങ്ങളും പൂര്‍ത്തീകരിച്ചതോടെ പാഞ്ചാലിമേടിന്റെ മുഖച്ഛായ മാറി സഞ്ചാര സൗഹൃദമായി മാറി. മഹാഭാരതത്തിലെ ആരണ്യപര്‍വ്വത്തെ അടിസ്ഥാനമാക്കി പാഞ്ചാലിക്കുളത്തില്‍ നിന്നും കല്യാണ സൗഗന്ധികവുമായി കുളിച്ചു കയറി വരുന്ന പാഞ്ചാലിയുടെയും പഞ്ചപാണ്ഡവരുടെയും പ്രതിമകള്‍ കൂടി നിര്‍മിക്കുന്നതോടെ പാഞ്ചാലിമേട് കൂടുതല്‍ ആകര്‍ഷമാകും.

മകര സംക്രാന്തി ഉത്സവ വേളയില്‍, മകരജ്യോതി ദര്‍ശിക്കാന്‍ ആയിരക്കണക്കിന് ഭക്തരാണ് പാഞ്ചാലിമേട്ടില്‍ എത്താറുള്ളത്. പാഞ്ചാലിമേട്ടിലെ ഒരു കുന്നില്‍ സ്ഥിതി ചെയ്യുന്ന ശ്രീഭുവനേശ്വരി ക്ഷേത്രവും മറുകുന്നില്‍ സ്ഥിതി ചെയ്യുന്ന കുരിശുമലയും മത സൗഹാര്‍ദത്തിന്റെ സാക്ഷ്യമായി മാറുന്നു.

-അനു ദേവസ്യ

മലപ്പുറം / കേരളാംകുണ്ട് വെള്ളച്ചാട്ടം
കൊടും വേനലിലും കുളിര്‍ സ്‌പർശം 

സ്‌ഫടിക പാത്രത്തിലെന്ന പോലെ അടിത്തട്ട് കാണുന്ന തെളിഞ്ഞ വെള്ളം. കാടിന് നടുവില്‍, 150 അടി ഉയരത്തില്‍ നിന്നും വീഴുന്ന ഈ വെള്ളത്തില്‍ ആര്‍ക്കുമൊന്ന് മുങ്ങിക്കുളിക്കാന്‍ തോന്നും. സമുദ്ര നിരപ്പില്‍ നിന്നും 1500 അടി ഉയരത്തിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പശ്ചിമ ഘട്ടത്തിന്റെ ഭംഗി ആസ്വദിച്ച് തണുത്ത വെള്ളത്തില്‍ ചാടി കുളിക്കാം എന്ന് മാത്രമല്ല ജൈവ വെവിധ്യങ്ങള്‍ കൊണ്ട് അനുഗൃഹീതവുമാണ് ഈ വെള്ളച്ചാട്ടം. സൈലന്റ്‌വാലി ദേശീയോദ്യാനത്തിലാണ് വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം.

മനുഷ്യ സ്‌പർശം ഏല്‍ക്കാത്ത ഔഷധ സസ്യങ്ങളെ തഴുകിയെത്തുന്ന വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. സൈലന്റ്‌വാലി ദേശീയോദ്യാനത്തോട് ചേര്‍ന്ന കരുവാരക്കുണ്ടില്‍ കൂമ്പൻമലയുടെ താഴ്‌വാരത്തായാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കേരളാംകുണ്ട് പോലെ നിരവധി വെള്ളച്ചാട്ടങ്ങളും മലകളും കാടും കൊണ്ട് അനുഗൃഹീതമാണ് കരുവാരക്കുണ്ട്. കരുവാരക്കുണ്ട് ടൗണില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയാണ് കേരളാംകുണ്ട്. ഓഫ്‌ റോഡ് യാത്രയുടെ സാഹസിക അനുഭവവും ചെറിയ ട്രക്കിങ്ങുമെല്ലാം യാത്രയില്‍ അനുഭവിക്കാം.

സൈലന്റ്‌വാലിയുടെ മനോഹരമായ കാഴ്‌ച ഇവിടെ നിന്നും നമുക്ക് ആസ്വദിക്കാം. വൈവിധ്യമാര്‍ന്ന സസ്യങ്ങളും ചെടികളും കൂടുതലായി ഇവിടെ കാണാം. കടുത്ത വേനലില്‍ പോലും തെളിഞ്ഞ, തണുപ്പ് നിറഞ്ഞ വെള്ളം ലഭിക്കും എന്നതാണ് കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത.

വഴി: ഷൊര്‍ണൂര്‍ – നിലമ്പൂര്‍ റൂട്ടിലെ മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷനാണ് അടുത്തുള്ളത്. മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ.
വിവരങ്ങള്‍ക്ക്: +91 4931 2815

പാലക്കാട് / മീന്‍വല്ലം
കല്ലടിക്കോടിന്റെ ജലപാതം

പശ്ചിമ ഘട്ടത്തിലെ കല്ലടിക്കോടന്‍ മല നിരകളില്‍ നിന്നും ഉത്ഭവിക്കുന്ന തുപ്പനാട് നദിയിലാണ് മീന്‍വല്ലം വെള്ളച്ചാട്ടം. സഞ്ചാരികള്‍ക്ക് ഏറെ മനോഹരമായ ദൃശ്യാനുഭവം നല്‍കുന്ന ഒന്നാണിത്. പാലക്കാട് നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള കരിമ്പ ഗ്രാമപഞ്ചായത്തിലാണ് ഈ വെള്ളച്ചാട്ടം. പാലക്കാട് ജില്ലാ പഞ്ചായത്ത് നടത്തുന്ന ആദ്യ ജല വൈദ്യുത പദ്ധതി മീന്‍വല്ലം വെള്ളച്ചാട്ടത്തെ ആശ്രയിച്ചാണ് നടപ്പാക്കിയിരിക്കുന്നത്. രാജ്യത്ത് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം നടപ്പാക്കുന്ന ആദ്യ ജല വൈദ്യുത പദ്ധതി മീന്‍വല്ലം വെള്ളച്ചാട്ടത്തിലാണ്. പശ്ചിമ ഘട്ടത്തിലെ കരിമലയുടെ ഭാഗമായാണ് മീന്‍വല്ലം വെള്ളച്ചാട്ടം. കോഴിക്കോട് പാലക്കാട് ദേശീയ പാതയില്‍ കല്ലടിക്കോട് തുപ്പനാട് ജംഗ്ഷനില്‍ നിന്ന് എട്ടു കിലോമീറ്റര്‍ വലത്തേയ്ക്ക്, കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായ ഇറിഗേഷന്‍ കനാലിന്റെ വശങ്ങളിലൂടെ സഞ്ചരിച്ച് മൂന്നേക്കര്‍ എന്ന സ്ഥലത്തും അവിടെ നിന്ന് മീന്‍വല്ലത്തും എത്താം.

അടുത്ത റെയില്‍വേ സ്റ്റേഷന്‍ : പാലക്കാട് ടൗണ്‍, ഏകദേശം 29 കി. മീ.
അടുത്ത വിമാനത്താവളം : കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളം (തമിഴ്‌നാട്) ഏകദേശം 95 കി. മീ.

പാലക്കാട്/കുഞ്ചന്‍ നമ്പ്യാര്‍  സ്‌മാരകം  
തുള്ളല്‍ക്കലയ്ക്ക് അനശ്വര സ്‌മാരകം 

സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ തെളിവായി നിലകൊള്ളുന്ന കുഞ്ചന്‍ നമ്പ്യാര്‍ സ്‌മാരകം നവീകരിച്ചത്. സാംസ്‌കാരിക സമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നു. ഭാവി തലമുറകള്‍ക്ക് കുഞ്ചന്‍ നമ്പ്യാരുടെ കലാ വൈഭവത്തെ അടുത്തറിയാനും അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ സാമൂഹിക-സാംസ്‌കാരിക ചുറ്റുപാടുകളിലേക്ക് ഉൾക്കാഴ്‌ച നേടാനും സ്‌മാരക സന്ദര്‍ശനം സഹായിക്കും. സ്‌മാരകത്തോട്  ചേര്‍ന്ന് സ്ഥാപിച്ച നാട്യ ഗൃഹത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ടൂറിസം വകുപ്പിന്റെ കീഴില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. എണ്‍പതു ലക്ഷം രൂപയുടെ പ്രൊജക്റ്റാണ് നടപ്പിലാക്കിയത്. ആഡിറ്റോറിയം, ഫ്‌ളോറിങ്ങ്, സൗണ്ട് പ്രൂഫിങ്ങ്, സീലിങ്ങിന്റെ മേല്‍ക്കൂര നവീകരണം, റാമ്പ്, ഗ്രീന്‍ റൂം, സ്റ്റേജ് ഉപകരണങ്ങള്‍, ഇലക്ട്രിക്കല്‍ പണികള്‍, സിസി ടിവി എന്നിവ നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ലക്കിടിയിലെ കിള്ളിക്കുറിശ്ശിമംഗലത്തുള്ള അദ്ദേഹത്തിന്റെ തറവാടായ കലക്കത്ത് വീട് ഉള്‍പ്പെടുത്തി കുഞ്ചന്‍ നമ്പ്യാര്‍ സ്‌മാരകം 1976-ലാണ് തുറന്നത്. ഈ സ്‌മാരകത്തിൽ തുള്ളലും മറ്റ് കലാ രൂപങ്ങളും അവതരിപ്പിക്കുന്നതിനുള്ള കളിത്തട്ട് (വേദി) ഉള്‍പ്പെടുന്നു. ഫോമുകള്‍, ലൈബ്രറി, മ്യൂസിയം. പരമ്പരാഗത തുള്ളല്‍ വസ്ത്രങ്ങളും സാമഗ്രികളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. എല്ലാ വര്‍ഷവും മെയ് അഞ്ചിന് സ്‌മാരകത്തിൽ കുഞ്ചന്‍ ദിനമായി ആചരിക്കുന്നു. ശ്രദ്ധാപൂര്‍വമായ സംരക്ഷണത്തിലൂടെയും പുനരുജ്ജീവനത്തിലൂടെയും സ്‌മാരക കലാ വൈഭവത്തിന്റെ കവാടമായി നിലകൊള്ളുന്നു.

കോഴിക്കോട്/ബേപ്പൂര്‍
ഉരുക്കളുടെ പ്രൗഢിയില്‍

ചരിത്രം കോറിയിട്ട ഒരായിരം കഥകളുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും ഗന്ധമാണ് ബേപ്പൂരിന്. കടലും പുഴയും ഉരുവും കപ്പലുകളും ഒരു നൂലില്‍ കോര്‍ത്ത മുത്തുകള്‍ പോലെ തിളങ്ങുന്ന കോഴിക്കോടിന്റെ ഹൃദയമായൊരു നാട്. മലബാറിന്റെ ടൂറിസം സ്വപ്‌നങ്ങൾക്ക് പുതു ചിറകേകുകയാണിപ്പോള്‍ ബേപ്പൂര്‍. സാഹസികത നിറഞ്ഞ ജങ്കാര്‍ യാത്രകളും ബേപ്പൂര്‍ തുറമുഖത്തിന്റെ ആകര്‍ഷകത്വവുമെല്ലാം കോഴിക്കോടെത്തുന്ന ഓരോ സഞ്ചാരിക്കും സമ്മാനിക്കുന്നത് അവിസ്‌മരണീയമായ അനുഭവങ്ങളാണ്. ആകാശം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന ബേപ്പൂര്‍ ഉരുക്കള്‍ എക്കാലവും പ്രൗഢിയുടെ പ്രതീകങ്ങളാണ്. തീരദേശ സൗന്ദര്യവും മത്സ്യ സമ്പന്നതയും ബേപ്പൂരിനെ കൂടുതല്‍ സുന്ദരിയാക്കുന്നു.

പരിസ്ഥിതിയേയും സംസ്‌കാരത്തേയും പൈതൃകത്തേയും സംരക്ഷിച്ചു കൊണ്ട് പ്രദേശ വാസികള്‍ക്ക് ടൂറിസം വഴി തൊഴിലും വരുമാനവും ഉറപ്പ് വരുത്തിയാണ് ബേപ്പൂരിനെ മികച്ച ഒരു ടൂറിസം കേന്ദ്രമാക്കി മാറ്റുന്നത്.

ലോക ടൂറിസം ഭൂപടത്തിലേക്ക് ബേപ്പൂരിനെ അടയാളപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ബേപ്പൂര്‍ സമഗ്ര ടൂറിസം വികസന പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. ബേപ്പൂരിന്റെ ചരിത്രം നിലനിര്‍ത്തിക്കൊണ്ട് തന്നെ സമഗ്രമായ വികസനം സാധ്യമാക്കുകയെന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ബേപ്പൂര്‍ തുറമുഖം, ഫിഷിങ്ങ് ഹാര്‍ബര്‍ തുടങ്ങി ബേപ്പൂരിന്റെയും ജില്ലയുടെയും സുസ്ഥിര വികസനവും ടൂറിസത്തിന്റെ വളര്‍ച്ചയും സാധ്യമാകും. ബേപ്പൂര്‍ മണ്ഡലത്തിലെ സമഗ്ര ടൂറിസം വികസനത്തിനായി കോടികളുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്.

അറബിക്കടല്‍, ചാലിയാര്‍, ഒരു കിലോമീറ്റര്‍ നീളമുള്ള പുലിമുട്ട്, ബേപ്പൂര്‍ തുറമുഖം, വിളക്കുമാടം, കടലുണ്ടി പക്ഷിസങ്കേതം, അപൂര്‍വ കണ്ടല്‍ക്കാടുകള്‍ എന്നിവ ബേപ്പൂരിന്റെ സവിശേഷതകളാണ്. സംസ്ഥാനത്ത് ആദ്യമായി നിലവില്‍ വന്ന ഫ്ളോട്ടിങ്ങ് ബ്രിഡ്‍‌ജും ബേപ്പൂര്‍ കടപ്പുറത്തെ ആകര്‍ഷണമാണ്. ഇവയെല്ലാം കൂട്ടി യോജിപ്പിച്ചാണ് ബേപ്പൂരിന്റെ ടൂറിസം സാധ്യതകള്‍ വളരുന്നത്.

-ഗീതു. കെ

ബേപ്പൂര്‍ / വാട്ടര്‍ ഫെസ്റ്റ്
സാഹസിക ജലകേളികള്‍ക്ക് ഒരിടം

രാജ്യത്തെ തന്നെ ഏറ്റവും വലിയ ജലോത്സവമാണ് ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്. സാഹസിക, കായിക വിനോദം, ജല വിനോദം എന്നീ മേഖലകളില്‍ ടൂറിസം ഭൂപടത്തില്‍ തനതായ സ്ഥാനം ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിന് നേടാന്‍ കഴിഞ്ഞിട്ടുണ്ട്.

കേരളത്തിനകത്തും പുറത്തും ഉള്ള സാഹസിക സ്‌പോര്‍ട്‌സ് ആസ്വാദകരെ ആകര്‍ഷിക്കുന്ന തരത്തില്‍ വിഭാവനം ചെയ്‌ത 2021-2022ലെ മെഗാ ഇവന്റില്‍ കയാക്കിങ്ങ്, കൈറ്റ് ഫെസ്റ്റ്, ഇല്യൂമിനേറ്റഡ് ആന്‍ഡ് ഡക്കറേറ്റഡ് ബോട്ട് പരേഡ്, റോവിങ്ങ് സ്റ്റാൻഡപ്പ്, ലിങ്ങ്, നേവി ആന്‍ഡ് കോസ്റ്റ്ഗാര്‍ഡ് ഷോ, ഫ്രീ മാര്‍ക്കറ്റ്, ഫുഡ് പവിലിയൻ, കള്‍ച്ചറല്‍ ഷോ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. വിദേശികളും സ്വദേശികളും അടക്കം ഏകദേശം 10 ലക്ഷത്തിലധികം സഞ്ചാരികള്‍ ഈ രണ്ട് വര്‍ഷങ്ങളില്‍ നടന്ന ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ആസ്വദിക്കുന്നതിനായി ബേപ്പൂരില്‍ എത്തി.

സര്‍ഫിങ്ങ് സ്‌കൂള്‍
കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള സര്‍ഫിങ്ങ് സ്‌കൂള്‍ ബേപ്പൂരിലാണ് സ്ഥിതി ചെയ്യുന്നത്. ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍, ഡി.ടി.പി.സി, യൂത്ത് വെല്‍ഫയര്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി എന്നിവരുടെ സംരംഭമാണിത്. ഇതിനായി വിദഗ്‌ധ ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രദേശവാസികളായ 10 യുവാക്കള്‍ക്ക് മൂന്ന് മാസത്തെ അടിസ്ഥാന സര്‍ഫിങ്ങ് പരിശീലനം നല്‍കി. ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ അടിസ്ഥാന സര്‍ഫിങ്ങ് പരിശീലനം പൂര്‍ത്തിയാക്കിയവരെ പരിശീലകര്‍ ആക്കുന്നതിനുള്ള ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കേഷനു വേണ്ട നടപടി ക്രമങ്ങള്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി ഇന്റര്‍ നാഷണല്‍ ട്രെയിനര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്‌തിട്ടുണ്ട്. കേരളത്തില്‍ ആദ്യമായാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെ സമ്പൂര്‍ണ്ണ സഹകരണത്തിലും മേല്‍നോട്ടത്തിലും പൂര്‍ണ്ണമായും തദ്ദേശവാസികളുടെ നേതൃത്വത്തില്‍ സര്‍ഫിങ്ങ് പരിശീലനവും ടൂറിസ്റ്റുകള്‍ക്ക് സര്‍ഫിങ്ങ് നടത്താനുള്ള സൗകര്യവും ഒരുക്കുന്ന സംവിധാനം ഉണ്ടാകുന്നത്.

വയനാട്/എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം
എന്‍ ഊര് ഗോത്ര സംസ്‌കൃതിയിലേക്ക് ഒരു വാതായനം

ലക്കിടിക്കുന്നിന് മുകളില്‍ കോടമഞ്ഞ് പുതച്ച് ഒരു മഴക്കാലം ചുറ്റിക്കളിക്കുന്നു. തണുത്ത കാറ്റിന്റെ താളത്തില്‍ താഴ്‌വാരത്തിലേക്ക് മുത്തമിട്ടിറങ്ങുന്ന വെളുത്ത കോടകള്‍ക്കിടയിലൂടെ പച്ചപ്പ് നിറഞ്ഞ കുന്നുകള്‍ അരികിലേക്ക് തെളിഞ്ഞു വന്നു. തനത് വയനാടിന്റെ പുല്ലുമേഞ്ഞ കുടിലുകള്‍ കൂണുപോലെ മുളച്ച് പൊന്തി വരിവരിയായി കാണാം. ചെളി മണ്ണ് മെഴുകിയ തിണ്ടുകള്‍ അതിരിടുന്ന വളഞ്ഞ് പുളഞ്ഞ് വഴികള്‍ കയറിയാല്‍ കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമം എന്‍ ഊരില്‍ എത്താം. ഗോത്ര പാരമ്പര്യത്തിന്റെ ഉള്ളറകളിലേക്കാണ് പൈതൃക ഗ്രാമത്തിന്റെ വാതില്‍ തുറക്കുന്നത്. വയനാടിന്റെ ചുരം കയറി ലക്കിടിയില്‍ നിന്നും വിളിപ്പാടകലെയാണ് സുഗന്ധഗിരിക്കുന്നില്‍ സഞ്ചാരികള്‍ക്കായി പൈതൃക ഗ്രാമം അണിഞ്ഞൊരുങ്ങിയത്.

കേരളത്തില്‍ അധിവസിക്കുന്ന ഗോത്ര ജനതയുടെ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുകയും പാരമ്പര്യ വിജ്ഞാനീയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരാണ് എന്‍ ഊര് വിഭാവനം ചെയ്‌തത്. ഗ്രോത ജനതയ്ക്കായി വേറിട്ടതും സ്ഥിരതയുള്ളതും വരുമാനദായകവുമായ സംരംഭമാണ് എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം. വൈത്തിരിയിലെ 25 ഏക്കറിലാണ് ഗോത്ര പൈതൃക ഗ്രാമം ഒരുങ്ങിയത്. പുല്ലുമേഞ്ഞ വീടുകളും ഗോത്ര ജീവിത ചാരുതകളെയും ഇവിടെ തൊട്ടറിയാം.

പ്രതീക്ഷകളുടെ ഗ്രാമം
ഗോത്ര സങ്കേതങ്ങളില്‍ നിന്നും ആ പഴയ തുടിയൊച്ചയും ചീനി വാദ്യവും കേള്‍ക്കാം. പ്രകൃതിയുമായി ഇണങ്ങിയ ഗോത്ര കലാരൂപങ്ങളും പാട്ടും ജീവിതവുമെല്ലാം കാണാം. ആചാരത്തിന്റെ നിധി സൂക്ഷിപ്പുകാരായ ഗോത്രവിഭാഗങ്ങളുടെ കലകളെയും പാരമ്പര്യത്തെയും ജീവിതത്തെയുമെല്ലാമാണ് എന്‍ ഊര് പൈതൃക ഗ്രാമത്തില്‍ സന്നിവേശിപ്പിച്ചിരിക്കുന്നത്. കുറിച്യര്‍, കുറുമര്‍, പണിയര്‍, കാട്ടുനായ്ക്കര്‍ തുടങ്ങി വയനാട്ടിലും കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ളതുമായ ഗോത്ര വിഭാഗക്കാരുടെ പാരമ്പര്യമായ കലകളുടെയും കരകൗശല വൈദഗ്ധ്യത്തിന്റെയും സംരക്ഷണം ഈ ഗ്രാമത്തില്‍ സാക്ഷാത്കരിക്കപ്പെടും. ഇവിടെ ഇവരുടെ തനത് ഉല്‍പന്നങ്ങളുടെ വിപണിയും ഒരുങ്ങിയിട്ടുണ്ട്. കാട്ടുതേന്‍ തുടങ്ങിയ വന വിഭവങ്ങളുടെ വിപണി എന്നിവയെല്ലാം എന്‍ ഊരിന്റെ പ്രത്യേകതയാണ്.

ഒരു കുടക്കീഴില്‍ ഒരു ഗ്രാമം
ഗോത്ര വിഭാഗങ്ങള്‍ നിര്‍മിച്ച കരകൗശല വസ്‌തുക്കൾ, വനവിഭവങ്ങള്‍, പരമ്പരാഗത തനത് കാര്‍ഷിക ഉല്‍പന്നങ്ങള്‍, പച്ചമരുന്നുകള്‍, മുള ഉല്‍പന്നങ്ങള്‍, ചൂരല്‍ ഉല്‍പന്നങ്ങള്‍, പാരമ്പര്യ ഔഷധച്ചെടികള്‍ തുടങ്ങിയവാണ് ഈ വിപണിയില്‍ വില്‍പനയ്ക്കായി ഇവിടെ ഒരുക്കുക. വിവിധ ഗോത്ര വിഭാഗത്തിന്റെ കരകൗശല വൈദഗ്ധ്യം നേരിട്ട് കാണാനും ഇവിടെ അവസരമൊരുക്കും. എല്ലാ ദിവസവും സന്ദര്‍ശകര്‍ക്കായി ഇവിടെ ഒരുക്കുന്ന ഓപ്പണ്‍ എയര്‍ തീയേറ്ററില്‍ ഗോത്ര കലാവതരണം നടക്കും. രണ്ട് പ്രീമിയം കഫ്റ്റീരിയകളാണ് ഇവിടെ സജ്ജീകരിക്കുക. ഗോത്ര വിഭാഗങ്ങളുടെ തനത് വംശീയ ഭക്ഷണ രുചികളും മറ്റുള്ള വിഭവങ്ങള്‍ക്കൊപ്പം ഇവിടെ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടാം. ഗോത്ര പൈതൃക ഗ്രാമത്തില്‍ അതിഥികള്‍ക്കായി സൗകര്യമൊരുക്കും.

വയനാട്/കുങ്കിച്ചിറ
വയനാടിന്റെ സമ്പന്നമായ ചരിത്രം

വയനാടിന്റെ ചരിത്രവും പൈതൃകവും തൊട്ടറിയാനും ജൈവ സംസ്‌കാരത്തെ അടുത്തറിയാനും കുങ്കിച്ചിറയില്‍ ജൈവ സാംസ്‌കാരിക പൈതൃക മ്യൂസിയം ഉയരുകയാണ്. മലബാറിലെ തന്നെ ഏറ്റവും വലിയ ജൈവ സാംസ്‌കാരിക പൈതൃക മ്യൂസിയം വയനാട്ടിലെ തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ കുഞ്ഞോത്ത് കുങ്കിച്ചിറയുടെ തീരത്താണ് സ്ഥാപിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ പ്രദര്‍ശന മ്യൂസിയത്തിന്റെ കെട്ടിടം പൂര്‍ത്തിയായി. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മ്യൂസിയം വൈകാതെ പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.

വയനാടിന്റെ ജൈവ വൈവിധ്യങ്ങള്‍ക്ക് കൂടി പ്രാധാന്യം നല്‍കുന്ന വിധത്തിലുള്ള ജൈവ-സാംസ്‌കാരിക -പൈതൃക മ്യൂസിയമാണ് ഇവിടെ ഒരുങ്ങുന്നത്.

മലബാറിലെ ഏറ്റവും വലിയ മ്യൂസിയം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ജനതയുടെ സംസ്‌കൃതിയിലൂടെയുള്ള യാത്രയാണ് മ്യൂസിയത്തില്‍ സന്നിവേശിപ്പിക്കുക.

പൈതൃക മ്യൂസിയം എന്ന പതിവ് രീതികളില്‍ നിന്നും ഉയര്‍ന്ന് വയനാടിന്റെ ജൈവൈവിധ്യങ്ങളെ നേരിട്ടറിയാനുള്ള വിധത്തിലാണ് കുങ്കിച്ചിറ മ്യൂസിയത്തെ വേറിട്ടതാക്കുന്നത്. ഇതിനായി പതിനാറായിരം ചതുരശ്രയടിയുള്ള കെട്ടിട സമുച്ചയമാണ് മ്യൂസിയം വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. 9,000 ചതുരശ്രയടി വിസ്‌തീർണ്ണമുള്ള താഴെ നിലയില്‍ അഡ്‌മിനിസ്‌ട്രേറ്റീവ് മുറികളും ലോബിയും ഹാളും പ്രദര്‍ശന മുറികളുമുള്ളത്. ത്രീഡി തിയേറ്റര്‍, ഗവേഷണ വിഭാഗം, ലൈബ്രറി എന്നിവയും ഇവിടെ സജ്ജമാക്കും. മുകളിലെത്തെ നിലയില്‍ എക്‌സിബിഷന്‍ കോര്‍ണറുകളും ഒരുക്കും. ലിഫ്റ്റ് സൗകര്യവുമുണ്ട്. ചുവര്‍ ചിത്രമടക്കം ഗോത്ര ജീവിതത്തിന്റെയും കാര്‍ഷിക ചരിത്രത്തെയും അടയാളപ്പെടുത്തുന്നതും ഏറ്റവും ആകര്‍ഷകമായതുമായ രീതിയിലായിരിക്കും ഓരോന്നിന്റെയും ക്രമീകരണം. ഒമ്പത് ഏക്കറോളം സ്ഥലത്താണ് മ്യൂസിയവും ചിറയുമടക്കമുള്ള കേന്ദ്രമുള്ളത്. നാലേമുക്കാല്‍ കോടി രൂപ ചെലവിലാണ് മ്യൂസിയം ആസൂത്രണം ചെയ്‌തിട്ടുള്ളത്.

ചരിത്രത്തെ തൊട്ടറിയാം
പ്രദര്‍ശനാത്മക മ്യൂസിയം സങ്കൽപത്തിൽ നിന്നുയര്‍ന്ന് പുരാവസ്‌തുക്കളെ അടുത്തറിയാനുള്ള സംവിധാനമായിരിക്കും കുങ്കിച്ചിറയിലെ മ്യൂസിയത്തിന്റെ പ്രത്യേകത. പുരാവസ്‌തുക്കളുടെ തനിപകര്‍പ്പുകളും ഇവിടെ സജ്ജീകരിക്കും. ഗോത്രനാടിന്റെ ഏറ്റവും പുരാതനമായ കാലത്തില്‍ നിന്നും ലഭ്യമായ ചരിത്രത്തെയും അതിനെ തലോടുന്ന വസ്‌തുക്കളെയും പുതിയ തലമുറയ്ക്ക് ഏറ്റവും ലളിതമായി പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കുറവായ തൊണ്ടര്‍നാടിന് കുങ്കിച്ചിറ പൈതൃക മ്യൂസിയം ഉണര്‍വാകും. കുങ്കിച്ചിറയുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങള്‍ എട്ടു നൂറ്റാണ്ട് പിന്നിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രദേശത്തെ നാടുവാഴിയുടെ മകളായ കൊടുമല കുങ്കിയാണ് ഇവിടെ ഈ കുളം നിര്‍മിച്ചത് എന്നാണ് കഥ. പഴശ്ശി രാജാവ് ഇംഗ്ലീഷ് സൈന്യത്തിനെതിരെ പട നീക്കങ്ങള്‍ ഒരുക്കിയ സ്ഥലവും കുങ്കിച്ചിറയുടെ പരിസരത്താണ്. കുങ്കിച്ചിറയുടെ രണ്ട് മലകള്‍ക്ക് അപ്പുറത്തായി പഴശ്ശിയെ ഇംഗ്ലീഷ് സൈന്യത്തിന് ഒറ്റുകൊടുത്ത ‘ഒറ്റുപാറ’യുണ്ട്. പഴശ്ശി രാജാവിന്റെ ഉറ്റ തോഴനായ തലയ്ക്കല്‍ ചന്തുവിന്റെ വീടും ഈ ചരിത്ര ഭൂമിയിലാണ്.

കണ്ണൂര്‍/പുല്ലൂപ്പി
പുഴയിലാറാടാന്‍ പുല്ലൂപ്പി

ലോക സഞ്ചാരികളുടെ പാദങ്ങള്‍ ഇനിയും പതിയാത്ത, പ്രകൃതി ഭംഗിയാല്‍ അനുഗൃഹീതമായ പുഴയോരങ്ങളും കണ്ടല്‍ക്കാടുകളും പച്ചത്തുരുത്തുകളും ഏറെയുണ്ട് കണ്ണൂരില്‍. അതിലൊന്നാണ് കണ്ണൂര്‍ ജില്ലയിലെ നാറാത്ത് ഗ്രാമ പഞ്ചായത്തില്‍ വളപട്ടണം പുഴയുടെ കൈവഴിയിലെ പുല്ലൂപ്പി കടവ്. കണ്ടല്‍ക്കാടുകളും പച്ചത്തുരുത്തുകളും ദേശാടന പക്ഷികള്‍ ചേക്കേറുന്ന പക്ഷി സങ്കേതങ്ങളും മത്സ്യ സമ്പത്തും കൊണ്ട് സമൃദ്ധമായ പുല്ലൂപ്പി കടവ് മറഞ്ഞു കിടന്നൊരു മരതക രത്നമാണ്. പൂല്ലൂപ്പിക്കടവ് കേന്ദ്രമായി 4.01 കോടി ചെലവില്‍ ടൂറിസം വകുപ്പ് ആവിഷ്‌ക്കരിച്ച ടൂറിസം പദ്ധതി നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. വളപട്ടണം പുഴയുടെ കൈവഴിയായി കാട്ടാമ്പള്ളി കടവ് വഴി മുണ്ടേരി ഗ്രാമപഞ്ചായത്ത് അതിര്‍ത്തിവരെ നീണ്ടു കിടക്കുന്ന പുഴയില്‍ ടൂറിസം വകുപ്പ് ആവിഷ്‌ക്കരിച്ച പുല്ലൂപ്പി കടവ് ടൂറിസം പദ്ധതി ജല സാഹസിക ടൂറിസത്തിന്റെ സാധ്യതകളാണ് തുറക്കുന്നത്. പുല്ലൂപ്പി കടവിലേക്ക് കണ്ണൂര്‍ നഗരത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ.

പുല്ലൂപ്പി കടവ് പാലത്തിന്റെ ഇരുവശങ്ങളെ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പുഴകളിലൂടെയുള്ള ജല സാഹസിക ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ കേന്ദ്രങ്ങളില്‍ ഒന്നാണ് ഇവിടം. സാഹസിക ടൂറിസത്തിന്റെ സാധ്യതകള്‍ക്കൊപ്പം പുഴയുടെ മത്സ്യ സമൃദ്ധി കൂടി പ്രയോജനപ്പെടുത്തുകയാണ് ഈ പദ്ധതി. പ്രാദേശിക ഭക്ഷണ വിഭവങ്ങള്‍ അടക്കമുള്ള മലബാറിന്റെ തനത് രുചികള്‍ പരിചയപ്പെടുത്തുന്ന ഭക്ഷ്യ വിപണന കേന്ദ്രങ്ങളായി എട്ട് കിയോസ്‌കുകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പുഴയില്‍ പൊങ്ങി നില്‍ക്കുന്ന ഫ്ളോട്ടിങ്ങ് ഡൈനിങ്ങ് ആണ് മറ്റൊരു പ്രധാന ആകര്‍ഷണം. നാല് പേര്‍ക്ക് ഇരിക്കാവുന്ന എട്ട് സിംഗിള്‍ യൂണിറ്റുകള്‍, 25 പേര്‍ക്ക് ഇരിക്കാവുന്ന എട്ട് മേശകള്‍ സജ്ജീകരിച്ച് വെക്കാന്‍ സാധിക്കുന്ന ഫ്ളോട്ടിങ്ങ് ഡൈനിങ്ങ് എന്നീ രണ്ട് തരത്തില്‍ ഇതുണ്ടാവും. ടൂറിസ്റ്റുകള്‍ക്ക് ബോട്ടുകള്‍, നാടന്‍ വളളം, കയാക്കിങ്ങ് സംവിധാനം എന്നിവ വഴി പുഴയുടെ സൗന്ദര്യം ആസ്വദിച്ച് ഫ്ളോട്ടിങ്ങ് ഡൈനിങ്ങില്‍ എത്തിച്ചേരാനാവും.

വാട്ടര്‍ സ്‌പോർട്‌സ് ആക്റ്റിവിറ്റികള്‍ക്കൊപ്പം പുഴയോരങ്ങളില്‍ ഇരിപ്പിടങ്ങള്‍, പാലത്തിന് ഇരുവശവും ചിത്രപ്പണികളോടു കൂടിയ വിളക്ക് കാലുകള്‍, പാര്‍ക്ക്, നടപ്പാതകള്‍, സൈക്ലിങ്ങ് പാത, കഫറ്റീരിയ തുടങ്ങിയവയും ഉണ്ട്.

നടപ്പാതയുടെ ഭാഗമായി പുഴയുടെ മനോഹാരിത വീക്ഷിക്കുന്ന തരത്തില്‍ ഉള്ള രണ്ട് ഡക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ബോട്ടിങ്ങിന് കയറുകയും ഇറങ്ങുന്നതിനും വേണ്ടി ഡോക്ക് ഏരിയ പ്രത്യേകമായി ഒരുക്കി.

-പി. പി. വിനീഷ്

കണ്ണൂര്‍ /കുട്ടിപ്പുല്ല്‌
പച്ചപ്പ് പുതച്ച് കുട്ടിപ്പുല്ല്

പുതിയ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാനായി തദ്ദേശ സ്ഥാപന പങ്കാളിത്തത്തോടെ ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയില്‍ നടുവില്‍ ഗ്രാമപഞ്ചായത്തിലെ കനകക്കുന്നിലെ കുട്ടിപ്പുല്ലില്‍ റിസോര്‍ട്ടും പാര്‍ക്കും സ്ഥാപിക്കുന്നു. 3000-ല്‍ അധികം അടി ഉയരത്തിലുള്ള കുട്ടിപ്പുല്ല് ചോല വനവും കാട്ടരുവിയും പച്ചവിരിച്ച പുല്‍മേടുമായി പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമായ ടൂറിസം കേന്ദ്രമാണ്.

ജില്ലയില്‍ ഡെസ്റ്റിനേഷന്‍ ചലഞ്ച് നടപ്പാക്കുന്നതിന്റെ ആദ്യ ചുവടുവെയ്പ്പ് കൂടിയാണ് 83 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി പൂര്‍ത്തിയാക്കുക. ഇതിന്റെ ആദ്യഘട്ടത്തില്‍ പാര്‍ക്കും സഞ്ചാരികളുടെ താമസ സൗകര്യത്തിനായി രണ്ട് കോട്ടേജുകളും വിശ്രമ മുറിയുമാണ് ഒരുക്കുന്നത്. കൂടാതെ പാര്‍ക്കിങ്ങ് ഏരിയ, സ്വിമ്മിങ് പൂള്‍, മിനി ആംഫി തിയറ്റര്‍, റെസ്റ്റോറന്റ്, റിസപ്ഷന്‍ ഏരിയ തുടങ്ങിയവയുടെ പണിയും ഈ ഘട്ടത്തില്‍ പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടത്തില്‍ മൂന്ന് കോട്ടേജുകള്‍, ജിം, മിനി ബാഡ്‌മിന്റൺ കോര്‍ട്ട്, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, വൈ-ഫൈ സോണ്‍ തുടങ്ങിയവയാണ് നിര്‍മിക്കുക. പാര്‍ക്ക് ഒരുക്കുന്നതിന്റെ ഭാഗമായി റോഡുകളുടെ സൗന്ദര്യവത്കരണം, വഴിയോര ലൈറ്റുകള്‍, പാര്‍ക്കിനായുള്ള കെട്ടിട നിര്‍മാണം എന്നിവ കൂടി കുട്ടിപ്പുല്ലില്‍ സാധ്യമാക്കും. ഓഫീസ്, റെസ്റ്റോറന്റ്, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ടോയിലറ്റ് സൗകര്യം തുടങ്ങിയവയാണ് പാര്‍ക്കിനായി ഒരുക്കുന്ന കെട്ടിടത്തിലുണ്ടാവുക.

പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന പ്രദേശമായതിനാല്‍ അവ നിലനിര്‍ത്തി കൊണ്ട് തന്നെ റിസോര്‍ട്ടുകള്‍ പണിയും. മണ്ണിന് പ്രശ്‌നമുണ്ടാകാത്ത രീതിയിലാണ് കെട്ടിടങ്ങള്‍ നിര്‍മിക്കുക. ഇത് മഴവെള്ളത്തിന്റെ ഒഴുക്കിനും അനുകൂലമായ അന്തരീക്ഷം സൃഷ്‌ടിക്കും. ഒരു വര്‍ഷം കൊണ്ട് പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ പൈതല്‍ മലയും പാലക്കയം തട്ടും കഴിഞ്ഞാല്‍ ഏറെ പ്രിയമുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് കുട്ടിപ്പുല്ല്. കോടമഞ്ഞ് പുതച്ചും പച്ച വിരിച്ചും കുട്ടിപ്പുല്ല് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. നിരവധി പേരാണ് ദിനംപ്രതി ഇവിടെ എത്തിച്ചേരുന്നത്. ഇതിന്റെ സാധ്യതകള്‍ മനസ്സിലാക്കിയാണ് പഞ്ചായത്ത് ഇവിടെ ടൂറിസം വികസനത്തിനുള്ള നടപടികളാരംഭിച്ചത്. പൈതല്‍ മലയ്ക്കും പാലക്കയം തട്ടിനും ഇടയിലായിട്ടാണ് കുട്ടിപ്പുല്ല്. പൈതല്‍ മലയുടെ പടിഞ്ഞാറന്‍ ചെരിവ് കയ്യെത്തും ദൂരത്തില്‍ കുട്ടിപ്പുല്ലില്‍ നിന്നും കാണാം.

കുടിയാൻമല പാത്തന്‍പാറ മൈലംപെട്ടി എന്നീ വഴികളിലൂടെ കുട്ടിപ്പുല്ലിലേക്ക് എത്തിച്ചേരാം. കരുവന്‍ചാല്‍ പാത്തന്‍പാറ വഴിയും കുടിയാൻമല റോഡില്‍ നൂലിട്ടാമല എന്ന സ്ഥലത്തിനടുത്തു നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്‌താലും ഇവിടെ എത്താം. തളിപ്പറമ്പില്‍നിന്ന് 41 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മലമുകളിലെത്താം. അതുപോലെ കുടിയാൻമലയിൽ നിന്ന് കവരപ്ലാവ് വഴി നേരിട്ടും ഇവിടെ എത്തിച്ചേരാം.

-ഹര്‍ഷിദ ഹൈദരലി

കാസര്‍കോട് / കോട്ടപ്പുറം ബോട്ട് ടെര്‍മിനല്‍
കെട്ടുവള്ളക്കാഴ്ചകളിലേക്ക്

കായല്‍ ടൂറിസം ആസ്വദിക്കാന്‍ സഞ്ചാരികളെ മാടി വിളിച്ച് നീലേശ്വരം കോട്ടപ്പുറം ബോട്ട് ടെര്‍മിനല്‍. ആരെയും ആകര്‍ഷിക്കും വിധത്തിലാണ് ഓടുപാകി മനോഹരമാക്കിയ മേല്‍ക്കൂരയോടെ തലയെടുപ്പോടെ നില്‍ക്കുന്ന ഹൗസ്‌ബോട്ട് ടെര്‍മിനല്‍. വിനോദ സഞ്ചാര വകുപ്പിന്റെ ധന സഹായത്തോടെ ഉള്‍ നാടന്‍ ജലഗതാഗത വകുപ്പാണ് ടെര്‍മിനല്‍ നിര്‍മിച്ചത്. നീലേശ്വരം – ബേക്കല്‍ നിർദിഷ്‌ട ജലപാതയുടെ ആരംഭ സ്ഥാനമാണ് ഇവിടം. ഉത്തര മലബാറിലെ വലിയ വിനോദ സഞ്ചാര സാധ്യത കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ബൃഹത്തായ പദ്ധതിയാണ് മലനാട് – മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി.

കണ്ണൂര്‍ ജില്ലയില്‍ക്കൂടി ഒഴുകുന്ന വളപ്പട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി എന്നീ നദികളെയും ജില്ലയിലെ തേജസ്വിനി, ചന്ദ്രഗിരി നദികളെയും വലിയപറമ്പ് കായലിനെയും കേന്ദ്രീകരിച്ചാണ് വിശാലമായ ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. ടെര്‍മിനലിനോട് അനുബന്ധിച്ച് നാലര മീറ്റര്‍ വീതിയില്‍ നിര്‍മിച്ച നടപ്പാത, വ്യൂ പോയിന്റുകള്‍, കൂടാതെ കരിങ്കല്‍ ബെഞ്ചുകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഒരേസമയം നാല് വഞ്ചി വീടുകള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്‌ത് ടൂറിസ്റ്റുകളെ കയറ്റാന്‍ കഴിയും. 32 ഹൗസ് ബോട്ടുകള്‍ ഇവിടെ ഉണ്ട്. 132 മീറ്റര്‍ നീളത്തിലുള്ള ടെര്‍മിനലിന്റെ നിര്‍മാണച്ചെലവ് എട്ട് കോടി രൂപയാണ്. കായല്‍ ടൂറിസം അനുദിനം വളര്‍ന്ന് വരുമ്പോള്‍ ഉത്തര മലബാറിലെ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ മുതല്‍ കൂട്ടാണ് നീലേശ്വരത്തെ ബോട്ട് ടെര്‍മിനല്‍. ടെര്‍മിനലില്‍ മിനി കഫെ, കിയോസ്‌ക് വെല്‍ക്കം സെന്റര്‍, സോവിനിയര്‍ ഷോപ്പ്, കാഷ് കൗണ്ടര്‍ എന്നിങ്ങനെയുള്ള സൗകര്യങ്ങള്‍ ഒരുക്കാനാണ് ലക്ഷ്യം.

-ശ്വേത ഹരി

കാസര്‍കോട്/വലിയപറമ്പ
കായല്‍ സൗന്ദര്യത്തിലലിയാം

ആലപ്പുഴ കഴിഞ്ഞാല്‍ ഉത്തര മലബാറില്‍ കായല്‍ സൗന്ദര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് വലിയപറമ്പയായിരിക്കും. നാലു പുഴകള്‍ വന്നു ചേരുന്ന വലിയപറമ്പയില്‍ ഒട്ടനവധി ദ്വീപുകളും തുരുത്തുകളുമുണ്ട്. ഇതിനോടു ചേര്‍ന്നു തന്നെയാണ് കുന്നുവീട്, പടന്ന കടല്‍ത്തീരങ്ങളും. തൊണ്ണൂറോളം തരത്തിലുളള പക്ഷികളെ ഇവിടെ കാണാന്‍ കഴിയും. വടക്ക് നീലേശ്വരം മുതല്‍ തെക്ക് ഏഴിമല വരെ 40 കിലോമീറ്റര്‍ നീളത്തിലുള്ള കായലിന്റെ ജല ജൈവിക സമ്പന്നത ഏറെ പ്രസിദ്ധമാണ്. പ്രകൃതി സൗന്ദര്യം മാറോടണച്ചൊഴുകുന്ന കവ്വായി കായലാണ് വലിയപറമ്പയുടെ ജീവനാഡി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകളുള്ള കുഞ്ഞിമംഗലത്തെ നീര്‍ത്തടങ്ങള്‍, കുണിയന്‍, ചെമ്പല്ലിക്കുണ്ട് പക്ഷി സങ്കേതങ്ങള്‍ എന്നിവ ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. രാജ്യത്തെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാനൊരുങ്ങുന്ന ഇടയിലക്കാട് കാവാണ് വലിയ പറമ്പിലെ മറ്റൊരു ആകര്‍ഷണം. ഉത്തര കേരളത്തിലെ ഏറ്റവും വലിയ കാവുകളിലൊന്നായ ഇടയിലക്കാട് കാവ് ജൈവ വൈവിധ്യ പൈതൃക പ്രദേശമായി വിജ്ഞാപനം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

വിവിധ ഇനം പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസ കേന്ദ്രമായ ഇടയിലക്കാട് കാവില്‍ ധാരാളം കുരങ്ങുകളും നീര്‍പക്ഷികളും കാട്ടുപക്ഷികളുമുണ്ട്. അപൂര്‍വമായി കാണുന്ന ഏറെ ഔഷധ പ്രാധാന്യമുള്ള ഓരിലത്താമരയുടെ രണ്ട് സ്‌പീഷിസുകൾ ഇവിടെ കണ്ടെത്തിയിരുന്നു. വംശനാശ ഭീഷണി നേരിടുന്ന ഏകനായകം, പനച്ചി എന്നിവയും കാണാം. അപൂര്‍വ ഇനം കണ്ടല്‍ച്ചെടികളെ ഇതിനകം ഇവിടെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിനോദ സഞ്ചാരികളും വിദ്യാര്‍ഥികളും കണ്ടലിനെ കുറിച്ചറിയാന്‍ കൂടുതലായി എത്തുന്ന ഇടമാണ് ഇവിടം. കായലിലൂടെയുള്ള ഹൗസ് ബോട്ട് യാത്ര ഒരു അനുഭവമാണ്. കണ്ടലോരം പദ്ധതി, സ്ട്രീറ്റ് ടൂറിസം പദ്ധതി തുടങ്ങി വിവിധ പദ്ധതികള്‍ നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു

വലിയപറമ്പയിലേക്കെത്താം…
റെയില്‍ മാര്‍ഗം ആണെങ്കില്‍ ചെറുവത്തൂര്‍ റെയിൽവേ സ്റ്റേഷനിലിറങ്ങിയാല്‍ വലിയ പറമ്പയിലെത്താം. അവിടെ നിന്ന് റോഡുമാര്‍ഗം പടന്ന എടച്ചാക്കൈ റോഡിലൂടെ 12 കിലോമീറ്റര്‍ ദൂരം. തൃക്കരിപ്പൂര്‍ വെള്ളാപ്പ് വഴിയും വലിയ പറമ്പയിലെത്താനാവും.

-നിധീഷ് ഇ.കെ

റസ്റ്റ് ഹൗസുകള്‍
മികച്ച താമസ സൗകര്യം ഇപ്പോള്‍ വിരല്‍ത്തുമ്പില്‍

മിതമായ നിരക്കില്‍ മികച്ച താമസ സൗകര്യം പ്രദാനം ചെയ്യുന്ന കേരളത്തിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്കും ഇപ്പോള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ ബുക്കിങ്ങ് സംവിധാനത്തിലൂടെ ഈ വിശ്രമ കേന്ദ്രങ്ങളില്‍ താമസം ഉറപ്പാക്കാം.

റസ്റ്റ് ഹൗസുകള്‍ അവരുടെ ഉപയോക്തൃ-സൗഹൃദ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ മുഖേന ബുക്കിങ്ങ് മികച്ചതാക്കി. ഇപ്പോള്‍, ഏതാനും ക്ലിക്കുകളിലൂടെ താമസം സുരക്ഷിതമാക്കാം. സംസ്ഥാനത്തുടനീളം ഗുണനിലവാരമുള്ള ആകെ 155 റസ്റ്റ് ഹൗസുകളാണ് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ളത്. ഈ റസ്റ്റ് ഹൗസുകളുടെ സൗകര്യങ്ങളും നിലവാരവും കൂടുതല്‍ വര്‍ധിപ്പിക്കാനും അവ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കാനുമായി പൊതുമരാമത്ത് വകുപ്പ് ഇവയുടെ നവീകരണം ഇപ്പോള്‍ നടത്തിവരുന്നു.

ഓണ്‍ലൈന്‍ ബുക്കിങ്ങിനായി;
https://resthouse.pwd.kerala.gov.in/index
ഓണ്‍ലൈന്‍ റസ്റ്റ് ഹൗസ് റിസര്‍വേഷന്‍
പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍/
പരാതികള്‍, അടിയന്തര പരിഹാരം എന്നിവയ്ക്ക് ബന്ധപ്പെടുക;
0471-2996946 0471-2997946 0471-2998946