കാര്‍ഷിക സംസ്‌കൃതിയിലേക്ക് ഒരു യാത്ര
പ്രകൃതി സൗന്ദര്യവും കാലാവസ്ഥയും ജൈവ വൈവിധ്യവും കൊണ്ട് സമ്പന്നമായ നാടാണ് കേരളം. മഴയും പുഴയും നദിയും കടലും കായലും പര്‍വത നിരകളും സമതല ഭൂമിയും സമ ശീതോഷ്‌ണ കാലാവസ്ഥയും ഉള്ളൊരു നാട്. അതാണ് സഞ്ചാരികളുടെ പറുദീസയായ നമ്മുടെ സ്വന്തം കേരളം.
ഹരിതാഭ വാരിയണിഞ്ഞ ഇവിടുത്തെ നിത്യഹരിത വനങ്ങളും മഴനിഴല്‍ക്കാടും കായലും കടലും കലാരൂപങ്ങളും ആസ്വദിക്കാനാണ് ലക്ഷക്കണക്കിന് സഞ്ചാരികള്‍ നമ്മുടെ കേരളം തേടിയെത്തുന്നത്. എങ്കിലും ജനപ്രിയ ടൂറിസ്റ്റ് ഹോട്ട്സ്പോട്ടുകള്‍ക്കപ്പുറം, കേരളത്തിന്റെ ഗ്രാമീണ മനോഹാരിത സവിശേഷവും സമ്പന്നവുമായ അനുഭവം നല്‍കുന്നു. നാടുമായും പരമ്പരാഗത ജീവിത രീതിയുമായും ബന്ധപ്പെടാനുള്ള അവസരം വാഗ്‌ദാനം നല്‍കുന്ന സര്‍ക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായ ഫാം ടൂറിസം കാര്‍ഷിക പ്രവര്‍ത്തനങ്ങളെ സംരക്ഷിച്ചു കൃഷിയുടെ സ്വാഭാവികതകളെ വിനോദ സഞ്ചാരവുമായി ബന്ധിപ്പിക്കുന്നു. പ്രകൃതി വിഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും ‘ഫാം ടൂറിസം’ സഹായിക്കുന്നു.
ഗ്രാമീണ സംസ്‌കാരം അടുത്തറിയാം
തിരക്കേറിയ നഗര ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാനും കാര്‍ഷിക പ്രവൃത്തികളുടെ ശാന്തതയില്‍ മുഴുകാനും പരമ്പരാഗത കാര്‍ഷിക രീതികള്‍, ജൈവവൈവിധ്യം, ഗ്രാമീണ സംസ്‌കാരം എന്നിവയെ അടുത്ത് അറിയുവാനും ഫാം ടൂറിസത്തിലൂടെ സഞ്ചാരികള്‍ക്കു കഴിയുന്നു.
സഞ്ചാരികളെ പ്രകൃതിയോടു കൂടുതല്‍ അടുപ്പിക്കുക മാത്രമല്ല പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന നൽകുകയും സംസ്ഥാനത്തിന്റെ കാര്‍ഷിക പൈതൃകം സംരക്ഷിക്കുകയും ചെയ്യുന്ന സുസ്ഥിരവും ഉത്തരവാദിത്വമുള്ളതുമായ ടൂറിസം സംരംഭമായി ഫാം ടൂറിസം മാറുകയാണ്. സന്ദര്‍ശകര്‍ക്ക് പുരാതനമായ കാര്‍ഷിക സമ്പ്രദായങ്ങള്‍ അടുത്തറിയുവാനും, പ്രാദേശിക കര്‍ഷകരുമായി സംവദിക്കാനും തലമുറകളായി കൈമാറിയ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ഉൾക്കാഴ്‌ച നേടാനും അവസരമുണ്ട്.
സാമൂഹിക-സാമ്പത്തിക നേട്ടങ്ങള്‍
പ്രാദേശിക തലത്തില്‍ ഗണ്യമായ സാമൂഹിക-സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ടു വരാന്‍ ഫാം ടൂറിസത്തിനു കഴിയും. ഇതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുകയും അധിക വരുമാന മാര്‍ഗത്തിലൂടെ കര്‍ഷകരെ ശാക്തീകരിക്കുകയും ചെയ്യുന്നു. പരമ്പരാഗത കാര്‍ഷിക രീതികളും തദ്ദേശീയ അറിവും സംരക്ഷിക്കാനും ഫാം ടൂറിസത്തിലൂടെ കഴിയും.
കാര്‍ഷിക ടൂറിസം ശൃംഖല
ഫാം ടൂറിസം പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതിന് കേരള അഗ്രി ടൂറിസം നെറ്റ്‌വർക്ക് നിലവിലുണ്ട്. പരിസ്ഥിതി സൗഹൃദ നടപടികള്‍ സ്വീകരിച്ച് ടൂറിസവും കാര്‍ഷിക പ്രവര്‍ത്തനങ്ങളും സംയോജിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഫാം ടൂറിസം, വീട്ടുവളപ്പിലെ കൃഷികള്‍, മാതൃകാ കര്‍ഷകരുടെ കൃഷിയിടങ്ങള്‍ എന്നിവയെല്ലാം ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമാകുമ്പോള്‍ അതിലൂടെ കാര്‍ഷിക ടൂറിസം ശൃംഖലയാണ് കേരളത്തില്‍ രൂപപ്പെടുന്നത്.