ഉലകം ചുറ്റി കേരളത്തില്‍

കേരളത്തിന്റെ ടൂറിസം പെരുമ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിനുള്ള കേരളാ ബ്ലോഗ് എക്‌സ്പ്രസ്സിന്റെ ഏഴാം സീസണും വന്‍ വിജയമായി. കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സാംസ്‌കാരിക പൈതൃകവും ആതിഥ്യ മര്യാദയും അടുത്തറിയുന്നതിനായി വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള 25 ബ്ലോഗര്‍മാരാണ് സീസണ്‍ 7 ല്‍ പങ്കെടുത്തത്. അര്‍ജന്റീന, ഓസ്‌ട്രേലിയ, ബെല്‍ജിയം, ബ്രസീല്‍, ബള്‍ഗേറിയ, ചിലി, ഇറ്റലി, റൊമാനിയ, യു.എസ്.എ, യു.കെ, നെതര്‍ലാന്‍ഡ്‌സ്, ഇന്ത്യ, കാനഡ, കെനിയ, ദക്ഷിണാഫ്രിക്ക, മലേഷ്യ, ഇന്തോനേഷ്യ, ന്യൂസിലാന്‍ഡ്, തുര്‍ക്കി, കൊളംബിയ എന്നിവിടങ്ങളില്‍ നിന്നുള്ള ബ്ലോഗര്‍മാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. 19 രാജ്യങ്ങളില്‍ നിന്നുള്ള ബ്ലോഗര്‍മാരുടെ സംഘം ജൂലൈ 13 ന് തിരുവനന്തപുരത്തെ കോവളത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്‌ളാഗ് ഓഫ് ചെയ്‌തു. കേരളാ ബ്ലോഗ് എക്‌സ്പ്രസിന്റെ കഴിഞ്ഞ ആറ് സീസണുകളും കേരളാ ടൂറിസത്തിന് നല്‍കിയ കുതിപ്പ് വലുതായിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കയര്‍ പിരിച്ചും കളരി പഠിച്ചും

കുമരകം, അയ്‌മനത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ ബ്ലോഗര്‍മാര്‍ക്ക് ഏറെ കൗതുകമുണര്‍ത്തി. കുമരകത്തെ ഹൗസ്‌ബോട്ട് യാത്ര ബ്ലോഗര്‍മാര്‍ക്ക് അവിസ്‌മരണീയമായ അനുഭവമായി. കയറ് പിരിച്ചും നാടന്‍ കള്ള് കുടിച്ചുമൊക്കെ സംഘം കേരളത്തിന്റെ ഗ്രാമീണ ജീവിതത്തെ അടുത്തറിഞ്ഞു. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ അയ്‌മനം ഗ്രാമം സന്ദര്‍ശിച്ച സംഘം പ്രദേശത്തെ ജനങ്ങളുടെ ഉപജീവന മാര്‍ഗങ്ങളെ അടുത്തറിഞ്ഞു. ആലപ്പുഴയിലെ ഹൗസ് ബോട്ടിലെ താമസം മികച്ച അനുഭവമായിരുന്നു എന്ന് ബ്ലോഗര്‍മാര്‍ പറഞ്ഞു. കെട്ടുവള്ളത്തില്‍ പ്രകൃതി സൗന്ദര്യം ആസ്വദിച്ചു കൊണ്ട് കനാലുകളിലൂടെയും കായലുകളിലൂടെയും ഉള്ള യാത്ര മറക്കാനാകാത്ത ഒന്നായിരുന്നു എന്ന് അവര്‍ പറഞ്ഞു. കൊച്ചിയിലെത്തിയ സംഘം കടമക്കുടി ദ്വീപ് സന്ദര്‍ശിച്ചു. ദ്വീപിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച സംഘം ഇവിടെ സൈക്ലിങ്ങും നടത്തിയാണ് മടങ്ങിയത്. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി, ജൂതത്തെരുവ്, സിനഗോഗ്, ഡച്ച് പാലസ്, ചീനവല എന്നിവ സന്ദര്‍ശിച്ചു. ആതിരപ്പള്ളി വെള്ളച്ചാട്ടവും കേരള കലാമണ്ഡലവും സന്ദര്‍ശിച്ച സംഘം ഇടുക്കിയില്‍ തേക്കടി, പെരിയാര്‍ തടാകം, മൂന്നാര്‍, തേയില ഫാക്‌ടറി, മാട്ടുപ്പെട്ടി ഡാം എന്നിവിടങ്ങളും സന്ദര്‍ശിച്ചു.

കോഴിക്കോട്ടെത്തിയ ബ്ലോഗ് എക്‌സ്പ്രസ്സ് സംഘം കടലുണ്ടിയിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളെ അടുത്തറിഞ്ഞു. ഇവിടുത്തെ മാതൃകാ പദ്ധതിയായ വില്ലേജ് ലൈഫ് എക്‌സ്‌പീരിയൻസ് സ്ട്രീറ്റിലെ കയര്‍ സൊസൈറ്റിയും നെയ്ത്തു കേന്ദ്രവും സന്ദര്‍ശിച്ചു. ഇവിടുത്തെ ജീവനക്കാര്‍ക്കൊപ്പം കയര്‍ പിരിക്കാനും നെയ്ത്ത് പരിശീലിക്കാനും ബ്ലോഗര്‍മാരും കൂടി. കോഴിക്കോടിന്റെ തുറുമുഖപ്പെരുമ വിളിച്ചോതുന്ന ബേപ്പൂരിലെ ഉരു നിര്‍മാണ ശാലയിലെ സന്ദര്‍ശനം പുതിയ അനുഭവമായിരുന്നു എന്ന് ബ്ലോഗര്‍മാര്‍ അഭിപ്രായപ്പെട്ടു. രുചി വൈവിധ്യങ്ങള്‍ക്ക് പേരുകേട്ട കോഴിക്കോട്ടെ മലബാര്‍ സ്‌റ്റൈല്‍ കുക്കറി ഷോ ആസ്വദിച്ചാണ് സംഘം വയനാടന്‍ ചുരം കയറിയത്. ഇവിടെ വൈത്തിരി, കുറുവ ദ്വീപ്, തേയിലേത്താട്ടം എന്നിവയും സംഘം സന്ദര്‍ശിച്ചു. വയനാട്ടില്‍ ഡിടിപിസി സംഘടിപ്പിച്ച മഡ് ഫൂട്‌ബോള്‍ മത്സരത്തിലും ബ്ലോഗര്‍മാര്‍ ഭാഗമായി. യാത്രികര്‍ക്കായി യോഗ പരിശീലനം നല്‍കുന്നതിനൊപ്പം കേരളത്തിന്റെ തനത് കലകളേയും രുചി വൈവിധ്യങ്ങളെയും പരിചയപ്പെടുത്താനുള്ള ശ്രമങ്ങളും ഉണ്ടായിരുന്നു.

ബ്ലോഗര്‍മാര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവെച്ച അനുഭവങ്ങളും ചിത്രങ്ങളും വൈറലായി. യാത്രയുടെ അപ്‌ഡേഷനുകള്‍ അപ്പപ്പോള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പങ്കുവെച്ച് കേരളാ ടൂറിസവും ബ്ലോഗ് എക്‌സ്പ്രസ് യാത്രയെ ജനകീയമാക്കി. രണ്ടാഴ്‌ചത്തെ ബ്ലോഗ് വണ്ടിയിലെ യാത്ര ഏറ്റവും അവിസ്‌മരണീയമായിരുന്നുവെന്ന് വ്‌ളോഗര്‍മാര്‍ എല്ലാവരും ഒറ്റ സ്വരത്തില്‍ പറയുന്നു. പലരും ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കേരളത്തിലേക്ക് വരുന്നത് ഇതാദ്യമാണ്.

കേരളം സൂപ്പറാ ബ്ലോഗര്‍മാര്‍ പറയുന്നു

രുചിവൈവിധ്യം ഇഷ്‌ടമായി 
സില്‍വിയ, കെനിയ

മറ്റ് സ്ഥലങ്ങളില്‍ നിന്ന് വളരെ വ്യത്യസ്‌തമായിരുന്നു കേരളത്തില്‍ എന്റെ അനുഭവം. ബ്ലോഗ് എക്‌സ്പ്രസ്സിന്റെ ഭാഗമായി കേരളത്തിന്റെ സുന്ദരമായ വിവിധ കാഴ്‌ചകൾ കാണാനായി. ഉത്തരവാദിത്ത ടൂറിസവുമായി ബന്ധപ്പെട്ടു പരിസരവാസികളുമായി ഇടപഴകാന്‍ സാധിച്ചത് വേറിട്ടൊരു അനുഭവമായി. വ്യത്യസ്‌ത തരത്തിലുള്ള കേരള ഭക്ഷണം തികച്ചും ആസ്വദിച്ചു. ഉയര്‍ന്ന സംസ്‌കാരവും മനോഹരമായ പ്രകൃതി ദൃശ്യങ്ങളും കൊണ്ട് സമ്പന്നമായ കേരളം എന്നും എന്നെപ്പോലുള്ള സഞ്ചാരികളുടെ പറുദീസയാണ്.

ഹൗസ് ബോട്ടുകള്‍ ആഹ്‌ളാദമായി
സുസൈ ദത്തുല്‍ എസൈദാ ബിന്റി സുകാര്‍ജോ, മലേഷ്യ

തിരുവനന്തപുരത്ത് എത്തിയ ഒന്നാം ദിവസം മുതല്‍ കൊച്ചിയിലെ അവസാന ദിവസം വരെ വളരെ ആവേശകരമായ ദിവസങ്ങള്‍ ആയിരുന്നു.

15 ദിവസത്തിനുള്ളില്‍ കേരളത്തിലൂടനീളമുള്ള യാത്ര വളരെ തിരക്കേറിയതാണെങ്കിലും, ഒരുപാട് ഓര്‍മ്മകള്‍ ബാക്കി നില്‍ക്കുന്നു.. ഓരോ സ്ഥലത്തിനും അതിന്റേതായ മനോഹാരിത ഉള്ളതിനാല്‍ ഏതു സ്ഥലമാണ് കൂടുതല്‍ സുന്ദരം എന്ന് തിരഞ്ഞെടുക്കുവാന്‍ ബുദ്ധിമുട്ടാണ്. ആലപ്പുഴയിലെ ഹൗസ്ബോട്ട് എനിക്ക് അവിസ്‌മരണീയമായ നിമിഷമാണ്, കേരളത്തിന്റെ കായലുകളുടെ മനോഹരമായ കാഴ്‌ചയുമായി ആറ് പേരടങ്ങുന്ന ഒരു ചെറിയ സംഘത്തോടൊപ്പം ഹൗസ്‌ബോട്ടില്‍ ചെലവഴിച്ചത് ഏറെ ആനന്ദകരമായിരുന്നു. വയനാട്ടിലെ വൈത്തിരി റിസോര്‍ട്ടിലെ ട്രീ ഹൗസില്‍ താമസിച്ചതും മറക്കാന്‍ കഴിയില്ല.

മനോഹരം മൂന്നാര്‍
രക്ഷ റാവു, ഇന്ത്യ

മുന്നാറിലെ മനോഹാരിത എല്ലാപേര്‍ക്കും അസാധാരണമായ അനുഭവമാണ് നല്‍കിയത്. മൂന്നാറിന്റെ ഓര്‍മ്മകള്‍ സന്ദര്‍ശിച്ച എല്ലാവരുടെയും മനസ്സില്‍ എന്നും മായാതെ നിലനില്‍ക്കും. എന്നെ ആകര്‍ഷിച്ച മറ്റൊന്ന് കളരിപ്പയറ്റാണ്. കൂടാതെ, കോഴിക്കോട് കാണാന്‍ ഇടയായ പാവകളി എല്ലാവര്‍ക്കും വ്യത്യസ്‌ത അനുഭവം ആയി. കോഴിക്കോട് സന്ദര്‍ശിക്കുന്ന ഏതൊരാളും പാവകളി കാണാതെ പോകരുത്. ആളുകളുടെ പെരുമാറ്റം ഏറെ സൗഹാര്‍ദപരമായിരുന്നു, ഉറ്റവരെപ്പോലെയാണ് അവര്‍ ഇടപഴകിയത്. തെക്ക് നിന്ന് വടക്കന്‍ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍, വൈവിധ്യമാര്‍ന്ന പാചക രീതികള്‍ ആസ്വദിക്കാനും വ്യത്യസ്‌ത സംസ്‌കാരങ്ങളില്‍ മുഴുകാനും ഞങ്ങള്‍ക്ക് അവസരം ലഭിച്ചു.

മുണ്ട് ഉടുത്ത സന്തോഷം
സോംജിത് ഭട്ടാചാര്യ, ഇന്ത്യ

എന്റെ ആദ്യ കേരള സന്ദര്‍ശനമായിരുന്നെങ്കിലും ഇതൊരു വെറും യാത്ര മാത്രമായിരുന്നില്ല- അതൊരു ‘അനുഭവം’ ആയിരുന്നു. രണ്ടാഴ്‌ചത്തെ ബ്ലോഗ് എക്‌സ്പ്രസ്സ് പര്യടനം കേരളത്തെ കുറെയൊക്കെ അടുത്തറിയാന്‍ സഹായിച്ചു. പല സ്ഥലങ്ങളും സന്ദര്‍ശിക്കുക മാത്രമല്ല, പരമ്പരാഗത ഭക്ഷണങ്ങള്‍-പരമ്പരാഗത വസ്ത്രങ്ങള്‍ (എനിക്ക് രണ്ടു തവണ മുണ്ട് ധരിക്കാനായി)-ഗ്രാമ ജീവിതം-പരമ്പരാഗത കര കൗശല വസ്‌തുക്കൾ-പരമ്പരാഗത സംഗീതം-പരമ്പരാഗത നൃത്തം-പരമ്പരാഗത സംസ്‌കാരം-അടുത്തറിയാന്‍ ധാരാളം അവസരങ്ങള്‍ ലഭിച്ചു. പ്രാദേശിക സ്‌കൂളുകളും സന്ദര്‍ശിച്ചു, കൂടാതെ വൈകുന്നേരം ഒരു വീട്ടില്‍ ചെലവഴിച്ചതു വേറിട്ട അനുഭവമായായിരുന്നു. അവിടെ അവര്‍ വിളക്ക് കത്തിക്കുന്നതും വൈകുന്നേരം പ്രാര്‍ഥിക്കുന്നതും കണ്ടു.