ഉത്തരവാദിത്ത ടൂറിസം കേരളം എന്ന പച്ചത്തുരുത്ത്

ദൈവത്തിന്റെ സ്വന്തം നാട് എന്ന് ലോക വ്യാപകമായി കേരളം പുകള്‍ കൊണ്ടിട്ട് വര്‍ഷങ്ങളായി. മനോഹരമായ മലനിരകളും കടല്‍ത്തീരങ്ങളും കായല്‍പ്പരപ്പുകളുമടങ്ങുന്ന ഭൂപ്രകൃതിയും ജൈവ വൈവിധ്യവും സവിശേഷമായ സാംസ്‌കാരികത്തനിമയും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട നാടായി കേരളത്തെ മാറ്റിയിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാര കേരളത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഉത്തരവാദിത്ത ടൂറിസമാണ് സംസ്ഥാനത്തിന്റെ വിനോദസഞ്ചാര വികസനത്തിന്റെ അടിസ്ഥാന നയം.

പരിസ്ഥിതിക്ക് വിഘാതമാകാതെ, പ്രാദേശിക, സാമ്പത്തിക വികസനത്തിന് കരുത്തേകി, നാടിന്റെ തനിമയുടെ ഭാഗമായ സംസ്‌കാരം, കൈത്തൊഴില്‍ തുടങ്ങിയവയൊക്കെ സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം വികസനമാണ് ഉത്തരവാദിത്ത ടൂറിസം സംബന്ധിച്ച ആഗോള കാഴ്‌ചപ്പാട്. ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പിന്താങ്ങുന്നതും ഈ നയമാണ്.

ടൂറിസത്തെ ഗ്രാമീണ വികസനത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഉപാധി കൂടിയാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനു സഹായകമായ രീതിയില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന വ്യാപകമാക്കുന്നതിന് 2017-ല്‍ സര്‍ക്കാര്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപവല്‍ക്കരിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സൊസൈറ്റിയായി മിഷനെ പരിവര്‍ത്തിപ്പിക്കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സുസ്ഥിര വിനോദസഞ്ചാരത്തിലൂന്നിയ ഉത്തരവാദിത്ത ടൂറിസം പ്രാവര്‍ത്തികമാക്കുന്നതിനായി വില്ലേജ് ടൂറിസം, റൂറല്‍ ടൂറിസം, കള്‍ച്ചറല്‍ ടൂറിസം, ഫെസ്റ്റിവല്‍ ടൂറിസം, എക്‌സ്‌പീരിയൻഷ്യൽ ടൂറിസം, ഫാം/അഗ്രി ടൂറിസം, പൈതൃക ടൂറിസം, ഫുഡ് ടൂറിസം, ആക്‌സസിബിള്‍ ടൂറിസം, ടൂറിസത്തിലൂടെ സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളില്‍ ഗുണപരമായി ഒരുപാട് മുന്നേറാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.

ടൂറിസത്തിലെ ജനപങ്കാളിത്തം

ഉത്തരവാദിത്ത ടൂറിസം ദര്‍ശനത്തില്‍ പൊതുജന പങ്കാളിത്തത്തിനും ഏറെ പ്രാധാന്യമുണ്ട്. ഈ കാഴ്‌ചപ്പാടിലൂന്നിയ പ്രവര്‍ത്തനമാണ് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ സംസ്ഥാനം നടപ്പാക്കുന്നത്. ടൂറിസം വികസന പ്രക്രിയയില്‍ പ്രാദേശിക ജന സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി ‘പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി പ്ലാനിങ്ങ് ആന്‍ഡ് എംപവര്‍മെന്റ് ത്രൂ റെസ്‌പോണ്‍സിബിള്‍ ടൂറിസം’ (പെപ്പര്‍) എന്ന പദ്ധതി 2017 നവംബര്‍ മുതല്‍ ഘട്ടം ഘട്ടമായി വിവിധ പ്രദേശങ്ങളില്‍ നടപ്പാക്കി വരുന്നുണ്ട്. പദ്ധതി പ്രദേശങ്ങളില്‍ സ്‌പെഷ്യല്‍ ടൂറിസം ഗ്രാമസഭ, റിസോഴ്‌സ് മാപ്പിങ്ങ്, റിസോഴ്‌സ് ഡയറക്‌ടറി തയ്യാറാക്കല്‍, സ്റ്റേക് ഹോള്‍ഡേഴ്‌സ് മീറ്റ്,, ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് എന്നിവയാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍.

രണ്ടാം ഘട്ടത്തില്‍, പ്രദേശത്തെ വിവിധ എക്‌സ്‌പീരിയൻസ് ടൂര്‍ പാക്കേജുകള്‍ തയ്യാറാക്കുകയും അവയുടെ പ്രൊമോഷനും പരിശീലനങ്ങളും യൂണിറ്റ് രൂപീകരണവും അവയെ ടൂറിസം വ്യവസായവുമായി നേരിട്ടും അല്ലാതെയും ബന്ധിപ്പിക്കലും തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ്.

ടൂറിസം വഴി തൊഴിലും വരുമാനവും

പെപ്പര്‍ പദ്ധതി ഒരു തുടര്‍ പ്രവര്‍ത്തനമാണ്. ഘട്ടം ഘട്ടമായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളെ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഡെസ്റ്റിനേഷനുകളായി ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള പ്രവര്‍ത്തങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.

ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ച വൈക്കം, രണ്ടാം ഘട്ടത്തില്‍ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ച പൊന്നാനി പ്രദേശങ്ങള്‍ പെപ്പര്‍ പദ്ധതി പ്രവര്‍ത്തനങ്ങളിലൂടെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളായി 2020 സെപ്‌തംബറിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സ്ട്രീറ്റ്, മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമങ്ങള്‍, സ്ത്രീ സൗഹൃദ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍, കേരള അഗ്രി ടൂറിസം നെറ്റ്‌വര്‍ക്ക്, സോവനീര്‍ നെറ്റ്‌വര്‍ക്ക്, എക്‌സ്‌പീരിയൻസ് എത്‌നിക് കുസീന്‍, എക്‌സ്‌പീരിയൻഷ്യൽ ടൂറിസം എന്നിങ്ങനെ സുസ്ഥിര വികസനത്തെ അടിസ്ഥാനപ്പെടുത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് വിജയകരമായി നടന്നു വരുന്നു. നാടിന്റെ പരിസ്ഥിതിയും സംസ്‌കാരവും പൈതൃകവും സംരക്ഷിച്ചു കൊണ്ട് തദ്ദേശീയര്‍ക്ക് ടൂറിസം വഴി തൊഴിലും വരുമാനവും ഉറപ്പാക്കുന്നതാണ് പദ്ധതികള്‍. കേരളം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലെ ലോക മാതൃകയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേരളം എന്ന ടൂറിസം ബ്രാന്‍ഡ് ഇതിലൂടെ വളരുകയാണ്.