കേരളമാകെ കാഴ്‌ചയിടമാകുമ്പോൾ
കേരള ടൂറിസം വളര്‍ച്ചയുടെ സുപ്രധാനമായ ഒരു ഘട്ടം പിന്നിടുകയാണ്. കോവിഡനന്തര ടൂറിസത്തില്‍ കേരളം മാതൃകയാണെന്ന് ലോകം അംഗീകരിക്കുന്ന ഘട്ടമാണ് ഇത്. ഗുണ നിലവാരമുള്ള ടൂറിസമാണ് കേരളത്തിന്റെ പ്രത്യേകത എന്ന വിലയിരുത്തല്‍ നമുക്ക് വലിയ അംഗീകാരം ആണ്. കോവിഡനന്തര ടൂറിസത്തിന്റെ സാധ്യതകളെ ഫലപ്രദമായി വിനിയോഗിക്കുന്നതിന് ആസൂത്രിതമായി നടത്തിയ ശ്രമങ്ങളാണ് നമുക്ക് വലിയ മുന്നേറ്റം സാധ്യമാക്കാന്‍ സഹായകരമായത്.
ടൂറിസം എന്ന വ്യവസായത്തെ കേരളത്തിലെ സാധാരണ ജീവിതവുമായി ചേര്‍ത്തു വയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ ആത്യന്തികമായ ലക്ഷ്യം. കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ സ്‌പർശിക്കുന്ന നിലയിലേക്ക് ടൂറിസം മേഖല വളരുകയാണ്. അതിനുള്ള വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പാക്കി വരുന്നു. കേരളത്തെ ആകെ ഒരു ടൂറിസം ഡെസ്റ്റിനേഷന്‍ ആയി മാറ്റാനുള്ള പ്രവര്‍ത്തനം ഇതില്‍ പ്രധാനപ്പെട്ടതാണ്. വിദേശ സഞ്ചാരികള്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര സഞ്ചാരികള്‍, കേരളത്തില്‍ തന്നെ ഉള്ള പ്രാദേശിക സഞ്ചാരികള്‍ ഈ സാധ്യതകളെ പ്രത്യേകമായി വിനിയോഗിക്കാന്‍ കേരള ടൂറിസം ലക്ഷ്യമിടുന്നു. ഈ മൂന്ന് വിഭാഗത്തില്‍പെട്ട സഞ്ചാരികളെ ലക്ഷ്യംവച്ചു കൊണ്ടുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നു.
സഞ്ചാരികളുടെ വരവില്‍ റെക്കോഡ്
35,000 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയില്‍ നിന്നുള്ള നമ്മുടെ വരുമാനം. അതും വിദേശ ടൂറിസം പൂര്‍ണ്ണാര്‍ഥത്തില്‍ തിരിച്ചു വരാതെ തന്നെ നമ്മള്‍ വലിയ മുന്നേറ്റം സാധ്യമാക്കി. ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ നമ്മള്‍ റെക്കോഡ് സ്ഥാപിച്ചു കഴിഞ്ഞു. കോവിഡനന്തരം കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചത് ടൂറിസം ആണ് എന്ന് ധനകാര്യ വകുപ്പ് തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അത് കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ആണ് കേരള ടൂറിസം എത്രത്തോളം പ്രസക്തമാണെന്ന് മനസ്സിലാക്കാന്‍ ആവുക.
ഉത്തരവാദിത്ത ടൂറിസം
ജനകീയ ടൂറിസം സംവിധാനങ്ങളിലേക്ക് കേരളം ചുവടു വെക്കുകയാണ്. ഇതിന്റെ ഭാഗമായി ഉത്തരവാദിത്ത ടൂറിസം സംവിധാനങ്ങള്‍ വിപുലീകരിക്കാന്‍ പോകുന്നു. ഉത്തരവാദിത്ത ടൂറിസം മിഷന്‍ എന്നത് സൊസൈറ്റി ആക്കി മാറ്റിയത് ഇതിന്റെ ഭാഗമായാണ്. ജനകീയ പങ്കാളിത്തത്തോടെ കൂടുതല്‍ ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നതാണ് അടുത്ത ചുവടുവയ്‌പ്. അതിന് Street, സ്ത്രീ സൗഹൃദ വിനോദ സഞ്ചാരം, അഗ്രി ടൂറിസം, പെപ്പര്‍ ടൂറിസം തുടങ്ങിയ വ്യത്യസ്‌തങ്ങളായ പദ്ധതികള്‍ നടപ്പാക്കുകയാണ്. ജനകീയ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നു. അവിടേക്ക് വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ എത്തുന്നു. അനുഭവവേദ്യ ടൂറിസത്തിന്റെ പുതിയ അവസരങ്ങള്‍ ഇത് തുറന്നു. പ്രാദേശിക ജന വിഭാഗത്തിന്റെ തൊഴില്‍ സാധ്യതകള്‍ കൂടി ഇത് വളര്‍ത്തുകയാണ്. വരുമാന സാധ്യതയും ഈ പദ്ധതികള്‍ തുറന്നിട്ടു. കേരളത്തിന്റെ പ്രാദേശിക സാമ്പത്തിക വ്യവസ്ഥയുടെ പ്രധാന മേഖലയായി ടൂറിസം മെല്ലെ മാറുകയാണ്.
സാധാരണ ജനങ്ങള്‍ക്ക് ടൂറിസത്തെ കുറിച്ച് കൃത്യമായ അറിവ് ലഭ്യമാക്കുന്നത്തിലൂടെ നല്ല ടൂറിസം സംസ്‌കാരം വളര്‍ത്തി എടുക്കാന്‍ സാധിക്കും. ന്യൂയോര്‍ക്ക് ടൈംസ് ലോകത്ത് കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ പതിമൂന്നാമത്തെ സ്ഥലം കേരളം ആയിരുന്നു. കേരളത്തിലെ ജനങ്ങളുടെ ഇടപെടല്‍ മികച്ചതാണ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് സാക്ഷ്യപ്പെടുത്തുന്നു.
ഡെസ്റ്റിനേഷന്‍ ചലഞ്ച്
പുറം ലോകത്തിന് പരിചിതമല്ലാത്ത നിരവധി പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ കേരളത്തില്‍ ഉണ്ട്. അവ കണ്ടെത്തി സഞ്ചാരികളെ എത്തിക്കുക എന്നത് മുന്നില്‍ കണ്ടു ഡെസ്റ്റിനേഷന്‍ ചലഞ്ച് എന്ന പദ്ധതി നടപ്പാക്കുകയാണ്. സാധ്യതകള്‍ക്ക് അനുസരിച്ച് ഓരോ ഇടങ്ങളെയും പ്രാദേശിക ഭരണ സംവിധാനങ്ങളുടെ സഹായത്തോടെ വികസിപ്പിക്കുകയാണ് ലക്ഷ്യം.
നൂതന ടൂറിസം സംരംഭങ്ങള്‍
മൂന്ന് പതിറ്റാണ്ടിനിടെ കേരളം പുതിയ ടൂറിസം ഉല്‍പന്നം സമ്മാനിച്ചത് ഈ മേഖലയ്ക്ക് ആത്മ വിശ്വാസം വര്‍ധിപ്പിച്ചു. ഈ സര്‍ക്കാര്‍ തുടക്കമിട്ട കാരവന്‍ ടൂറിസം വിപുലമാക്കാന്‍ ഉള്ള പദ്ധതികള്‍ ഇപ്പോള്‍ നടപ്പാക്കുന്നു. ഹെലി ടൂറിസം, ക്രൂയിസ് ടൂറിസം തുടങ്ങിയവ കൂടി വരാന്‍ പോകുന്നു. ജല ടൂറിസം, സാഹസിക ടൂറിസം മേഖലകളില്‍ നൂതനമായ പദ്ധതികള്‍ നടപ്പാക്കി കഴിഞ്ഞു. കടല്‍ത്തീരങ്ങളില്‍ ഫ്ളോട്ടിങ്ങ് ബ്രിഡ്‌ജും, സര്‍ഫിങ്ങ് പഠിക്കാന്‍ ബേപ്പൂരില്‍ സര്‍ഫിങ്ങ് സ്‌കൂളിനും തുടക്കമിട്ടു. സിനിമ ടൂറിസം, ലിറ്റററി ടൂറിസം, ജൈവവൈവിധ്യ ടൂറിസം തുടങ്ങിയ നൂതന ആശയങ്ങള്‍ കേരളത്തില്‍ നടപ്പാക്കുന്നതിലൂടെ പുതിയ മേഖലകളിലേക്ക് ടൂറിസത്തെ എത്തിക്കാന്‍ കഴിയും. മികച്ച വെഡ്ഡിങ്ങ് ഡെസ്റ്റിനേഷന്‍ ആയി കേരളം മാറിയതും ആസൂത്രിതമായ പ്രചാരണ തന്ത്രങ്ങളിലൂടെ ആണ്. നൈറ്റ് ലൈഫ് ടൂറിസം കൂടി എത്തുന്നതോടെ കേരള ടൂറിസം കൂടുതല്‍ മുന്നേറും.
നിലവിലുള്ള ടൂറിസം കേന്ദ്രങ്ങളുടെ പ്രൗഢി വര്‍ധിപ്പിക്കുന്നതിന് പ്രത്യേകപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. കോവളത്തിന് മാത്രമായി 93 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. കുമരകം, ബേപ്പൂര്‍ എന്നിവ സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നു. പൈതൃക പദ്ധതികള്‍ വ്യാപിപ്പിച്ച്സ്പൈ സസ് റൂട്ടിന് രൂപം കൊടുക്കുകയാണ്. ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ പൈതൃക മേഖലകളെ പരിചയപ്പെടുത്തുന്ന പദ്ധതിക്ക് പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തുടക്കമിടാന്‍ ആണ് പദ്ധതി തയ്യാറാക്കുന്നത്. ചാംപ്യന്‍സ് ബോട്ട് ലീഗ് മലബാറിലേക്ക് വ്യാപിപ്പിച്ചു. ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ജനപങ്കാളിത്തം കൊണ്ട് ടൂറിസം കലണ്ടറില്‍ ഇടം നേടി. നൂതന സംവിധാനങ്ങളെ സംയോജിപ്പിക്കുന്ന വിപണന തന്ത്രങ്ങള്‍ ആണ് കേരള ടൂറിസം പിന്തുടരുന്നത്. ലോകോത്തര ഫുട്ബോള്‍ ടീമുകളും, വിംബിള്‍ഡണ്‍ ടെന്നിസ് സംഘാടകരും കേരളത്തിന്റെ പ്രത്യേകതകള്‍ അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ രേഖപ്പെടുത്തുന്നത് നമുക്ക് അഭിമാനാര്‍ഹം ആണ്.
കേരളത്തിന്റെ ഇനിയുള്ള മുന്നേറ്റത്തിന് പൊതുവിടങ്ങളുടെ രൂപകൽപന പ്രധാനമാണ്. അതിനായി സമഗ്രമായ രൂപകൽപന നയം കൂടി തയ്യാറാവുകയാണ്. ഇതോടെ കേരളത്തിലെ ടൂറിസം മേഖല പുതിയ തലങ്ങളിലേക്ക് ഉയരും. സമഗ്രമായ ടൂറിസം കുതിപ്പിന് അത് ഊര്‍ജമേകും. ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തെ കൂടുതല്‍ വിശാലമായി അടയാളപ്പെടുത്തും.