മാറുന്ന കാലത്തെ വിനോദ സഞ്ചാരം

-പിണറായി വിജയന്‍
മുഖ്യമന്ത്രി

കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ ലോകോത്തരമാക്കാന്‍ വിവിധ നടപടികള്‍ സ്വീകരിച്ചു വരികയാണ് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും ടൂറിസം മേഖലയെ തിരിച്ചു പിടിക്കുന്നതിന് ഉതകുന്ന ധാരാളം ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തി വരികയാണ്.

അത്തരം ഇടപെടലുകള്‍ ഫലം കണ്ടു തുടങ്ങി എന്നതിന്റെ ശുഭ സൂചനകളും ലഭിച്ചിട്ടുണ്ട്. വൈവിധ്യങ്ങള്‍ തേടി ലോക സഞ്ചാരത്തിനിറങ്ങുന്നവര്‍ക്കായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് കേരളം. വിനോദ സഞ്ചാരികള്‍ ഈ വര്‍ഷം സന്ദര്‍ശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയില്‍ 13-ാം സ്ഥാനത്താണ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാന്‍ ഉത്സവകാലങ്ങളില്‍ കേരളം സന്ദര്‍ശിക്കാം എന്ന ടാഗ് ലൈനോടു കൂടിയാണ് കേരളത്തെ ന്യൂയോര്‍ക്ക് ടൈംസ് പരിചയപ്പെടുത്തുന്നത്. കുമരകം, മറവന്‍തുരുത്ത്, വൈക്കം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് പ്രത്യേക പരാമര്‍ശവും ഇതിലുണ്ട്. കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളെയും ന്യൂയോര്‍ക്ക് ടൈംസ് ശ്ലാഘിച്ചത് ഏറെ അഭിമാനകരമായ കാര്യമാണ്. വിനോദ സഞ്ചാര മേഖലയ്ക്ക് ലഭിക്കുന്ന ഇത്തരത്തിലുള്ള അംഗീകാരങ്ങള്‍ ലോകോത്തരമായ ടൂറിസ്റ്റ് കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ശക്തി പകരും.

ഒരു കാലത്ത് നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സജീവമായിരുന്ന ഒന്നാണ് ഈ രാത്രി ജീവിതം. വൈകുന്നേരം വരെ പണിയെടുത്ത ശേഷം രാത്രി വൈകും വരെ മാനസികോല്ലാസത്തിനായി കലാ പരിപാടികള്‍ സംഘടിപ്പിക്കാനും ആഘോഷങ്ങള്‍ നടത്താനും നമുക്കു കഴിഞ്ഞിരുന്നു.

പിന്നീട് ജീവിത രീതികളില്‍ വന്ന മാറ്റത്തോടൊപ്പം അവയും ഇല്ലാതായി. സജീവമായ രാത്രികള്‍ വിനോദ സഞ്ചാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഏറെ പ്രിയപ്പെട്ടതാണ് എന്നു നാം തിരിച്ചറിയണം. അതുകൊണ്ടു കൂടിയാണ് പുഷ്‌പോത്സവങ്ങള്‍ പോലെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തെ നൈറ്റ് ലൈഫ് സജീവമാക്കുക എന്ന ലക്ഷ്യത്തോടെ രാത്രികാല ടൂറിസം പദ്ധതിക്കായി രണ്ടരക്കോടി രൂപയിലധികം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. കനകക്കുന്നില്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്ന നൈറ്റ്‌ലൈഫ് ടൂറിസം പദ്ധതി കേരളത്തിന്റെ പരമ്പരാഗത കലകളും ഭക്ഷണങ്ങളും വിനോദ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. ഉത്തരവാദിത്ത ടൂറിസം മിഷന്‍ വഴി ആവിഷ്‌ക്കരിക്കുന്ന സ്ട്രീറ്റ് പദ്ധതിയും നൈറ്റ്‌ലൈഫ് ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതാകും.

പ്രകൃതി സൗന്ദര്യവും ടൂറിസം സാധ്യതകളും വലിയ നിലയില്‍ ഉണ്ടായാലും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം നാടിന്റെ സമാധാനാന്തരീക്ഷമാണ്. ലോക ടൂറിസം ഭൂപടത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടും കലാപങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളും മൂലം തകര്‍ന്നു പോയ നമ്മുടെ അയല്‍ രാജ്യത്തിന്റെ ചരിത്രം മറന്നു പോകാന്‍ പാടില്ല. അതുകൊണ്ടു തന്നെ ടൂറിസം മേഖലയുടെ വികാസത്തിന് നാടിന്റെ ഐക്യവും സമാധാനാന്തരീക്ഷവും കാത്തുസൂക്ഷിക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്.