മഹാരാജാസിലെ മിന്നും താരങ്ങള്‍
കായിക രംഗത്ത് തലമുറകളുടെ മികവ് ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്ക് നേട്ടങ്ങളുടെ നിരയുമായി അഭിമാനം പകരുകയാണ് സർക്കാർ വിദ്യാലയമായ എറണാകുളം മഹാരാജാസ് കോളേജ്. പരിചയ സമ്പന്നരായ പരിശീലകരുടെ സാന്നിധ്യമാണ് വിദ്യാര്‍ഥികളുടെ കായിക സ്വപ്‌നങ്ങൾക്ക് ദിശാബോധം പകരുന്നത്. മികച്ച പശ്ചാത്തല സൗകര്യവും കളിക്കളങ്ങളും ഒരുക്കിയതു വഴി അഭിരുചിയുള്ളവരെ മുന്‍ നിരയിലേക്കെത്തിക്കാനും കഴിയുന്നു.
ക്രിക്കറ്റ്, ഫുട്‌ബോള്‍ എന്നിവയിലാണ് കോളജിലെ കുട്ടികള്‍ ദേശീയതല നേട്ടം സ്വന്തമാക്കിയത്. തിളക്കമാര്‍ന്ന നേട്ടവുമായി രാജ്യത്തെ മുന്‍ നിര ക്ലബ്ബുകളില്‍ സാന്നിധ്യമാകാനുമായി. അബ്ദുല്‍ ബാസിത്, നിഹാല്‍ സുധീഷ്, മുഹമ്മദ് അസര്‍, മുഹമ്മദ് ഐമെന്‍, അഥുല്‍ കൃഷ്ണന്‍, സോയല്‍ ജോഷി എന്നിവരാണ് അഭിമാന താരങ്ങൾ. ഹിന്ദി വിഭാഗം വിദ്യാര്‍ഥിയായ അബ്ദുല്‍ ബാസിത് നിലവില്‍ ഐ.പി.എല്ലില്‍ രാജസ്ഥാൻ റോയൽസ് അംഗമാണ്. കേരള സീനിയര്‍ ക്രിക്കറ്റ് പ്രതിനിധിയുമായിരുന്നു.
കാല്‍പന്തുകളിയിലെ മികവാണ് നിഹാല്‍ സുധീഷ്, മുഹമ്മദ് അസര്‍, മുഹമ്മദ് ഐമെന്‍, അഥുല്‍ കൃഷ്ണന്‍, സോയല്‍ ജോഷിഎന്നിവരെ ശ്രദ്ധേയരാക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയാണ് നിഹാല്‍ സുധീഷ്, മുഹമ്മദ് അസര്‍, മുഹമ്മദ് ഐമെന്‍ എന്നിവര്‍ ജെഴ്‌സി അണിയുന്നത്. അഥുല്‍ കൃഷ്ണന്‍ ഈസ്റ്റ് ബംഗാള്‍ ടീമിലെ പ്രധാന ആകര്‍ഷണമാണ്. സോയല്‍ ഇതേ ടീമിലുണ്ട്, സന്തോഷ് ട്രോഫി കേരള ടീമിലും. കുട്ടികളുടെ കായികാഭിരുചിയെ വളര്‍ത്തിയെടുക്കാന്‍ മികച്ച പരിശീലനമാണ് നല്‍കുന്നത്. ആധുനിക നിലവാരത്തിലുള്ള കോളജ് ഗ്രൗണ്ടും സഹായകരമാണ്. കായിക കേരളത്തിൻ്റെ കുതിപ്പ് രാജ്യാന്തരതലത്തിലേക്ക് വളരുന്ന നാളുകളാണ് വരാനിരിക്കുന്നത്.
-കെ.എ. മഫിത
ഇന്‍ഫര്‍മേഷന്‍ അസിസ്റ്റൻ്റ്-എറണാകുളം