അതുല്യ വരകള്‍ അനശ്വര രൂപങ്ങള്‍

-എന്‍. നിരഞ്ജന

 

എഴുത്തിലെ ഭാവനാലോകങ്ങളെ കൂടുതല്‍ വിശാലാകാശങ്ങളിലേക്കു തുറന്നു വിടുന്നതായിരുന്നു ആ വരകള്‍. ഒറ്റ നോട്ടത്തില്‍ അയത്ന ലളിതമെന്നു തോന്നുന്ന ആ രേഖാ ചിത്രങ്ങളുടെ മാന്ത്രികത അനുഭവിപ്പിക്കുന്ന എത്രയെത്ര മനുഷ്യ രൂപങ്ങള്‍.. എം.ടിയും വി.കെ.എന്നും മാധവിക്കുട്ടിയും മുതല്‍ മലയാള സാഹിത്യത്തിലെ പുതുമക്കാരുടെ വരെ കഥാപാത്രങ്ങൾക്ക് കൂടുതൽ ഭാവപ്പകര്‍ച്ച നല്‍കുന്ന എത്രയോ വരകള്‍. മലയാറ്റൂര്‍ കഥകളില്‍ ബ്രിഗേഡിയര്‍ വിജയന്‍ മേനോന്‍ അദ്ദേഹത്തിൻ്റെ വരകളിലൂടെയാണ്, മലയാറ്റൂരിൻ്റെ തന്നെ ഭാഷയില്‍ ചിന്തിച്ചാല്‍ – നിറഞ്ഞു നിന്നത്.

എന്നും രണ്ടാമനാകാൻ വിധിക്കപ്പെട്ട  ഭീമൻ്റെ ദൈന്യതയ്ക്ക്‌ വരകളില്‍ ജീവന്‍ വച്ചപ്പോള്‍ എം. ടിയുടെ രണ്ടാമൂഴത്തിൻ്റെ അർഥതലങ്ങൾക്ക് ഗരിമയേറി. മഹാഭാരതത്തിൻ്റെ ഏടുകളില്‍ നിന്ന് എഴുത്തുകാരന്‍ കണ്ടെത്തിയ വേറിട്ട ഭീമന്‍ ഉള്‍പ്പടെയുള്ള ഇതിഹാസ പാത്രങ്ങള്‍ക്ക് പിൽക്കാലത്ത് ശിൽപ ചാരുത പകര്‍ന്നും നമ്പൂതിരിയിലെ കലാകാരന്‍ വിസ്മയിപ്പിച്ചു. അങ്ങനെയാണ് ചെമ്പു തകിടില്‍ ലോഹ ഭാരതം ജനിച്ചത്. രാമായണത്തിനും മെറ്റല്‍ എംബോസിങ്ങ്‌ രീതിയിലൂടെ ശില്‍പ ഭംഗി നല്‍കി അദ്ദേഹം. സ്ഥൂല ശരീരികളായ സ്ത്രീകളും മെലിഞ്ഞു നീണ്ട കാലുകളില്‍ വലിയ ശരീരമുള്ള പുരുഷന്മാരും പാത്ര സൃഷ്ടിയുടെ വേറിട്ട അനുഭവമാണ് പകര്‍ന്നു നല്‍കിയത്.

കഥകളി പ്രിയനായിരുന്ന നമ്പൂതിരി കഥകളി വേഷങ്ങളെ കോറിയിടാന്‍ കരിക്കട്ടയുടെ ചിത്രഭാഷ പരീക്ഷിച്ചു. ജി. അരവിന്ദനൊപ്പം കാഞ്ചന സീതയിലും  പി. പത്മരാജനുമൊത്ത്  ഞാന്‍ ഗന്ധര്‍വനിലും പ്രവര്‍ത്തിച്ചു. കാവാലത്തിൻ്റെ അവനവന്‍ കടമ്പയ്ക്കും ചിത്രങ്ങളുടെ ഭാഷ പകര്‍ന്നു. നിത്യതയിലേക്ക് മടങ്ങുമ്പോള്‍ നമ്പൂതിരി ബാക്കിയാക്കുന്നതും മലയാളി സ്വത്വത്തെ വിവിധ രീതിയില്‍ ആവിഷ്‌കരിച്ച ആ വരകളുടെ ധന്യത തന്നെയാണ്…