ഫുട്‌ബോള്‍ വസന്തത്തിന് വഴിയൊരുങ്ങുന്നു
മാര്‍ച്ചില്‍ ഇംഫാലില്‍ ത്രിരാഷ്ട്ര ടൂർണമെൻ്റിൽ വിജയം, ജൂണില്‍ ഭുവനേശ്വരില്‍ ചതുര്‍ രാഷ്ട്ര ഇൻ്റർ കോണ്ടിനെൻ്റൽ കപ്പ്, ജൂലൈയില്‍ ബെംഗലുരുവില്‍ സാഫ് ചാംപ്യൻഷിപ്പിൽ ഒന്‍പതാം കിരീടം. ഭുവനേശ്വരിലെ വിജയത്തോടെ തന്നെ നൂറാം റാങ്കില്‍ എത്തിയ ഇന്ത്യയ്ക്ക് ഇനി നൂറിനുള്ളില്‍ കടന്നു കൊണ്ട് ഈ വര്‍ഷത്തെ ഏഷ്യന്‍ കപ്പിനായി തയ്യാറെടുക്കാം. ഫുട്‌ബോളില്‍ ഇന്ത്യ മുന്നോട്ടു തന്നെ. കുവൈത്തിനെ തോല്‍പിച്ച കളി മികവ് ഇന്ത്യയുടെ വരും കാല ഫുട്‌ബോള്‍ വിജയങ്ങളിലേക്കുള്ള ഉറച്ച കാല്‍വയ്പ്പു തന്നെയാണ്. നാലുതവണ ഒളിംപിക്‌സില്‍ പങ്കെടുക്കുകയും ഒരിക്കല്‍ സെമിയില്‍ കടക്കുകയും ചെയ്‌ത ഇന്ത്യ രണ്ടു തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.
ശ്രീ കണ്‌ഠീരവ സ്‌റ്റേഡിയത്തില്‍ ഇന്ത്യ-കുവൈത്ത് സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കാണാന്‍ 26,000 പേര്‍ എത്തിയത് പ്രതീക്ഷ പകരുന്നു പ്രാഥമിക റൗണ്ടിൻ്റെ ആവര്‍ത്തനമെന്നോണം ഇന്ത്യയും കുവൈത്തും സമനില (1-1) കണ്ട ഫൈനലില്‍ സഡന്‍ ഡെത്തിലാണ് ഇന്ത്യ കിരീടം കാത്തത് (5-4). സെമിയുടെ ആവര്‍ത്തനമായി കലാശക്കളിയിലും ഗോളി ഗുര്‍പ്രീത് സിങ് സന്ധുവിൻ്റെ മികവ് ഇന്ത്യയ്‌ക്ക് തുണയായി. ലീഡ് നേടിയ കുവൈത്തിനെ സമനിലയില്‍ തളച്ച ഗോള്‍ ലാലിയന്‍ സുവാല ചാങ്‌തേ നേടിയതാണ്. ആ ഗോളിനു വഴി തെളിച്ചവരില്‍ കേരളത്തിന് അഭിമാനമായി രണ്ട് മലയാളി താരങ്ങള്‍ ഉണ്ടായിരുന്നു. ആശിക് കരുണിയന്‍ ബോക്‌സിലേക്ക് സുനില്‍ഛേത്രിക്കു നല്‍കിയ പന്ത്, ഛേത്രി സഹല്‍ അബ്ദുല്‍ സമദിനു നല്‍കി. സഹലിൻ്റെ അസിസ്റ്റില്‍ ആണ് ഗോള്‍ പിറന്നത്.
സന്ദേശ് ജിംഗനും മേഹ്താബ്‌സിങ്ങും അന്‍വര്‍ അലിയും ഒരുക്കിയ പ്രതിരോധമാണ് ടൂർണമെൻ്റിൽ ഉടനീളം ഇന്ത്യയെ തുണച്ചത്. സുനില്‍ ഛേത്രിയെന്ന സൂപ്പര്‍താരം 2005 ല്‍ അരങ്ങേറിയതു മുതല്‍ നാട്ടില്‍ ഇന്ത്യ ഫൈനലുകള്‍ വിജയിക്കുകയാണ്. കഴിഞ്ഞ മാസം ഇൻ്റർ കോണ്ടിനെൻ്റൽ കപ്പിൽ ലബനോനെ ഫൈനലില്‍ തോല്‍പിച്ച ഇന്ത്യ (2-0) നൂറാം റാങ്കില്‍എത്തി. രണ്ടു ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള നാലു രാജ്യങ്ങള്‍ പങ്കെടുത്ത ടൂർണമെൻ്റ് ആയിരുന്നത്. മംഗോളിയയും വനൗതുമായിരുന്നു ഇതര ടീമുകള്‍.
2018 ല്‍ ഇതേ ടൂർണമെൻ്റിൻ്റെ ആദ്യ പതിപ്പില്‍ കെനിയയെ തോല്‍പിച്ച് (2-0) ചാംപ്യന്‍മാരായ ഇന്ത്യ 2019 ല്‍ നാലാമതായിരുന്നു. ഇത്തവണ കിരീടം വീണ്ടെടുക്കുകയായിരുന്നു. മാര്‍ച്ചില്‍ മ്യാന്‍മറിനെയും കിര്‍ഗിസ്ഥാനെയും പിന്തള്ളിയാണ് ത്രിരാഷ്ട്ര കിരീടം ചൂടിയത്. സ്റ്റീഫന്‍ കോൺസ്റ്റൻ്റയിനിൻ്റെ ശിക്ഷണത്തില്‍ 2017 ലും 18 ലും ലോക റാങ്കിങ്ങില്‍ 96 ല്‍ എത്തിയ ഇന്ത്യ നേരത്തെ 1996 ഫെബ്രുവരിയില്‍ കൈവരിച്ച 94 ആണ് ഇതുവരെയുള്ള മികച്ച റാങ്ക്. 2019 ല്‍ ആണ് ഇഗോർസ്റ്റിമാച്ച് ഇന്ത്യന്‍ ടീമിൻ്റെ പരിശീലകനായത്. തുടര്‍ച്ചയായ വിജയം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിൻ്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഏഷ്യന്‍ കപ്പിലേക്ക് പ്രതീക്ഷ പകരുന്നതും ഇതുതന്നെയാണ്.
കേരളത്തിനും പ്രതീക്ഷ
ഇന്ത്യ 1948 മുതല്‍ 1960 വരെ നാലു തവണ ഒളിംപിക്‌സ് ഫുട്‌ബോളില്‍ പങ്കെടുത്തപ്പോഴും ടീമില്‍ മലയാളി സാന്നിധ്യമുണ്ടായിരുന്നു. തിരുവല്ല പാപ്പനും കോട്ടയം സാലിയും അബ്‌ദുൽ റഹ്‌മാനും എസ്.എസ്.നാരായണനും ഒ.ചന്ദ്രശേഖരനും എം.ദേവദാസും മലയാളി ഫുട്‌ബോള്‍ ഒളിംപ്യന്‍മാരായി. പിന്നീട് 1970കളില്‍ സേവ്യര്‍ പയസും പ്രേംനാഥ് ഫിലിപ്പും സി.ഡി. ഫ്രാന്‍സിസും സേതുമാധവനും വിക്‌ടർ മഞ്ഞിലയും സി.സി. ജേക്കബും എം.എം.ജേക്കബും ഒക്കെ ഇന്ത്യന്‍ ടീമില്‍ മലയാളി മികവ് വിളിച്ചറിയിച്ചു.
1990 ല്‍ വി.പി.സത്യനും യു.ഷറഫലിയും ജോപോള്‍ അഞ്ചേരിയും ഐ.എം. വിജയനും കെ.ടി. ചാക്കോയും സി.വി.പാപ്പച്ചനുമൊക്കെ ആ മികവ് തുടർന്നു. ഇവരുടെയൊക്കെ തുടർച്ചയാണ് ആശിക്കരുണിയനിലും സഹല്‍ അബ്ദുല്‍ സമദിലുമൊക്കെ ഇന്ന് കാണുന്നത്. ഭുവനേശ്വറില്‍ ഇൻ്റർ കോണ്ടിനെൻ്റൽ കപ്പിലും ഇവര്‍ഇരുവരും ഇന്ത്യന്‍ ടീമിലെ സജീവ സാന്നിധ്യമായിരുന്നു. ഐ.എസ്.എല്ലിലെയും ഐലീഗിലെയും മലയാളി മികവു കാണുമ്പോള്‍ ദേശീയ ടീമില്‍ കൂടുതല്‍ കേരള താരങ്ങൾക്ക് ഇടമൊരുങ്ങുമെന്ന് കരുതാം. ഇപ്പോഴത്തെ വിജയങ്ങളും കരണിയൻ്റെയും സഹലിൻ്റെയും മികച്ച പ്രകടനവും കേരള താരങ്ങൾക്ക് ഉണർവ് പകരുന്നുണ്ട്.