ഒരു മുറം പച്ചക്കറി ഒരുമയുടെ വിളവെടുപ്പ്

-എസ്. പി. വിഷ്‌ണു
കൃഷി ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

പച്ചക്കറിക്കൃഷിയില്‍ വലിയ കുതിച്ചു ചാട്ടമാണ്‌ കേരളത്തില്‍. പ്രതിവര്‍ഷം സംസ്ഥാനത്തെ പച്ചക്കറി ഉപഭോഗം 22 ലക്ഷം മെട്രിക് ടണ്‍. ഇപ്പോഴത്തെ ഉല്‍പാദനം- 17 ലക്ഷം മെട്രിക് ടണ്‍ . അഞ്ചു ലക്ഷം മെട്രിക് ടണ്‍ അധിക ഉല്‍പാദനത്തിലൂടെ സ്വയംപര്യാപ്തതയാണ്‌ ലക്ഷ്യമാക്കുന്നത്. ശുദ്ധ ഭക്ഷണം ഉറപ്പാക്കുന്നതിനൊപ്പം ജീവിത ശൈലി രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും കൃഷി ഗുണകരമാണെന്ന പൊതു ബോധമാണ് നേട്ടമായത്. ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയിലൂടെ എല്ലാ കുടുംബങ്ങളിലേക്കും കൃഷിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താനുമായി.

പദ്ധതി ലക്ഷ്യങ്ങള്‍

  • സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ പച്ചക്കറി ഉപഭോഗം വരുന്ന ഉത്സവ സീസണുകളില്‍ അനിയന്ത്രിത വിലക്കയറ്റം തടയുക.
  • എല്ലാ സീസണിലും വിഷരഹിത ഭക്ഷണം ശീലമാക്കുക.
  • വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, കര്‍ഷക സംഘങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങി സമസ്‌ത മേഖലയിലെയും ജനങ്ങളെ ഉള്‍പ്പെടുത്തി പച്ചക്കറിക്കൃഷിയില്‍ ജനകീയ മുന്നേറ്റം നടത്തുക.
  • പച്ചക്കറിക്കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുക.

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വിത്ത് പാക്കറ്റുകള്‍, തൈകള്‍, ദീര്‍ഘകാല പച്ചക്കറിത്തൈകള്‍ എന്നിവ സംസ്ഥാനത്തെ 1076 കൃഷിഭവനുകള്‍ വഴി സൗജന്യമായി നല്‍കുന്നു. 25 ലക്ഷം പച്ചക്കറി വിത്തു പായ്ക്കറ്റുകളാണ്‌ ലഭ്യമാക്കുക. പച്ചക്കറി ഇനങ്ങളുടെ 100 ലക്ഷം തൈകളുമുണ്ട്. ദീര്‍ഘകാല പച്ചക്കറി വിളകളുടെ (മുരിങ്ങ, കറിവേപ്പ്, അഗത്തി ചീര) രണ്ട് ലക്ഷം തൈകളും പദ്ധതിയുടെ ഭാഗമായി നല്‍കുന്നു. അത്യുല്‍പാദന ശേഷിയുള്ള സങ്കരയിനം വിത്തുകളുടെ 20 ലക്ഷം പായ്ക്കറ്റുകളും അത്യുല്‍പാദന ശേഷിയുള്ള പച്ചക്കറി ഇനങ്ങളുടെ 116.66 ലക്ഷം തൈകളും വിതരണം ചെയ്‌തു തുടങ്ങി.

കൃഷിരീതികള്‍

വെണ്ട
ആനക്കൊമ്പു പോലെ വളരുന്ന സല്‍ കീര്‍ത്തി ഇനവും ചുവന്ന കായ്‌കൾ തരുന്ന അരുണയും സ്ഥിരമായി കായ്ക്കുന്ന സുസ്ഥിരയും പ്രധാന ഇനങ്ങള്‍. വിത്തുകള്‍ 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം നേരിട്ട് ചാക്കിലോ മണ്ണിലോ പാകി വളര്‍ത്തിയെടുക്കാം. വിത്തു പാകി ഒന്നര മാസം കൊണ്ട്‌ വിളവെടുപ്പ് തുടങ്ങാം. ഒന്നിടവിട്ട ദിവസങ്ങളില്‍ കായ്‌കൾ പറിച്ചെടുക്കാം. വെള്ളീച്ച പരത്തുന്ന വൈറസ്‌ രോഗം പരത്തുന്ന കീടങ്ങളെ നിയന്ത്രിക്കുന്നതിന് വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതവും മഞ്ഞക്കെണികളും ഉപയോഗിക്കാം.

പയര്‍
അടുക്കളത്തോട്ടത്തിൻ്റെ അതിര്‍ത്തിയില്‍ നാലോ അഞ്ചോ കമ്പു നാട്ടി കയര്‍ കെട്ടിയെടുത്താല്‍ 10 ചുവട് പയര്‍ വളര്‍ത്തിയെടുക്കാം. ചാക്കിലും തടത്തിലും വെള്ളത്തില്‍ കുതിര്‍ത്ത വിത്തുകള്‍ നേരിട്ട് പാകി വളര്‍ത്തി പന്തലില്‍ കയറ്റി കൊടുക്കാം. നട്ട് അന്‍പതാം ദിവസം മുതല്‍ രണ്ടര മാസക്കാലം സ്ഥിരമായി വിളവെടുപ്പ് നടത്താം. മുഞ്ഞബാധയ്‌ക്കെതിരെ വേപ്പെണ്ണ ആവണക്കെണ്ണ കൂട്ടും ബിവേറിയയും പ്രയോഗിക്കാം. തണ്ടുതുരപ്പന്‍ പുഴുക്കള്‍ക്കെതിരെ വേപ്പെണ്ണ എമല്‍ഷന്‍ ഫലവത്താണ്.

വഴുതനവര്‍ഗ വിളകള്‍
മുളക്, വഴുതന, തക്കാളി എന്നിവയാണ്‌ വഴുതന വര്‍ഗത്തിലെ പ്രധാന വിളകള്‍. മഴക്കാലം തക്കാളിക്കൃഷിക്ക് അത്ര യോജിച്ചതല്ലെങ്കിലും മറ്റു രണ്ടു വിളകളും അനായാസം ഈ സമയത്ത് കൃഷി ചെയ്യാം.

ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നട്ടാണ്‌ വഴുതനവര്‍ഗ വിളകള്‍ കൃഷി ചെയ്യേണ്ടത്. സ്യൂഡോമോണസ്‌ ലായനിയില്‍ തൈകള്‍ 10 മിനിറ്റ് മുക്കിവച്ച ശേഷം നടുന്നത്‌ രോഗങ്ങള്‍ക്കെതിരെ പ്രതിരോധ ശേഷി നല്‍കും. രണ്ടു മാസം പ്രായമായ ചെടികളില്‍ വിളവെടുപ്പ് നടത്താം. ഏകദേശം മൂന്നുമാസംവരെ വിളവെടുപ്പ്‌ സാധ്യമാണ്. വഴുതനയില്‍ കുറ്റിവിള സമ്പ്രദായം അനുവര്‍ത്തിക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തോളം വിളവെടുപ്പ് നടത്താം. നീരൂറ്റി കുടിക്കുന്ന കീടങ്ങള്‍ ഇല ചുരുട്ടുന്നതിനും മുരടിപ്പിനും കാരണമാകും. വേപ്പധിഷ്‌ഠിത കീടനാശിനി, വെര്‍ട്ടിസീലിയം എന്നിവ ആഴ്ചയിലൊരിക്കല്‍ തളിക്കണം. ബാക്ടീരിയല്‍ വാട്ടം വരുന്ന ചെടികളെ അപ്പോള്‍ നശിപ്പിച്ചാല്‍ രോഗം പടരാതിരിക്കും. വഴുതനയില്‍ സൂര്യ, ശ്വേത, നീലിമ എന്നിവയും മുളകില്‍ ഉജ്ജ്വല, അനുഗ്രഹ എന്നിവയും വാട്ടരോഗ പ്രതിരോധ ശേഷിയുള്ളവയാണ്.

പാവല്‍ പടവലം
നടീല്‍ മിശ്രിതം നിറച്ച ചാക്കിലോ തടത്തിലോ നേരിട്ട്‌ വിത്തുകള്‍ പാകി മുളപ്പിക്കാം. ജൈവവളങ്ങള്‍ പല തവണ നല്‍കണം. പച്ചച്ചാണകം പാടില്ല. കായീച്ചക്കെണികള്‍ സ്ഥാപിക്കണം. തുളസിക്കെണി, ഫെറമോണ്‍കെണി എന്നിവ ഉപയോഗിക്കാം. ഇലപ്പുള്ളി രോഗത്തിന് സ്യൂഡോമോണസ്‌ലായനി ആഴ്ചയില്‍ ഒരിക്കല്‍ രണ്ട് ശതമാനം  വീര്യത്തില്‍ തളിക്കാം. വിത്തുപാകി രണ്ടുമാസം കഴിഞ്ഞാല്‍ വിളവെടുപ്പ് ആരംഭിക്കാം. 90 ദിവസക്കാലം വിളവെടുപ്പ് നടത്താം.

മത്തന്‍, കുമ്പളം
നേരിട്ടു വിത്തുപാകി മുളപ്പിക്കാം. വള്ളികള്‍ പടരുന്നതിനായി ഓലയോ മരച്ചില്ലകളോ വിരിച്ചു കൊടുക്കണം. വള്ളി വീശുമ്പോഴും പൂവിടുമ്പോഴും ജൈവസ്ലറി വളമായി നല്‍കാം. വിവിധ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി ആഴ്ചയിലൊരിക്കല്‍ രണ്ട് ശതമാനം വീര്യത്തില്‍ സ്യൂഡോമോണാസ് തളിക്കുക .

കോവല്‍
അത്യുല്‍പാദന ശേഷിയുള്ള പെണ്‍ ചെടികളില്‍ നിന്നും മൂന്ന് നാല് മുട്ടുകളുള്ള തണ്ടുകൾ  ശേഖരിച്ചു നടാന്‍ ഉപയോഗിക്കാം. രണ്ടോ മൂന്നോ വള്ളികള്‍ ഒരു ചാക്കില്‍ നട്ട് ടെറസില്‍വച്ച് പടര്‍ത്തി വിടാം. ജൈവവളം ധാരാളം വേണം. നട്ടു രണ്ടു മാസം കഴിയുമ്പോള്‍ വിളവെടുപ്പ് ആരംഭിക്കാം.

ചീര
വീട്ടുവളപ്പില്‍ അനായാസേന കൃഷി ചെയ്‌ത് എളുപ്പത്തിൽ ചീര നടാം. ഓണത്തിനു മാത്രമല്ല തുടര്‍ന്നും എല്ലാ സീസണിലും ചീരനട്ട് വിളവെടുക്കാം.

മാര്‍ഗ നിർദേശങ്ങൾക്കും സംശയ നിവാരണത്തിനും കൃഷിവകുപ്പുമായി ബന്ധെപ്പടാം.
സംശയ നിവാരണത്തിനുളള ടോൾ ഫ്രീ നമ്പര്‍ : 1800-425-1661