വഴികാട്ടാന്‍ കേരളം
ആരോഗ്യ രംഗത്ത് രാജ്യത്തിന് മാതൃകയായ കേരളം, ഇന്ത്യയിലെ ആദ്യ ജീനോം ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നതിലൂടെ സമഗ്ര ജീന്‍ ബാങ്കിന് തുടക്കമാകുകയാണ്. ബയോടെക് മേഖലയിലെ വ്യവസായ-ഗവേഷണ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിൻ്റെ ഭാഗമായി ജനിതക വിവരങ്ങള്‍ ക്രമപ്പെടുത്തി സൂക്ഷിക്കുന്ന ജീനോം ഡാറ്റ സെൻ്റർ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപിച്ചത്.
കേരള ഡവലപ്മെൻ്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജി കൗൺസിലിൻ്റെ പരിധിയില്‍ സ്ഥാപിക്കുന്ന കേരള ജീനോം ഡാറ്റ സെൻ്റർ ഗവേഷകര്‍, ആരോഗ്യ സംരക്ഷണ വിദഗ്‌ധർ, പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ജീനോമിക് ഡാറ്റ ഉപയോഗപ്പെടുത്തുന്നതിനും പങ്കിടുന്നതിനുമുള്ള ഡാറ്റ ഹബ്ബായി പ്രവര്‍ത്തിക്കും.
ജിനോമിക്‌സ്
രോഗ പ്രതിരോധത്തിനും ചികിത്സ ലഭ്യമാക്കുന്നതിനും പുതിയ ചികിത്സാ രീതികള്‍ അവലംബിക്കുന്നതിനുമുള്ള സാധ്യത തുറന്നു തരുന്ന ശാസ്ത്ര മേഖലയാണ് ജീനോമിക്‌സ്. മെഡിക്കല്‍ ഗവേഷണത്തിലും പരിശീലനത്തിനുമുള്ള സാമ്പ്രദായിക സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വരുംകാല ചികിത്സാ രീതികള്‍ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കു ന്നതിനും ഇതു പ്രയോജനകരമാകും. ഈ ലക്ഷ്യം മുന്‍ നിർത്തിയാണ് ജിനോമിക്‌സ് ഡാറ്റ സെൻ്റർ പ്രവർത്തനം.
മൃഗങ്ങള്‍, സസ്യങ്ങള്‍, പാരിസ്ഥിതിക സാമ്പിളുകള്‍ എന്നിവയുള്‍പ്പെടെ വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള മാതൃകകള്‍ ക്രമീകരിച്ച് ഡാറ്റ ഉല്‍പാദനത്തിലൂടെ രോഗപ്പകര്‍ച്ചയും പുതിയ രോഗങ്ങളുടെ ആവിര്‍ഭാവവും നിരീക്ഷിക്കാനാകും. പുതിയ രീതിയിലുള്ള ചികിത്സകള്‍ തിരിച്ചറിയാനും ജിനോം സെൻ്റർ പ്രയോജനപ്പെടും. ഗവേഷണ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ബയോടെക് കമ്പനികള്‍ എന്നിവയ്ക്ക് പുതിയ ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാനും ബയോ ഇൻഫോമാറ്റിക്‌സ്, ഡയഗ്നോസ്റ്റിക് സ്റ്റാർട്ടപ്പുകൾ, സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ എന്നിവയ്ക്ക് നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിങ്ങ് എന്നിവ ഉപയോഗിച്ച് മൂല്യ വർധിത പ്ലാറ്റ്ഫോമുകളും ടൂളുകളും സൃഷ്ടിക്കുന്നതിനുമുള്ള ശക്തമായ അടിത്തറ കൂടിയാകും ജിനോം സെൻ്റർ.
ജിനോം സെൻ്ററും കേരളവും
നൂതന ശാസ്ത്ര-സാങ്കേതിക മേഖലയില്‍ രാജ്യത്തിന് വഴി കാട്ടാന്‍ കേരളത്തെ പ്രാപ്‌തമാക്കുന്ന പദ്ധതിയായി ജിനോം ഡാറ്റാ സെൻ്റർമാറും. ജിനോമിക്‌സ് റിസോഴ്‌സ് പൂള്‍ നിര്‍മ്മിക്കുന്നത് ജനിതക വകഭേദങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കും. പകര്‍ച്ച വ്യാധികളുടെ വ്യാപനം നിയന്ത്രിക്കാനും സഹായകമാകും. രോഗ നിരീക്ഷണത്തിനും പ്രതികരണ ത്തിനുമുള്ള സമീപനം കാര്യക്ഷമമാക്കുകയും ചെയ്യും.
പ്രാഥമിക മേഖലയിലെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും പുതിയ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും ഗവേഷണ സ്ഥാപനങ്ങള്‍, ബയോടെക് കമ്പനികള്‍ എന്നിവയ്ക്ക് നിര്‍ണ്ണായക വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും പുതിയ സെൻ്റർ മുതല്‍ക്കൂട്ടാകും. ജനിതക വിവരങ്ങള്‍ വിശകലനം ചെയ്‌ത് ആരോഗ്യം, കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ സംസ്ഥാനത്തിന് സാധിക്കും.
വരും കാലത്തെ ആരോഗ്യ-ജനിതക പ്രശ്‌നങ്ങളുടെ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും സെൻ്റർ വഴി ഒരുക്കും. ഇതു വഴി ജനങ്ങളുടെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്താനുമാകും. മികച്ച കാര്‍ഷിക വിളകള്‍ സൃഷ്ടിക്കാന്‍ ഗവേഷണ സ്ഥാപനങ്ങളെ സഹായിക്കാനും മൃഗസംരക്ഷണ മേഖലയില്‍ മതിയായ രോഗ നിര്‍ണ്ണയത്തിനും പ്രതിരോധ മരുന്നുകളുടെ വികസനത്തിനും പുതിയ കേന്ദ്രം വഴിയൊരുക്കും. സംസ്ഥാനത്തിൻ്റെ ജൈവ സുരക്ഷയിലും വലിയ പങ്കു വഹിക്കാന്‍ സെൻ്ററിന് കഴിയും.