വൈറസ് പഠനം – വാക്‌സിന്‍ വികസനം ഇതാ നമ്മുടെ ഉത്തരം

പ്രാദേശികവും ആഗോള തലത്തിലും ഉയര്‍ന്നു വരുന്ന വൈറസുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയും പകര്‍ച്ച വ്യാധികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നൂതന സമീപനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജിയുടെ പ്രാഥമിക ലക്ഷ്യം. പ്രഗല്‍ഭരായ വൈറോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ രോഗകാരികളെ പഠിച്ചും വാക്‌സിനുകൾ  വികസിപ്പിച്ചും പകര്‍ച്ച വ്യാധികള്‍ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഗവേഷണ സ്ഥാപനം എന്ന നിലയില്‍ തിരുവനന്തപുരം തോന്നയ്ക്കലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രദ്ധേയമാവുകയാണ്.

പകര്‍ച്ച വ്യാധികള്‍ക്കെതിരെയുള്ള തയ്യാറെടുപ്പും തദ്ദേശീയമായ ശേഷി വര്‍ധിപ്പിക്കലും ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നു. ഏതെങ്കിലും പുതിയ വൈറസ് പൊട്ടിപ്പുറപ്പെട്ടാല്‍ ആരോഗ്യ ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും ജാഗരൂകരാക്കാന്‍ സ്ഥാപനത്തിനു കഴിയും. തദ്ദേശീയമായി ആൻ്റി ബോഡികൾ, വാക്‌സിനുകൾ, രോഗ നിര്‍ണ്ണയ കിറ്റുകള്‍ എന്നിവ വികസിപ്പിക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ലക്ഷ്യമിടുന്നു. പേ വിഷ ബാധയ്ക്കുള്ള തദ്ദേശീയ വാക്‌സിൻ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ക്കു തുടക്കം കുറിച്ചിട്ടുണ്ട്.

മുന്‍നിര പദ്ധതികള്‍

  1. ഉയര്‍ന്നു വരുന്ന വൈറല്‍ രോഗങ്ങള്‍ക്കെതിരെ മോണോക്ലോണല്‍ ആൻ്റി  ബോഡികളുടെ വികസനം. നിപ്പ, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, റാബിസ് എന്നിവയിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
  2. വാക്‌സിനുകളുടെ വികസനം (ന്യൂക്ലിക് ആസിഡ് അടിസ്ഥാനമാക്കിയുള്ളത്)
  3. പുതിയ ഡയഗ്നോസ്റ്റിക്കിറ്റുകളുടെ വികസനം

ബയോ സേഫ്റ്റി ലെവല്‍ ലാബുകള്‍

അത്യാധുനിക ലബോറട്ടറികള്‍, നൂതന ഗവേഷണ സൗകര്യങ്ങള്‍, ബയോസേഫ്റ്റി ലെവല്‍ (ബി എസ് എൽ) വിഭാഗത്തിലുള്ള ലാബുകള്‍ ഉള്‍പ്പെടെ അപകടകാരികളായ വൈറസുകളെ സുരക്ഷിതമായി കൈകാര്യം ചെയ്യാനും പഠിക്കാനുമുള്ള സംവിധാനം ഇവിടെ ഉണ്ട്.

രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി 2023 ഏപ്രിലില്‍ ഉദ്ഘാടനം കഴിഞ്ഞ 80,000 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള അഡ്‌മിൻ/ബയോ ബ്ലോക്കില്‍ 16 ബയോ സേഫ്റ്റി ലെവല്‍ 2 (ബിഎസ്എല്‍ 2) വിഭാഗത്തിലുള്ള ലാബുകള്‍ ഒരുങ്ങുകയാണ്. പതിനാറില്‍ എട്ടെണ്ണം പൂര്‍ത്തിയായി. കൂടാതെ ബിഎസ്എല്‍ 3 ലെവല്‍ ലാബുകള്‍ക്കും, ട്രാനസ്‌ജെനിക് അനിമല്‍ ഹൗസ് കോംപ്ലക്‌സിനും തറക്കല്ലിട്ടു.

ബേസിക്‌ വൈറോളജി, വൈറല്‍ ആപ്ലിക്കേഷനുകള്‍, ആൻ്റി വൈറൽ ഡ്രഗ്‌ റിസര്‍ച്ച്, വൈറല്‍ ഡയഗ്‌നോസ്റ്റിക്‌സ്, വൈറല്‍ വാക്‌സിനുകള്‍ എന്നീ വിഭാഗങ്ങള്‍ ഇപ്പോള്‍ സജീവമാണ്. ക്ലിനിക്കല്‍ വൈറോളജി, വൈറല്‍ എപ്പിഡെമോളജി ആന്‍ഡ് പബ്ലിക്‌ ഹെല്‍ത്ത്, ബയോ ഇന്‍ഫോര്‍മാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ ഗവേഷണ വിഭാഗങ്ങള്‍ കൂടി വരുന്നതോടെ നൂതന വൈറോളജി ഗവേഷണത്തിലെ മികവിൻ്റെ കേന്ദ്രമായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് വൈറോളജി മാറും.

മോളിക്യൂലര്‍ അസൈല്‍ ഫെസിലിറ്റി/ ബയോറെപ്പോസിറ്ററി

മോളിക്യൂലര്‍ അസൈല്‍ ഫെസിലിറ്റിയിലൂടെ കൃത്യ സമയത്ത്‌ രോഗ നിര്‍ണ്ണയം നടത്തി മുന്‍കൂട്ടി ചികിത്സ ലഭ്യമാക്കുന്നതിന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. കൂടാതെ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് നേരത്തേ കണ്ടെത്താനും ഫലപ്രദമായ നിയന്ത്രണ നടപടികള്‍ നടപ്പിലാക്കുവാനും മോളിക്യൂലര്‍ അസൈല്‍ ഫെസിലിറ്റിയിലൂടെ സാധിക്കും.

ലബോറട്ടറി ഗവേഷണത്തിനായി ജൈവ വസ്‌തുക്കളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതിനും കാറ്റലോഗ്‌ ചെയ്യുന്നതിനുമായി ബയോ റെപ്പോസിറ്ററി സംവിധാനം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. മറ്റൊരു സ്ഥാപനത്തിനും കഴിയാത്ത വിധം എണ്‍പത്തി മൂന്നോളം വൈറസുകള്‍ കണ്ടെത്താനുള്ള സൗകര്യം ഈ സ്ഥാപനത്തിലുണ്ട്. എണ്‍പതോളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവയുമായി ഇന്‍സ്റ്റിറ്റ്യൂട്ട് ബന്ധിപ്പിച്ചിട്ടുണ്ട്, അവിടെ നിന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് നല്‍കുന്നു. ഇതുവരെ 5000 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെറ്റാ ജീനോമിക് സീക്വന്‍സിങ്ങിനുള്ള ഫാജ്‌ സൗകര്യവുമുണ്ട്. ഇവിടെ വൈറസ്‌ രൂപാന്തരങ്ങളും പുതിയ വൈറസുകളും കണ്ടെത്താനാകും. ഫരീദാബാദിലെ റീജ്യണല്‍ സെൻ്റർ ഫോര്‍ ബയോ ടെക്‌നോളജി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നിവയുമായി അക്കാദമിക്‌ പ്രോഗ്രാമുകള്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് അഫിലിയേറ്റ്‌ ചെയ്‌തിട്ടുണ്ട്. ഈ വര്‍ഷം വൈറോളജിയുടെ വിവിധ മേഖലകളില്‍  പിഎച്ച്ഡി പ്രോഗ്രാം തുടങ്ങുന്നു.

അന്തര്‍ ദേശീയ സഹകരണം

സാംപിള്‍ കൈമാറ്റത്തിനു പകരം വൈറസിനെക്കുറിച്ചുള്ള സാങ്കേതിക വൈദഗ്ധ്യ സഹകരണം ആണ് ഇൻസ്റ്റിറ്റ്യൂട്ട്  പ്രതീക്ഷിക്കുന്നത്. 2019-ല്‍ കേരള സർക്കാരിൻ്റെ കീഴില്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അന്താ രാഷ്ട്ര സ്ഥാപനങ്ങളില്‍ സേവനം അനുഷ്‌ഠിക്കുന്ന പ്രശസ്‌തരായ മലയാളി ശാസ്ത്രജ്ഞരുടെ സേവനം ലഭ്യമാകുന്നുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ മള്‍ട്ടി ഡിസിപ്ലിനറി സമീപനം ഗവേഷകര്‍, ക്ലിനിക്കുകള്‍, പൊതുജനാരോഗ്യ പ്രൊഫഷണലുകള്‍ എന്നിവരുടെ ഇടയിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതും പുതിയ കണ്ടെത്തലുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കുന്നതുമാണ്.