തുടച്ചു നീക്കാന്‍ മാതൃകയാകാന്‍ കേരളം
ലോകമെമ്പാടും 2021-ല്‍ പോലും ഒരു ലക്ഷത്തില്‍ കൂടുതല്‍ മരണങ്ങള്‍. ഭൂരിപക്ഷം അഞ്ചു വയസ്സിന് താഴെ ഉള്ള കുട്ടികള്‍. ഇന്ത്യയില്‍ 2022-ല്‍ 200-ല്‍ അധികം മരണങ്ങള്‍. ഇക്കൊല്ലം 180 ഓളവും. സൗജന്യമായി ലഭിക്കുന്ന പ്രതിരോധ കുത്തിവയ്പ്പ് പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കുന്ന അഞ്ചാംപനി കേരളത്തിലും 1200-ല്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതീവ ജാഗ്രതയോടെ രോഗ നിര്‍മ്മാര്‍ജനത്തിനുള്ള ചുവടുവയ്പ്പ് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്നതിന്റെ പശ്ചാത്തലമാണിത്.
വെറും പനി അല്ല
സാധാരണ കുട്ടികള്‍ക്ക് ‘വന്നു പോകുന്ന’ പനി അല്ല മീസില്‍സ് എന്ന അഞ്ചാം പനി. ന്യുമോണിയ, മസ്‌തിഷ്‌ക ജ്വരം, കാഴ്‌ചക്കുറവ്, വയറിളക്കം തുടങ്ങി മരണ കാരണം ആയേക്കാവുന്ന സങ്കീര്‍ണ്ണതകള്‍ ഈ വൈറസ് രോഗത്തിനുണ്ട്.
ലക്ഷണങ്ങള്‍
പനി, ചുമ, ജലദോഷം, കണ്ണിക്കേട് (കണ്ണിന് ചുവപ്പ്) ആണ് തുടക്കം. ഏതാണ്ട് അഞ്ചാം ദിവസം മുഖത്ത് തുടങ്ങി ദേഹമാസകലം ചുവന്ന, തിണര്‍ത്ത, ചൂടുകുരു പോലെ ഉള്ള പാടുകള്‍ പ്രത്യക്ഷമാകും. തുടര്‍ന്ന് രോഗം ശക്തി പ്രാപിച്ചു സങ്കീര്‍ണ്ണതകളിലേക്ക് പോകാം, അല്ലെങ്കില്‍ മാറാം. അഞ്ചാം പനി (പ്രാദേശികമായി മണല്‍, ചപ്പട്ട, പൊങ്ങന്‍ പനി ഇങ്ങനെ മറ്റ് പേരുകളും ഉണ്ട്) വന്നു പോയി ഏതാനും മാസങ്ങളില്‍ പ്രതിരോധ ശക്തി കുറയുന്നു. മറ്റു രോഗാണുക്കള്‍കൊണ്ടുള്ള ന്യുമോണിയ തുടങ്ങിയ അസുഖങ്ങള്‍ എളുപ്പത്തില്‍ കടന്നു പിടിക്കുന്ന സാഹചര്യമാണിത്.
ചികിത്സ
പനി, വയറിളക്കം കൊണ്ടുള്ള നിര്‍ജലീകരണം എന്നിവയ്ക്കുള്ള സാധാരണ ചികിത്സയ്ക്ക് പുറമെ വിറ്റാമിന്‍ എ കൊടുക്കുന്നത് രോഗ സങ്കീര്‍ണ്ണതകളെ ഒഴിവാക്കാന്‍ സഹായകമാണ്. ശ്വാസ തടസ്സം അനുഭവപ്പെടുന്ന രോഗികള്‍ക്ക് ഓക്‌സിജന്‍, വെന്റിലേറ്റര്‍ സഹായം വേണ്ടിവരും.
റൂബെല്ല
അഞ്ചാം പനിക്ക് സമാനമായ ലക്ഷണങ്ങള്‍ ഉള്ള, താരതമ്യേന സങ്കീര്‍ണ്ണതകളും മരണ നിരക്കും കുറവുള്ള അസുഖമാണ് റൂബെല്ല അഥവാ ജര്‍മ്മന്‍ മീസില്‍സ്.
എന്നാല്‍ ഇത് ഗർഭിണികൾക്ക് വന്നാൽ ഗര്‍ഭസ്ഥ ശിശുവിന് അപകടകരമാണ്.
പ്രതിരോധം
ജനിച്ചു പത്താം മാസത്തിലും, പതിനാറാം മാസത്തിലും നല്‍കുന്ന എം.ആര്‍. പ്രതിരോധ കുത്തിവയ്പ്പ് വഴി രണ്ട് രോഗങ്ങളില്‍ നിന്നും ആയുഷ്‌കാല പരിപൂര്‍ണ്ണ സംരക്ഷണം ലഭിക്കും.
വാക്‌സിന്റെ പ്രാധാന്യം
2023 ഡിസംബറോടെ ഇന്ത്യ അടക്കമുള്ള തെക്ക് കിഴക്കന്‍ രാജ്യങ്ങള്‍ മീസില്‍സ് റൂബെല്ല രോഗങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യും എന്ന് പ്രതിജ്ഞ എടുത്തിരിക്കുകയാണ്. ആരോഗ്യ രംഗത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പശ്ചാത്തലത്തിലാണ് പ്രാധാന്യമേറുന്നത്.
നാലിന കര്‍മ്മ പദ്ധതി ആണ് സംസ്ഥാനം നടപ്പിലാക്കി വരുന്നത്.
1. രണ്ട് ഡോസ് എം ആർ വാക്‌സിന്‍ 95 ശതമാനം അഞ്ചു വയസ്സുവരെ ഉള്ള എല്ലാ കുട്ടികള്‍ക്കും നല്‍കുക
2. ശക്തമായ രോഗ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തി ഒരൊറ്റ രോഗി പോലും കണ്ടെത്തപ്പെടാതെ പോകുന്നില്ല എന്ന് ഉറപ്പാക്കുക.
3. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് രോഗ നിര്‍ണ്ണയം നടത്തുന്ന രാജ്യാന്തര നിലവാരത്തിലുള്ള ലാബ് സൗകര്യം.
4. ഉണ്ടാവുന്ന രോഗ വ്യാപനങ്ങള്‍ (outbreak) നേരത്തെ കണ്ടറിഞ്ഞു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
നിലവിലെ സ്ഥിതി
– പ്രതിരോധ കുത്തിവയ്പ്പ്
എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി 10/16 മാസങ്ങളില്‍ രണ്ട് ഡോസ് എം.ആര്‍.വാക്‌സിന്‍ കൊടുക്കുന്നു.
90 ശതമാനം കുട്ടികൾക്ക് ഒന്നാം ഡോസ് എം ആർ കുത്തിവയ്പ്പ് നല്‍കി.
വാക്‌സിനെപ്പറ്റിയുള്ള തെറ്റായ വിശ്വാസങ്ങളും, അന്ധവിശ്വാസങ്ങളും, പാര്‍ശ്വഫലത്തെ സംബന്ധിച്ച അകാരണമായ ഭയവും കാരണം കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാനാണ് ശ്രമം.
-രോഗ നിരീക്ഷണം
പനി, അതോടൊപ്പംചുവന്ന തിണര്‍ത്ത പാടുകള്‍ പൊന്തുന്ന എല്ലാവരെയും പരിശോധിച്ച്ചികിത്സനല്‍കുന്നു. ഒപ്പംമീസില്‍സ്/റൂബെല്ലരോഗനിര്‍ണ്ണയത്തിന് ആവശ്യമായ സ്രവ /രക്ത സാമ്പിളുകള്‍ എടുക്കുന്നു.
-രോഗ നിര്‍ണയം
ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിങ്ങനെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ഉള്ള രണ്ട് ലാബുകള്‍ സംസ്ഥാനത്തുണ്ട്. 2023-ല്‍ തന്നെ ഈ ലാബുകള്‍ 2000-ല്‍ അധികം സാമ്പിളുകള്‍ പരിശോധിച്ചു.
-രോഗപ്പകര്‍ച്ച പ്രതിരോധം
വാക്‌സിന്‍ എടുക്കാത്ത കുട്ടികള്‍ അധികമുള്ള പ്രദേശങ്ങളില്‍ മീസില്‍സ് രോഗപ്പകര്‍ച്ച കണ്ടെത്തിയാലുടന്‍ ഊര്‍ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
ലോകമെമ്പാടും ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയും ജീവന്‍ കവര്‍ന്ന പകര്‍ച്ച വ്യാധിക്കു കേരളത്തിലെ ഒരു കുഞ്ഞുപോലും ഇരയായിക്കൂട എന്നതില്‍ പ്രതിജ്ഞാബദ്ധമാണ് സര്‍ക്കാര്‍. ഇതു സാധ്യമാക്കാന്‍ എല്ലാവരും ചെയ്യേണ്ടത് ഇത്രമാത്രം-വീട്ടിലും ചുറ്റുമുള്ള കുഞ്ഞുങ്ങള്‍ക്കും രണ്ട് ഡോസ് എം ആർ പ്രതിരോധ കുത്തി വയ്‌പ്പ് ഉറപ്പ് വരുത്തുക. അത് ഓരോ കുഞ്ഞിന്റെയും ജന്മാവകാശമാണ്.