ദുരന്ത നിവാരണ സംവിധാനം
കേരളത്തില്‍ വര്‍ഷത്തിലുട നീളം മഴ ലഭിക്കുന്നുണ്ടെങ്കിലും ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഇടവപ്പാതിയും (തെക്ക്-പടിഞ്ഞാറന്‍ കാലവര്‍ഷം) ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള തുലാവര്‍ഷവും (വടക്ക്-കിഴക്ക് കാലവര്‍ഷം) ആണ് കേരളത്തില്‍ മഴക്കാലമായി കണക്കാക്കുന്നത്. ഇടവപ്പാതിയില്‍ വടക്കന്‍ കേരളത്തിനാണ് കൂടുതല്‍ മഴ ലഭിക്കുന്നതെങ്കില്‍ തുലാവര്‍ഷം ഏറ്റവും കൂടുതല്‍ പെയ്‌തിറങ്ങാറുള്ളത് തെക്കന്‍ കേരളത്തിലാണ്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങള്‍ കണക്കിലെടുത്താണ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കുന്നത്. ജില്ലാ തലത്തില്‍ പ്രതീക്ഷിക്കാവുന്ന മഴയുടെ തീവ്രതക്കനുസരിച്ച് പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളിലായി മഴ മുന്നറിയിപ്പുകള്‍ നല്‍കുന്നു. ഈ സൂചനകള്‍ അനുസരിച്ചാണ് വിവിധ തയ്യാറെടുപ്പുകള്‍.
മഞ്ഞ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ കരുതലും ജാഗ്രതയും പ്രധാനമാണ്. കര്‍ശന സുരക്ഷാ നടപടി സ്വീകരിക്കേണ്ട അപകട സൂചനാ സന്ദേശമാണ് ചുവപ്പ് അലര്‍ട്ട്. ഏപ്രില്‍-മെയ് മാസങ്ങളില്‍ വേനല്‍ മഴയോടനുബന്ധിച്ചും തുലാവര്‍ഷ കാലത്തുമാണ് ഇടിയോട് കൂടിയ മഴയുടെ മുന്നറിയിപ്പ്. അറിയിപ്പ് ലഭിച്ചാലുടന്‍ ഇടിമിന്നലില്‍ നിന്ന് സുരക്ഷ നേടാനുള്ള നിര്‍ദേശങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്നു.
കാലവര്‍ഷത്തില്‍ കേരളം നേരിടുന്ന പ്രധാന ദുരന്ത സാധ്യതകള്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയാണ്. തീരദേശ മേഖലകളില്‍ വെള്ളപ്പൊക്കത്തോടൊപ്പം കടലാക്രമണവും പ്രതീക്ഷിയ്ക്കാം. മഴക്കാല ജന്യരോഗങ്ങളും മറ്റനുബന്ധ പ്രശ്‌നങ്ങളും കരുതലോടെ കൈകാര്യം ചെയ്‌തു വരുന്നു.
അതോറിറ്റിയുടെ മണ്‍സൂണ്‍ തയ്യാറെടുപ്പ്
കാലവര്‍ഷാരംഭത്തിന് വളരെ മുന്‍പ് തന്നെ മഴക്കാല തയാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യാനും ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിര്‍ദേശം നല്‍കുവാനും ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മണ്‍സൂണ്‍ മുന്നൊരുക്ക പ്രവര്‍ത്തന യോഗം ചേര്‍ന്നു. പഞ്ചായത്ത് തലത്തിലുള്ള ദുരന്ത സാധ്യതാ വിശകലനം, ജില്ലാ/സംസ്ഥാന/വകുപ്പ്തല ദുരന്ത നിവാരണ പ്ലാന്‍ തയ്യാറാക്കല്‍, ദുരന്ത പ്രതികരണത്തില്‍ പൊതുജനങ്ങളെ പ്രാപ്‌തരാക്കുവാൻ പ്രാദേശിക സന്നദ്ധ സേനകളെ പരിശീലിപ്പിക്കല്‍ എന്നിങ്ങനെയുള്ള മറ്റു പ്രധാന പ്രവര്‍ത്തനങ്ങളും തയ്യാറെടുപ്പുകളും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഭാഗത്ത് നിന്നുമുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളെ ദുരന്ത നിവാരണത്തില്‍ പ്രാപ്‌തരാക്കുവാൻ പഞ്ചായത്ത് ദുരന്ത നിവാരണ പ്ലാനുകളും തയ്യാറാക്കിയിട്ടുണ്ട്.
ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയോ ജില്ലാ കലക്‌ടർമാരുടെയോ നേതൃത്വത്തില്‍ നടത്തി. ജില്ലാടിസ്ഥാനത്തില്‍ ദുരന്ത സാധ്യത വിലയിരുത്തുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയെ സഹായിക്കുന്നതിനുമായി എല്ലാ ജില്ലകളിലും ഹസാഡ് അനലിസ്റ്റുമാരെ നിയമിച്ചിട്ടുണ്ട്. സംസ്ഥാന/ജില്ല/താലൂക്ക് തലങ്ങളില്‍ സ്ഥിരം സംവിധാനമായി പ്രവര്‍ത്തിക്കുന്ന അടിയന്തര ഘട്ട ദുരന്ത പ്രതികരണ കേന്ദ്രങ്ങളും വില്ലേജ്/പഞ്ചായത്ത് തലങ്ങളിൽ താല്‍ക്കാലിക കണ്‍ട്രോള്‍ റൂമുകളും സജ്ജമാണ്.
മുന്നറിയിപ്പ് സംവിധാനം
വിവിധ കാലാവസ്ഥാ ഏജന്‍സികളുടെ വിവരങ്ങള്‍ ശേഖരിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മലയാളത്തിലും ഇംഗ്ലീഷിലും ക്രോഡീകരിച്ച് ഭൂപടം ഉള്‍പ്പെടുത്തി, എല്ലാ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും, മാധ്യമങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും പൊതുജനങ്ങള്‍ക്കും വിവിധ മുന്നറിയിപ്പുകള്‍ ലഭ്യമാക്കുന്നു.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിക്കുമ്പോള്‍ സംസ്ഥാന/ജില്ല/താലൂക്ക് തലങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍, സേനകളുടെ പ്രതിനിധി എന്നിവരുള്‍പ്പെടുന്ന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ നിലവില്‍ വരുന്നു. അടിയന്തര സാഹചര്യത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ എല്ലാ വകുപ്പുകള്‍ക്കും ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം (IRS) പരിശീലനം നല്‍കി.
കേരളത്തിലെ പ്രധാന അണക്കെട്ടുകളുടെ തല്‍സ്ഥിതി/അലര്‍ട്ട് ഉള്ള ഡാമുകളുടെ വിവരങ്ങള്‍ എന്നിവ എല്ലാ ദിവസവും പ്രസിദ്ധീകരിക്കുന്നു. അലര്‍ട്ട് നില നില്‍ക്കുന്ന ഡാമുകളുടെ നദീതീരങ്ങളില്‍ താമസിക്കുന്ന ആളുകള്‍ക്ക് പ്രത്യേകം ജാഗ്രതാ നിര്‍ദേശം നല്‍കുന്നു.
വര്‍ഷ കാലത്ത് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ ദുരന്ത സാധ്യതാ മേഖലകള്‍ കേന്ദ്രീകരിച്ച് സ്ഥിരമായോ/താല്‍ക്കാലികമായോ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നു. ദുരിതബാധിതര്‍ക്കുള്ള ഭക്ഷണം, കുടിവെള്ളം മുതലായവ ഒരുക്കുകയും ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യം ഉറപ്പാക്കുകയും ചെയ്യുന്നു. വിവിധോദേശ്യ ചുഴലിക്കാറ്റ് അഭയ കേന്ദ്രങ്ങള്‍ തീരദേശ ജില്ലകളിലായി 15 എണ്ണം പ്രവര്‍ത്തന സജ്ജമാണ്. തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങള്‍ നിരന്തരമാകുന്ന സാഹചര്യത്തില്‍ ഭയപ്പാടില്ലാതെ ജാഗ്രതയോടെ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏകോപനത്തോടെ സുരക്ഷ ഒരുക്കുകയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.