കുട്ടികളും കുടുംബങ്ങളും പങ്കാളികള്‍

പകര്‍ച്ച രോഗങ്ങളുടെ വ്യാപനം തടയാന്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുകയാണ് ആരോഗ്യ വകുപ്പ്. വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കി കുടുംബങ്ങളുടെ പിന്തുണയോടെ രോഗങ്ങള്‍ പടരുന്നത് നിയന്ത്രിക്കുന്ന രീതിയാണ് പിന്തുടരുന്നത്. അവബോധം സൃഷ്‌ടിക്കുന്നതിലുപരിയായി ക്രിയാത്മക ഇടപെടല്‍ നടത്തിയുള്ള ശാസ്ത്രീയ രോഗ പ്രതിരോധ മാര്‍ഗങ്ങളാണ് പ്രാവര്‍ത്തികമാക്കുക.

വിദ്യാര്‍ഥികളെ മുന്നണിയിലേക്ക് എത്തിക്കുന്നതു വഴി ഓരോ കുടുംബത്തിന്റെയും സജീവമായ ഇടപെടലാണ് പ്രതീക്ഷിക്കുന്നത്. ഉറവിടത്തില്‍ മാലിന്യം ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനത്തിനാണ് പ്രാമുഖ്യം. മാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതു വഴി രോഗവാഹകരായ കൊതുകുകള്‍ പെരുകുന്നത് തടയാനാകും. അതിനാണ് കുട്ടികളുടെ കൃത്യമായ ഇടപെടല്‍ ആവശ്യമായി വരുന്നത്.

അവരവരുടെ വീടും പരിസരവും ഉറവിട മുക്തമാക്കുന്നതാണ്‌ ലക്ഷ്യം. എല്ലാ ഞായറാഴ്‌ചകളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ വീടുകളില്‍ ശാസ്ത്രീയമായി നടപ്പാക്കി ‘ഡ്രൈ ഡേ’ ആചരണം ശക്തിപ്പെടുത്തും. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഓരോ ആഴ്‌ചയിലും ഏറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങളും അനുബന്ധ പ്രക്രിയകളും അടങ്ങുന്ന ചെക്ക് ലിസ്റ്റ് എല്ലാ കുട്ടികൾക്കും നല്‍കുകയാണ്. രക്ഷിതാക്കളും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു.

അധ്യാപകരുടെയും വിദഗ്‌ധ സമിതിയുടെയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച പ്രവര്‍ത്തകരെ ഉപജില്ല/ബ്ലോക്ക് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. ജില്ല അടിസ്ഥാനത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്ന സ്‌കൂളുകള്‍ക്കും കുട്ടികള്‍ക്കും ക്യാഷ് അവാർഡ്, പ്രശംസാ പത്രം, ട്രോഫി എന്നിവ സമ്മാനിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ വിദ്യാലയങ്ങളിലെത്തി ക്ലാസുകളും നയിക്കും.

ഡ്രൈ ഡേആചരണം

ആഴ്‌ചയിലൊരിക്കൽ വീടുകളിലും സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും പരിസരത്തും കൊതുകുകള്‍ വളരാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ കണ്ടെത്തി നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്യുന്നതാണ്‌ ഡ്രൈ ഡേ ആചരണം. എല്ലാ വെള്ളിയാഴ്‌ചകളിൽ-വിദ്യാലയങ്ങളിലും ശനിയാഴ്‌ചകളിൽ-സ്ഥാപനങ്ങളിലും ഞായറാഴ്‌ചകളിൽ-വീടുകളിലുമായാണ്‌ ഡ്രൈ ഡേ ആചരണം.

കൊതുക് വളരാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍

മുറ്റത്തോ പരിസരത്തോ കെട്ടിടത്തിനുള്ളിലോ വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള വസ്‌തുക്കളും ഉപകരണങ്ങളും മാലിന്യങ്ങളുമെല്ലാം കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാഹചര്യമൊരുക്കുന്നു. ഒരു സ്‌പൂൺ വെള്ളത്തില്‍പ്പോലും കൊതുക് മുട്ടയിട്ട് പെരുകും. മുട്ടത്തോട്, ചിരട്ട, കമുകിന്‍ പാള, തുറന്ന കുപ്പി, പ്ലാസ്റ്റിക് വസ്‌തുക്കൾ, കളിപ്പാട്ടങ്ങള്‍, ടയറുകള്‍, ചെടിച്ചട്ടികള്‍, വെള്ളം ശേഖരിച്ച പാത്രങ്ങള്‍, തുറന്ന ടാങ്കുകള്‍, വെള്ളം ഒഴുകിപ്പോകാത്ത ടെറസ്സുകള്‍, സണ്‍ഷേഡ്, പാത്തികള്‍, ഫ്രിഡ്‌ജ്, എ. സി, കൂളര്‍ തുടങ്ങിയവയുടെ അടിയിലും പിറകിലുമുള്ള ട്രേ എന്നിങ്ങനെ വീടും പരിസരവും നിരീക്ഷിച്ചാല്‍ വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ കുട്ടികള്‍ കണ്ടെത്തി റിപ്പോര്‍ട്ട്‌ ചെയ്യുകയും രക്ഷിതാക്കളുടെ സഹായത്തോടെ നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുകയാണ് പ്രധാനം.