മഴക്കാല രോഗങ്ങള്‍ ഹോമിയോപ്പതി സുസജ്ജം

അലോപ്പതി, ആയുര്‍വേദ വിഭാഗങ്ങളിലേതു പോലെ പകര്‍ച്ച വ്യാധികള്‍ പ്രതിരോധിക്കുന്നതിനു ഹോമിയോപ്പതി വകുപ്പിൻ്റെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ എല്ലാവിധ മുന്നൊരുക്കങ്ങളും നടപടികളും  സ്വീകരിച്ചു.

ദ്രുതകര്‍മ്മ സാംക്രമിക രോഗ നിയന്ത്രണ സെല്‍

ഹോമിയോപ്പതി വകുപ്പിൻ്റെ പകര്‍ച്ചവ്യാധി നിയന്ത്രണങ്ങള്‍ മുഴുവന്‍ ദ്രുത കര്‍മ്മ സാംക്രമിക രോഗ നിയന്ത്രണ സെല്‍ (RAECH)ൻ്റെ  മേല്‍നോട്ടത്തിലാണ് നടന്നു വരുന്നത്. സംസ്ഥാനത്തിൻ്റെ ഏതെങ്കിലും പ്രദേശത്തു പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌താൽ പ്രതിരോധ മരുന്ന്‌ വിതരണം, മെഡിക്കല്‍ ക്യാമ്പുകള്‍, സെമിനാറുകള്‍ ബോധവല്‍ക്കരണം എന്നിവ സംഘടിപ്പിക്കുന്നത്‌ റിച്ചിൻ്റെ ആഭിമുഖ്യത്തിലാണ്. ഹോമിയോപ്പതി വകുപ്പിൻ്റെ കീഴിൽ സംസ്ഥാനതലത്തിലും, ജില്ലാതലത്തിലും പകര്‍ച്ചപ്പനി അടക്കമുള്ള മഴക്കാല രോഗങ്ങളുടെവ്യാപനം തടയുന്നതിനും, വേണ്ടുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും നിര്‍ദേശങ്ങള്‍ നല്‍കുകയും, അതു പ്രാവര്‍ത്തികമാക്കുന്നുണ്ടോ എന്ന്‌ വിലയിരുത്തുകയും ചെയ്‌തു പോരുന്നു.

റീച്ചിൻ്റെ ജില്ലാതല വിദഗ്‌ധ സമിതി (DLEG), ജില്ലയിലെ വിവിധ ഇടങ്ങളില്‍ വ്യാപിക്കുന്ന ഡെങ്കിക്കേസുകള്‍, മറ്റു വൈറല്‍ പനികള്‍ എന്നിവയുടെ വിവരങ്ങള്‍ ശേഖരിച്ച് ഇവയെ ചെറുക്കാനുള്ള പ്രതിരോധ മരുന്നുകള്‍ നിശ്ചയിക്കുകയും ഇതിന് സംസ്ഥാനതല വിദഗ്‌ധ സമിതിയുടെ അംഗീകാരം നേടുകയുംചെയ്യുന്നു. നിശ്ചയിച്ച ഹോമിയോപ്പതി പ്രതിരോധ മരുന്ന് (Genus epidemics) കഴിക്കേണ്ട വിധവും എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും വകുപ്പിലെ എല്ലാ ജീവനക്കാരുടെയും അറിവിലേക്കായി നിര്‍ദേശങ്ങളും കൈമാറിയിട്ടുണ്ട്.

പനി ക്ലിനിക്കുകള്‍

ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രത്യേകം സജ്ജമാക്കിയ പനി ക്ലിനിക്കുകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. എല്ലാ സര്‍ക്കാര്‍/എന്‍.എച്ച്.എം ഹോമിയോപ്പതി ഡിസ്‌പെന്‍സറികളും പകര്‍ച്ചപ്പനി ചികിത്സിക്കുന്നതിനു സുസജ്ജമാക്കിയിട്ടുണ്ട്. പ്രതിരോധ മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളിലും ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇപ്പോള്‍ കണ്ടു വരുന്ന പകര്‍ച്ചപ്പനികളെക്കുറിച്ചും അവയ്ക്ക് എങ്ങനെ ചികിത്സ തേടണം, അവയുടെ വ്യാപനം തടയുന്നതിന് എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ എന്നിവയെക്കുറിച്ച് ജനങ്ങളുടെ അറിവിലേക്കായി ലഘു ലേഖകള്‍ വിതരണം ചെയ്യുകയും ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്. റീച്ചിൻ്റെ നേതൃത്വത്തില്‍ പനി ബാധിത പ്രദേശങ്ങളില്‍ ആവശ്യാനുസരണം മെഡിക്കല്‍ ക്യാമ്പുകളും ബോധവല്‍ക്കരണ ക്ലാസ്സുകളും നടത്തി വരുന്നു.

മഴക്കാല രോഗ പ്രതിരോധം – ഹോമിയോപ്പതി സമീപനം

പ്രധാനമായും രണ്ടു രീതിയിലാണ്‌ ഹോമിയോപ്പതി മഴക്കാല രോഗങ്ങളുടെ പ്രതിരോധം സാധ്യമാക്കുന്നത്

  1. ചിട്ടയായ ജീവിത ക്രമം പാലിക്കുക വഴി രോഗ പ്രതിരോധ ശേഷി സംരക്ഷിച്ചു കൊണ്ട്‌ രോഗപ്പകര്‍ച്ചയ്ക്കുള്ള സാധ്യത പരിമിതപ്പെടുത്തുക

  2. ഔഷധങ്ങളുടെ സഹായത്തോടെ പ്രതിരോധ ശേഷിയെ ഉദ്ദീപിപ്പിക്കുക വഴി പകര്‍ച്ച വ്യാധികള്‍ തടയുക.

വൃത്തിയുള്ളതും പോഷകമൂല്യമുള്ളതുമായ ലളിതമായ ആഹാര രീതിയാണ്‌ ഹോമിയോപ്പതി പ്രോത്സാഹിപ്പിക്കുന്നത്. കൊഴുപ്പ്, മധുരം, പുളി രസം, എന്നിവ കുറഞ്ഞ, സുഗന്ധ വ്യഞ്ജനങ്ങള്‍/മസാലകള്‍ അധികമായി ചേര്‍ക്കാത്ത ആഹാരങ്ങള്‍ തെരഞ്ഞെടുക്കുന്നത് ആരോഗ്യകരമാണ്.   പഴകിയ ആഹാര വസ്‌തുക്കൾ, കാപ്പി, ചായ, മദ്യം, മറ്റ്‌ ലഹരി വസ്‌തുക്കൾ എന്നിവ ഒഴിവാക്കാവുന്നതാണ്. ശുദ്ധമായ വെള്ളം കുടിക്കുക. ചിട്ടയായ വ്യായാമം, വിശ്രമം/ ഉറക്കം എന്നിവയ്ക്കും രോഗ പ്രതിരോധ ശേഷി നില നിര്‍ത്തുന്നതില്‍ പ്രധാന പങ്കുണ്ട്.

മഴക്കാല രോഗങ്ങളുടെ ലക്ഷണങ്ങള്‍ക്കനുസരിച്ച്‌ വിവിധതരം ഹോമിയോപ്പതി ഔഷധങ്ങള്‍ ഉപയോഗിക്കുന്നതില്‍ റഹസ്‌ടോക്‌സ്, ആര്‍സ്ആല്‍ബ്, യൂപറ്റോറിയം, ഫെറംഫോസ്, സിന്‍കോണ മുതലായ മരുന്നുകള്‍ പ്രധാനമാണ്. ഏതൊരു രോഗത്തേയും പോലെ തന്നെ മഴക്കാല രോഗങ്ങള്‍ക്കും കൃത്യമായ രോഗ നിര്‍ണ്ണയം നടത്തേണ്ടത് അത്യാവശ്യമാണ്.  സ്വയം ചികിത്സ പാടില്ല. ഹോമിയോപ്പതി സേവനങ്ങള്‍ക്കായി അംഗീകൃത ഡോക്‌ടർമാരെ/സ്ഥാപനങ്ങളെ മാത്രം സമീപിക്കുക. ഡോക്‌ടർമാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പാലിക്കുക.