ആയുര്‍വേദ ചര്യയില്‍ ആരോഗ്യ സംരക്ഷണം
പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രിക്കുന്നതിനും ചികിത്സയ്ക്കുമായി എല്ലാ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും ഭാരതീയ ചികിത്സാ വകുപ്പ് ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കി. എല്ലാ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും പ്രതിരോധ ചികിത്സാ മരുന്നുകള്‍ കൃത്യമായി എത്തിക്കുകയും മരുന്നു ക്ഷാമമില്ലെന്ന് ഉറപ്പാക്കുകയും ചെയ്‌തു. ഓരോ സ്ഥലത്തിൻ്റെയും പ്രത്യേക സാഹചര്യം മനസ്സിലാക്കി അത് നേരിടുന്നതിനുള്ള ഫലപ്രദമായ പ്രവര്‍ത്തനങ്ങളാണ് നിര്‍വഹിച്ചു വരുന്നത്.
പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി പ്രത്യേക സെല്‍
പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി എല്ലാ ജില്ലകളിലും ജില്ലാതല സെല്ലും നിയമസഭ നിയോജക മണ്ഡലതല സെല്ലും പ്രവര്‍ത്തിക്കുന്നു. ഏതെങ്കിലും പ്രത്യേക സ്ഥലങ്ങളില്‍ കൂടുതലായി പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്യുന്ന പക്ഷം അതത് നിയോജക മണ്ഡല തല സെല്ലുകള്‍ മുഖേന കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തി വരുന്നു.
പ്രായമായവരും കുട്ടികളും
സാംക്രമിക രോഗങ്ങള്‍ കൂടുതല്‍ ബാധിക്കുവാനും സങ്കീര്‍ണ്ണമാകുവാനും സാധ്യതയുള്ളത് പ്രായമായുള്ളവരെയും കുട്ടികളെയുമാണ്. ഇവരുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കി അവരുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നുകളാണ് നല്‍കുന്നത്.
ഡെങ്കിപ്പനി, എലിപ്പനി
ഡെങ്കിപ്പനി, എലിപ്പനി എന്നിവ പല ഭാഗങ്ങളിലും കണ്ടു വരുന്ന സാഹചര്യത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഡെങ്കിപ്പനി, എലിപ്പനി എന്നിവക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണം എന്നിവ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ള വാര്‍ഡുകളില്‍ കൊതുകിലൂടെ പനി പടരുന്നത് തടയുന്നതിനായി ധൂപന ചൂര്‍ണ്ണങ്ങളും (അപരാജിത ധൂപചൂര്‍ണ്ണം) പനി പ്രതിരോധൗഷധങ്ങളും നല്‍കി വരുന്നു. പനി ബാധിച്ചവര്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ തൊട്ടടുത്ത സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയില്‍/ ആശുപത്രിയില്‍ ചികിത്സ തേടേണ്ടതാണ്.
അവബോധം
ആരോഗ്യ സംരക്ഷണത്തിന് വ്യക്തിഗത ശുചിത്വവും സാമൂഹിക ശുചിത്വവും പാലിക്കേണ്ട ആവശ്യകതയെക്കുറിച്ചും ആരോഗ്യ ജീവിതത്തിന് ആയൂര്‍വേദ മാര്‍ഗങ്ങള്‍ ഫലപ്രദമാണെന്ന് പൊതുജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കുന്നതിനുമായി ബോധവല്‍ക്കരണ ക്ലാസ്സുകള്‍, ട്രെയിനിങ്ങുകള്‍ എന്നിവയും നല്‍കുന്നുണ്ട് പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പോസ്റ്ററുകളിലൂടെയും ഇന്‍ഫര്‍മേഷന്‍, എഡ്യൂക്കേഷന്‍, കമ്മ്യൂണിക്കേഷന്‍ മാതൃകകളിലൂടെയും കൂടുതല്‍ അവബോധം സൃഷ്‌ടിക്കാൻ ഭാരതീയ ചികിത്സാ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. പൊതു സ്ഥലങ്ങളിലും വിവിധ സ്ഥാപനങ്ങളിലും ഇവ പ്രദര്‍ശിപ്പിക്കുന്നതിലൂടെ കൂടുതല്‍ ആള്‍ക്കാരില്‍ രോഗപ്രതിരോധത്തിൻ്റെ സന്ദേശം എത്തിക്കാന്‍ കഴിഞ്ഞു.
ആയുര്‍ രീതി ആഹാരത്തില്‍ ശ്രദ്ധിക്കേണ്ടവ
- തണുത്തതും പഴകിയതും ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ഭക്ഷണം ഒഴിവാക്കുക
- പച്ചക്കറികളും പഴ വര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
- ചുക്ക്, കുരുമുളക്, കറിവേപ്പില, മഞ്ഞള്‍, വെളുത്തുള്ളി എന്നീ ദഹനത്തെ സഹായിക്കുന്ന പദാര്‍ഥങ്ങള്‍ ചേർത്ത് മാംസാഹാരം പാചകംചെയ്യുക
- മുതിര, ചെറുപയര്‍ എന്നീ പയറു വര്‍ഗങ്ങളുടെ സൂപ്പുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
- യവം, തിന, ചാമ എന്നീ തൃണ ധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക
- പയറു വര്‍ഗങ്ങളുടെ സൂപ്പുകളും, തൃണ ധാന്യങ്ങളും പ്രമേഹ രോഗികൾക്ക് കൂടുതൽ ഫലപ്രദമാണ്.
- രാത്രി കാലങ്ങളില്‍ സൂര്യാസ്തമയത്തിന് രണ്ടുമണിക്കൂറിനുളളില്‍ എളുപ്പം ദഹിക്കുന്ന ആഹാരം മാത്രം കഴിക്കുക.
- പാനീയങ്ങള്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
- ആയുര്‍വേദ ഔഷധങ്ങള്‍ ഇട്ട് തിളപ്പിച്ച കുടിവെള്ളം കൂടുതല്‍ ഫലപ്രദമാണ്. ഇതിനായി ചുക്ക്, മല്ലി, ഷഡംഗം, പഞ്ചകോലം എന്നിവ ഉപയോഗിക്കാവുന്നതാണ്.
- അധികം തണുത്ത പഴച്ചാറുകള്‍ ഒഴിവാക്കുക.
- ചുക്ക്, മല്ലി, കരിപ്പെട്ടി ശര്‍ക്കര, പേരയില, പനിക്കൂര്‍ക്ക, തുളസിയില ഇവ ചേര്‍ത്ത ഔഷധക്കാപ്പി ഉപയോഗിക്കുക.
- വ്യക്തി ശുചിത്വം പരിസര ശുചിത്വം
- അണുനശീകരണത്തിനും കൊതുകുകളെ അകറ്റി നിര്‍ത്തുന്നതിനും ധൂപനങ്ങള്‍ ശീലമാക്കുക. ഇതിനായി കുന്തിരിക്കം, വയമ്പ, അകില്‍, ഗുൽഗുലും, തുളസിയില, തുമ്പയില, അപരാജിത ധുമചൂര്‍ണ്ണം എന്നിവ ഉപയോഗിക്കാവുന്നതാണ്.
- ദേഹത്ത് കൊതുകുകടി ഏൽക്കുന്നത് തടയുന്നതിനായി തുളസിയില, പനികൂര്‍ക്ക എന്നിവയുടെ നീരുകളോ കര്‍പ്പൂരാദിതൈലം എന്നിവയോ ഉപയോഗിക്കാവുന്നതാണ്.
- മലിന ജലത്തിലിറങ്ങിയ ശേഷവും, രാത്രി കാലങ്ങളിലും, കാലുകളില്‍ മുറിവുകള്‍ ഉണ്ടെങ്കിലും പടിക്കാരം (പൊരിക്കാരം) ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നത് ശീലമാക്കുക.