മുന്‍ കരുതല്‍ ആരോഗ്യ സംരക്ഷണം ഉറപ്പാക്കി
പൊതുജനാരോഗ്യ ബോധവല്‍ക്കരണം, ആരോഗ്യ ഇടപെടലുകള്‍, വെക്റ്റര്‍ നിയന്ത്രണം, കാര്യക്ഷമമായ മാലിന്യ സംസ്‌കരണം എന്നിവ സംയോജിപ്പിച്ച സമഗ്രമായ സമീപനമാണ് മഴ സംബന്ധമായ രോഗങ്ങളുടെ വ്യാപനം തടയുവാന്‍ നമ്മെ സഹായിച്ചത്. മഴക്കാലത്തിന് മുമ്പായി കൊതുകു മുട്ടയിട്ട് വളരുവാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം ഉറപ്പാക്കുക, കുടിവെള്ള സ്രോതസ്സുകളുടെ ശുചീകരണം, പൊതു സ്ഥലങ്ങളുടെ ശുചീകരണം തുടങ്ങിയവ അനുബന്ധ വകുപ്പുകളുടെ സഹകരണത്തോടെ പൊതുജന പങ്കാളിത്തം ഉറപ്പാക്കി മഴക്കാലത്തിന് മുമ്പായി ഏപ്രില്‍-മെയ് മാസങ്ങളിൽ നടത്തിയിട്ടുണ്ട്.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഉരുള്‍ പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിന് ആരോഗ്യ സ്ഥാപനങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്.
വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി ഇൻ്റർ സെക്റ്ററൽ കോർഡിനേഷൻ മീറ്റിങ്ങുകള്‍ പഞ്ചായത്ത്, ബ്ലോക്ക്, ജില്ല, സംസ്ഥാന തലങ്ങളിലും നടത്തി. ഏപ്രിലില്‍ പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിച്ച് ഡ്രൈ കണ്ടെയ്‌നർ എലിമിനേഷന്‍ പ്രവര്‍ത്തനങ്ങള്‍, മേയ് മാസത്തിൽ ശുചിത്വ വാരാചരണം സംഘടിപ്പിച്ചു. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ കൃത്യമായ അവലോകന യോഗങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നടത്തിയിരുന്നു.
തോട്ടങ്ങളിലും, നിര്‍മ്മാണ സ്ഥലങ്ങളിലും ശുചീകരണ, കൊതുകുറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, ഗാര്‍ഹിക/പൊതുസ്ഥല ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടപ്പിലാക്കി. നഗര പ്രദേശങ്ങളില്‍ കൊതുക് വളരുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ഡി.വി.സി യൂണിറ്റും നഗരസഭയുടെ ആരോഗ്യവിഭാഗവും ചേര്‍ന്ന് കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നു.
അതിഥിത്തൊഴിലാളികളുടെ സ്‌ക്രീനിങ്ങിനായി മൊബൈല്‍ സ്ക്രീനിങ്ങ് ടീമും ഡി. വി. സി യൂണിറ്റും നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ക്യാമ്പുകള്‍ സംഘടിപ്പിച്ച് രോഗ നിരീക്ഷണം ശക്തമാക്കുകയും, രോഗം സ്ഥിരീകരിക്കുന്നവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഈഡിസ് കൊതുകുകളുടെ ഉറവിട നശീകരണത്തിനായി ആഴ്‌ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കുവാന്‍ ആഹ്വാനം നടത്തിയിരുന്നു.
അത് തുടർന്നും നടന്നു വരുന്നു. സ്‌കൂളുകളില്‍ വെള്ളിയാഴ്ചയും സ്ഥാപനങ്ങളില്‍ ശനിയാഴ്ചയും വീടുകളില്‍ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിക്കുന്നു. ഇതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാർഡ് തല ആരോഗ്യ ശുചിത്വ പോഷണ സമിതി പുനഃസംഘടന, വാർഡ് തല ആരോഗ്യ ജാഗ്രത സമിതി യോഗങ്ങള്‍, ഹെല്‍ത്ത് സ്‌ക്വാഡ് രൂപീകരണം, ശുചിത്വ മാപ്പിങ്ങ്, വാർഡ് തല ആരോഗ്യ ജാഗ്രത കര്‍മ്മ പരിപാടി തയ്യാറാക്കല്‍ എന്നിവ നടത്തി ഹെല്‍ത്ത്‌സ്ക്വാഡ് അംഗങ്ങൾ വീടുകളും, സ്ഥാപനങ്ങളും, പൊതുസ്ഥലങ്ങളും സന്ദര്‍ശിച്ച് ഫീൽഡ് തല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
നല്ല ആരോഗ്യ ശീലങ്ങള്‍ പാലിക്കുന്നതിനും പരിസര ശുചിത്വവും, ഭക്ഷണ ശുചിത്വവും ജലശുചിത്വവും ഉറപ്പു വരുത്തി പകര്‍ച്ച വ്യാധികള്‍ പ്രതിരോധിക്കുവാനും നിയന്ത്രിക്കുവാനുമുള്ള സന്ദേശങ്ങള്‍ ദൃശ്യ, ശ്രവ്യ, അച്ചടി, സാമൂഹിക മാധ്യമങ്ങളിലൂടെ വിപുലമായ രീതിയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. കനത്ത മഴയെ തുടര്‍ന്ന് ക്യാമ്പുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ ഒഴിവാക്കുന്നതിനുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് നല്‍കിയിട്ടുണ്ട്.
ചില പ്രധാന പകര്‍ച്ചവ്യാധികള്‍
മഴക്കാല രോഗങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് കൊതുക് ജന്യ രോഗങ്ങളാണ്. ഇതില്‍ തന്നെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഡെങ്കിപ്പനിയാണ്. ഇതോടൊപ്പം എലിപ്പനി, എച്ച് 1 എന്‍ 1 എന്നിവയും കൂടുതലായി കണ്ടു വരുന്നു. നേരത്തെ രോഗം തിരിച്ചറിയപ്പെടാതെ പോകുന്നതു കൊണ്ടാണ് പല രോഗികളും മരണമടയുന്നത്. കൃത്യസമയത്ത് രോഗനിര്‍ണ്ണയം നടത്തിയാല്‍ ഒഴിവാക്കാവുന്നതാണ് ഈ മരണങ്ങളെല്ലാം.
ഡെങ്കിപ്പനി
ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകള്‍ വഴിയാണ് ഡെങ്കിപ്പനി പകരുന്നത്. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകള്‍ക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകള്‍, ഓക്കാനവും ഛര്‍ദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ തന്നെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ചികിത്സ തേടേണ്ടതാണ്.
എലിപ്പനി
എലിപ്പനി രോഗലക്ഷണങ്ങളായി കടുത്ത പനി, തലവേദന, ശരീര വേദന, കണ്ണിനു ചുവപ്പ്, വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസം എന്നിവ കണ്ടാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയോ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്. സ്ഥിരമായി മണ്ണിലും വെള്ളത്തിലും ഇറങ്ങി പണിയെടുക്കുന്നവരില്‍ മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളിലും എലിപ്പനി കണ്ടു വരുന്നുണ്ട്. വിനോദത്തിനായി മീന്‍ പിടിക്കാന്‍ പോകുന്നവരില്‍പ്പോലും എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ എലിപ്പനി വരാന്‍ സാധ്യതയുള്ള എല്ലാവരും പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിക്കേണ്ടതാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മുഖേന ജനങ്ങളില്‍ അവബോധം സൃഷ്ടിച്ചിട്ടുണ്ട്.
എച്ച് 1 എന്‍ 1
പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവ എച്ച്1 എന്‍1 രോഗത്തിൻ്റെ ലക്ഷണമാകാം. തുടക്കത്തില്‍ തന്നെ ചികിത്സിക്കുകയാണെങ്കില്‍ പ്രശ്നം ഗുരുതരമാകാതെ ശ്രദ്ധിക്കാന്‍ സാധിക്കും. ഈ ലക്ഷണങ്ങള്‍ പ്രത്യേകിച്ച് ഗർഭിണികൾ, പ്രായമായവര്‍, ചെറിയ കുട്ടികള്‍, മറ്റേതെങ്കിലും രോഗമുള്ളവര്‍ തുടങ്ങിയവരില്‍ കണ്ടാല്‍ ഒട്ടും വൈകാതെ ചികിത്സ തേടണം. പലപ്പോഴും ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ നിസ്സാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതു കൊണ്ടാണ് അപകടാവസ്ഥയില്‍ എത്തുന്നത്. രോഗബാധിതര്‍ ഇളം ചൂടുള്ള കഞ്ഞിവെള്ളവും പാനീയങ്ങളും കുടിക്കുവാനും, പോഷക സമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കുവാനും പൂര്‍ണ്ണ വിശ്രമമെടുക്കുവാനും ശ്രദ്ധിക്കണം. പരമാവധി വീടിനുള്ളില്‍ തന്നെ കഴിയുകയും സ്‌കൂള്‍, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയും വേണം. കുട്ടികള്‍, ഗര്‍ഭിണികള്‍, വയോജനങ്ങള്‍, അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ മാസ്‌ക് ഉപയോഗിക്കണം.
മഞ്ഞപ്പിത്തം
കുളങ്ങളില്‍ നിന്നുള്ള മലിന ജലത്തിലൂടെയും ഹോട്ടലുകളിലും വിവാഹ സല്‍ക്കാരങ്ങളിലും മറ്റും ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന കൊമേര്‍ഷ്യല്‍ ഐസിലൂടെയും സെപ്റ്റിക് ടാങ്കുകളിലെ ചോര്‍ച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയുമാണ് മഞ്ഞപ്പിത്തം പ്രധാനമായും പടര്‍ന്നു പിടിക്കുന്നത്. അസുഖ ബാധിതര്‍ ധാരാളം വെള്ളം കുടിക്കുകയും, കൊഴുപ്പില്ലാത്ത ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണം. പ്രത്യേകിച്ച് ചികിത്സകളില്ലാത്ത ഈ അസുഖം വിശ്രമത്തിലൂടെ ഒന്നര മാസം കൊണ്ട് പൂര്‍ണ്ണമായും ഭേദമാകും. മഞ്ഞപ്പിത്തത്തിനെതിരെ പ്രതിരോധ കുത്തിവെയ്പ്പ് ലഭ്യമാണ്.