അതിജാഗ്രതയോടെ പ്രതിരോധം

ഡെങ്കിപ്പനി, എലിപ്പനി, എച്ച്. വണ്‍ എന്‍. വണ്‍, ഇന്‍ഫ്ളുവന്‍സ, വയറിളക്ക രോഗങ്ങള്‍ എന്നിവയാണ് മഴക്കാലത്തെ പ്രധാന വെല്ലു വിളികള്‍. പകര്‍ച്ചപ്പനി കേസുകള്‍ തുടരുന്നുണ്ടെങ്കിലും ആശങ്ക വേണ്ട എന്ന ഉറപ്പാണ് നല്‍കാനുള്ളത്. ജൂലൈയില്‍ ഡെങ്കിപ്പനി കേസുകളില്‍ വർധനയുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്‌ധരുടെ വിലയിരുത്തല്‍. ചാക്രിക വര്‍ധന (സൈക്ലിക് ഇന്‍ക്രീസ്) ഈ വര്‍ഷം ഉണ്ടാകുമെന്ന കണക്കു കൂട്ടലിൻ്റെ  അടിസ്ഥാനത്തില്‍ നിയന്ത്രണം ലക്ഷ്യമാക്കി മുന്നൊരുക്കം നടത്തി.  കേസുകള്‍ വലിയ തോതില്‍ വര്‍ധിക്കാതിരിക്കാന്‍ എല്ലാ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കുകയുമാണ്. ഡെങ്കിപ്പനിക്കും മറ്റ്‌ കൊതുജന്യ രോഗങ്ങൾക്ക് എതിരെയും സുരക്ഷാ കവചം തീര്‍ക്കുന്നതിനാണ് ശ്രമം.

തയ്യാറെടുപ്പ് നേരത്തെ

കോവിഡ് കാലയളവിൽ ജനങ്ങളുടെ ആരോഗ്യ ശ്രദ്ധയും മാസ്‌കിൻ്റെ ഉപയോഗവും പകര്‍ച്ചപ്പനി കേസുകളില്‍ ഗണ്യമായ കുറവിന് ഇടയാക്കിയിരുന്നു. മാര്‍ച്ചില്‍ തന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളുടെയും യോഗം വിളിച്ചു ചേർത്ത് മഴക്കാല പൂർവ ശുചീകരണം ശക്തിപ്പെടുത്താന്‍ മുന്‍ കൈയെടുത്തു. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണം, റവന്യൂ, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ മന്ത്രിമാര്‍ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ ശക്തമാക്കി. മഴക്കാല ശുചീകരണത്തിൻ്റെ ഭാഗമായി വിവിധ തലങ്ങളിലെ യോഗങ്ങളും പ്രവര്‍ത്തനങ്ങളും ആരോഗ്യ ജാഗ്രത കലണ്ടര്‍ പ്രകാരം നടത്തി.

മെയ് ആദ്യം  മുതല്‍ ആഴ്‌ച തോറും  ആരോഗ്യ വകുപ്പില്‍ യോഗം ചേർന്ന് സ്ഥിതി ഗതികൾ  വിലയിരുത്തി. പനിക്കാലത്തിനു മുമ്പേ ആശുപത്രികള്‍ സജ്ജമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഈ സാമ്പത്തിക വര്‍ഷത്തെ മരുന്ന്‌ വിതരണം നടത്തി. ആശുപത്രികളില്‍ മരുന്ന്‌ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. മികച്ച ചികിത്സയും പ്രതിരോധവും ഉറപ്പുവരുത്തി മരണങ്ങള്‍ പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. ആശുപത്രികളില്‍ മതിയായ ക്രമീകരണങ്ങളൊരുക്കിയിട്ടുമുണ്ട്. ഫീവര്‍ ക്ലിനിക്കുകള്‍, ഡോക്സി – ഒ.ആര്‍.എസ്‌ കോര്‍ണറുകള്‍ എന്നിവ പ്രവര്‍ത്തിച്ചു വരുന്നു. മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക വാര്‍ഡുകള്‍ സജ്ജമാക്കി.

ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍ തുടരാം

പകര്‍ച്ചപ്പനി വ്യാപനം റിപ്പോര്‍ട്ട്‌ ചെയ്യുന്ന സ്ഥലങ്ങളില്‍ ഫീല്‍ഡു തല പ്രവര്‍ത്തനങ്ങള്‍ സുശക്തമാക്കി. പ്രതിരോധ-അവബോധ പ്രവര്‍ത്തനങ്ങളില്‍ ഐ.എം.എ ഉള്‍പ്പെടെയുള്ള സംഘടനകളും സ്വകാര്യ ആശുപത്രികളും സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍ തുടരേണ്ടതുണ്ട്; വെള്ളിയാഴ്ച-സ്‌കൂളുകള്‍, ശനിയാഴ്ച-ഓഫീസുകള്‍, ഞായറാഴ്ച-വീടുകള്‍ എന്നിങ്ങനെയാണ് ആചരിക്കേണ്ടത്.  സന്നദ്ധ പ്രവര്‍ത്തകരും സര്‍വീസ്‌ സംഘടനകളും മുന്നിട്ടിറങ്ങണം. സ്ഥാപനവും പൊതുയിടവും വീടും പരിസരവും എല്ലാവരും വൃത്തിയായി സൂക്ഷിക്കണം. ഒരു തുള്ളിവെള്ളം പോലും വീടിന് അകത്തോ പുറത്തോ കെട്ടി നിര്‍ത്തരുത്.

കുട്ടികള്‍, പ്രായമായവര്‍, പ്രമേഹം, രക്താതി മര്‍ദം തുടങ്ങിയ രോഗങ്ങളുള്ളവര്‍ പനി ബാധിച്ചാല്‍ എത്രയും വേഗം ചികിത്സ തേടണം; സ്വരക്ഷയ്ക്കായി മാസ്‌ക് ഉപയോഗിക്കണം. പകര്‍ച്ചപ്പനി വ്യാപനം ഉണ്ടാകാതിരിക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകളിലുള്‍പ്പെടെ പ്രത്യേകം ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കി. ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിൻ്റെ സേവനം ഉറപ്പാക്കും. ക്യാമ്പുകളില്‍ ആരോഗ്യ സേവനം ഉറപ്പാക്കാന്‍ പി.എച്ച്.സി./എഫ്.എച്ച്.സി./സി.എച്ച്.സി.യിലുള്ള എച്ച്.ഐ./ജെ.എച്ച്.ഐ. തലത്തിലുള്ള ഒരാൾക്ക് ചുമതല നല്‍കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ രോഗം ബാധിച്ചവരെ പ്രത്യേകം പാര്‍പ്പിക്കേണ്ടതാണ്. അവര്‍ക്കുള്ള ചികിത്സ ഉറപ്പാക്കണം. ക്യാമ്പിലുള്ളവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. ക്യാമ്പും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ശുചിത്വത്തിന് പ്രത്യേക പ്രാധാന്യം നല്‍കണം. മഴക്കാലത്ത്‌ വയറിളക്ക രോഗങ്ങള്‍ക്ക്‌ സാധ്യതയേറെയാണ്. വയറിളക്ക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച്‌ സൂക്ഷിക്കണം. മഴവെള്ളം കലര്‍ന്ന കിണറുകള്‍ സൂപ്പര്‍ ക്ലോറിനേറ്റ്‌ ചെയ്യണം. സ്ഥിരമായി മരുന്ന് കഴിക്കുന്നവർ മുടക്കം വരുത്തരുത്. കഴിക്കുന്ന മരുന്നുകളുടെ കുറിപ്പ്‌ കൈയില്‍ കരുതണം. ക്യാമ്പുകളില്‍ മരുന്ന്‌ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആംബുലന്‍സ് സേവനവും ഉറപ്പാക്കി. മറ്റ്‌ രോഗമുള്ളവര്‍, കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കും. ഇന്‍ഫ്ളുവന്‍സ പടരാതിരിക്കാന്‍ ക്യാമ്പിനകത്ത് മറ്റ് രോഗങ്ങളുള്ളവർ, കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ മാസ്‌ക് ധരിക്കേണ്ടതാണ്. കാന്‍സര്‍ രോഗികള്‍, ഡയാലിസിസ്‌ ചെയ്യുന്നവര്‍, അവയവ മാറ്റിവയ്ക്കലിനു വിധേയരാവുന്നവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

എലിപ്പനി പ്രതിരോധം പ്രധാനം

ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങിയാല്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. കൈയുറയും കാലുറയും ഇല്ലാതെ മണ്ണിലോ വെള്ളത്തിലോ ജോലിക്കിറങ്ങരുത്. മുറിവുകളിലൂടെ എലിപ്പനി സാധ്യത കൂടുതലാണ്. ക്യാമ്പിലുള്ള എല്ലാവര്‍ക്കും ഡോക്‌സിസൈക്ലിൻ നല്‍കുകയാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്‌സിസൈക്ലിൻ സൗജന്യമായി ലഭ്യമാണ്.

  • മലിന ജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തി സുരക്ഷാ ഉപാധികളായ കൈയുറ, മുട്ട്‌വരെയുള്ള കാലുറ, മാസ്‌ക്  എന്നിവ ഉപയോഗിക്കണം.

  • വെള്ളത്തിലിറങ്ങിയാല്‍ കൈയും കാലും സോപ്പ് ഉപയോഗിച്ച് നന്നായികഴുകണം.

  • കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കാനോ കുളിക്കാനോ പാടില്ല.

  • മണ്ണുമായും മലിന ജലവുമായും സമ്പര്‍ക്കം വരുന്ന കാലയളവില്‍ ആഴ്ചയിലൊരിക്കല്‍ ഡോക്‌സിസൈക്ലിൻ ഗുളിക 200 മില്ലീഗ്രാം (100 മില്ലിഗ്രാമിൻ്റെ രണ്ട് ഗുളിക) ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണം.

  • എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടേണ്ടതാണ്.

ഡെങ്കിപ്പനി ജാഗ്രത

  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

  • ഒരു തുള്ളി വെള്ളം പോലും കെട്ടി നിര്‍ത്തരുത്.

  • കൊതുകിൻ്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം.

  • വീട്ടിനകത്തെ ചെടിച്ചട്ടിയിലെ ട്രേയില്‍ വെള്ളം കെട്ടി നിര്‍ത്തരുത്

  • ചെടിച്ചട്ടികളുടെയും ഫ്രിഡ്‌ജിലേയും ട്രേയിലെ വെള്ളം ആഴ്‌ച തോറും മാറ്റണം.

  • ഉപയോഗ ശൂന്യമായ ടയറുകളില്‍ വെള്ളം കെട്ടാതെ നോക്കണം

രോഗം വന്നാല്‍ സ്വയം ചികിത്സ പാടില്ല. പകര്‍ച്ച പനികള്‍ വളരെ വേഗംസങ്കീര്‍ണ്ണമാകുന്നതി നാല്‍ ഉടന്‍ ചികിത്സ തേടുക. നീണ്ടു നില്‍ക്കുന്ന പനി ഏത്തരമാണെന്ന് ഉറപ്പ് വരുത്തണം. അല്‍പം കരുതലെടുത്താല്‍ രോഗം ബാധിക്കാതെ ഈ മഴക്കാലത്തേയും അതിജീവിക്കാനാകും. അതിനുള്ള എല്ലാ പിന്തുണയും സര്‍ക്കാര്‍ ഉറപ്പായും നല്‍കും.