കേരളത്തിന്റെ തൊഴില്‍ ശക്തി

 

ഇന്ത്യയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം ഏകദേശം 54 കോടിയോളം വരും. ഇതില്‍ 94 ശതമാനം പേരും അനൗപചാരിക മേഖലയിലാണ്‌ തൊഴില്‍ ചെയ്യുന്നത്. നിലവിലുള്ള തൊഴില്‍ നിയമങ്ങളുടെ യാതൊരു പരിരക്ഷയും ഇവര്‍ക്ക്‌ ലഭിക്കുന്നില്ല.

ഈ സാഹചര്യത്തിലാണ്‌ കേരളത്തില്‍ തൊഴിലാളി സംരക്ഷണ നടപടികള്‍ സ്വീകരിക്കുന്നത്. തൊഴില്‍ മേഖലയിലെ സഹകരണ സംഘങ്ങള്‍ ബീഡി, കയര്‍, കൈത്തറി, മത്സ്യം എന്നീ മേഖലകളില്‍ മികച്ച മാതൃകകളാണ്. കേരള ദിനേശ് ബീഡി സഹകരണ സംഘം ഒരു കാലത്ത് അമ്പതിനായിരത്തോളം തൊഴിലാളികള്‍ക്ക്‌ ജോലി നല്‍കിയിരുന്നു.

മറ്റൊരു പ്രധാന ചുവടുവയ്പ്പാണ്‌ തൊഴിലാളിക്ഷേമ പദ്ധതികള്‍. സംസ്ഥാനത്ത് തൊഴില്‍ വകുപ്പിന്റെകീഴില്‍ 16 ക്ഷേമനിധി ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏകദേശം 70 ലക്ഷത്തോളം പേര്‍അംഗങ്ങളാണ്.

വാര്‍ധക്യകാല പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ്‌ നല്‍കി വരുന്നത്. രാജ്യത്തിനാകെ മാതൃകയാണ്‌ ക്ഷേമനിധി ബോര്‍ഡുകള്‍.

തൊഴില്‍ വൈദഗ്ധ്യവും ഉല്‍പാദന ക്ഷമതയും വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും വിവിധ ട്രേഡ്‌ യൂണിയനുകളും നല്ല ധാരണയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. സമാധാനപരമായ തൊഴില്‍ അന്തരീക്ഷം നില നില്‍ക്കുന്ന സംസ്ഥാനമാണ്‌ കേരളം. തൊഴില്‍ ദിനങ്ങള്‍ അധികം നഷ്‌ടപ്പെടപന്നുമില്ല. മിനിമം വേതനം, ഫെയർ വേജ് തുടങ്ങിയ തത്വങ്ങൾ വ്യത്യസ്‌ത മേഖലയിൽ നടപ്പാക്കുന്നു.

അതിഥിത്തൊഴിലാളികളുടെയും സുരക്ഷിത കേന്ദ്രമാണ്‌ കേരളം. തൊഴിലാളികള്‍ക്ക്‌ സുരക്ഷിതത്വവും ഉല്‍പാദന ക്ഷമതയും വ്യവസായ സമാധാനവും നിലനില്‍ക്കുന്ന നവകേരളമാണ്‌ ലക്ഷ്യം. സാമ്പത്തിക വളര്‍ച്ചയുടെ നേട്ടങ്ങള്‍ തൊഴിലെടുക്കുന്നവരുമായി പങ്കിടുന്ന സമ്പത്തിന്റെ പുനര്‍ വിതരണം എന്ന തത്വമാണ്‌ സംസ്ഥാനത്തെ നയിക്കുന്നത്.

കര്‍മ്മ പദ്ധതി തയ്യാറാക്കും

കേരളവും തൊഴില്‍ സംഘടനയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ ശതാബ്‌ദി നിറവിൽ സംസ്ഥാന തൊഴില്‍ വകുപ്പ് ആസൂത്രണ ബോര്‍ഡുമായി ചേർന്നാണ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ലേബര്‍ കോണ്‍ക്ലേവ് (മേയ് 24-26) സംഘടിപ്പിച്ചത്. കോണ്‍ക്ലേവില്‍ ഉരുത്തിരിഞ്ഞത്‌ വിലപ്പെട്ട ആശയങ്ങളാണ്. അവ ക്രോഡീകരിച്ച് കര്‍മ്മ പദ്ധതി തയ്യാറാക്കി കൂട്ടായ ശ്രമങ്ങളിലൂടെ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. രാജ്യത്തു തന്നെ ആദ്യമാണ്‌ തൊഴില്‍ രംഗവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ അന്താരാഷ്ട്ര കോണ്‍ക്ലേവ്‌ സംഘടിപ്പിക്കുന്നത്. ദേശീയ, അന്തര്‍ ദേശീയ പ്രതിനിധികള്‍ പങ്കുവെച്ച നിര്‍ദേശങ്ങളും ആശയങ്ങളും കേരളത്തിലെ തൊഴില്‍ രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാന്‍ ഉതകുന്നതാണ്.

തൊഴിലാളികളെ സംബന്ധിച്ച്‌ സര്‍ക്കാര്‍ തലത്തില്‍ ഒരു ത്രികക്ഷി ചര്‍ച്ച നടക്കുന്നത് ആദ്യമാണ്. തൊഴിലാളി ക്ഷേമ പ്രവര്‍ത്തന രംഗത്ത് പുത്തന്‍ നയ രൂപീകരണത്തിന് ഇതില്‍ നിന്നും ലഭിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ ഏറെ പ്രയോജനകരമാകും. തൊഴിലാളികളുടെ അവകാശങ്ങളും നിയമ നിര്‍മ്മാണവും സാമൂഹിക സുരക്ഷയും, അനൗപചാരിക തൊഴില്‍ രീതികളില്‍ നിന്ന് ഔപചാരിക തൊഴില്‍ രീതികളിലേക്കുള്ള മാറ്റവും അതിന്റെ പ്രശ്‌നങ്ങളും വിശകലനവും, ഗാര്‍ഹിക തൊഴിലാളികള്‍, സ്‌കീം വർക്കേഴ്‌സ്, കെയര്‍ വർക്കേഴ്‌സ് എന്നീ തൊഴില്‍ മേഖലകളിലെ തൊഴിലാളികളുടെ ക്ഷേമം, ആഭ്യന്തര കുടിയേറ്റവും കുടിയേറ്റ തൊഴിലാളികളുടെ അവകാശ സംരക്ഷണവും ആധുനിക ജോലി സാധ്യതകളും അതിനനുസൃതമായ നൈപുണ്യ വികസനവും, ഗിഗ്, പ്ലാറ്റ് ഫോം തൊഴിലാളികളുടെ ക്ഷേമം, ലേബര്‍ സ്ഥിതി വിവരങ്ങള്‍ എന്നീ വിഷയങ്ങളാണ്‌ വിവിധ സെഷനുകളിലായി ചര്‍ച്ച ചെയ്യപ്പെട്ടത്.

തൊഴിലാളികളുടെ അവകാശ സംരക്ഷണം

തൊഴിലാളികളുടെ അവകാശങ്ങള്‍ പൊതു ചര്‍ച്ചയുടെ ഭാഗമാകണം. ഗാര്‍ഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണ ബില്ലിന്റെ പൂര്‍ത്തീകരണത്തിലേക്ക്‌ സര്‍ക്കാര്‍ നീങ്ങി കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ആദ്യമായാണിത്. തൊഴിലാളികളുടെ അവകാശങ്ങളെ ചുരുക്കുന്നതും കോടതി വിധികളിലൂടെ നേടിയ അവകാശങ്ങളെ റദ്ദു ചെയ്യുന്നതും തൊഴിലാളി തൊഴിലുടമ പ്രതിനിധികള്‍ തൊഴില്‍ സമ്മേളനങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന്‌ കോണ്‍ക്ലേവ് നിരീക്ഷിച്ചു. വിവിധ സര്‍ക്കാര്‍ പരിപാടികളുടെ ഭാഗമായ സ്‌കീം -കമ്മ്യൂണിറ്റി വര്‍ക്കര്‍മാരെ തൊഴിലാളികളായി കണക്കാക്കണം.

പരിചരണ സ്‌കീം തൊഴിലാളികള്‍ക്ക് ന്യായമായ പ്രതിഫലം നല്‍കണം-പരമ്പരാഗത വ്യവസായങ്ങളിലെ ആരോഗ്യകരവും അര്‍ഹിക്കുന്ന പ്രതിഫലത്തിനുമായി തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും കോൺക്ലേവ് ഊന്നൽ നല്‍കി.

ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ദേശീയ തലത്തില്‍ വിഷയം ഏറ്റെടുത്ത്‌ സംസ്ഥാനം മുന്നോട്ട് പോകും. കുടിയേറ്റത്തൊഴിലാളികളുടെ അവകാശങ്ങളും ഉപജീവന മാര്‍ഗങ്ങളും സംരക്ഷിക്കേണ്ടതിന്റെ ഭാഗമായി കുടിയേറ്റത്തിന്റെയും കുടിയേറ്റ തൊഴിലാളികളുടെയും വിശദാംശങ്ങള്‍ സ്ഥിതി വിവര പഠനത്തിന് വിധേയമാക്കണം.

തൊഴിലാളി വര്‍ഗത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി ഉറപ്പാക്കുന്നതിന് ശാസ്ത്രീയമായ സ്ഥിതി വിവരകണക്കുകളുടെ ആവശ്യകതയും തൊഴിലാളി അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനുമായി സംസ്ഥാന, ദേശീയ സര്‍ക്കാരുകള്‍ക്ക് നിരവധി നയ നിര്‍ദേശങ്ങള്‍ മുന്നോട്ട്‌ വെയ്ക്കുന്ന അവകാശ പ്രഖ്യാപനവും കോണ്‍ക്ലേവ് ഡിക്ലറേഷന്‍ മുന്നോട്ട്‌ വെച്ചു.