ഇനിയും മുന്നോട്ട്
പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും വലിയ തോതില്‍ ആശ്വാസകരമാണ് ഇന്ന് മെഡിസെപ് ഇന്‍ഷ്വറന്‍സ് പദ്ധതി. 30 ലക്ഷത്തോളം പേരാണ് ഗുണഭോക്താക്കൾ. ഒരു കുടുംബത്തിന് പ്രതി വര്‍ഷം മൂന്ന് ലക്ഷം രൂപയുടെ പരിരക്ഷയാണ് നല്‍കുന്നത്.
മെഡിസെപ് പദ്ധതിയില്‍ ഇതുവരെ 738.41 കോടി രൂപയുടെ 3,08,036 ക്ലെയിമുകള്‍ വന്നിട്ടുണ്ട്. 55.43 കോടി രൂപയുടെ 29,682 ക്ലെയിമുകള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും 682.98 കോടിയുടെ 2,78,354 ക്ലെയിമുകള്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നുമാണുള്ളത്. 719.01 കോടി രൂപയുടെ 2,84,924 ക്ലെയിമുകള്‍ അംഗീകരിച്ചു. 1922 അവയവ മാറ്റ ശസ്ത്രക്രിയകള്‍ക്കായി 38.63 കോടി രൂപ അനുവദിച്ചിട്ടുമുണ്ട്.
ഏറ്റവും കുറഞ്ഞ പ്രീമിയം തുക ഒടുക്കി 1920 ചികിത്സാ പ്രക്രിയകൾക്ക് അടിസ്ഥാന പരിരക്ഷ മെഡിസെപ്പിലൂടെ നല്‍കുന്നു.
12 മാരക രോഗങ്ങള്‍ക്കും അവയവമാറ്റ ചികിത്സാ പ്രക്രിയകള്‍ക്കും അധിക പരിരക്ഷയും ഉള്‍പ്പെടുന്നു. മെഡിസെപ്പില്‍ പ്രായമായവര്‍ക്ക് പോലും പ്രീ-മെഡിക്കല്‍ പരിശോധനകള്‍ ഇല്ലാതെ പരിരക്ഷ ലഭിക്കുന്നു.
കഴിയുന്നത്ര എല്ലാ പാക്കേജുകളും ഉള്‍പ്പെടുത്തിയാണ് മെഡിസെപ് നടപ്പിലാക്കുന്നത്. മെഡിസെപ്പിനായി രൂപീകരിച്ച ആരോഗ്യ വിദഗ്‌ധ സമിതി തീരുമാനിച്ച നിരക്കുകളാണ് പാക്കേജിലുള്ളത്. ഇന്‍ഷ്വറന്‍സ് കമ്പനി ആശുപത്രികളുമായി ഏര്‍പ്പെട്ട കരാറില്‍ പാക്കേജ് റേറ്റുകള്‍ സമ്മതിച്ച് ഒപ്പിട്ട് നല്‍കിയിട്ടുമുണ്ട്. പാക്കേജുകളില്‍ പരിഷ്‌കരണം പരിഗണനയിലുമാണ്.
2022 ജൂലൈയില്‍ ആരംഭിച്ച് 2025 ജൂണില്‍ അവസാനിക്കുന്ന മൂന്ന് വര്‍ഷ പോളിസി കാലയളവിലേക്കാണ് ഇന്‍ഷ്വറന്‍സ് കമ്പനിയുമായി കരാറിലെത്തിയിട്ടുള്ളത്. ഈ കാലയളവില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ ഉള്‍പ്പടെയുള്ള മാരക രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി 35 കോടി രൂപയുടെ കോര്‍പ്പസ് ഫണ്ട് ഇന്‍ഷ്വറന്‍സ് കമ്പനി രൂപീകരിച്ചിട്ടുണ്ട്. പദ്ധതി തുടങ്ങി ഒന്‍പത് മാസം പിന്നിടുമ്പോള്‍ തന്നെ ഈ തുക പൂര്‍ണ്ണമായും വിനിയോഗിക്കപ്പെട്ടു കഴിഞ്ഞു. ഗുണഭോക്താക്കളുടെ ക്ഷേമം മുന്‍ നിര്‍ത്തി, ചികിത്സകള്‍ മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള കോര്‍പ്പസ് ഫണ്ടില്‍ നിന്നും അധിക തുക നല്‍കാന്‍ നടപടിയെടുത്തിട്ടുണ്ട്.
ആശുപത്രികളുടെ ബൃഹദ് ശൃംഖല
മെഡിസെപ് സംബന്ധിച്ചിട്ടുള്ള എല്ലാ വിവരങ്ങളും വെബ്സൈറ്റ് ഡാഷ്ബോർഡിൽ അതത് സമയത്ത് അപ്‌ലോഡ് ചെയ്യുന്നുണ്ട്. എല്ലാ വിവരങ്ങളും പൊതുജനങ്ങളുമായും മാധ്യമങ്ങളുമായും പങ്കു വെയ്ക്കുന്നു. കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കാന്‍ മൊബൈല്‍ ആപ്പ് ഏർപ്പെടുത്തി.
സംസ്ഥാനത്തിന് പുറത്തുള്ള 13 സ്വകാര്യ ആശുപത്രികള്‍, സംസ്ഥാനത്തിനകത്തുള്ള മികച്ച 323 സ്വകാര്യ-സഹകരണ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പടെ 143 സര്‍ക്കാര്‍ ആശുപത്രികള്‍, റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഉള്‍പ്പടെ ആശുപത്രികളുടെ ബൃഹദ് ശൃംഖല മെഡിസെപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.
മെഡിസെപ് പദ്ധതി വിഭാവനം ചെയ്‌ത ഉദ്ദേശ ലക്ഷ്യങ്ങളേക്കാൾ വളരെ വലിയ നേട്ടമാണ് ഒരു വർഷത്തിനുള്ളിൽ കൈവരിക്കാന്‍ കഴിഞ്ഞത്. മെഡിസെപ്പ് പദ്ധതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് കൂടുതൽ മികവുറ്റതാക്കാന്‍ നിരന്തരമായ ശ്രമം നടത്തി വരികയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സമഗ്രമായ ആരോഗ്യ പരിരക്ഷ ലക്ഷ്യമാക്കി മെഡിസെപ്പ് നടപ്പാക്കുന്നതോടൊപ്പം സാധാരണ ജനങ്ങള്‍ക്ക് പെട്ടെന്നുണ്ടാകുന്ന ചികിത്സാച്ചെലവുകള്‍ നേരിടാനും കുടുംബങ്ങളെ സാമ്പത്തിക തകർച്ചയിലേക്ക് തള്ളി വിടുന്ന സാഹചര്യം ഒഴിവാക്കാനും കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയും സര്‍ക്കാര്‍ നടപ്പാക്കി വരുന്നുണ്ട്. കാരുണ്യ പദ്ധതിയ്ക്ക് 100 കോടി രൂപ അടുത്തിടെ ധനകാര്യ വകുപ്പ് അനുവദിച്ചിരുന്നു. ഒരു സാമ്പത്തിക വര്‍ഷം ഏകദേശം 1,600 കോടി രൂപയിലധികം കാരുണ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയ്ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്നുണ്ട്. അതില്‍ കേന്ദ്ര സഹായമായി ലഭിക്കുന്നത് ഏകദേസം 150 കോടി രൂപ മാത്രമാണ്. കാരുണ്യ പദ്ധതിയിലൂടെ 42 ലക്ഷം കുടുംബങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്താന്‍ സര്‍ക്കാരിന് കഴിയുന്നുണ്ട്.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള വിപുലമായ സര്‍ക്കാര്‍ ആരോഗ്യ പരിപാലന ശൃംഖലകളിലൂടെയും മെഡിസെപ്, കാരുണ്യ ആരോഗ്യ എന്നീ ഇന്‍ഷ്വറന്‍സ് പദ്ധതികളിലൂടെയും കേരളത്തിലെ ജനങ്ങളുടെ സമഗ്ര ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുകയാണ് സര്‍ക്കാര്‍.