തൊഴില്‍ നൈപുണ്യം ട്രെന്‍ഡിങ്ങ് കോഴ്‌സുകളിലൂടെ

ASAP നല്‍കി വരുന്ന ട്രെന്‍ഡിങ്ങ് മേഖലകളിലൂടെ …

ആര്‍ട്ടിസ്റ്റ്, പ്രോഗ്രാമര്‍, ഗെയിം ഡെവലപ്പര്‍, VR ഡെവലപ്പര്‍ വിവര സാങ്കേതിക മേഖലയിലെ പുത്തന്‍ ഉണര്‍വും കുതിപ്പും കണക്കിലെടുത്ത് എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥികള്‍ക്കായി വിര്‍ച്വല്‍ റിയാലിറ്റി/ ഓഗ്മെന്റഡ് റിയാലിറ്റി മേഖലയില്‍ അസാപ്, ത്രീഡി മേഖലയിലെ മുന്‍നിര പ്ലാറ്റ്‌ഫോം ആയ യൂണിറ്റിയുമായി ചേര്‍ന്ന് ആര്‍ട്ടിസ്റ്റ്, പ്രോഗ്രാമര്‍, ഗെയിം ഡെവലപ്പര്‍, ഢഞ ഡെവലപ്പര്‍ എന്നീ കോഴ്‌സുകള്‍ നല്‍കിവരുന്നു.

എൻറോൾഡ് ഏജന്റ് (ഇ.എ)

അമേരിക്കന്‍ പൗരന്മാരുടെ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാനും യു.എസിലെ ഫെഡറല്‍ നികുതി ഭരണ ഏജന്‍സിയായ ഇന്റേണല്‍ റവന്യൂ സര്‍വീസിനു (ഐ.ആര്‍.എസ്) മുന്നില്‍ നികുതിദായകരെ പ്രതിനിധീകരിക്കാനും വേണ്ട യോഗ്യതയാണ് എൻറോൾഡ് ഏജന്റ് (ഇ.എ).

ഇ.എ പ്രൊഫഷനലുകള്‍ക്ക് കേരളത്തിലിരുന്നും ഈ ജോലികള്‍ ചെയ്യാം. പെട്ടെന്നു ജോലി ലഭിക്കാന്‍ സഹായിക്കുന്ന ഈ കോഴ്സ് നിലവില്‍ കേരളത്തില്‍ അസാപ് മാത്രമാണ് ലഭ്യമാക്കുന്നത്. ആറു മാസം കൊണ്ട് പൂര്‍ത്തിയാക്കാം. കോഴ്‌സിനു ചേരുമ്പോള്‍ത്തന്നെ ജോലി ഉറപ്പാക്കുന്ന രീതിയിലാണ് അസാപ് പരിശീലനം നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കോഴ്‌സിന്റെ ആരംഭത്തില്‍ത്തന്നെ ജോലിക്കുള്ള കണ്ടീഷണല്‍ ഓഫര്‍ ലെറ്ററും നല്‍കും.

മറൈന്‍ സ്ട്രക്‌ചറൽ ഫിറ്റര്‍

ഐ.ടി.ഐ പാസ്സായ ഉദ്യോഗാര്‍ഥികളില്‍ നിന്നും വിദഗ്‌ധരായ പ്രൊഫഷണലുകളെ പരിശീലിപ്പിക്കുന്നതിനും അവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുമായി അസാപ് കേരള കൊച്ചിന്‍ ഷിപ്പ്‌യാർഡ് ലിമിറ്റഡുമായി (CSL) ചേര്‍ന്ന് സംയുക്തമായി വികസിപ്പിച്ചെടുത്ത മറൈന്‍ സ്ട്രക്‌ചറൽ  ഫിറ്റര്‍ ട്രേഡിലാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.

കോഴ്‌സിലെ പ്രകടനത്തിന്റെ വിലയിരുത്തലിനു ശേഷം വിജയികളായ ഉദ്യോഗാര്‍ഥികള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി സി.എസ്.എല്‍ ഉറപ്പ് നല്‍കുന്നു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ എജൂക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്ങിന് (NCVET) കീഴില്‍ ഫിറ്റര്‍, വെല്‍ഡര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, മറൈന്‍ ഫിറ്റര്‍ തുടങ്ങിയ ട്രേഡുകളില്‍ ഇതിനകം കോഴ്‌സുകൾ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഒരു ആഡ്-ഓണ്‍ പാക്കേജായിട്ടാണ് പാഠ്യ പദ്ധതി ആസൂത്രണം ചെയ്‌തിട്ടുള്ളത്.

വൈദ്യുത വാഹനങ്ങള്‍ – കോഴ്‌സുകള്‍

ഇലക്ട്രിക് വാഹനങ്ങളുടെ പുതുയുഗത്തില്‍ ഏറെ തൊഴിലവസരങ്ങള്‍ ഉണ്ടാകാന്‍ പോകുന്നത് സര്‍വീസ് മേഖലയിലാകും. ഈ മേഖലയിലെ നൈപുണ്യ വികസനത്തിനും തൊഴില്‍ പരിശീലനത്തിനുമായി പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് ഇലക്ട്രിക് വെഹിക്കിള്‍ സെന്റര്‍ ഓഫ് എക്‌സലെന്‍സ് ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രണ്ടിടത്താണ് ഇത്തരത്തില്‍ സെന്റര്‍ ഓഫ് എക്‌സലെന്‍സ് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ കുന്നന്താനം, മലപ്പുറം ജില്ലയിലെ തവനൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലാകും ഇലക്ട്രിക്ക് വാഹനങ്ങളുടെ സര്‍വീസ് അനുബന്ധ കാര്യങ്ങള്‍ പഠിപ്പിക്കുന്ന അത്യാധുനിക ലാബും കോഴ്‌സുകളും വരുന്നത്.

തുടക്കത്തില്‍ വൈവിധ്യമാര്‍ന്ന ഒന്‍പത് കോഴ്‌സുകളാണ് ഇവിടെ നല്‍കുന്നത്. പത്താം ക്ലാസ് മുതല്‍ ബി ടെക് വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഹ്രസ്വകാല നൈപുണ്യ വികസന കോഴ്സുകളായിരിക്കും ആരംഭിക്കുക. കൂടാതെ നിലവില്‍ പരമ്പരാഗത വാഹന അറ്റക്കുറ്റപ്പണി ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഇലക്ട്രിക് വാഹനങ്ങളുടെ സാങ്കേതിക വിദ്യയും സര്‍വീസിങ്ങുമായി ബന്ധപ്പെട്ട പുതിയ നൈപുണികള്‍ നേടിയെടുക്കാനും ഈ കോഴ്‌സുകള്‍ സഹായകമാകും.

കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍

നഗര ഗ്രാമ വ്യത്യാസമില്ലാതെ നൈപുണ്യ പരിശീലനം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന, നൂതനമായ തൊഴില്‍ പരിശീലന കേന്ദ്രങ്ങളാണ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കേരളത്തിലുടനീളം 16 കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 25,000ലധികം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അഞ്ച് ക്ലാസ് മുറികളും ഒരു ഐ.ടി ലാബും നാല് നൈപുണ്യ പരിശീലന ലാബുകളും സ്‌കില്‍ പാര്‍ക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരേ സമയം നാനൂറോളം വിദ്യാര്‍ഥികള്‍ക്ക് സ്‌കില്‍ പാര്‍ക്കില്‍ പരിശീലനം ലഭ്യമാകും.

ഡ്രോണ്‍ പൈലറ്റ് പരിശീലനം

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ദക്ഷിണേന്ത്യയിലെ ഏക ഡ്രോണ്‍ പൈലറ്റ് പരിശീലന കേന്ദ്രം അസാപ് കാസര്‍ഗോഡ് സ്‌കില്‍ പാര്‍ക്കില്‍ സ്ഥിതി ചെയുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ AR / VR ലാബ് തവനൂര്‍, പാമ്പാടി, കഴക്കൂട്ടം, കളമശ്ശേരി സ്‌കില്‍ പാര്‍ക്കിലും ഇലക്ട്രിക്ക് വെഹിക്കിള്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് കുന്നന്താനം, തവനൂര്‍ സ്‌കില്‍ പാര്‍ക്കിലും വെഹിക്കിള്‍ റീഫിനിഷ് പെയിന്റിങ്ങ് സെന്റര്‍ തവനൂര്‍ സ്‌കില്‍ പാര്‍ക്കിലും സ്ഥാപിച്ചിട്ടുണ്ട്.

കേരള നോളജ് ഇക്കോണമി മിഷന്റെ വര്‍ക്ക് റെഡിനസ്സ് പ്രോഗ്രാമിന്റെ ബാച്ചുകളും അസാപ് കേരളയുടെ കീഴിലുള്ള വിവിധ പരിശീലനങ്ങളും സ്‌കില്‍ പാര്‍ക്കില്‍ നടക്കുന്നു.

അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ്: www.asapkerala.gov.in
വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് കോഴ്സുകളിലേക്ക് അപേക്ഷിക്കേണ്ടത്.
ഫോണ്‍: 0471-2772500