ഉന്നത വിദ്യാഭ്യാസ ഹബ്ബായി മാറുക ലക്ഷ്യം
-ഡോ. ആര്‍ ബിന്ദു
ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി
ഉന്നത വിദ്യാഭ്യാസമെന്നത് ഒരു രാഷ്ട്രത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവും
സാംസ്‌കാരികവുമായ വളര്‍ച്ചയെ നിശ്ചയിക്കുന്ന ഘടകങ്ങളില്‍ ഏറ്റവും നിര്‍ണ്ണായകമായതായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം. അതുകൊണ്ടു തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരികയെന്നത് അന്താരാഷ്ട്ര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള വികസന ലക്ഷ്യങ്ങളില്‍ ഒന്നാണ്.
മുമ്പെങ്ങുമില്ലാത്ത രീതിയില്‍ വികസിച്ചു കൊണ്ടിരിക്കുകയാണ് നമ്മുടെ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല. രാജ്യത്തെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക പരിതസ്ഥിതി സവിശേഷമായി കണക്കിലെടുത്താണ് ഈ വികസനത്തിന് കേരളം അരങ്ങൊരുക്കുന്നത്. വിദ്യാഭ്യാസ വികസനം നടപ്പാക്കുമ്പോള്‍ എല്ലാവര്‍ക്കും പ്രാപ്യതയും തുല്യതയും ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന് ഉണ്ടെന്ന കാഴ്‌ചപ്പാടിലാണിവ മുന്നേറുന്നത്. അങ്ങനെ, വികസിത രാജ്യങ്ങളുടെ മാതൃകയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നതാണ് കേരളം മുന്നോട്ടു വയ്ക്കുന്ന മാതൃക. വികസിത രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികാസം എന്നത് ഗുണ നിലവാരത്തിലും മികവിലും മാത്രം ഊന്നിയാണ് നിര്‍ണ്ണയിക്കപ്പെടുന്നത്.
ഇന്ത്യ പോലൊരു മൂന്നാം ലോക രാജ്യത്ത് അത് മികവിനും ഗുണ നിലവാരത്തിനുമൊപ്പം പ്രാപ്യതയെയും തുല്യതയെയും കൂടി അടിസ്ഥാനമാക്കി വേണം വിലയിരുത്താന്‍. സാമൂഹിക നീതിയിലും മത നിരപേക്ഷതയിലും ജനാധിപത്യത്തിലും അധിഷ്‌ഠിതമായ, എല്ലാ വിഭാഗങ്ങള്‍ക്കും പ്രാപ്യമായ തുല്യത ഉറപ്പാക്കുന്ന, മികവിലും ഗുണ നിലവാരത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഉന്നത വിദ്യാഭ്യാസമെന്നതാണ് ഈ സര്‍ക്കാരിന്റെ കാഴ്‌ചപ്പാട്. അറിവിനെ സമൂഹത്തിന് ഉപയോഗപ്പെടുത്തുക, കേരളത്തെ സാമ്പത്തിക ശക്തിയായി വളര്‍ത്തുക, അതില്‍ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുക- ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഈ തത്ത്വത്തിലാണ് വേരുറപ്പിച്ചിരിക്കുന്നത്. ഈയൊരു കാഴ്‌ചപ്പാടിന് പ്രായോഗിക രൂപം നല്‍കാനാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപാടെ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണത്തിനായി മൂന്ന് കമ്മിഷനുകളെ നിയോഗിച്ചത്. മൂന്നു കമ്മിഷനുകളും റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. പ്രൊഫസര്‍ ശ്യാം.ബി. മേനോന്‍ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മിഷന്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമൂലവും സമഗ്രവുമായ പരിവര്‍ത്തനത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ ആണ് സമര്‍പ്പിച്ചിട്ടുള്ളത്. 10 അധ്യായങ്ങളില്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മാറ്റങ്ങള്‍ക്കായി സ്വീകരിക്കേണ്ട നടപടികള്‍ സമഗ്രമായി തന്നെ സൂചിപ്പിച്ചിട്ടുണ്ട്.
കമ്മിഷന്‍ ശിപാര്‍ശകള്‍ പ്രവൃത്തി പഥത്തിലേക്ക്
സര്‍ക്കാര്‍ ഈ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ നിര്‍വഹണ സെല്‍ രൂപവല്‍ക്കരിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ പൊതു സമൂഹത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി നടപ്പില്‍ വരുത്താവുന്നവ മുന്‍ഗണനാ ക്രമത്തില്‍ നടപ്പിലാക്കി വരികയാണിപ്പോള്‍.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഭിന്നശേഷി വിഭാഗക്കാരുടെയും, എസ്.സി./എസ്.ടി. വിഭാഗക്കാരുടെയും പ്രാപ്യതയും തുല്യതയും വര്‍ധിപ്പിക്കുന്നതിനും അവരുടെ ഗ്രോസ് എൻറോൾമെന്റ് വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ ഇതിനോടകം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രാപ്യതയില്‍ നില നില്‍ക്കുന്ന പ്രാദേശിക അസമത്വം കുറയ്ക്കുന്നതിനും ഗ്രോസ് എൻറോൾ വര്‍ധിപ്പിക്കുന്നതിനുമായി കൂടുതല്‍ സീറ്റുകളും കോഴ്‌സുകളും സര്‍ക്കാര്‍ അനുവദിച്ചു വരുന്നു.
ഉന്നത വിദ്യാഭ്യാസ രംഗം സൗഹാര്‍ദപരമാക്കാനും മാന്യമായ വിദ്യാര്‍ഥി-അധ്യാപക ജീവിതം ഉറപ്പു വരുത്തുന്നതിനുമായി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നു. വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലകളില്‍ നിന്ന് ലഭിക്കേണ്ട സേവനം നിശ്ചിത സമയത്തിനുള്ളില്‍ ലഭിക്കുന്നതിന് സേവനാവകാശ നിയമ പ്രകാരം ചട്ടങ്ങള്‍ രൂപവല്‍ക്കരിച്ചു. സേവനങ്ങള്‍ പോര്‍ട്ടല്‍ വഴി ലഭ്യമാക്കാന്‍ സാധിക്കുന്ന തരത്തില്‍ എല്ലാ സര്‍വകലാശാലകള്‍ക്കുമായി കെ-റീപ് എന്ന പേരില്‍ ഒരു ഇ.ആര്‍.പി. അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ സംവിധാനം വികസിപ്പിച്ചു കൊണ്ടിരിക്കുന്നതും ഇതിന്റെ ഭാഗമാണ്. ഒപ്പം, വിദ്യാര്‍ഥികളുടെ ഒരു അവകാശ രേഖ സര്‍വകലാശാലാ നിയമങ്ങളുടെ ഭാഗമാക്കാനുള്ള നടപടികളും ആരംഭിച്ചു.
നിലവിലെ മൂന്നു വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ കരിക്കുലം പൂര്‍ണ്ണമായും പുനഃ ക്രമീകരിച്ചു കൊണ്ട് നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളാക്കുകയാണ് അടുത്ത വര്‍ഷം മുതല്‍. ഇതിന് കരിക്കുലം പരിഷ്‌കരണം പൂര്‍ത്തീകരിച്ചു തുടര്‍ നടപടികള്‍ക്കായി സര്‍വകലാശാലകള്‍ക്ക് കൈമാറിയിട്ടുണ്ട്. ബിരുദാനന്തര ബിരുദത്തിന്റെയും ഗവേഷണ പ്രോഗ്രാമുകളുടെയും കരിക്കുലത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്ന നടപടികളും പുരോഗമിക്കുന്നു.
വിദ്യാര്‍ഥികേന്ദ്രിതം, ഗവേഷണോന്മുഖം
സംസ്ഥാനത്തെ ശാസ്ത്ര, സാമൂഹിക, മാനവിക വിഷയങ്ങളിലെ ഗവേഷണ പുരോഗതിക്കായി ഏഴോളം പുതിയ ഗവേഷണ സ്ഥാപനങ്ങള്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്ന നിലയില്‍ സംസ്ഥാനത്ത് ഈ വര്‍ഷം ആരംഭിക്കും. സംസ്ഥാനത്തെ മികച്ച ഇരുപത് കോളജുകളുടെ നിലവാരം ഉയര്‍ത്തുന്നതിനായി ഈ വര്‍ഷം അവയെ കോണ്‍സ്റ്റിറ്റുവന്റ് കോളജുകള്‍ ആക്കി മാറ്റും. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണങ്ങള്‍ക്കായും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായും വിദേശ സന്ദര്‍ശനം നടത്തുന്നതിന് ആവശ്യമായ ധന സഹായം നല്‍കുന്നതിനുള്ള പദ്ധതികള്‍ ആരംഭിച്ചു വരുന്നു. ഇതിനെല്ലാമൊപ്പം, സര്‍വകലാശാലാ നിയമങ്ങള്‍ സമഗ്രമായി മാറ്റുന്ന പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.
സംസ്ഥാനത്തെ സര്‍വകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലെ ഗവേഷണ കേന്ദ്രങ്ങളിലുമായി മുഴുവന്‍ സമയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഫെലോഷിപ്പ് ഉറപ്പു വരുത്തുന്നതിനും സംസ്ഥാനത്തെ ബിരുദ- ബിരുദാനന്തര പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനുമുള്ള പദ്ധതികള്‍ സജീവ പരിഗണനയിലുണ്ട്.
അടിമുടിമാറിയ ഭൗതിക സൗകര്യങ്ങള്‍ സംസ്ഥാനത്തെ ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനമായി. അധ്യാപകരുടെ നിയമന പ്രായപരിധി ഉയര്‍ത്തിക്കൊണ്ടുള്ള ഉത്തരവും ഇറങ്ങി. ഇതിനു പുറമെ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റമാണ് ഇക്കാലയളവില്‍ നടന്നത്. റൂസ ധന സഹായത്തോടെ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്‌ഡഡ് കോളജുകള്‍ ഒട്ടേറെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു. കിഫ്ബി ധനസഹായത്തോടെ സര്‍ക്കാര്‍ കോളജുകളിലും സര്‍വകലാശാലകളിലും അത്യാധുനിക ഗവേഷണ ലബോറട്ടറികളും ക്ലാസ് മുറികള്‍, ലൈബ്രറികള്‍ തുടങ്ങി വിവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍ അന്താരാഷ്ട്ര ഹോസ്റ്റലുകള്‍ അടക്കം 1500-ല്‍പരം ഹോസ്റ്റല്‍ മുറികള്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. സര്‍വകലാശാലകളില്‍ ട്രാന്‍സ്‌ലേഷണല്‍ റിസര്‍ച്ച് ലാബുകള്‍ വികസിപ്പിക്കുന്ന പദ്ധതികള്‍ ആരംഭിച്ചു.
ഉന്നതവിദ്യാഭ്യാസ ഹബ്ബാകാന്‍ കേരളം
സാമൂഹിക പുരോഗതിയിലേക്കുള്ള വഴിയായി ഉന്നത വിദ്യാഭ്യാസ വളര്‍ച്ചയെ കാണുന്നതിന്റെ ഭാഗമായാണ് ഇപ്പറഞ്ഞ പരിഷ്‌കാരങ്ങളെല്ലാം. ആ കാഴ്ചപ്പാടോടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്ക് സര്‍ക്കാര്‍ നല്‍കുന്ന മികച്ച പിന്തുണയുടെയും ആസൂത്രണങ്ങളുടെയും ഫലമാണ് എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങ് അടക്കമുള്ള സമീപകാല നേട്ടങ്ങളിലെല്ലാം പ്രതിഫലിക്കുന്നത്. കേരളത്തിന്റെ സവിശേഷ മാതൃകയില്‍, ജനപങ്കാളിത്തമുള്ള വിജ്ഞാന സമൂഹം എന്നതിലൂന്നി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബായി മാറ്റുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള വഴി അതിവേഗം വെട്ടിത്തെളിക്കുന്നതാണെന്നു കാണാനാവും. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ഗവേഷണങ്ങളും ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ചിലൂടെ സമൂഹത്തിന് പ്രയോജനപ്പെടുന്ന ഉല്‍പന്നങ്ങളാക്കി, അതിനെ ഇന്‍ക്യുബേറ്റ് ചെയ്ത് സ്റ്റാര്‍ട്ടപ്പ് പദ്ധതികളാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നത്. ഇതിന്റെ ഭാഗമായാണ് ട്രാന്‍സ്‌ലേഷണല്‍ റിസര്‍ച്ച് ലാബുകള്‍ തുടങ്ങാന്‍ സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുള്ളത്. കൂടാതെ ട്രാന്‍സ്‌ലേഷണല്‍ റിസര്‍ച്ചിന്റെ ഭാഗമായുണ്ടാകുന്ന സ്റ്റാര്‍ട്ടപ്പ് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ 2023-ലെ സംസ്ഥാന ബജറ്റില്‍ റിസ്‌ക് ഫണ്ട് കൂടി സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സ്റ്റാര്‍ട്ടപ്പ് നയത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേര്‍ന്ന് ഗവേഷണ പാര്‍ക്കുകള്‍ ആരംഭിക്കുന്നുണ്ട്. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിനൊപ്പവും ഓരോ സ്റ്റാര്‍ട്ട് അപ്പ് പാര്‍ക്ക് എന്ന ആശയവും സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നു. ഇതിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റം നിര്‍മ്മിക്കുന്നതിനായി തിരുവനന്തപുരം വിളപ്പില്‍ശാലയിലെ എ. പി. ജെ അബ്‌ദുൽ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ ക്യാമ്പസിനോട് ചേര്‍ന്ന് 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ഒപ്പം ട്രസ്റ്റ് പാര്‍ക്കും ഒരുങ്ങുന്നുണ്ട്. ഈ മാതൃകയില്‍ മറ്റ് സര്‍വകലാശാലകള്‍ക്കും റിസര്‍ച്ച് പാര്‍ക്കുകള്‍ അനുവദിക്കും. കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്, തിരുവനന്തപുരത്ത് ഇപ്പോള്‍ തന്നെ ട്രിവാന്‍ഡ്രം റിസര്‍ച്ച് പാര്‍ക്ക് എന്ന പേരില്‍ കമ്പനിയായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനം നിലവിലുണ്ട്. ട്രാൻസ്‌ലേഷണൽ റിസര്‍ച്ചിലൂടെയും ഇന്‍ക്യുബേഷനിലൂടെയും ഗവേഷണ മേഖലയിലെ അറിവുകളെ സമൂഹത്തിന് പ്രയോജനകരമായ വിധത്തില്‍ വിനിയോഗിക്കുക. ഗവേഷണത്തെ ട്രാന്‍സ്‌ലേഷണല്‍ റിസര്‍ച്ചിലേക്കും ഇന്‍ക്യുബേഷനിലേക്കും പിന്നെ സ്റ്റാര്‍ട്ടപ്പിലേക്കും എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിനി ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകള്‍ ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. ഇത്തരത്തിലുള്ള രണ്ട് മിനി ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകള്‍ ആരംഭിച്ചു കഴിഞ്ഞു. ആദ്യത്തേത് തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സിലാണ്. ഒരു കോടി രൂപ ചെലവിലാണ് വേസ്റ്റ് മെറ്റീരിയല്‍ ഉപയോഗിച്ച് കരകൗശല ഉല്‍പന്നങ്ങളുണ്ടാക്കുന്ന ഈ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. എട്ട് പോളി ടെക്‌നിക്കുകളിലും ഐ.എച്ച്.ആര്‍.ഡി.യുടെ നാല് കോളേജുകളിലും ഉള്‍പ്പെടെ 13 മിനി ഇന്‍ഡസ്ട്രിയല്‍ യൂണിറ്റുകളാണ് ഈ വര്‍ഷം സജ്ജമാക്കുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സര്‍വകലാശാലകള്‍, കോളേജുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയുടെ അക്കാദമിക്, ഭരണ കാര്യങ്ങള്‍ ഒരു കുടക്കീഴിലാക്കുകയാണ്. ഇതിനായാണ് കേരള റിസോഴ്‌സ് ഫോര്‍ എജ്യൂക്കേഷന്‍ അഡ്‌മിനിസ്‌ട്രേഷൻ ആന്‍ഡ് പ്ലാനിങ്ങ് അഥവാ കെ-റീപ് എന്ന സമഗ്ര സോഫ്റ്റ്‌വെയര്‍. ഇതോടെ മുഴുവന്‍ സര്‍വകലാശാലകളില്‍ നിന്നും കോളേജുകളില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കേണ്ട എല്ലാ സേവനങ്ങളും അതത് പോര്‍ട്ടല്‍ വഴി ലഭ്യമാകും. പ്രവേശനം മുതല്‍ പരീക്ഷാ സര്‍ട്ടിഫിക്കറ്റ് വരെയുള്ള അക്കാദമിക് ജീവിതത്തിലെ മുഴുവന്‍ കാര്യങ്ങളും സോഫ്റ്റ്‌വെയര്‍ വഴി ലഭ്യമാക്കും. വിദ്യാര്‍ഥി പ്രവേശനം, കോഴ്‌സ് രജിസ്‌ട്രേഷന്‍, കോഴ്‌സിന്റെ പുരോഗതി, വിദ്യാര്‍ഥിയുടെ വിലയിരുത്തല്‍, പരീക്ഷ, മൂല്യ നിര്‍ണ്ണയം, പരീക്ഷാ ഫലം, ക്രെഡിറ്റ് സമ്പാദനവും കൈമാറ്റവും, സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും.