മികവോടെ പഠനം തികവോടെ വിജയം
-വി. ശിവന്‍കുട്ടി
പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി
പൊതുവിദ്യാലയങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറുകയാണ്, മാറി വരികയാണ്. പൊതു വിദ്യാഭ്യാസത്തെ നവീകരിക്കുക, ഏറ്റവും മികവുള്ളതാക്കി മാറ്റുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. അതു കൊണ്ടാണ് കഴിഞ്ഞ ആറു വര്‍ഷമായി പൊതു വിദ്യാലയങ്ങളിലേക്ക് വലിയ തോതിലുള്ള കുട്ടികളുടെ പ്രവേശനം. കുട്ടികള്‍ക്ക് ഏറ്റവും മികച്ച പഠന പരിസരം ഒരുക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അതിന്റെ തുടര്‍ച്ചയായ വിദ്യാകിരണവും സ്‌കൂള്‍ ഭൗതിക സൗകര്യത്തെ പുതിയ മാനത്തിലേക്കുയര്‍ത്തി. 3800 കോടി രൂപ ഭൗതിക സൗകര്യ വികസനത്തിനായി മാത്രം കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ നിക്ഷേപിച്ചിട്ടുണ്ട്.
ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഏതു കുടുംബ സാഹചര്യത്തില്‍നിന്ന് വന്നാലും ശാരീരികമോ മാനസികമോ ആയ ഭിന്ന ശേഷികള്‍ ഉണ്ടായാലും അവരെയെല്ലാം ഉള്‍ച്ചേര്‍ക്കുന്നതും ഉള്‍ക്കൊള്ളുന്നതുമായ വിദ്യാഭ്യാസ പദ്ധതിയാണ് നടപ്പിലാക്കുന്നത്. അവസര സമത്വം ഉറപ്പാക്കുകയാണ്. പഠന കാര്യത്തില്‍ കുറെക്കൂടി മുന്നോട്ടു പോകാന്‍ കഴിയണം. അക്കാര്യം വിദ്യാര്‍ഥികള്‍ ഏറ്റെടുത്തേ മതിയാകൂ.
ഡിജിറ്റല്‍ വിടവില്ലാത്ത സ്‌കൂളുകള്‍
ഡിജിറ്റല്‍ വിടവില്ലാത്ത ആധുനികവല്‍ക്കരണമാണ് സ്‌കൂളുകളില്‍ നടപ്പാക്കിയത്. സെക്കന്‍ഡറിയില്‍ എല്ലാ ക്ലാസുകളിലും സാങ്കേതിക വിദ്യ ഉപകരണങ്ങള്‍ സ്ഥാപിച്ചു. പ്രൈമറിയില്‍ ലാബുകളും. ലിംഗ വേര്‍തിരിവില്ലാതെ, ധനിക-ദരിദ്ര കുടുംബ പശ്ചാത്തലം എന്ന ഭേദമില്ലാതെ, കുട്ടികളുടെ സാമൂഹിക പശ്ചാത്തലം എന്തായാലും അവര്‍ക്കെല്ലാം ഒരുപോലെ നിര്‍ഭയമായി ഡിജിറ്റല്‍ സങ്കേതങ്ങളെ പ്രാപ്യമാക്കിയ അവസ്ഥ കേരളത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞു. ഇതാണ് നാം മുന്നോട്ട് വയ്ക്കുന്ന ബദല്‍.
ആധുനിക സാങ്കേതിക വിദ്യ ഉറപ്പാക്കി
ആധുനിക രീതിയിലുള്ള പരിശീലനങ്ങള്‍ അധ്യാപകര്‍ക്കു നല്‍കിയിട്ടുണ്ട്. നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി സമഗ്ര ഗുണതാ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. സ്‌കൂള്‍തല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായാണ് ഇത് നടപ്പാക്കേണ്ടത്. സംസ്ഥാനത്ത് ഏതാണ്ട് എല്ലാ കുട്ടികളും സ്‌കൂളിലേക്ക് എത്തി, പഠനത്തുടര്‍ച്ച ഉറപ്പാക്കി. ഏറ്റവും മികച്ച വിദ്യാഭ്യാസം, അതിനുള്ള അനുഭവങ്ങള്‍ ക്ലാസ് മുറിയിൽ ഒരുക്കാന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാനുമാകണം. അധ്യാപകരുടെ മനോഭാവത്തിലും മാറ്റങ്ങള്‍ അനിവാര്യമാണ്. കുട്ടികള്‍ക്ക് അവകാശപ്പെട്ട പഠന ദിനങ്ങള്‍ ഉറപ്പാക്കും. പഠനം പാഠ പുസ്തകത്തിലേക്ക് മാത്രം ചുരുങ്ങരുത്. ശരിയായ അറിവുകളെ പ്രയോജനപ്പെടുത്തി അവരവരുടെ ജീവിത പരിസരവുമായി ബന്ധിപ്പിച്ച് അറിവ് ഉല്‍പാദിപ്പിക്കുകയാണ് പ്രധാനം. അതിനുള്ള സഹായക സംവിധാനം എന്ന നിലയിലാണ് ആധുനിക സാങ്കേതിക വിദ്യ എല്ലാ സ്‌കൂളുകളിലും ഉറപ്പാക്കിയത്. സ്‌കൂളുകളില്‍ ലാബ് സൗകര്യങ്ങളും ലൈബ്രറി സൗകര്യങ്ങളും ഒരുക്കി പുതു കാലത്തിനു ചേര്‍ന്ന പഠന സാഹചര്യമാണ് സൃഷ്ടിച്ചത്.
ശുചിത്വ ശീലം വളര്‍ത്തിയെടുക്കാനും വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം. ശുചിമുറി പരിപാലന അവബോധവും പ്രധാനമാണ്. മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യുക അവരവരുടെ കൂടി ഉത്തരവാദിത്വമാണ് എന്ന ബോധ്യം കുട്ടിക്കാലം മുതലേ ഉണ്ടാകണം. ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കാന്‍ പഠിക്കുക വളരെ പ്രധാനമാണ്. ജൈവ മാലിന്യങ്ങളെയും അജൈവ മാലിന്യങ്ങളെയും വേര്‍തിരിക്കാന്‍ മുഴുവന്‍ കുട്ടികളും ശീലിക്കണം.
മലിനജലം ഭാവനയോടെ ക്രമീകരിച്ചാല്‍ സ്‌കൂള്‍ പച്ചക്കറിത്തോട്ടങ്ങള്‍ക്കും പൂന്തോട്ടങ്ങള്‍ക്കും ആവശ്യമുള്ള ജലസ്രോതസ്സാക്കി മാറ്റാം. ജീവിതശൈലി രോഗങ്ങളെ അകറ്റാന്‍ വ്യായാമം ശീലമാക്കണം. കുട്ടികളില്‍ പൗരബോധം വളര്‍ത്തുന്നതിന് സഹായകമായ അറിവുകള്‍ പകരാന്‍ പാഠ്യപദ്ധതി തയ്യാറാക്കുന്ന ഘട്ടത്തില്‍ ആലോചിക്കുന്നുണ്ട്. ബഹുസ്വരമായ ഒരു സമൂഹത്തില്‍ മതനിരപേക്ഷത, ജനാധിപത്യം തുടങ്ങിയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സമൂഹത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന് കഴിയണം. അതിനെല്ലാമുള്ള സാമൂഹികമായ അന്തരീക്ഷം വികസിപ്പിക്കാനുള്ള സാഹചര്യവും ഉണ്ടാകണം. ഇതിനെല്ലാമായി പുതിയ പ്രായോഗിക പദ്ധതികള്‍ സമൂഹത്തിന്റെ കൂടി പിന്‍ബലത്തോടെ രൂപവല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പ്.
പഠനത്തോളം തന്നെ പ്രധാനപ്പെട്ടതാണ് മൂല്യ നിര്‍ണ്ണയം. കൃത്യമായി പരീക്ഷയും മൂല്യ നിര്‍ണ്ണയവും നടത്തുക എന്ന വലിയ ഉത്തരവാദിത്വമാണ് വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് വിജയിപ്പിക്കുന്നത്. നിശ്ചയിച്ച തീയതിയില്‍ തന്നെ പരീക്ഷ നടത്താനും റിസള്‍ട്ട് പ്രഖ്യാപിക്കാനും കഴിഞ്ഞു. ഇത്തവണ എസ്.എസ്.എല്‍.സിക്ക് 99.70%, ഹയര്‍ സെക്കന്‍ഡറിക്ക് 82.95 %, വി.എച്ച്.എസ്.ഇ-ക്ക് 78.39 % വിജയമുണ്ട്. മികച്ച വിദ്യാഭ്യാസം നല്‍കി മികച്ച റിസള്‍ട്ട് നേടാനായി എന്ന് ഇത്തവണത്തെയും വിജയശതമാനം ചൂണ്ടിക്കാട്ടുന്നു.