നമുക്കു വേണം നവ സാമ്പത്തിക സ്രോതസ്സുകള്‍
-ഡോ. എന്‍. ജയരാജ്
നവകേരള യാത്രയിലെ നിര്‍ണായക സാമ്പത്തിക പിന്തുണാ ദൗത്യമാണ് കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് ബോര്‍ഡ്) വിജയകരമായി നിര്‍വഹിച്ചു പോരുന്നത്. സാമ്പത്തിക വെല്ലുവിളികള്‍ മറികടന്ന് വികസനത്തിന് തുടര്‍ച്ചയും മികവും ഗതിവേഗവും വര്‍ധിപ്പിക്കുന്നതില്‍ കിഫ്ബിയുടെ സാന്നിധ്യം അനിവാര്യതയാണ് ഇന്ന്. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ആക്കം കൂട്ടുന്ന 50,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി തുടക്കത്തില്‍ വിഭാവനം ചെയ്തതെങ്കിലും ഇന്നത് 80,352 കോടി രൂപയുടെ 1,057 പദ്ധതികളില്‍ എത്തി നില്‍ക്കുന്നു. റോഡുകള്‍, പാലങ്ങള്‍, ഐ.ടി പാര്‍ക്കുകള്‍, സ്‌കൂള്‍-ആശുപത്രി കെട്ടിടങ്ങള്‍ എന്നീ പദ്ധതികള്‍ക്കാണ് പ്രധാനമായും അംഗീകാരം നല്‍കിയിട്ടുള്ളത്. ക്രമേണ സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും അതുവഴി വരുമാന വര്‍ധനവിനും കാരണമാകും വിധത്തിലാണ് പ്രവര്‍ത്തനം.
ദേശീയപാത 66 ന്റെ വികസനത്തിലെ പങ്കാളിത്തം തന്നെയാണ് കിഫ്ബിയുടെ ഏറ്റവും മികച്ച നേട്ടം. സ്ഥലമേറ്റെടുപ്പിന് ചെലവാകുന്ന തുകയുടെ നാലില്‍ ഒന്ന് സംസ്ഥാനം വഹിക്കണമെന്നതിനാല്‍ 4085 കോടി രൂപയാണ് നഷ്ടപരിഹാരമായി കിഫ്ബി ഭൂവുടമകള്‍ക്കു നല്‍കിയത്. വികസന പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കുവാനും സംസ്ഥാനത്തെ മറ്റു വികസന പദ്ധതികള്‍ക്ക് ഊര്‍ജം പകരാനും കിഫ്ബിക്കു സാധിച്ചു. വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹികക്ഷേമ മേഖലകളില്‍ കേരളം നേടിയ പുരോഗതി വന്‍കിട അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കാഴ്ചവയ്ക്കാന്‍ സാധിക്കാത്തതിന്റെ പശ്ചാത്തലത്തില്‍ രൂപീകരിച്ച കിഫ്ബി സംസ്ഥാനത്തിന്റെ സമസ്ത മേഖലകളിലും വികസനം എന്ന ആശയം പ്രാവര്‍ത്തികമാക്കി വികസിത കേരളം എന്ന സ്വപ്നത്തെ യാഥാര്‍ഥ്യമാക്കുകയാണ്.
വൈകിപ്പിക്കാനാവില്ല വികസനം
അടുത്ത 25 വര്‍ഷംകൊണ്ട് കേരളത്തെ വികസിത രാജ്യങ്ങള്‍ക്കൊപ്പം എത്തിക്കുക എന്നതാണ് രണ്ടാം പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ ചുവടുവയ്പ് എന്ന നിലയില്‍ ആധുനിക നിലവാരമുള്ള റോഡുകള്‍, പാലങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വികസിപ്പിക്കേണ്ടതായിട്ടുണ്ട്. സംസ്ഥാന ഖജനാവില്‍ പണം മിച്ചം വരുന്നതുവരെ ഇത്തരം വന്‍കിട വികസന പദ്ധതികള്‍ താമസിപ്പിക്കാനാവില്ല. എഫ്.ആര്‍.ബി.എം. നിയമവും കേന്ദ്ര ബാങ്ക്, കേന്ദ്ര ധനമന്ത്രാലയം തുടങ്ങിയവരുടെ മാനദണ്ഡങ്ങളും കടം എടുക്കുന്നതിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഇത്തരം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പരമ്പരാഗത വായ്‌പാ സ്രോതസ്സുകൾക്കപ്പുറം പണം കണ്ടെത്തുന്നതിനും തിരിച്ചടവ് ശാസ്ത്രീയമായി ഉറപ്പു വരുത്തുന്നതിനും ഒരു പ്രൊഫഷണല്‍ ഏജന്‍സിയുടെ സാങ്കേതിക മികവ് സര്‍ക്കാരിന് അനിവാര്യമായിരുന്നു.
ഈ അന്വേഷണമാണ് കിഫ്ബിയിലൂടെ സഫലമായത്. 1999 ലെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് നിയമവും 2016 ല്‍ കൊണ്ടുവന്ന സമഗ്ര ഭേദഗതിയും നല്‍കിയ നിയമാടിത്തറയില്‍ നിന്നു കൊണ്ടാണ് നവീനമായ ഈ വികസന മാതൃക പ്രവര്‍ത്തിക്കുന്നത്.
ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ബോണ്ടുകള്‍ തുടങ്ങിയവയില്‍ നിന്നാണ് കിഫ്ബി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വായ്പകള്‍ സമാഹരിക്കുന്നത്. ഇവയുടെ തിരിച്ചടവ് സര്‍ക്കാരിന് കടുത്ത ബാധ്യതയാകാതിരിക്കാനുള്ള ജാഗ്രതയും കിഫ്ബി സ്വീകരിച്ചിട്ടുണ്ട്. ആസ്തിയേക്കാള്‍ കൂടുതല്‍ ബാധ്യത വരാത്ത തരത്തിലാണ് ഇതിന്റെ ബിസിനസ് മോഡല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്ലാ വര്‍ഷവും ബഡ്ജറ്റ് വിഹിതമായി പെട്രോള്‍ സെസും, മോട്ടോര്‍ വാഹന നികുതിയുടെ പകുതിയും വായ്പാ തിരിച്ചടവിനായി സര്‍ക്കാര്‍ കിഫ്ബിക്കു നല്‍കുന്നുണ്ട്. ഇതിനു പുറമെ ഏറ്റെടുത്ത പ്രോജക്ടുകളുടെ 25 ശതമാനവും വരുമാനദായകമായവ ആയതിനാല്‍ തനതു വരുമാനവും വായ്പ തിരിച്ചടവിന് ഉപയോഗിക്കാമെന്നതും നേട്ടമാണ്. ചുരുക്കത്തില്‍ ആന്വിറ്റി ഫിനാന്‍സിങ്ങ് മോഡലിന്റെ ഒരു പരിഷ്‌കരിച്ച പതിപ്പാണ് കിഫ്ബി.