വീടുകളൊരുങ്ങുന്നു നിരന്തരം
ഗ്രീഷ്‌മ രാജന്‍
അടച്ചുറപ്പുള്ള വീടെന്നത് സ്വപ്‌നമല്ല. യാഥാര്‍ഥ്യമാണ് എന്ന് ഒരു ജനത തിരിച്ചറിയുന്ന കാലമാണിത്. സാധാരണക്കാരായ ഭൂ-ഭവന രഹിതര്‍ക്ക് മേല്‍ക്കൂരകള്‍ ഒരുക്കുന്നതിനൊപ്പം അന്തസ്സുള്ള ജീവിതം കൂടിയാണ് ലൈഫ് വീടുകള്‍ തുറന്നു നല്‍കുന്നത്. സാമൂഹിക നീതിയിലൂന്നിയ വികസന സാക്ഷാത്കാരമാണ് ലൈഫ് മിഷനിലൂടെ സാര്‍ഥകമാകുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്താകെ നിര്‍മിച്ച 20314 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ ദാനവുമാണ് ഏറ്റവും ഒടുവിൽ നടന്ന ലൈഫ് നേട്ടം. മുഖ്യമന്ത്രി പിണറായി വിജയന്‍ കൊല്ലം കൊറ്റങ്കര മേക്കോണിലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പുതിയ 41439 ഗുണഭോക്താക്കളുമായി കരാറിലേര്‍പ്പെട്ടതിന്റെ പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിച്ചു.
നിലവിലെ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത് 80392 വീടുകളും രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായ 100 ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയത് 20314 ഭവനങ്ങളുമാണ്. 67000 ലധികം വീടുകള്‍ വിവിധ നിര്‍മാണ ഘട്ടങ്ങളിലാണ്. ലൈഫ് 2020 ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട 3,69,262 ഭൂമിയുള്ള ഭവന രഹിതരില്‍ പട്ടികജാതി, പട്ടികവര്‍ഗ, ഫിഷറീസ് വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് അതിവേഗം ആനുകൂല്യം ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭവന സമുച്ചയങ്ങളുടെ നിര്‍മാണവും ത്വരിത ഗതിയില്‍ പുരോഗമിക്കുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പദ്ധതിയില്‍ മുടങ്ങി കിടന്ന 52680 വീടുകളുടെ പണി പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള ഭവന രഹിതര്‍ക്കുള്ള ഭവന നിര്‍മാണത്തിന്റെ ഭാഗമായി നാളിതുവരെ 96816 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കി. മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവന രഹിതര്‍ക്കുള്ള വീട് നിർമാണമാണ് നടപ്പിലാക്കുന്നത്. ഇതുവരെ 22107 പേര്‍ക്ക് സ്ഥലം ലഭ്യമാക്കി ഭവനമൊരുക്കി.
ഭൂ ഭവന രഹിതര്‍ക്കായി ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം നടത്തുന്നുമുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിര്‍മിച്ച ഭവന സമുച്ചയങ്ങളില്‍ 643 കുടുംബങ്ങളെ പുനരധിവസിച്ച് കഴിഞ്ഞു. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വിവിധ വകുപ്പുകള്‍ മുഖേന പൂര്‍ത്തിയാക്കിയത് 40450 ഭവനങ്ങളാണ്.
‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ ഇതുവരെ 2435.721 സെന്റ് സ്ഥലം സംഭാവനയായി ലഭിച്ചിട്ടുണ്ട്. ഇതില്‍ 1296.487 സെന്റ് ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് കൈമാറി.
ഭവന രഹിതരില്ലാത്ത സുന്ദര കേരളമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിലേക്ക് എത്തുന്നതിന്റെ സാക്ഷ്യമാണ് ഇതുവരെ പൂര്‍ത്തിയാക്കിയ മൂന്നര ലക്ഷത്തോളം വീടുകള്‍.