കേരളത്തിലെ ദേശീയപാതാ വികസനം ദ്രുത വേഗത്തില്‍

-പി. എ. മുഹമ്മദ് റിയാസ്

ഒരു നാടിന്റെ സമഗ്ര വികസനത്തിന് അത്യന്താപേക്ഷിതമായ ഘടകമാണ് പശ്ചാത്തല സൗകര്യ വികസനം. ആസൂത്രിതമായ വികസനമാണ് ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുന്നത്.

പശ്ചാത്തല സൗകര്യ വികസനം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് അതി പ്രധാനമാണ്. ഈ രംഗത്ത് കേരളത്തെ മികച്ച ഹബ്ബായി മാറ്റാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതും. ദേശീയപാതാ വികസനത്തിന് ഈ പശ്ചാത്തലത്തിലാണ് കേരളം മുന്‍ഗണന നല്‍കുന്നത്.

മുംബൈ മുതല്‍ കന്യാകുമാരി വരെ നീളുന്ന ദേശീയ പാത – 66 ന്റെ വികസനം കേരളത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. മഞ്ചേശ്വരം തലപ്പാടി മുതല്‍ കാരോട് തമിഴ്‌നാട് അതിര്‍ത്തി വരെ നീളുന്ന പാതയുടെ വികസനം ഏറെ ചര്‍ച്ച ചെയ്‌തതുമാണ്. ഇതിനായുള്ള ശ്രമങ്ങള്‍ ദേശീയപാതാ അതോറിറ്റി ആരംഭിക്കുകയും ചെയ്‌തു. എന്നാല്‍ ഭൂമി ഏറ്റെടുക്കലിലെ കാലതാമസം ചൂണ്ടിക്കാട്ടി 2015-ൽ ദേശീയ പാതാ അതോറിറ്റി പദ്ധതി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു.

2016-ല്‍ പിണറായി വിജയന്‍ സര്‍ക്കാരാണ് പദ്ധതി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. പ്രധാനമന്ത്രി, ഉപരിതല ഗതാഗത മന്ത്രി എന്നിവരെ പല തവണ കണ്ട് മുഖ്യമന്ത്രി, കേരളത്തിലെ ദേശീയപാതാ വികസനമെന്ന ആവശ്യം മുന്നോട്ടു വെച്ചു. തുടര്‍ ചര്‍ച്ചകള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ഒടുവില്‍ കേരളത്തിന്റെ ശ്രമങ്ങള്‍ ഫലം കാണുകയായിരുന്നു. 2019-ല്‍ ദേശീയപാത വികസന പദ്ധതി നടപ്പിലാക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

സ്ഥലം ഏറ്റെടുക്കലിന്റെ 25 ശതമാനം കേരളം വഹിക്കണമെന്ന നിബന്ധനയോടെയാണ് കേന്ദ്രം പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പശ്ചാത്തല വികസന രംഗത്ത് വന്‍ കുതിപ്പ് മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാര്‍ ഈ നിര്‍ദേശം അംഗീകരിച്ചു. ഫണ്ട് വകയിരുത്താനും തീരുമാനിച്ചു.

ചരിത്രം സൃഷ്‌ടിച്ച ഭൂമി ഏറ്റെടുക്കല്‍ ദേശീയ പാത-66 ന്റെ വികസനത്തിന് ആകെ 1190.67 ഹെക്‌ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഒപ്പം നിന്ന് മികച്ച തുടര്‍ ജീവിതം സാധ്യമാക്കാനാകുന്ന നഷ്‌ട പരിഹാരം ഉറപ്പാക്കി, മുഖ്യമന്ത്രി തന്നെ ജനങ്ങളോട് സംസാരിച്ച് നഷ്‌ട പരിഹാരം സംബന്ധിച്ച ആശങ്കകള്‍ പരിഹരിച്ചു. ജനങ്ങള്‍ ഭൂമി വിട്ടു നല്‍കുന്നതിന് തയ്യാറായി.

നിലവില്‍ 98.5 ശതമാനത്തോളം ഭൂമി ഏറ്റെടുത്ത് കൈമാറി. സംസ്ഥാന വിഹിതമായി 5580.73 കോടി രൂപ കേരള സര്‍ക്കാര്‍ നല്‍കി. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിഹിതം കൈമാറിയത്.

ദ്രുത വേഗം, കണ്ണഞ്ചിപ്പിക്കുന്ന മാറ്റം കാലത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസൃതമായി ദ്രുത വേഗത്തിലാണ് ദേശീയ പാത വികസിക്കുന്നത്. കഴക്കൂട്ടം എലവേറ്റഡ് ഹൈവേ തുറന്നു കൊടുത്തു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 21 പദ്ധതികളാണ് പുരോഗമിക്കുന്നത്. ഇതില്‍ മൂന്ന് പദ്ധതികള്‍ അന്തിമ ഘട്ടത്തിലാണ്. മറ്റിടങ്ങളില്‍ ആറുവരി പാത നിര്‍മാണം നടക്കുന്നു.

ദേശീയ പാത 66-ഇല്‍ അരൂര്‍-തുറവൂര്‍ റീച്ചില്‍ 12.75 കിലോ മീറ്റര്‍ ദൂരം ആറു വരി എലവേറ്റഡ് ഹൈവേ ആയാണ് വിഭാവനം ചെയ്‌തിരിക്കുന്നത്. ഇവിടെയും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

സമയ ബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ദേശീയ പാത അതോറിറ്റിയുമായി ചേര്‍ന്ന് കേരളം പ്രവര്‍ത്തിക്കുകയാണ്. മുഖ്യമന്ത്രി നിശ്ചിത ഇടവേളകളില്‍ അവലോകന യോഗങ്ങള്‍ നടത്തി പുരോഗതി വിലയിരുത്തുന്നു. 2025-ല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് തുടരുന്നത്.

വികസിക്കുന്നു മറ്റ് ദേശീയ പാതകളും

ദേശീയ പാത-66 ന് പുറമെ മറ്റ് ദേശീയ പാതകളുടെ വികസനവും കേരളത്തില്‍ സാധ്യമാക്കാന്‍ ശ്രമിക്കുകയാണ്. കൃത്യമായ സമയ ക്രമം നിശ്ചയിച്ച് പ്രവൃത്തി വിലയിരുത്തലുകള്‍ നടത്തിയാണ് കുതിരാന്‍ ടണലിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കിയത്, വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതോടെ തലസ്ഥാനത്ത് സാധ്യമാകുന്ന വികസന കുതിപ്പിന് ആക്കം കൂട്ടാന്‍ വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡ് പദ്ധതി ഉള്‍പ്പെടെ ആവിഷ്‌കരിച്ച് നടപ്പാക്കുകയാണ്. കേരളം സമര്‍പ്പിച്ച പദ്ധതി നിര്‍ദേശം അംഗീകരിച്ച് ദേശീയ പാത അതോറിറ്റി വഴി നടപ്പാക്കാന്‍ ആണ് തീരുമാനം.

തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ്, കൊല്ലം-ചെങ്കോട്ട നാലുവരി പാത, ദേശീയപാത 966-ല്‍ പാലക്കാട്-കോഴിക്കോട് നാലുവരി പാത, ദേശീയപാത 544-ല്‍ അങ്കമാലി-കുണ്ടന്നൂര്‍ ആറുവരി ബൈപ്പാസ് (എറണാകുളം ബൈപ്പാസ്) എന്നീ പദ്ധതികള്‍ക്കുള്ള പദ്ധതി രേഖ തയ്യാറാക്കല്‍ അന്തിമ ഘട്ടത്തിലാണ്. ഭൂമിഏറ്റെടുക്കലിനുള്ള 3എ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു.

ദേശീയപാത 85-ല്‍ കൊച്ചി-മൂന്നാര്‍-തേനി നാലുവരി പാത, ദേശീയപാത 544-ല്‍ വാളയാര്‍-വടക്കാഞ്ചേരി ആറുവരി പാത, തൃശ്ശൂര്‍-അങ്കമാലി ആറുവരി പാത, തിരുവനന്തപുരം-കോട്ടയം -അങ്കമാലി നാലുവരി പാത, മലപ്പുറം-കുട്ട എക്കണോമിക് കോറിഡോര്‍ എന്നീ പ്രവൃത്തികളുടെ പദ്ധതി രേഖയും തയ്യാറാക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കലിന് ഒന്നാം ഘട്ട അനുമതിയും ലഭ്യമായി.

ദേശീയപാത 85-ല്‍ കൊച്ചി-മൂന്നാര്‍ ഇ.പി.സി മോഡില്‍ പേവ്ഡ് ഷോള്‍ഡറോഡു കൂടി രണ്ടു വരി പാത വികസിപ്പിക്കുന്നതിന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ദേശീയപാത-766ല്‍ കോഴിക്കോട്-മുത്തങ്ങ പാത പേവ്ഡ് ഷോള്‍ഡറോഡു കൂടി രണ്ടുവരി പാത വികസിപ്പിക്കുന്നതിന് ഭൂമി ഏറ്റെടുക്കലിനുള്ള തുക അനുവദിച്ചു. ദേശീയപാത 185-ല്‍ അടിമാലി-കട്ടപ്പന പാത വികസനത്തിന് ഭൂമി ഏറ്റെടുക്കലിനുള്ള തുകയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികള്‍ അംഗീകരിച്ച് അനുവദിച്ചിട്ടുണ്ട്.

ദേശീയ പാത വികസനത്തിനൊപ്പം മലയോര പാത, തീരദേശ പാത, ലെവല്‍ക്രോസ് ഇല്ലാത്ത കേരളം തുടങ്ങിയ പദ്ധതികള്‍ ചേര്‍ന്ന് കേരളത്തിന്റെ വികസനത്തെ കൂടുതല്‍ തിളക്കമുള്ളതാക്കും എന്ന് ഉറപ്പിക്കാം.