സിരകളില്‍ ഒഴുകുന്ന മഷിയും തീയും

ലോകത്തിനു മുന്നില്‍ കേരളത്തെ പ്രതിഫലിപ്പിക്കുന്ന കൊച്ചി മുസിരിസ് ബിനാലെ. നാല്‌ വേദികളിലായി 4.5 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തായി നടക്കുന്ന ബിനാലെയുടെ അഞ്ചാം പതിപ്പ് ആദ്യ ഒരാഴ്‌ചയിൽ തന്നെ മുപ്പതിനായിരത്തോളം പേര്‍ കണ്ടു കഴിഞ്ഞു. ഏപ്രില്‍ 10വരെ തുടരും
ബോസ്‌ കൃഷ്‌ണമാചാരി 
പ്രസിഡൻ്റ്,
കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍

കേരളത്തെ ലോകത്തിനു മുന്നില്‍ അതിൻ്റെ സാകല്യത്തില്‍ കൊച്ചിയുടെ മാസ്‌മരിക മനോഹാരിതയുടെ പശ്ചാത്തലത്തില്‍ പ്രതിഫലിപ്പിക്കുന്ന സമകാലീന കലാ മേളയായ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് വന്‍ ജന സ്വീകാര്യതയോടെ മുന്നേറുകയാണ്. ‘നമ്മുടെ സിരകളില്‍ ഒഴുകുന്ന മഷിയും തീയും’ എന്ന ഇത്തവണത്തെ ബിനാലെയുടെ പ്രമേയത്തില്‍ തന്നെ അതിൻ്റെ ആഴവും പരപ്പും തീഷ്‌ണതയുമുണ്ട്. സംസ്ഥാന സർക്കാരിൻ്റെ നിര്‍ലോഭ പിന്തുണ ഒന്നു കൊണ്ടു മാത്രമാണ്‌ കോവിഡ് മൂലം 2020-ല്‍ നടക്കാതെ പോയ അഞ്ചാം പതിപ്പ് ഇക്കൊല്ലം സുസജ്ജമാക്കാനായത്. ഏഴു കോടി രൂപയാണ് ബിനാലെയ്ക്കു വേണ്ടി സര്‍ക്കാര്‍ വക കൊള്ളിച്ചത്. ഈ മഹത്തായ സാംസ്‌കാരിക സംരംഭത്തിന് ടൂറിസം വകുപ്പ് മുഖേനയാണ് സാമ്പത്തിക സഹായം ലഭിക്കുന്നത്.

14 വേദികളിലായി 4.5 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തായി നടക്കുന്ന ബിനാലെയുടെ അഞ്ചാം പതിപ്പ് ആദ്യ ഒരാഴ്‌ചയിൽ തന്നെ മുപ്പതിനായിരത്തോളം പേര്‍ കണ്ടു കഴിഞ്ഞു. കഴിഞ്ഞ പതിപ്പ് ആറു ലക്ഷം ആളുകള്‍ കാണാനെത്തിയെങ്കില്‍ ഇക്കുറി പത്തു ലക്ഷത്തോളം പേരെത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിനു മാത്രമല്ല രാജ്യത്തിനു തന്നെ സാമ്പത്തികമായിക്കൂടി പ്രയോജനകരമാണ്‌ കൊച്ചി മുസിരിസ് ബിനാലെ. ചെറിയ കടകള്‍ തൊട്ട് വന്‍കിട ഹോട്ടലുകള്‍ക്കു വരെ ബിനാലെ നേട്ടമുണ്ടാക്കുന്നുണ്ട്.

ഏറ്റവുമധികം സ്വകാര്യ ജെറ്റ്‌ വിമാനങ്ങള്‍ ബിനാലെക്കാലത്ത്‌ കൊച്ചിയിലെത്തുന്നു. സമൂഹത്തിൻ്റെ താഴെത്തട്ടിലുള്ളവര്‍ക്കു തൊട്ട് അതി സമ്പന്നര്‍ക്കു വരെ വിവേചന രഹിതമായ പങ്കാളിത്തമുണ്ട് ബിനാലെ പദ്ധതിയില്‍. ടൂറിസത്തിന് വളരെ പ്രധാനപ്പെട്ട നേട്ടമാണിതിലൂടെ കൈ വരുന്നത്. ഒറ്റ മുറി പോലും താമസത്തിനായി കിട്ടാനില്ല എന്നതാണ് നില. ലോകത്തെ പുതിയ ചിന്തകളും കാഴ്‌ചപ്പാടുകളും പ്രതികരണങ്ങളും പ്രകടമാക്കാന്‍ ബിനാലെയ്ക്ക് കഴിയുന്നു എന്നത് ഏറ്റവും പ്രധാനം. ബോധനവും അവബോധ സൃഷ്‌ടിയും ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസം ബിനാലെയുടെ മര്‍മ്മ ധര്‍മ്മമാകുന്നു. പുതിയ ലോകത്തെ പുതിയ തലമുറയെ കല കൊണ്ട് പഠിപ്പിക്കാന്‍ പറ്റുന്നു. ചൈനയിലും യൂറോപ്പിലുമൊക്കെ ആധുനിക സര്‍വകലാശാലകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത്‌ സാങ്കേതിക വിദ്യ, രൂപകൽപന (ഡിസൈന്‍), സൗന്ദര്യ ശാസ്ത്രം എന്നിവയിലൂന്നിയാണ്. ബിനാലെയും ഇതേ മാതൃക അവലംബമാക്കുന്നു. ബിനാലെ ചിത്ര കലയുടെ പ്രദര്‍ശനം മാത്രമല്ല. ഫോട്ടോഗ്രാഫി, നവ മാധ്യമങ്ങള്‍, അനിമേഷന്‍ തുടങ്ങി ഡിസൈന്‍, പൈതൃകം എന്നിവയെല്ലാം ബിനാലെയിലുണ്ട്.

എല്ലാറ്റിനെയും സംബന്ധിച്ച സമകാലിക അവലോകനമാണ് ബിനാലെ. 2012 ഡിസംബര്‍ 12നാണ്‌ സംസ്ഥാനത്തിൻ്റെ സാംസ്‌കാരിക മേഖലയില്‍ ചരിത്രം കുറിച്ച് ആദ്യ ബിനാലെ തുടങ്ങുന്നത്. കേരളത്തെ ആഗോള തലത്തില്‍ എവിടെയും അവതരിപ്പിക്കാന്‍ ബിനാലെയിലും മികച്ച മറ്റൊരു സങ്കേതമില്ല. ഇങ്ങനെ നാടിനു ശ്രേയസ്‌കരമാകുന്ന പ്രത്യക്ഷവും പരോക്ഷവുമായ സാമ്പത്തിക ബന്ധം ഈ കലാ പദ്ധതിക്കുണ്ട്.

ചെലവു കുറച്ച് മികച്ച സൃഷ്‌ടികൾ 

ലോകത്തെ മറ്റു ബിനാലെകളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊച്ചി മുസിരിസ് ബിനാലെയ്ക്ക്‌ കേരളത്തിന് ചെലവാകുന്ന തുക തുലോം തുച്ഛമാണെന്നതും പ്രധാനപ്പെട്ടതാണ്. 13 ദശലക്ഷം യൂറോയാണ്‌ വെനീസ് ബിനാലെയ്‌ക്കൊക്കെ ചെലവഴിക്കുന്നത്. അതായത് നൂറു കോടിയിലേറെ രൂപ. ജര്‍മ്മനിയിലെ ഡോക്യുമെൻ്റ് കലാ പദ്ധതിയ്ക്കാകട്ടെ ചെലവ് 400 കോടിയിലേറെ രൂപയാണ്. എന്നാല്‍ 22.5 കോടിയോളം രൂപ മാത്രമാണ് നമ്മുടെ ബിനാലെയ്ക്ക് ബഡ്‌ജറ്റ് തയ്യാറാക്കിയിട്ടുള്ളത്.  അതേ സമയം നമ്മുടെ ബിനാലെയ്ക്കുള്ള മതിപ്പ്, വിശ്വാസ്യത ഏറ്റവും ഉന്നതമായ നിലയ്ക്കാണ് താനും. താരതമ്യേന ചെറിയ തുക കൊണ്ട്‌ വലിയ ലോകം കണ്ടെത്താന്‍ കൊച്ചി മുസിരിസ് ബിനാലെയ്ക്ക് കഴിഞ്ഞു. ലോക പ്രശസ്‌ത മ്യൂസിയങ്ങളിലെ ക്യൂറേറ്റര്‍മാരും കലാ സൃഷ്‌ടികൾ ശേഖരിക്കുന്നവരും ബിനാലെയ്‌ക്കെത്തുന്നുണ്ട്. കേരളത്തിലെ കലാകാരന്മാരുടെ സൃഷ്‌ടികൾ ഭാവിയിലാണെങ്കിലും വാങ്ങാന്‍ അവസരമൊരുങ്ങുന്നു എന്നതാണ്‌ മെച്ചം. ബിനാലെ ആർട്ട് ഫെയറുകൾ പോലെ വിൽപന കേന്ദ്രമല്ല. പക്ഷെ, കലാവതരണം കാണാനും അവ പിന്നീട്‌ വാങ്ങാനും അവസരമുണ്ടാകുന്നു.

കൊച്ചി ബിനാലെയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന  അനുബന്ധമാണ് സ്റ്റുഡൻ്റ്സ് ബിനാലെ. കശ്‌മീർ മുതല്‍ കന്യാകുമാരി വരെയുള്ള സര്‍ക്കാര്‍ കലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ആവിഷ്‌കാരങ്ങൾക്ക് ഇതിൽ അവസരം നല്‍കിയിരിക്കുന്നു. വലിയ സാധ്യതകളാണ് ഈ മുതിര്‍ന്ന കലാ വിദ്യാര്‍ഥികള്‍ക്ക് ബിനാലെയിലെ ലോകോത്തര കലാകാരന്മാരുമായി പരിചയപ്പെടാനും ഇവിടെ താമസിച്ച് ഗവേഷണം നടത്താനും ഒക്കെ സാഹചര്യമൊരുങ്ങി. സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന വൈജ്ഞാനികാധിഷ്‌ഠിത സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന് തീര്‍ത്തും അനുരൂപവും അതിന് അനുപൂരകവുമാണ്‌ കൊച്ചി ബിനാലെ.

ഏപ്രില്‍ 10 വരെ തുടരുന്ന ബിനാലെയുടെ മുഖ്യ വേദികളിലായി 40 രാജ്യങ്ങളില്‍ നിന്നുള്ള 88 സമകാല കലാകാരന്മാരുടെ സൃഷ്‌ടികൾ കാണാം. ഇന്ത്യന്‍ വംശജയായ സിംഗപ്പൂര്‍ കലാകാരി ഷുബിഗി റാവുവാണ് ഈ പതിപ്പിൻ്റെ ക്യൂറേറ്റര്‍. കേരളത്തിൻ്റെ സ്വന്തം സമകാല കലാ സൃഷ്‌ടികളുടെ പ്രദര്‍ശനത്തിന് എറണാകുളം ഡര്‍ബാര്‍ ആർട്ട് ഗാലറിയിൽ വേദിയുണ്ട്. ബിനാലെയുടെ പത്താം വാര്‍ഷിക വേളയിലെ ശ്രദ്ധേയമായ പുതുമയാണ്‌ കേരളത്തിലെ മലയാളി കലാകാരന്മാര്‍ക്കു മാത്രമായി ഒരുക്കിയ ‘ഇടം’ എന്നു പേരിട്ട പ്രദര്‍ശനം.

ഇത്തവണ ബിനാലെയുടെ ആര്‍ട്ട്‌ ബൈ ചില്‍ഡ്രന്‍ (എബിസി) വിഭാഗത്തിൻ്റെ ഭാഗമായ ആര്‍ട്ട്‌ റൂമുകള്‍ സജ്ജമാക്കിയ രണ്ട് സ്‌കൂളുകളില്‍ കലാ സൃഷ്‌ടികളുടെ പ്രദര്‍ശനമൊരുക്കി. ഞാറക്കല്‍ ഗവൺമെൻ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കടമക്കുടി ഗവൺമെൻ്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് കുട്ടികളുടെ സര്‍ഗ്ഗ ഭാവനകള്‍ സാക്ഷാത്കരിച്ചത്. ബിനാലെയുടെ ഭാഗമായി സംവാദങ്ങളും ശില്‍പ ശാലകളും സാംസ്‌കാരിക പരിപാടികളും വിശ്വ പ്രസിദ്ധ വാസ്‌തു ശില്‍പി സമീരരത്തോഡ്‌ രൂപകല്‍പന ചെയ്‌ത ഫോര്‍ട്ടു കൊച്ചി കബ്രാള്‍യാര്‍ഡിലെ ടിഎന്‍ക്യൂ-കെബിഎഫ് പവിലിയനിലാണ് നടക്കുന്നത്. എല്ലാ വീക്ഷണങ്ങളും മാധ്യമങ്ങളും വന്നു ചേരുന്ന ഒരു കലാ സ്ഥലമായി, സര്‍ഗ നഗരം കൂടിയായി ബിനാലെ നഗരമായ കൊച്ചി ലോകമെമ്പാടും അറിയപ്പെടും.