ജനോന്മുഖ വികസനത്തിന് ഇ-ഗവേണൻസ്
പിണറായി വിജയന്‍
മുഖ്യമന്ത്രി
സർക്കാർ സേവനങ്ങളില്‍ സുതാര്യതയും വേഗവും അഴിമതി രാഹിത്യവും ഉറപ്പാക്കുന്നതിനുള്ള സംസ്ഥാന സർക്കാരിൻ്റെ പ്രതിജ്ഞാ ബദ്ധമായ നിലപാടിന്റെ ഭാഗമാണ് ഇ-ഗവേണൻസിൻ്റെ ശാക്തീകരണം. സേവന മേഖലയെ കൂടുതല്‍ ജനങ്ങളോട് അടുപ്പിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങളുടെ ഭാഗം കൂടിയാണിത്. സാങ്കേതിക വിദ്യാ മേഖലയില്‍ ലോകത്തുണ്ടാകുന്ന വളർച്ചയ്ക്കനുസരിച്ച് സമസ്‌ത മേഖലകളിലും മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ആ മാറ്റങ്ങൾക്കനുസൃതമായി പൊതു മേഖലയെയും സർക്കാർ സേവനങ്ങളെയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇ-ഗവേണൻസ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ സർക്കാർ തയ്യാറായത്. കേരളത്തിലെ സേവന മേഖലയെ കൂടുതല്‍ ജനോന്മുഖമാക്കുന്നതിനാണ് സാഹചര്യം ഒരുങ്ങിയത്. 868 സേവനങ്ങള്‍ ഒരു ഓൺലൈൻ പോർട്ടലിൽ ലഭ്യമാക്കിയത് സുപ്രധാന നേട്ടമാണ്. സർക്കാർ ഓഫീസുകള്‍ കയറിയിറങ്ങാതെ തന്നെ പൊതു ജനങ്ങൾക്ക് സർക്കാർ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പോർട്ടലിലൂടെ കഴിയും. പോർട്ടലിനു പുറമെ എം-സേവനം മൊബൈല്‍ അപ്ലിക്കേഷനും വികസിപ്പിച്ചിട്ടുണ്ട്.
ആപ്പിലൂടെ 668 സേവനങ്ങളാണ് പൊതു ജനങ്ങൾക്ക് ലഭ്യമാകുന്നത്. വൈകാതെ കൂടുതല്‍ സേവനങ്ങള്‍ രണ്ടിൻ്റെയും ഭാഗമാക്കി മാറ്റും. ഇതുവഴി സർക്കാർ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമായും വേഗത്തിലും അഴിമതി രഹിതമായും ലഭ്യമാക്കാനാകും.
ജില്ലാ തലത്തിലുള്ള ഓൺലൈൻ സേവനങ്ങള്‍ പൊതു ജനങ്ങൾക്ക് എത്തിക്കുന്നതിനായാണ് ഇ-ഡിസ്‌ട്രിക്‌ട് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ ഓഫീസുകള്‍ പേപ്പര്‍ രഹിതമാക്കുന്നതിൻ്റെ ഭാഗമായി ഇ-ഓഫീസ് സംവിധാനവും നടപ്പാക്കി. 14 കളക്‌ടറേറ്റുകളിൽ 120 ലധികം സർക്കാർ സ്ഥാപനങ്ങളില്‍ ഇ-ഓഫീസ് നടപ്പാക്കിയിട്ടുണ്ട്. പൊതു ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന 47 താലൂക്ക് ഓഫീസുകളിലും 408 വില്ലേജ് ഓഫീസുകളിലും 24 ആര്‍. ഡി. ഒ കളിലും ഇ-ഓഫീസ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്.
ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനാകും വിധമുള്ള അടിസ്ഥാന സൗകര്യ വികസനവും അനിവാര്യമാണ്. എല്ലാ വിഭാഗം ജനങ്ങൾക്കും ഇ-സേവനങ്ങള്‍ പ്രാപ്യമാകാന്‍ സാർവത്രികമായി ഇന്റർനെറ്റ് കണക്‌ടിവിറ്റി ഉറപ്പ് വരുത്തുന്നതിൻ്റെ ഭാഗമായാണ് ബൃഹദ് പദ്ധതിയായ കെ-ഫോൺ ആവിഷ്‌കരിച്ചത്. എല്ലാ കുടുംബങ്ങൾക്കും കുറഞ്ഞ ചെലവിലോ സൗജന്യമായോ ഹൈ-സ്‌പീഡ് ബ്രോഡ്ബാൻ്റ് ഇൻ്റർനെറ്റ് ലഭ്യമാക്കുകയാണ് ലക്ഷ്യം.
മുപ്പതിനായിരത്തോളം വരുന്ന സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ പദ്ധതിയുടെ ഭാഗമാകും. ഇതിനോടകം പല സർക്കാർ ഓഫീസുകൾക്കും കെ-ഫോൺ കണക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. കെ-ഫോൺ പദ്ധതിക്കൊപ്പം തന്നെ പബ്ലിക് വൈ-ഫൈ സ്പോട്ടുകളും സ്ഥാപിക്കുകയാണ്. 2,023 സൗജന്യ പബ്ലിക് വൈ-ഫൈ സ്പോട്ടുകളാണ് നിലവില്‍ കേരളത്തിലെ പൊതു ഇടങ്ങളില്‍ ലഭ്യമാക്കിയിട്ടുള്ളത്. 2,000 വൈ-ഫൈ ഹോട്ട് സ്പോട്ടുകൾ കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്കിൻ്റെ ഭാഗമായി നാലായിരത്തിലധികം സർക്കാർ ഓഫീസുകളില്‍ ഇൻ്റർനെറ്റ് കണക്ഷന്‍ ലഭ്യമാക്കുകയും ചെയ്‌തു.
കേരളത്തിലെ ജിയോഗ്രഫിക്കല്‍ ഇൻഫർമേഷൻ സിസ്റ്റവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും ഏകോപനത്തിനായാണ് കേരള സ്‌പെഷൽ ഡാറ്റാ ഇൻഫ്രാസ്ട്രക്‌ചർ നിലവില്‍ വന്നത്. വിശ്വസനീയവും അവലംബിക്കാവുന്നതുമായ ഭൂ വിവരങ്ങള്‍ പരിസ്ഥിതി സംബന്ധിയായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകൾക്ക് ഇതിലൂടെ ലഭ്യമാക്കാന്‍ കഴിയും.
പൊതു ജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന വകുപ്പാണ് റവന്യൂ വകുപ്പ്. പൊതുവില്‍, ഭൂമി സംബന്ധിച്ച രേഖകൾക്കായാണ് ഏറ്റവുമധികം ആളുകള്‍ റവന്യൂ വകുപ്പിനെ സമീപിക്കാറുള്ളത്. ഭൂ രേഖകള്‍ കൂടുതല്‍ കൃത്യതയോടെ നിശ്ചിത സമയ പരിധിക്കുള്ളില്‍ ലഭ്യമാക്കാന്‍ ഉതകുന്ന വിധമുള്ള ഡിജിറ്റല്‍ സർവ്വെയ്ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു.
സർക്കാരിൻ്റെ സമീപനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഇത്തരം മാറ്റങ്ങളുണ്ടാകുമ്പോള്‍ ജീവനക്കാരുടെ സമീപനത്തിലും കാര്യമായ മാറ്റമുണ്ടാകേണ്ടതുണ്ട്. സർക്കാർ സർവ്വീസ് പൊതു ജനങ്ങൾക്കു സേവനം നൽകാനുള്ള ഉപാധിയാണ് എന്ന നിലയിലേക്കുള്ള മാറ്റമാണ് വേണ്ടത്. അതിനു സഹായകമാകുന്ന വിവിധ പരിശീലന പരിപാടികള്‍ സർക്കാർ നടപ്പാക്കി വരികയാണ്. അവയോട് മികച്ച രീതിയില്‍ പ്രതികരിക്കുകയും അവയില്‍ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് മുന്നേറ്റം കൈവരിക്കുകയും ചെയ്യുന്ന ഒട്ടേറെ ഓഫീസുകളും വകുപ്പുകളുമുണ്ട്. എല്ലാ ഓഫീസുകളും വകുപ്പുകളും ആ നിലയിലേക്കു വളർന്ന് പൊതു ജനങ്ങൾക്ക് മികച്ച സേവനങ്ങള്‍ നൽകാൻ കഴിയണം.
ഇ-സേവനങ്ങള്‍ പൊതു ജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് തടസ്സമായി നിൽക്കുന്ന കാലഹരണപ്പെട്ട ചട്ടങ്ങൾ പരിഷ്‌ക്കരിക്കേണ്ടതുണ്ട്. അവ ഏതെല്ലാമാണെന്ന് വേഗത്തില്‍ തിരിച്ചറിയാനാകുക ഉദ്യോഗസ്ഥർക്കാണ്. അവ സർക്കാരിൻ്റെ ശ്രദ്ധയില്‍ കൊണ്ടുവരണം. ഇ-ഗവേണൻസ് സംവിധാനങ്ങളെ ഫലപ്രദമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഉണ്ടാകുന്ന തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുന്ന ഇടപെടലുകളാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കുന്നത്.
വികസന പദ്ധതികളുടെ നേട്ടങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്ക് എത്തിച്ചും അർഹരായ എല്ലാവർക്കും ക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കിയും ഒരു നവ കേരളത്തിലേക്ക് ചുവടു വയ്ക്കാനാണ് സർക്കാർ പ്രയത്നിക്കുന്നത്. അതില്‍ ഇ-ഗവേണൻസ് സംവിധാനങ്ങൾക്ക് വലിയ പങ്കു വഹിക്കാനുണ്ട്. അതിനു കരുത്തു പകരുന്ന വിധത്തില്‍ സാങ്കേതിക വിദ്യയിലധിഷ്‌ഠിതമായ സർക്കാർ സംവിധാനങ്ങൾക്ക് മാനുഷിക മുഖം നൽകാൻ എല്ലാ വകുപ്പുകൾക്കും ജീവനക്കാർക്കും കഴിയണം.