നവോത്ഥാനത്തിൻ്റെ നിര്‍ഭയ ദീപ്‌തി
കേരള നവോത്ഥാനത്തിലെ ഒളി മങ്ങാത്ത ഓര്‍മ്മയായ വക്കം മുഹമ്മദ് അബ്‌ദുൽ ഖാദര്‍ മൗലവിയുടെ ശതോത്തര സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി
ഡോ.കായംകുളം യൂനുസ്
സെക്രട്ടറി, വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ്
മുസ്ലിം സമുദായത്തില്‍ അടിഞ്ഞു കൂടിയിരുന്ന അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും വിദ്യാ രാഹിത്യത്തിനും സ്ത്രീകളോടുള്ള വിവേചനത്തിനുമെതിരേയുള്ള പോരാടുമ്പോള്‍ തന്നെ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങളുടെ സംസ്ഥാപനത്തിനും പൊതു ജീവിതത്തിലെ അഴിമതികള്‍ക്കുമെതിരെ നില കൊണ്ട് മറ്റൊരു വിശാല പോര്‍മുഖം കൂടി വക്കം മുഹമ്മദ് അബ്‌ദുൽ ഖാദര്‍ മൗലവി തുറന്നു.
1873 ഡിസംബര്‍ 28-ന് വക്കത്തെ പ്രശസ്‌തമായ പൂന്ത്രാംവിളാകം കുടുംബത്തില്‍ സമ്പന്നതയുടെ നടുവിലാണ് ജനനം. മലയാളത്തിനു പുറമേ തമിഴ്, അറബിക്, ഇംഗ്ലീഷ്, സംസ്‌കൃതം, ഉറുദു ഭാഷകളിലും ചെറുപ്പത്തില്‍ത്തന്നെ അദ്ദേഹം പാണ്ഡിത്യം നേടി. വിദേശ രാജ്യങ്ങളിലെ പണ്ഡിതരുമായി എഴുത്തു കുത്തുകള്‍ നടത്തിയും അവിടങ്ങളില്‍ നിന്നിറങ്ങുന്ന പ്രസിദ്ധീകരണങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയും വക്കം മൗലവി ലോക സംഭവങ്ങളെക്കുറിച്ച് കാര്യമായി പഠിച്ചു. റഷീദ്‌രിളാ, ജമാലുദീന്‍ അഫ്‌ഗാനി, മുഹമ്മദ് ഇബ്‌നു, അബ്‌ദുൽ വഹാബ്, ഷാവലിയുല്ലാദഹ്ലവി, ശൈഖ് മുഹമ്മദ് അബ്‌ദു, സര്‍ സയ്യിദ് അഹമ്മദ് ഖാന്‍ തുടങ്ങി ഇന്ത്യയിലും വിദേശത്തുമുള്ള പരിഷ്‌കര്‍ത്താക്കളാലും സ്വാധീനിക്കപ്പെട്ട വക്കം മൗലവി കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിനു ചുക്കാന്‍ പിടിച്ചത് ചരിത്രത്തിൻ്റെ ഭാഗമാണ്.
ചിറയിന്‍കീഴ് താലൂക്ക് മുസ്ലിം സമാജം, ആലപ്പുഴ ലജനത്തുല്‍ മുഹമ്മദീയ അസോസിയേഷന്‍, കൊടുങ്ങല്ലൂരിലെ മുസ്ലിം ഐക്യസംഘം, കൊല്ലത്തെ മുസ്ലിം ധര്‍മ്മ പോഷിണി സഭ തുടങ്ങി അദ്ദേഹം നേതൃത്വം കൊടുത്ത ജനകീയ പ്രസ്ഥാനങ്ങള്‍ ഈ നവോത്ഥാന പരിശ്രമങ്ങളുടെ വാഹകരായിരുന്നു. 1906-ല്‍ പ്രസിദ്ധീകരണമാരംഭിച്ച മുസ്ലിം മാസികയും 1918-ല്‍ ആരംഭിച്ച അല്‍ ഇസ്ലാം മാസികയും 1931-ല്‍ തുടങ്ങിയ ദീപികയും മുസ്ലിം നവോത്ഥാനത്തിനായി അദ്ദേഹം നടത്തിയ കഠിന പരിശ്രമങ്ങളുടെ നിദര്‍ശനങ്ങളാണ്. അദ്ദേഹം രചിച്ച ‘ളൗഉസ്സബാഹ്’ എന്ന സ്വതന്ത്ര കൃതിയും ‘കീമിയാസആദാ’ പരിഭാഷയും മറ്റു വിവര്‍ത്തനങ്ങളും ലേഖനങ്ങളും സ്വസമുദായ പരിഷ്‌കരണത്തിന് മുതല്‍ക്കൂട്ടായി. സ്‌കൂളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ഉറപ്പാക്കാനും അറബി ഭാഷ പഠിക്കാന്‍ അവർക്ക് അവസരമുണ്ടാക്കാനും അദ്ദേഹത്തിൻ്റെ പരിശ്രമങ്ങള്‍ ഇടയാക്കി. അറബി അധ്യാപകര്‍ക്ക് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ തൊഴില്‍ ലഭിക്കാനും അതു കാരണമായി.
പത്രം കണ്ടു കെട്ടുന്നു
1905-ല്‍ ‘സ്വദേശാഭിമാനി’ എന്ന പേരില്‍ അഞ്ചുതെങ്ങ് കേന്ദ്രമാക്കി വര്‍ത്തമാന പത്രം സ്ഥാപിച്ച് വക്കം മൗലവി പൊതു രാഷ്ട്രീയ-പത്ര പ്രസിദ്ധീകരണ മണ്ഡലത്തിലേക്ക് വച്ചു. ഇംഗ്ലണ്ടില്‍ നിന്ന് വന്‍വില കൊടുത്ത് ഇറക്കുമതി ചെയ്‌ത പ്രസ്സും റോയിട്ടര്‍ ന്യൂസ് ഏജന്‍സിയുമായി കരാറുമുണ്ടായിരുന്ന ഏക പത്രം എന്ന നിലയിലും അത് അന്ന് പ്രശസ്‌തമായിരുന്നു. തിരുവിതാംകൂർ ദിവാൻ്റെ നടപടികളെ ചോദ്യം ചെയ്‌തതിൻ്റെ പേരില്‍, ഭരണകൂടത്തിൻ്റെ അഴിമതികളെ തുറന്നു കാട്ടിയതിനാല്‍, പൗരാവകാശ ധ്വംസനങ്ങളെ എതിര്‍ത്തതിനാല്‍ 1910 സെപ്റ്റംബര്‍ 26-ന് സ്വദേശാഭിമാനി കണ്ടുകെട്ടി.
പത്രാധിപര്‍ രാമകൃഷ്‌ണ പിള്ളയെ നാടു കടത്തി. പത്രം ഉടമ എന്ന നിലയില്‍ വക്കം മൗലവി അനുവദിച്ചു നല്‍കിയ പത്ര സ്വാതന്ത്രത്തിൻ്റെ പേരില്‍, ആ പത്രം തന്നെ നഷ്‌ടപ്പെട്ടെങ്കിലും അദ്ദേഹം ഒട്ടും ഖിന്നനായില്ല. തൻ്റെ പത്രാധിപരില്ലാത്ത പത്രം തനിയ്‌ക്ക് തിരികെ വേണ്ട എന്നതായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്.
1921-ല്‍ ഒറ്റപ്പാലം കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത വക്കം മൗലവി, 1922-ല്‍ ഗാന്ധിജി തിരുവനന്തപുരത്തു വന്നപ്പോള്‍ ഭക്തി വിലാസത്തിലെത്തി, തൻ്റെ വത്സല ശിഷ്യനായ സീതി സാഹിബിനോടൊപ്പം അദ്ദേഹത്തെ സന്ദര്‍ശിക്കുകയും സ്വാതന്ത്ര്യ സമരത്തിന് പിന്തുണ അറിയിക്കുകയും ചെയ്‌തു.
”ഞാനൊരു കച്ചവടക്കാരനല്ല; സാമൂഹിക സേവനവും രാജ്യ സേവനവുമാണ് ഞാൻ പത്രം കൊണ്ടുദ്ദേശിക്കുന്നത്. എനിക്കു വേണ്ട പരമമായ ലാഭം പണമല്ല. ഞാന്‍ ഉദ്ദേശിക്കുന്നത് എനിക്കല്ല, എൻ്റെ രാജ്യത്തിന് കിട്ടുമെന്നു തന്നെയാണ് എൻ്റെ ഉറച്ച വിശ്വാസം. എനിക്കതു മതി.”- എന്ന ആദര്‍ശത്തില്‍ എന്നും അദ്ദേഹം ഉറച്ചു നിന്നു.
കാലോചിത വിദ്യാഭ്യാസ സമ്പ്രദായം കരുപ്പിടിപ്പിക്കുന്നതിലൂടെയും സ്ത്രീ വിമോചനം സാധ്യമാക്കുന്നതിലൂടെയും ഉച്ച നീചത്വവും അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും ഉന്മൂലനം ചെയ്യുന്നതിലൂടെയും മാത്രമേ നല്ലൊരു ഇന്ത്യയെ കെട്ടിപ്പടുക്കുവാനാകൂ എന്ന ദൃഢമായ വിശ്വാസത്തിലൂന്നിയ പ്രവൃത്തികള്‍ കൊണ്ട്, തൻ്റെ സ്വത്തുക്കൾ മുഴുവന്‍ നഷ്‌ടപ്പെട്ട വക്കം മൗലവി 1932 ഒക്ടോബര്‍ 31-ന് ദിവംഗതനായെങ്കിലും കേരള നവോത്ഥാനത്തിൻ്റെ സൂര്യ തേജസ്സായി എന്നും നില കൊള്ളുക തന്നെ ചെയ്യും.