കാലാവസ്ഥാ വ്യതിയാനം കേരളത്തിന് പുതുക്കിയ കർമ്മ പദ്ധതി
കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പുതുക്കിയ കര്‍മ്മ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് കേരളം. 56,592 കിലോ ടണ്‍ കാര്‍ബണ്‍ കേരളത്തിൻ്റെ അന്തരീക്ഷത്തില്‍ നില നില്‍ക്കുന്നതായും മുമ്പില്ലാത്ത വിധം തീവ്ര മഴയും ചൂടും വര്‍ധിക്കുന്നതായും പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന ഡയറക്‌ടറേറ്റ് തയ്യാറാക്കിയ കർമ്മ പദ്ധതി ചൂണ്ടി കാണിക്കുന്നു
ഡോ. ജൂഡ് ഇമാനുവല്‍
പരിസ്ഥിതി ശാസ്ത്രജ്ഞന്‍,
കാലാവസ്ഥാ വ്യതിയാന ഡയറക്‌ടറേറ്റ്
കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ആറ് പ്രധാന മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കി കൊണ്ട് പുതുക്കിയ കർമ്മ പദ്ധതിയ്ക്ക് രൂപം നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കാലാവസ്ഥാ മാറ്റവും വികസനവും എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച പാർട്‌ണേഴ്‌സ് മീറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുക്കിയ കാലാവസ്ഥാ വ്യതിയാന കർമ്മ പദ്ധതി (Kerala State Action Plan on Climate Change 2023-30) പ്രകാശനം ചെയ്‌തു. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്‌ടറേറ്റാണ് കർമ്മ പദ്ധതി തയാറാക്കിയത്.
കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കേരളം പുതുതായി വിഭാവനം ചെയ്‌ത കാലാവസ്ഥാ വ്യതിയാന കർമ്മ പദ്ധതി അന്തരീക്ഷത്തിലെ ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ ഗമനം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന ദുരന്ത സാധ്യതകള്‍ കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഒരു പോലെ മുന്‍തൂക്കം നല്‍കുന്നു. 2023-2030 കാലയളവില്‍ നടപ്പിലാക്കുന്ന കർമ്മ പദ്ധതിയിൽ വിവിധ മേഖലകളില്‍ നിന്നായി കേരളത്തിൻ്റെ അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ ഗമനത്തില്‍ 57,000 കിലോ ടണ്‍ കാര്‍ബണ്‍ കുറയ്ക്കുന്നതിനാണ് കർമ്മ പദ്ധതി വിഭാവനം ചെയ്‌തിരിക്കുന്നത്. ഇതിനായുള്ള വിവിധ പദ്ധതികളുടേയും നടപടികളുടേയും ഭാഗമായി 52,238 കോടി രൂപയുടെ പ്രവര്‍ത്തനം ആവശ്യമാണ്. ഇതില്‍ അഞ്ച് ശതമാനം സംസ്ഥാന സര്‍ക്കാര്‍ വിഹിതവും 23 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വിഹിതവുമായിട്ടാണ് കണക്കാക്കിയിട്ടുള്ളത്. കൂടാതെ വിവിധ അന്താരാഷ്ട്ര കാലാവസ്ഥ ഫണ്ടിങ്ങ് ഏജന്‍സികളില്‍ നിന്നും ധന സഹായം ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും കർമ്മ പദ്ധതി വിഭാവനം ചെയ്യുന്നു.
ഹരിത ഗൃഹ വാതക ബഹിര്‍ ഗമനം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍
രാജ്യത്ത് ഹരിത ഗൃഹ വാതക ബഹിര്‍ ഗമനം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളില്‍ അഞ്ചാമതാണ് കേരളത്തിൻ്റെ സ്ഥാനം. വിശാലമായ വനാവരണമാണ് ഇതിന് ഒരു കാരണം. കൂടാതെ ഊര്‍ജ സംരക്ഷണ മേഖലയിലും ഊര്‍ജ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഈ നേട്ടം സ്വന്തമാക്കുന്നതിന് സഹായിക്കുന്നു. വൈദ്യുതോല്‍പാദനം, ഗതാഗതം, വ്യവസായം, കെട്ടിട നിര്‍മ്മാണം, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്നാണു സംസ്ഥാനത്ത് ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കൂടുതലായുണ്ടാകുന്നത്. ഇതു കഴിഞ്ഞ രണ്ടു ദശാബ്‌ദമായി ക്രമാനുഗതമായി വര്‍ധിക്കുകയാണ്.
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, പുനരുല്‍പാദന ഊര്‍ജ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള വൈദ്യുത പദ്ധതികള്‍ സ്ഥാപിക്കല്‍, വ്യവസായ മേഖലയില്‍ ഊര്‍ജ കാര്യക്ഷമത മെച്ചപ്പെടുത്തല്‍, വൈദ്യുത ട്രാൻസ്‌മിഷൻ-ഡിസ്ട്രിബ്യൂഷന്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവ നടപ്പാക്കുന്നതിലൂടെ സംസ്ഥാനം പുറന്തള്ളുന്ന ഹരിത ഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കാന്‍ കഴിയുമെന്നാണ് കർമ്മ പദ്ധതിയിൽ പറയുന്നത്.
പുനരുപയോഗ ഊര്‍ജ സ്ഥാപിത ശേഷി 3.46 ജിഗാ വാട്ടായി വര്‍ധിപ്പിക്കും. ഗാര്‍ഹിക ഊര്‍ജ കാര്യക്ഷമത 53 ശതമാനമാക്കുക, പൊതു ഗതാഗത മേഖലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, സോളാര്‍ അധിഷ്‌ഠിത ഊര്‍ജ സ്രോതസുകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയവയും പദ്ധതി വിഭാവനം ചെയ്യുന്നു.
ആറ് മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്ത ലഘൂകരണം മുന്‍ നിര്‍ത്തി കൃഷി, മൃഗ സംരക്ഷണം, മത്സ്യ ബന്ധനം, വനവും ജൈവ ആവാസ വ്യവസ്ഥയും, ആരോഗ്യം, ജലവിഭവം എന്നീ മേഖലകള്‍ക്കു പ്രത്യേക പരിഗണന നല്‍കിയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ ആണ് കർമ്മ പദ്ധതി നടപ്പാക്കുക. 2023-2030 കാലയളവില്‍ 38407 കോടി രൂപാ ഇതിനായി ചെലവഴിക്കേണ്ടി വരും എന്നാണ് കണക്കാക്കിയിട്ടുള്ളത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്ത സാധ്യതാ പ്രദേശങ്ങള്‍ കണ്ടെത്തുകയും അതിന് അനുസൃതമായ നടപടികള്‍ നടപ്പാക്കുകയും ചെയ്യും. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ നേരിടുന്നതിനുള്ള സംവിധാനങ്ങളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ വയനാട്, കോഴിക്കോട്, കാസര്‍ഗോഡ്, പാലക്കാട്, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, മലപ്പുറം, കൊല്ലം ജില്ലകളെയാണു ദുര്‍ബല മേഖലാ ജില്ലകളായി കണ്ടെത്തിയിരിക്കുന്നത്.
തിരുവനന്തപുരം, കോട്ടയം ജില്ലകള്‍ ഇടത്തരം ദുര്‍ബല ജില്ലകളും തൃശൂര്‍, എറണാകുളം, പത്തനംതിട്ട ജില്ലകള്‍ താരതമ്യേന കുറഞ്ഞ ദുര്‍ബല മേഖലകളുമായാണു തരം തിരിച്ചിരിക്കുന്നത്. ജലസേചന സംവിധാനങ്ങളുടെ അപര്യാപ്‌തതയും ഭൂഗര്‍ഭ, ഉപരിതല ജലത്തിൻ്റെ ഗുണ നിലവാരക്കുറവും കർമ്മ പദ്ധതിയിൽ വിശദമാക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കർമ്മ പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭൂ വിനിയോഗ ആസൂത്രണം, സുസ്ഥിര തീര സംരക്ഷണം, ദുര്‍ബല സമൂഹങ്ങളുടെ പുനരധിവാസം, വെള്ളപ്പൊക്ക നിവാരണത്തിനുള്ള സുസ്ഥിര ഡ്രെയിനേജ് സംവിധാനങ്ങള്‍ ഒരുക്കല്‍, സംയോജിത തീര പരിപാലനം, കാര്യക്ഷമമായ കാലാവസ്ഥാ നിരീക്ഷണ സംവിധാനം, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ബോധവത്കരണം, കാലാവസ്ഥാ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും സുപ്രധാന ഇടപെടലുകള്‍ കർമ്മ പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.