ഉത്തരവാദിത്വമില്ലെങ്കില്‍ ഊരാക്കുടുക്കാകാം

മനോജ് എം പി
അണ്ടര്‍ സെക്രട്ടറി,
നിയമ വകുപ്പ്, സെക്രട്ടേറിയറ്റ്

തീയറ്ററില്‍ വലിയ ഹിറ്റ് ആയില്ലെങ്കിലും കാലിക പ്രസക്തമായ സന്ദേശം നല്‍കിയ സിനിമയാണ് ശ്രീനിവാസൻ്റെ നഗരവാരിധി നടുവില്‍. ഹൗസിങ്ങ്‌ കോളനിക്കുള്ളില്‍ ഒഴിഞ്ഞു കിടക്കുന്ന പറമ്പ് നാട്ടുകാരുടെ മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുന്നതും തുടര്‍ന്നുള്ള  പൊല്ലാപ്പുകളുമാണ്‌ സിനിമയുടെ ഇതിവൃത്തം.

വിശാലമായ പറമ്പുകളും മുറ്റങ്ങളും ഇല്ലാതായപ്പോള്‍ വീട്ടു മാലിന്യം പ്ലാസ്റ്റിക് കവറുകളിലാക്കി വഴിയില്‍ തട്ടുക എന്ന കലാ പരിപാടിക്ക് ആക്കം കൂടി. ആളൊഴിഞ്ഞ വഴികള്‍ അറവു മാലിന്യം ഉള്‍പ്പെടെ തള്ളുന്ന ഇടങ്ങളായി പരിണമിച്ചു. വിദേശ രാജ്യങ്ങളിലെ വൃത്തിയെപ്പറ്റി വാചാലരാകുന്നവര്‍ നമ്മുടെ നിയമ സംവിധാനത്തെ കുറ്റപ്പെടുത്തുന്നു. എന്നാല്‍, മാലിന്യ നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് മറ്റ്‌ രാജ്യങ്ങളിലേതു പോലെ തന്നെ ശക്തമായ നിയമങ്ങള്‍ ഇവിടെയുമുണ്ട്.

മാലിന്യ മുക്തവും വൃത്തിയുള്ളതുമായ ചുറ്റുപാടില്‍ ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുഛേദ പ്രകാരമുള്ള മൗലികാവകാശം തന്നെയായിരിക്കെ ആ സാഹചര്യം സൃഷ്‌ടിക്കുന്നതിനു സുശക്തമായ നിയമങ്ങള്‍ നമുക്കുമുണ്ട്.

ഇന്ത്യന്‍ ശിക്ഷാ നിയമം പറയുന്നത്

ഇന്ത്യന്‍  ശിക്ഷാ നിയമത്തിൻ്റെ 14-ാം അധ്യായം പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്ന പ്രവൃത്തികളെക്കുറിച്ചും അവയില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ ലഭിക്കാവുന്ന ശിക്ഷയെ സംബന്ധിച്ചും വ്യക്തമായി വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. ഇവ പ്രധാനമായും 268, 269, 270, 277, 278, 284, 291 എന്നീ വകുപ്പുകളിലാണ് ഉൾപ്പെടുന്നത്.

ഖര മാലിന്യ പരിപാലന ചട്ടങ്ങള്‍ പ്രകാരം കുറ്റകരമായ പ്രവൃത്തികള്‍

1. ഖര മാലിന്യം തരം തിരിച്ചു സൂക്ഷിക്കാതെയും തദ്ദേശ സ്വയം ഭരണ സ്ഥാപനം നിര്‍ദേശിക്കും പ്രകാരം അല്ലാതെ ഉപേക്ഷിക്കുകയും ചെയ്യുക.

2. വ്യാപാര കേന്ദ്രങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളിലെ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കാതിരിക്കല്‍.

3. ഖര മാലിന്യം കത്തിക്കല്‍, വലിച്ചെറിയല്‍.

4. ഗേറ്റഡ്‌ കോളനികള്‍, സ്ഥാപനങ്ങള്‍ ഇവയില്‍ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാതിരിക്കല്‍.

5. ഹോട്ടലുകള്‍, റെസ്റ്റോറൻ്റുകൾ ഇവയില്‍ മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കാതിരിക്കല്‍.

6. മാലിന്യം പൊതു സ്ഥലത്ത് ഇടുന്നത്.

7. ജലാശയങ്ങള്‍, ജല സ്രോതസ്സുകള്‍, ജല വിതരണ സംവിധാനങ്ങള്‍ മലിനപ്പെടുത്തുന്ന വിധം മാലിന്യം നിക്ഷേപിക്കലോ ഒഴുക്കിക്കളയലോ ചെയ്യല്‍.

8. നിക്ഷേപിക്കാന്‍ നിശ്ചയിച്ചിട്ടുള്ള സ്ഥലത്തല്ലാതെ ഇറച്ചി മാലിന്യം കുഴിച്ചിടുക, ഒഴുക്കി വിടുക.

അഞ്ച്‌ വര്‍ഷംതടവു ശിക്ഷവരെ ലഭിക്കാം

മാലിന്യ നിക്ഷേപത്തിനും സംസ്‌കരിക്കാത്തതിനും കടുത്ത ശിക്ഷ നിര്‍ദേശിക്കുന്ന നിയമങ്ങള്‍ നമുക്കുണ്ട്.

പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ 15 ദിവസത്തിനകം പിഴയൊടുക്കണം. ഇത്‌ ചെയ്യാത്ത പക്ഷം, നിയമ നടപടി സ്വീകരിക്കാനുള്ള വ്യവസ്ഥയുണ്ട്. നിയമം പാലിക്കാത്തതിന് അഞ്ച്‌ വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും ചേര്‍ന്ന ശിക്ഷയോ ലഭിക്കാം.

അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നതു മൂലം അസുഖം പടര്‍ന്നു പിടിക്കുന്ന സ്ഥിതിയുണ്ടായാല്‍ ആറു മാസം വരെ തടവോ പിഴയോ അതല്ലെങ്കില്‍ രണ്ടും കൂടി ഒരുമിച്ചോ ലഭിക്കാം.

മറ്റുള്ളവര്‍ക്ക് ഹാനികരമാകുമെന്ന ബോധ്യത്തോടെ തന്നെ മാലിന്യം വലിച്ചെറിഞ്ഞ്‌ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നതിന് ഇടയാക്കിയാല്‍ രണ്ട് വര്‍ഷം തടവോ പിഴയോ അതല്ലെങ്കില്‍ രണ്ടും ചേര്‍ന്നുള്ള ശിക്ഷയോ ലഭിക്കാം.

നിയമങ്ങളുടെ അഭാവമല്ല പ്രശ്‌നം. മാലിന്യത്തോടുള്ള നമ്മുടെ ഉദാസീന മനോഭാവമാണ് തിരുത്തേണ്ടത്. ഉല്‍പാദിപ്പിക്കുന്ന മാലിന്യം സംസ്‌കരിക്കേണ്ടത് അവരവരുടെ  ചുമതലയാണെന്ന ബോധ്യം വളര്‍ത്തിയെടുത്താല്‍ മാലിന്യ പ്രശ്‌നം തുടങ്ങുന്നിടത്തു തന്നെ അവസാനിക്കും.

പാലിക്കാം ഈ നിയമങ്ങള്‍

കേരളത്തെ സംബന്ധിച്ച് മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും ശക്തമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് 1994-ലെ കേരള പഞ്ചായത്ത്‌ രാജ്, നഗര പാലിക നിയമങ്ങളും അതിനു കീഴില്‍ പുറപ്പെടുവിച്ചിട്ടുള്ള ചട്ടങ്ങളും.

മാലിന്യ നിര്‍മ്മാര്‍ജനവും ശാസ്ത്രീയ സംസ്‌കരണവും പരിസ്ഥിതി സംരക്ഷണവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ ഒട്ടേറെ നിയമങ്ങളും ചട്ടങ്ങളും നിലവിലുണ്ട്.

  • 1989-ലെ പരിസ്ഥിതി സംരക്ഷണ നിയമം
  • 1981-ലെ വായു (മലിനീകരണം തടയലും നിയന്ത്രണവും) നിയമം
  • 1974-ലെ ജല (മലിനീകരണം തടയലും നിയന്ത്രണവും) ആക്‌ട്.
  • 1982-ലെ വായു (മലിനീകരണം തടയലും നിയന്ത്രണവും) ചട്ടങ്ങൾ
  • 1983-ലെ ബാറ്ററികള്‍ (നടത്തിപ്പും കൈകാര്യം ചെയ്യലും) ചട്ടങ്ങൾ
  • 1989-ലെ ബയോ മെഡിക്കല്‍ വേസ്റ്റ് (നടത്തിപ്പും കൈകാര്യം ചെയ്യലും) ചട്ടങ്ങള്‍
  • 1989 ലെ മാരക മാലിന്യം (നടത്തിപ്പും കൈകാര്യം ചെയ്യലും) ചട്ടങ്ങള്‍
  • 2000ത്തിലെ ഓസോണ്‍ ഡെപ്ലെറ്റി വസ്‌തുക്കൾ  (റെഗുലേഷനും നിയന്ത്രണവും) ചട്ടങ്ങള്‍
  • 2000ത്തിലെ ശബ്‌ദ മലിനീകരണം (റെഗുലേഷനും നിയന്ത്രണവും) ചട്ടങ്ങള്‍

കേന്ദ്ര ചട്ടങ്ങളും മേല്‍പ്പറഞ്ഞ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പുറപ്പെടുവിച്ചിട്ടിട്ടുള്ള സംസ്ഥാന ചട്ടങ്ങളും നിലവിലുണ്ട്.