വരും കാലത്തിൻ്റെ സാങ്കേതിക സാധ്യതകള്‍
ഭാവിയിലെ മാലിന്യ സംസ്‌കരണത്തിൻ്റെ പ്രധാന ഉപാധികളിലൊന്ന് മാലിന്യത്തിനെപ്പറ്റിയുള്ള അറിവാണ്. സുസ്ഥിര ശുചിത്വത്തെപ്പറ്റിയുള്ള തീരുമാനങ്ങള്‍ എടുക്കുന്നതു മുതല്‍ ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കുന്നതില്‍ വരെ ഇത്തരം ഡേറ്റ നമുക്ക് ഉപയോഗിക്കാം
അരുണ്‍ രവി
ഐ.ടി വിദഗ്‌ധൻ
കേരളത്തില്‍ നഗര സ്വഭാവങ്ങളുള്ള ഇടങ്ങള്‍ ഏതാണ്ട് 93 എണ്ണത്തോളവും ക്ലാസ് 1,2 നഗരങ്ങള്‍ 39 എണ്ണവും ഉണ്ടെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കുകള്‍ ചൂണ്ടിക്കാ ണിക്കുന്നത്. അതിനാല്‍ മാലിന്യത്തിൻ്റെ കൈകാര്യം ചെയ്യലും കൈമാറ്റം ചെയ്യലും വളരെയധികം ശ്രദ്ധ ആവശ്യമുള്ള ഒന്നാണ്. കേരളം സ്വീകരിച്ചിരിക്കുന്ന നയം വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം എന്നതാണ്. ജൈവ മാലിന്യ സംസ്‌കരണം, മുനിസിപ്പല്‍ സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് എന്നിവയുടെ കാര്യത്തില്‍ ഈ നയം നല്ലതാണ് എന്നു തന്നെയാണ് വിദഗ്‌ധ മതം. എന്നാല്‍ അജൈവ മാലിന്യത്തിൻ്റെ സംസ്‌കരണത്തിലും, വ്യവസായ, ആശുപത്രി മാലിന്യങ്ങളുടെ സംസ്‌കരണത്തിൻ്റെ കാര്യത്തിലും മെച്ചപ്പെട്ട പ്രവര്‍ത്തന രീതികള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. സ്ഥല ലഭ്യതയില്ലായ്‌മ, കേരളം മുഴുവന്‍ നില നില്‍ക്കുന്ന നഗര സ്വഭാവം, ചൂടും ഈര്‍പ്പവും കൂടിയ കാലാവസ്ഥ, ജലാശ യങ്ങളുടെ എണ്ണക്കൂടുതല്‍, കൂടുതല്‍ സഞ്ചരിക്കുന്ന ജനങ്ങള്‍, ഉയര്‍ന്ന സാക്ഷരത, മെച്ചപ്പെട്ട ജീവിത ശൈലി, ആധുനിക സാങ്കേതിക വിദ്യകള്‍ സ്വാംശീകരിക്കാനുള്ള സമൂഹങ്ങളുടെ കഴിവ് തുടങ്ങി അനുകൂലവും പ്രതികൂലവുമായ ഒട്ടനവധി സാഹചര്യങ്ങള്‍ നമുക്കു ചുറ്റിലുമുണ്ട്.
അവശ്യം വേണ്ടത് ഡേറ്റ
ഭാവിയിലെ മാലിന്യ സംസ്‌കരണത്തിൻ്റെ പ്രധാന ഉപാധികളിലൊന്ന് മാലിന്യത്തിനെപ്പറ്റിയുള്ള അറിവാണ്; അഥവാ ഡേറ്റ. ഈ ഡേറ്റ പൂര്‍ണ്ണമായതും ഉത്ഭവ സ്ഥാനങ്ങളില്‍ നിന്നു തന്നെ ശേഖരിക്കപ്പെട്ടവയും കഴിയാവുന്നിടത്തോളം ചെറുകണങ്ങളാക്കപ്പെട്ടവയും കാലോചിതമായവയും പല ഫോര്‍മാറ്റുകളില്‍ ലഭ്യമായവയും പ്രത്യേകിച്ച് ഏതെങ്കിലും ഏജന്‍സികള്‍ക്ക് കുത്തകാവകാശം ഇല്ലാത്തവയും തല്‍ സമയം ലഭ്യമാവുന്നതുമൊക്കെയായിരിക്കണം. അഥവാ ഓപ്പണ്‍ ഡേറ്റയാ യിരിക്കണം. സുസ്ഥിര ശുചിത്വത്തെപ്പറ്റിയുള്ള തീരുമാനങ്ങള്‍ എടുക്കുന്നതു മുതല്‍ അപ്ലിക്കേഷ നുകള്‍ ഉണ്ടാക്കുന്നതില്‍വരെ ഇത്തരം ഡേറ്റ നമുക്ക് ഉപയോഗിക്കാം. മാലിന്യ സംബന്ധിയായ ഓപ്പണ്‍ ഡേറ്റ ഇപ്പോള്‍ നമുക്ക് ലഭ്യമല്ല.
ജൈവ മാലിന്യം പലപ്പോഴും കൃത്യതയില്ലാത്ത മുന്നൊരുക്കങ്ങളുടെ ഫലമായുണ്ടാവുന്നതാണ്. അതിനെ കുറയ്ക്കുന്നതിന് നിര്‍മ്മിത ബുദ്ധി, ഇൻ്റർനെറ്റ് ഓഫ് തിങ്ങ്‌സ്, ഡേറ്റ സയൻസ് എന്നിവയുടെ സംയുക്തമായ ഉപയോഗത്തിലൂടെ പലതരം സംവിധാനങ്ങള്‍ ഒരുക്കാവുന്നതാണ്. ഉദാഹരണത്തിന് ഒരു റെസ്റ്റോറൻ്റിൽ ഉല്‍പാദിപ്പിക്കപ്പെടുന്ന എത്ര ഭക്ഷ്യ വിഭവങ്ങള്‍ മാലിന്യക്കുട്ടയിലേക്ക് ചെന്നെത്തുന്നു എന്നതിൻ്റെ കൃത്യമായ കണക്കുകള്‍ എല്ലാ ദിവസവും ലഭിക്കുകയാണെങ്കില്‍ അതിനനുസരിച്ച് അവർക്ക് ഭക്ഷണം തയ്യാറാക്കാനും മാലിന്യത്തിൻ്റെ അളവ് കുറയ്ക്കാനും കഴിയും. ഈ ചെറിയ ഉദാഹരണം എത്ര വലിപ്പത്തില്‍ വേണമെങ്കിലും വിഭാവനം ചെയ്യാന്‍ കഴിയും.
വിവിധ മാലിന്യങ്ങള്‍, എങ്ങനെ, എപ്പോള്‍, എത്രമാത്രം സൃഷ്‌ടിക്കപ്പെടുന്നു. അവ എങ്ങോട്ട് സഞ്ചരിക്കുന്നു എന്നതിൻ്റെ കൃത്യമായ ഡേറ്റ ലഭ്യമാക്കാനുള്ള സാങ്കേതിക വിദ്യകള്‍ വേസ്റ്റ് ഫ്ളോ മാപ്പിങ്ങ് /മാനേജ്‌മെൻ്റ് സിസ്റ്റങ്ങളിലൂടെ സൃഷ്‌ടിക്കാൻ കഴിയും.
മാലിന്യ മാനേജ്മെൻ്റിന് പുതു സാങ്കേതിക വിദ്യകള്‍
മറ്റൊരു സാധ്യത, വിവിധ മാലിന്യങ്ങളെ വേര്‍തിരിച്ചെടുക്കാനുള്ള പുതു തലമുറ സാങ്കേതികതകളുടെ ഉപയോഗമാണ്. കണ്‍വല്യൂഷന്‍ ന്യൂറല്‍ നെറ്റ്‌വർക്കുകൾ, ഡീപ് ലേണിങ്ങ് അധിഷ്‌ഠിത ഇമേജ് വര്‍ഗീകരണം എന്നിവ ഉപയോഗിച്ച് മാലിന്യങ്ങളെ ജൈവ വിഘടനം ചെയ്യുന്നതും ചെയ്യാത്തവയുമായി വേര്‍തിരിക്കാവുന്ന സങ്കേതങ്ങള്‍ നിലവിലുണ്ട്. ഐ.ഒ.ടി, നിർമ്മിത ബുദ്ധി, റോബോട്ടിക്‌സ് എന്നിവയെ അടിസ്ഥാനമാക്കിയിട്ടുള്ള സ്‌മാർട്ട് ബിന്നുകൾ പ്രചാരത്തിലുള്ള മറ്റൊരു ആശയമാണ്. ഇത്തരം ബിന്നുകള്‍ ഉപഭോക്താക്കളുമായി ആശയ വിനിമയം ചെയ്യുകയും ബിന്നിലേക്ക് നിക്ഷേപിക്കുന്നതിനു മുന്‍പും ശേഷവും മാലിന്യങ്ങളെ വിവിധ വിഭാഗങ്ങളായി തരം തിരിക്കുന്നതിന് സഹായിക്കുകയും ബിന്‍ നിറയുക, അപകട സാധ്യതയുള്ള വസ്‌തുക്കൾ നിക്ഷേപിക്കപ്പെടുക എന്നീ സാഹചര്യങ്ങള്‍ മനസ്സിലാക്കി മുന്നറിയിപ്പ് നല്‍കുക എന്നിവയൊക്കെ ചെയ്യും.
നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങളുടെ അളവ്, സ്വഭാവം, സവിശേഷതകള്‍ എന്നിവയൊക്കെ നിരന്തരം നിരീക്ഷിക്കുന്ന മാലിന്യ നിരീക്ഷണ/നിയന്ത്രണ സംവിധാനങ്ങളും ഇത്തരം പുതു സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രചാരത്തില്‍ വരുന്നുണ്ട്.
മാലിന്യത്തിൻ്റെ വിവരത്തുടര്‍ച്ച ഉറപ്പു വരുത്താന്‍ ബ്ലോക്ക് ചെയിൻ അധിഷ്‌ഠിത മാനേജ്മെൻ്റ് സംവിധാനങ്ങള്‍ ഒരുക്കാവുന്നതാണ്. ഇത്തരം സംവിധാനങ്ങള്‍ വിഭവാസൂത്രണത്തിനും ഉപകരിക്കപ്പെടുകയും സമഗ്രമായ ഗവേണന്‍സ് വ്യൂഹത്തിനുള്ള സാധ്യതകള്‍ തുറന്നിടുകയും ചെയ്യും.
റോബോട്ടുകളും ഡിജിറ്റല്‍ ട്വിന്നുകളും
അപകട സാധ്യതയുള്ള മാലിന്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് ഇപ്പോള്‍ റോബോട്ടിക് സംവിധാനങ്ങളെ ഉപയോഗിക്കുന്നുണ്ട്. പലതരം റോബോട്ടിക് സിസ്റ്റങ്ങള്‍-ഡ്രോണുകള്‍, ജലാന്തര്‍ ഭാഗങ്ങളില്‍ കടന്നു ചെല്ലുന്ന റോബോട്ടുകള്‍, റോബോട്ടിക്കരങ്ങള്‍ എന്നിവയൊക്കെ ഇത്തരം ആവശ്യങ്ങള്‍ക്ക് പരുവപ്പെടുത്തിയെടുക്കാനാകും. വിദൂര നിയന്ത്രണ സംവിധാനങ്ങള്‍ ഉപയോഗിച്ച് അപകട രഹിതമായ രീതിയില്‍ മാലിന്യ സംസ്‌കരണം നടത്തുന്നതിന് ഡിജിറ്റല്‍ ട്വിന്നുകള്‍ പോലെയുള്ള പുതിയ ആശയങ്ങളും ഉപയോഗിക്കാവുന്നതാണ്. ഈ സംവിധാനം ഉപയോഗിച്ച് വളരെ വിദൂരത്തിലുള്ള ഒരു പ്രവര്‍ത്തനത്തെ റോബോട്ടിക് ഐ.ഓ.ടി സംവിധാനങ്ങളുടെ സഹായത്തോടെ സുരക്ഷിതമായ ഒരിടത്തിരുന്ന് തൊഴിലാളികള്‍ക്ക് നിയന്ത്രിക്കാനാവും.
മാലിന്യങ്ങളുടെ അളവ് നിയന്ത്രിക്കുന്നതിന് പുതിയ നിര്‍മ്മാണ രീതികളും, പുതിയ മെറ്റീരിയലുകളും, 3-ഡി പ്രിൻ്റിംഗ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളും സഹായകരമായിത്തീരും എന്നാണ് കരുതുന്നത്. 3-ഡി പ്രിൻ്റിങ്ങ്, 4-ഡി പ്രിൻ്റിങ്ങ് എന്നിവ ഉപയോഗിച്ച് ജലാശയങ്ങൾ, ദുര്‍ഘട സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഖര മാലിന്യം നീക്കം ചെയ്യുന്നതിന് സവിശേഷമായ ഉപകരണങ്ങള്‍ നിര്‍മിക്കാം.
വലിയ മാനേജ്മെൻ്റ് ഡാഷ് ബോർഡുകൾ, ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍, ഇന്‍ഫര്‍മേഷന്‍ റേഡിയേറ്ററുകള്‍ എന്നിവയൊക്കെ പ്രാദേശികമായി സൃഷ്‌ടിക്കുക, മാലിന്യ ശേഖരണം നടത്തുന്നവരെ കേന്ദ്രീകൃതമായി നിയന്ത്രിക്കുന്നതിനാവശ്യമായ സിവിക് ആപ്പുകൾ, ഇ ആര്‍ പി സംവിധാനങ്ങള്‍ എന്നിവ സൃഷ്‌ടിക്കുക, ഫ്ളീ മാര്‍ക്കറ്റുകള്‍ പോലുള്ള പുതു സാധ്യതകള്‍ക്ക് അനുയോജ്യമായ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകള്‍ സൃഷ്‌ടിക്കുക എന്നിവയൊക്കെ കേരള സമൂഹത്തിന് അനുയോജ്യമായ പുതു സാധ്യതകളാണ്. ഈ സാധ്യതകളെ നിലവിലുള്ള സാങ്കേതിക പ്രക്രിയാ രൂപങ്ങളോട് സന്നിവേശിപ്പിച്ചു മാത്രമേ മാലിന്യ സംസ്‌കരണ രംഗത്ത്, പ്രത്യേകിച്ച് ഖര മാലിന്യ സംസ്‌കരണ മേഖലയില്‍ നമുക്കു മുന്നോട്ടു പോകാന്‍ കഴിയൂ.
ലോകത്ത് ഒട്ടനവധി രാജ്യങ്ങളും സ്ഥാപനങ്ങളും നവീന സാങ്കേതിക വിദ്യകളെ മാലിന്യ മാനേജ്മെൻ്റിൻ്റെ രംഗത്ത് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. ജര്‍മ്മനി ഇക്കാര്യത്തില്‍ വളരെ മുന്നിലാണ്. ശക്തമായ നിയമ നിര്‍മ്മാണങ്ങളിലൂടെ തന്നെ 2010 മുതല്‍ അപകട സാധ്യതയുള്ള മാലിന്യത്തിൻ്റെ പരിപാലനം പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്യാന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. മാലിന്യത്തിനെ വിഭവമായി കണ്ടുകൊണ്ടുള്ള നയ സമീപനമാണ് അവർ പിന്തുടരുന്നത്. കൂടാതെ ഏറ്റവും പുതിയ സാങ്കേതിക സാധ്യതകളെ ഒട്ടും വൈകാതെ തങ്ങളുടെ സംവിധാനങ്ങളില്‍ സന്നിവേശിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും ഇച്ഛാ ശക്തിയും, നിയമ-പ്രക്രിയാ ഘടനകളും അവര്‍ സൃഷ്‌ടിച്ചിട്ടുണ്ട്. മറ്റൊരുദാഹരണം ദക്ഷിണ കൊറിയയാണ്. 1995-ല്‍ വെറും രണ്ട് ശതമാനം മാത്രമായിരുന്ന ഭക്ഷണ മാലിന്യത്തിൻ്റെ റീസൈക്ലിങ്ങ് തോത് അവിടെയിന്ന് 95 ശതമാനത്തിനു മുകളിലാണ്. മാലിന്യ ശേഖരണവും തരം തിരിക്കലും സംസ്‌കരിക്കലും റീസൈക്ലിങ്ങും എല്ലാം വളരെ കൃത്യതയോടും ഗുണ നിലവാരത്തോടും നടത്താനാവശ്യമായ സാങ്കേതിക വിദ്യകളും, സംവിധാനങ്ങളും അവര്‍ക്കുണ്ട്. ദക്ഷിണ കൊറിയയില്‍ സ്റ്റീലും തുണിത്തരങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും സ്റ്റൈറോഫോം വരെ റീസൈക്കിള്‍ ചെയ്യാറുണ്ട് എന്നറിയണം.
ഇംഗ്ലണ്ടിലെ ലീഡ്‌സ് പട്ടണം ”സീറോ വേസ്റ്റ് ലീഡ്‌സ്” എന്ന നവീനമായ ഒരു പദ്ധതി തന്നെ ആവിഷ്‌കരിച്ചിട്ടുണ്ട്. പൊതു ജനങ്ങളെ പരിപൂര്‍ണ്ണമായി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു പ്രവര്‍ത്തന പരിപാടിയാണ് അവിടെ നടത്തി വരുന്നത്.
ഏറ്റവും കുറഞ്ഞ അളവില്‍ ലാൻഡ് ഫില്ലുകൾ ഉപയോഗിക്കുന്ന പട്ടണങ്ങളിലൊന്നായ സിംഗപ്പൂര്‍ വിശദമായി പഠിക്കേണ്ട മറ്റൊരിടമാണ്. സിംഗപ്പൂരിലെ കമ്പനികള്‍ അവര്‍ സൃഷ്‌ടിക്കുന്ന മാലിന്യത്തിൻ്റെ പരിപൂര്‍ണ്ണ ബാധ്യത ഏറ്റെടുക്കേണ്ടതുണ്ട്. ശക്തമായ നിയമ വ്യവസ്ഥകളും പിഴവില്ലാത്ത സാങ്കേതിക സംവിധാനങ്ങളും അതുറപ്പു വരുത്തുന്നുമുണ്ട്. ഇതു പോലെ സ്വിറ്റ്സര്‍ലാന്‍ഡിലെ സൂറിച്ച്, അമേരിക്കന്‍ ഐക്യനാടുകളിലെ സാന്‍ഫ്രാന്‍സിസ്‌കോ, യു കെയിലെ വെയില്‍സ് പ്രദേശം, കാനഡയിലെ വാന്‍കൂവര്‍, നേപ്പാളിലെ ദുരന്ത മാലിന്യ സംവിധാനങ്ങള്‍, ഓസ്ട്രിയ, ബ്രസീലിലെ ക്യൂറിറ്റിബാ പട്ടണം എന്നിവയൊക്കെ ഇങ്ങനെ സവിശേഷമായി പഠിക്കേണ്ട മാതൃകകളാണ്.