തലയെടുപ്പോടെ തലസ്ഥാനം
വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിനാണ് നഗര സഭയുടെ മുന്‍ഗണന. അജൈവ മാലിന്യം കൈകാര്യം ചെയ്യുന്നതിന് ശക്തമായ സംവിധാനം നഗര സഭയ്ക്കുണ്ട്
ആര്യ രാജേന്ദ്രന്‍
മേയര്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍
തിരുവനന്തപുരം നഗരസഭ കേരളത്തില്‍ തന്നെ ഏറ്റവും വലിയ നഗര സഭയാണ്. തലസ്ഥാന നഗരിയായതിനാല്‍ ദിവസം രണ്ടു ലക്ഷത്തിലധികം പേര്‍ തിരുവനന്തപുരത്ത് വന്നു പോകുന്നുവെന്നാണ് കണക്ക്. നഗരത്തില്‍ 25,000ത്തില്‍ പരം കച്ചവട സ്ഥാപനങ്ങളുണ്ട്. നഗരത്തില്‍ പ്രതി ദിനം 423 ടണ്‍ മാലിന്യം ഉൽപാദിപ്പിക്കുന്നതായാണ് കണക്കാക്കുന്നത്.
2011-വരെ തിരുവനന്തപുരത്ത് കേന്ദ്രീകൃത ജൈവ മാലിന്യ സംസ്‌കരണ സംവിധാനമാണ് ഉണ്ടായിരുന്നത്. വിളപ്പില്‍ശാലയിലെ മാലിന്യ സംസ്‌കരണപ്ലാന്റ് പൂട്ടിയതോടെ നഗരത്തിന് പൊതുവായ മാലിന്യസംസ്‌കരണപദ്ധതി ഇല്ലാതായി.
വികേന്ദ്രീകൃതമാണ് മാലിന്യസംസ്‌കരണം
2016ല്‍ വികേന്ദ്രീകൃത മാലിന്യസംസ്‌കരണ സംവിധാനത്തിന് മുന്‍ഗണന കൊടുക്കുക എന്ന സമീപനത്തിലേക്ക് നഗര സഭ മാറി. ദശ ലക്ഷത്തിന് മുകളില്‍ ജന സംഖ്യയുള്ള നഗരങ്ങളുടെ കണക്കെടുത്താല്‍, രാജ്യത്ത് കേന്ദ്രീകൃത മാലിന്യ സംസ്‌കരണ സംവിധാനത്തെ ആശ്രയിക്കാത്ത ഏക നഗരം തിരുവനന്തപുരമാണ്.
വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിലൂടെ നഗരത്തില്‍ ഉല്‍പാദിപ്പിക്കുന്ന 60%-ല്‍ കൂടുതല്‍ മാലിന്യം വിവിധ രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. വീടുകളില്‍ ഉല്‍പാദിപ്പിക്കുന്ന മാലിന്യം അവിടെ തന്നെ വേര്‍തിരിച്ച് കൈകാര്യം ചെയ്യുന്നതിനാണ് പ്രാമുഖ്യം നല്‍കുന്നത്. ഇതിന്റെ ഭാഗമായി 50,000 വീടുകളില്‍ ബയോ ബിന്നുകളും എണ്‍പതിനായിരത്തില്‍ കൂടുതല്‍ പൈപ്പ് കമ്പോസ്റ്റുകളും ഗുണഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
പൊതു സ്ഥലങ്ങളില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് തുമ്പൂര്‍മുഴി സംവിധാനമാണ് ആശ്രയിക്കുന്നത്. 57 കേന്ദ്രങ്ങളിലായി 513 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഇതുവഴി ഒന്‍പത് ടണ്‍ മാലിന്യം പ്രതിദിനം സംസ്‌കരിക്കുന്നു. കൂടാതെ, 30 ബയോഗ്യാസ് പ്ലാന്റുകളും പ്രവര്‍ത്തിക്കുന്നു. 12 എണ്ണത്തിന്റെ പണി പുരോഗമിക്കുന്നു. ഇതുവഴി മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയുന്നു. ഹരിതാഭ നഗരമായതിനാല്‍ തെരുവുകളിലെ കരിയിലകള്‍ കൈകാര്യം ചെയ്യുന്നതിന് 14 സ്ഥലങ്ങളില്‍ കരിയില സംസ്‌കരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. അവിടുത്തെ വളം ജൈവ കൃഷിക്കായി ഉപയോഗിക്കുന്നു.
കാര്യക്ഷമതയിലാണ്കാര്യം
അജൈവ മാലിന്യം കൈകാര്യം ചെയ്യുന്നതിന് ശക്തമായ സംവിധാനം നഗര സഭയ്ക്കുണ്ട്. 97 വാര്‍ഡുകളിലായി 941 ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ 1,54,121 വീടുകളില്‍ സേനയുടെ പ്രവര്‍ത്തനം ലഭ്യമാണ്. മൊത്തം വീടുകളുടെ 50% ആണിത്. ബാക്കി വീടുകളിലേക്കും അടുത്ത മൂന്നു മാസത്തിനകം സേനയുടെ പ്രവര്‍ത്തനം വിപുലീകരിക്കും. ഒരു മാസം ഏകദേശം 76 ലക്ഷം രൂപ ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ ഫീസായി ലഭിക്കുന്നു. ഒരു ദിവസം 4000 കിലോ അജൈവ മാലിന്യം ഹരിത കര്‍മ്മ സേന വഴി ശേഖരിക്കുന്നുണ്ട്. വീടുകള്‍ക്ക് പുറമെ 6680 ഷോപ്പുകളിലും ഇവരുടെ സേവനം ലഭ്യമാണ്. ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന അജൈവ മാലിന്യം വിവിധ മെറ്റീരിയല്‍ കളക്ഷന്‍ കേന്ദ്രങ്ങള്‍ ശേഖരിക്കുന്നു. നിലവില്‍ 22 മിനി എംസിഎഫുകളും 21 എംസിഎഫുകളും ഉണ്ട്. കൂടാതെ രണ്ട് ആര്‍ആര്‍എഫും ഒരു ഷ്രെഡിംഗ് യൂണിറ്റും പ്രവര്‍ത്തിക്കുന്നു.
അടുത്ത രണ്ട് വര്‍ഷം കൊണ്ട് നഗരത്തിലെ മാലിന്യങ്ങള്‍ പൂര്‍ണ്ണമായും ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നതിനാണ് നഗരസഭ ലക്ഷ്യമിടുന്നത്.