വരും സുസ്ഥിര പരിഹാരം കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയാം
വരും സുസ്ഥിര പരിഹാരം കേരള ഖര മാലിന്യ പരിപാലന പദ്ധതിയുട വിശദാംശങ്ങള്‍ അറിയാം
ഡോ അദീല അബ്‌ദുള്ള ഐ.എ.എസ്
പ്രോജക്‌ട് ഡയറക്‌ടർ
കേരള ഖര മാലിന്യ പരിപാലന പദ്ധതി
സംസ്ഥാനത്തെ 93 നഗര സഭകളിലും, ലോക ബാങ്കിന്റെയും ഏഷ്യന്‍ ഇൻഫ്രാസ്‌ട്രക്‌ചർ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെയും (എ ഐ ഐ ബി) പിന്തുണയോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് കേരള ഖര മാലിന്യ പരിപാലന പദ്ധതി. സംസ്ഥാനത്തെ നഗര സഭകളില്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളത്. 2400 കോടി രൂപയാണ് പദ്ധതി ചെലവ്. പദ്ധതിയുടെ വിശദാംശങ്ങള്‍ പരിശോധിക്കാം.
എന്താണ് കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ആവശ്യകത?
നമ്മുടെ നഗരങ്ങള്‍ പ്രതി വര്‍ഷം 2.2 ദശ ലക്ഷം ടണ്‍ ഖര മാലിന്യമാണ് ഉല്‍പാദിപ്പിക്കുന്നത്. ഇങ്ങനെ ഉല്‍പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെയും അവ സംസ്‌കരിക്കുന്നതിന്റെയും അനുപാതത്തില്‍ വലിയ അന്തരം നിലവിലുണ്ട്. സംസ്‌കരിക്കാതെ കിടക്കുന്ന മാലിന്യങ്ങള്‍ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഉണ്ടാക്കുന്ന ദോഷം വലുതാണ്. ലോക ബാങ്കും എ ഐ ഐ ബിയും പദ്ധതിയുമായി സഹകരിക്കുന്നത് മികച്ച ലോക മാതൃകകൾ നടപ്പിലാക്കുന്നതിന് സഹായിക്കും.
പദ്ധതിയുടെ സാധ്യത എന്താണ്?
സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളും 87 മുനിസിപ്പാലിറ്റികളും ഉള്‍പ്പെടെ 93 നഗര സഭകളിലേയും ഖര മാലിന്യ പരിപാലന സംവിധാനങ്ങളെ ശാക്തീകരിക്കുന്നതിനും വിപുലീകരിക്കുന്നതിനും ഈ പദ്ധതി സഹായിക്കുന്നു. നഗര സഭാ പരിധികളില്‍ നിലവിലെ ഖര മാലിന്യ സംസ്‌കരണ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുന്നതിനൊപ്പം നയ രൂപീകരണം, സാങ്കേതിക പിന്തുണ, അധിക മാനവ വിഭവ ശേഷി, ജീവനക്കാരുടെ പരിശീലനത്തിനും ശേഷി വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ എന്നിവ ലഭ്യമാക്കും. ഖര മാലിന്യങ്ങള്‍ കേന്ദ്രീകൃതമായി കൈകാര്യം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെവികസനവും പദ്ധതി ഉറപ്പാക്കുന്നു.
പദ്ധതിയുടെ ചെലവ്, കാലാവധി എത്ര?
പദ്ധതിയുടെ ആകെ അടങ്കല്‍ 300 ദശ ലക്ഷം യു എസ് ഡോളറാണ് (ഏകദേശം 2400 കോടി രൂപ). ലോക ബാങ്കിന്റെ വിഹിതം 105 ദശ ലക്ഷം യു എസ് ഡോളറും ഏഷ്യന്‍ ഇൻഫ്രാസ്‌ട്രക്‌ചർ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക് വിഹിതം 105 ദശ ലക്ഷം യു എസ് ഡോളറുമാണ്. 90 ദശ ലക്ഷം യു എസ് ഡോളറായിരിക്കും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം. ആറു വര്‍ഷമാണ് പദ്ധതി നിര്‍വഹണ കാലാവധി (2021-27).
ആരാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്?
കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ നടത്തിപ്പിന് മേല്‍ നോട്ടം വഹിക്കാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴില്‍ സംസ്ഥാന പ്രോജക്‌ട് മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പ്രോജക്‌ട് മാനേജ്‌മെന്റ് യൂണിറ്റുകള്‍ പദ്ധതിയുടെ ആസൂത്രണ നിര്‍വഹണവും നിരീക്ഷണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കും. ഇതോടൊപ്പം ഓരോ നഗര സഭകളിലും പദ്ധതി നിര്‍വഹണ യൂണിറ്റുകള്‍ സജ്ജമായിട്ടുണ്ട്. പദ്ധതിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നിര്‍വഹണവും അതത് നഗര സഭകള്‍ നിര്‍വഹിക്കും.
പദ്ധതി കൊണ്ട് ജനങ്ങള്‍ക്കു ലഭിക്കുന്ന പ്രയോജനമെന്ത്?
കേരളത്തിലെ 93 തദ്ദേശ ഭരണ സ്ഥാപന പരിധിയില്‍ വരുന്ന എല്ലാ വീടുകളും സ്ഥാപനങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഇവിടങ്ങളില്‍ നിന്ന് ജൈവ-അജൈവ മാലിന്യങ്ങള്‍, നിർമ്മാണവും പൊളിച്ചു മാറ്റലും മൂലം ഉണ്ടാകുന്ന മാലിന്യങ്ങള്‍ എന്നിവയടക്കം എല്ലാത്തരം മാലിന്യങ്ങളുടെയും ശേഖരണവും സംസ്‌കരണവും ഉറപ്പാകും. മാലിന്യം തരം തിരിക്കല്‍, ശേഖരണം, കൈമാറ്റം, ജൈവ, അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം നിർമ്മാർജനം എന്നിവ മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കും.
ജനങ്ങളുടെ നിര്‍ദേശങ്ങളും ആശങ്കകളും കണക്കിലെടുക്കുമോ?
പദ്ധതി നടത്തിപ്പിന്റെ പ്രധാന ഘടകമാണ് പൊതുജന പങ്കാളിത്തം. ഓരോ നഗര സഭയുടെയും ഖര മാലിന്യ പരിപാലന പദ്ധതി രൂപ രേഖയിലൂടെ കണ്ടെത്തുന്ന പദ്ധതികളും ഉപ പദ്ധതികളും വാര്‍ഡ് സഭകളിലും വികസന സെമിനാറുകളിലും നേരിട്ട് പൊതു അവലോകനത്തിന് വിധേയമാക്കും.
പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതങ്ങളേയും ലഘൂകരണ നടപടികളേയും കുറിച്ച് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള പബ്ലിക് ഹിയറിംഗ്, കണ്‍സള്‍ട്ടേഷനും പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കും. ജനങ്ങളുടെ പൂര്‍ണ്ണ പിന്തുണയോടെ മാത്രമാകും പദ്ധതി നടപ്പിലാക്കുക.
പദ്ധതി കാലയളവ് അവസാനിച്ചാൽ സേവനങ്ങള്‍ സുസ്ഥിരമാണെന്ന് എങ്ങനെ ഉറപ്പാക്കും?
പദ്ധതി കാലയളവ് ആറ് വര്‍ഷമായി പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഓരോ നഗര സഭകളിലും തയ്യാറാക്കുന്ന ഖര മാലിന്യ പരിപാലന പദ്ധതികള്‍ അടുത്ത 25 വർഷ കാലയളവിലെ മാലിന്യ ഉല്‍പാദനം കണക്കിലെടുത്തു കൊണ്ടാണ്. ശേഷി വര്‍ധിപ്പിക്കുന്നതിലൂടെയും സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലൂടെയും പദ്ധതി കാലയളവ് കഴിഞ്ഞും ഈ സംവിധാനങ്ങളുടെ ഫല പ്രദമായ മേല്‍നോട്ടം ഉറപ്പാക്കുന്നുണ്ട്.
കേരളത്തിലെ നഗരങ്ങള്‍ നേരിടുന്ന രൂക്ഷമായ മാലിന്യ പ്രശ്‌നങ്ങൾക്ക് ശാസ്‌ത്രീയവും സമഗ്രവുമായ സുസ്ഥിര പരിഹാരമാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനകീയ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും പദ്ധതി ലക്ഷ്യത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.
ജനങ്ങള്‍ക്ക് പദ്ധതിയെക്കുറിച്ചുള്ള പരാതികള്‍ സമര്‍പ്പിക്കാന്‍ സംവിധാനം ഉണ്ടോ?
പരാതി പരിഹാര സംവിധാനം പദ്ധതിയുടെ അവിഭാജ്യ ഘടകമാണ്. കേരള ഖര മാലിന്യ പരിപാലന പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പരാതി പരിഹാര പ്രക്രിയ വിശദീകരിക്കുകയും പരാതി സമര്‍പ്പിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. ഇതിനായി സംസ്ഥാന തലത്തില്‍ ഒരു ടോള്‍ ഫ്രീ നമ്പറും പ്രവര്‍ത്തനക്ഷമമാണ്. ടോള്‍ ഫ്രീ നമ്പര്‍, വെബ്സൈറ്റ്, ഇമെയില്‍, സോഷ്യല്‍ മീഡിയ പേജുകള്‍ എന്നിവയിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന പരാതികള്‍ സമയ ബന്ധിതമായി പരിഹരിക്കും. മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള പദ്ധതി സംബന്ധിയായ പരാതികളും പരിഹരിക്കും.
ടോള്‍ ഫ്രീ നമ്പര്‍ : 18004250238
ഇ-മെയില്‍ : grmkswmp@gmail.com
വെബ്സൈറ്റ് മുഖ്യമന്ത്രിയുടെ പൊതു പരാതി പരിഹാര പോര്‍ട്ടല്‍ : http://cmo.kerala.gov.in/