മുഖച്ഛായ മാറുന്ന നഗരങ്ങള്‍
കേരളത്തിലെ നഗരങ്ങളെയും പട്ടണങ്ങളെയും മാലിന്യ മുക്തമാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്റ്റ്
എം. ബി. രാജേഷ്
തദ്ദേശ സ്വയം ഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി
മൂന്നരക്കോടിയോളം ജനങ്ങള്‍ അധിവസിക്കുന്ന കേരളത്തിന് 38,863 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് വിസ്‌തൃതി. പക്ഷേ, ജന സാന്ദ്രത ഏറ്റവും ഉയര്‍ന്ന സംസ്ഥാനങ്ങളിലൊന്നാണ്. ജനങ്ങൾക്ക് ഉയർന്ന ജീവിത നിലവാരവും ശാസ്ത്ര ബോധവും മറ്റ് അറിവുകളുമൊക്കെയുണ്ടെങ്കിലും മാലിന്യം കൈകാര്യം ചെയ്യുന്നതില്‍ അത് പൂര്‍ണ്ണമായും പ്രതിഫലിക്കുന്നില്ല. വ്യക്തി ശുചിത്വത്തില്‍ ഏറ്റവും ശ്രദ്ധ പുലര്‍ത്തുന്ന കേരളീയര്‍ സമൂഹ ശുചിത്വത്തില്‍ ഉദാസീനത പുലര്‍ത്തുന്നുവെന്ന് നാം കാണുന്നു. സ്വന്തം വീട്ടുവളപ്പ് വൃത്തിയായിരിക്കാന്‍ മാലിന്യങ്ങള്‍ പുറത്തെവിടെയെങ്കിലും തള്ളുക എന്നത് ഒട്ടും സങ്കോചമില്ലാതെ നമ്മള്‍ ചെയ്‌തു വന്നിരുന്ന കാര്യമാണ്. അതിനാല്‍ തെരുവുകള്‍, ജലാശയങ്ങള്‍, പാതയോരങ്ങള്‍, ഒഴിഞ്ഞ പ്രദേശങ്ങളൊക്കെ മാലിന്യത്താല്‍ നിറയുന്ന സാഹചര്യമുണ്ടായിരുന്നു.
വൃത്തിയുള്ള നഗരങ്ങളിലേക്ക് മാലിന്യത്തോടുള്ള നമ്മുടെ സമീപനങ്ങളിലും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും അടിമുടി മാറ്റം വരുത്തേണ്ടതുണ്ട്. അതിനായി കേരളത്തിലെ നഗരങ്ങളെയും പട്ടണങ്ങളെയും മാലിന്യ മുക്തമാക്കി വൃത്തിയുള്ളതാക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണ് കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്റ്റ്.
ലോക ബാങ്ക് സഹായത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നൂതന പദ്ധതിയാണിത്. മാലിന്യം വേര്‍തിരിക്കുക, ശേഖരിക്കുക, കടത്തുക, സംസ്‌കരിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ഉള്ളടക്കം. ഈ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ ജനങ്ങളെ വിശ്വാസത്തിലെടുത്ത്, അവരുടെ ആശങ്കകള്‍ അകറ്റി, അവരുടെ കൂടി പിന്തുണയോടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി വലിയ തോതിലുള്ള ബോധവല്‍ക്കരണം അനിവാര്യമാണ്. അതിനുള്ള വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, റസിഡന്റ്‌സ് അസോസിയേഷന്‍, വ്യാപാരി സംഘടനകള്‍, പൊതു ജനങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവരുടെ സഹകരണവും ഏകോപനവും ഉണ്ടെങ്കില്‍ മാത്രമേ ഈ പദ്ധതി വിജയിപ്പിക്കാന്‍ കഴിയൂ.
30 കോടി ഡോളര്‍ (2300 കോടി രൂപ) ചെലവഴിച്ചാണ് കേരളത്തിലെ നഗര പ്രദേശങ്ങളില്‍ പദ്ധതി നടപ്പാക്കുന്നത്. 87 മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പ്പറേഷനുകളിലും ആറ് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. 30 കോടി ഡോളറിൽ 10.5 കോടി ഡോളര്‍ വീതം നല്‍കുന്നത് ലോക ബാങ്കും ഏഷ്യന്‍ ഇൻഫ്രാസ്‌ട്രക്‌ചറൽ ഇൻവസ്റ്റ്‌മെന്റ് ബാങ്കുമാണ്. ബാക്കി തുക സംസ്ഥാന സര്‍ക്കാര്‍ വിഹിതമാണ്. ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, ക്ലീന്‍ കേരള കമ്പനി, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ ഏജന്‍സികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വീട്ടില്‍ നിന്ന് തുടങ്ങാം
ഒരു വര്‍ഷം ഏകദേശം 25 ലക്ഷം ടണ്‍ മാലിന്യമാണ് കേരളത്തില്‍ ഉണ്ടാകുന്നത്. ഇതില്‍ 69% ജൈവ മാലിന്യവും 31% അജൈവ മാലിന്യവുമാണ്. ജൈവ മാലിന്യത്തിന്റെ 70 ശതമാനവും ഈര്‍പ്പമുള്ളതാണ്. അജൈവ മാലിന്യത്തില്‍ ജ്വലന ശേഷിയുള്ളവ 79.2 ശതമാനമാണ്. നഗരങ്ങളിലെ വീടുകളില്‍ നിന്നു തന്നെ മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. ജൈവ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കാന്‍ കഴിയണം. അതിനായി വിവിധങ്ങളായ സംസ്‌കരണ മാര്‍ഗങ്ങള്‍ നിലവിലുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇതിനായി വലിയ തോതില്‍ സബ്‌സിഡി നല്‍കി വരുന്നു. ജൈവ, അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് സൂക്ഷിക്കണം. സാനിറ്ററി നാപ്‌കിൻ മാലിന്യങ്ങള്‍ പ്രത്യേകം കവറില്‍ സൂക്ഷിക്കണം. അജൈവ മാലിന്യങ്ങള്‍ ഹരിത സേനാംഗങ്ങള്‍ ശേഖരിച്ച് സംഭരണ കേന്ദ്രങ്ങളിലെത്തിക്കും. കൃത്യമായ മേല്‍ നോട്ടത്തോടെ ഇത് നടപ്പാക്കേണ്ടതുണ്ട്.
നഗര ഖര മാലിന്യ പരിപാലനത്തിന് സ്ഥാപന-സേവന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ഘടകം. മാലിന്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും കാര്യശേഷി വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനുള്ള സാങ്കേതിക സഹായം നല്‍കും. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണം ശക്തിപ്പെടുത്താനും അജൈവ മാലിന്യങ്ങള്‍ ശരിയായി സംസ്‌കരിക്കാനും നഗര സഭകള്‍ക്ക് പ്രത്യേക ഗ്രാന്റായി സാമ്പത്തിക സഹായം നല്‍കും. വികേന്ദ്രീകൃത മാലിന്യ നിര്‍മ്മാര്‍ജനം, മാലിന്യ ശേഖരണം, മാലിന്യങ്ങള്‍ കടത്താന്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തല്‍, പൊതു തെരുവുകള്‍ വൃത്തിയാക്കല്‍, ശുചീകരണ തൊഴിലാളികൾക്ക് ആവശ്യമായ ശുചീകരണ സാമഗ്രികള്‍ വാങ്ങി നല്‍കല്‍, ഹരിത കർമ്മ സേനാംഗങ്ങളുടെ വയബിലിറ്റി ഗാപ് ഫണ്ട് നല്‍കല്‍, നിലവിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളുടെ പുനരുജ്ജീവനം, മെറ്റീരിയല്‍ കളക്ഷന്‍ സെന്റര്‍, മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി എന്നിവയുടെ നിര്‍മ്മാണം, മേഖല അടിസ്ഥാനത്തില്‍ കേന്ദ്രീകൃത ഖര മാലിന്യ പ്ലാന്റുകളുടെ നിർമ്മാണവും പരിപാലനവും എന്നിവ പദ്ധതിയുടെ ഭാഗമാണ്.
പ്രൊഫഷണല്‍ സംവിധാനം ഒരുക്കും
നഗരങ്ങളില്‍ പദ്ധതിയുടെ നിര്‍വഹണം കാര്യക്ഷമമാക്കുന്നതിന് യുവ പ്രൊഫഷണലുകളെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കോര്‍റേഷനുകളില്‍ രണ്ടു വീതവും മുനിസിപ്പാലിറ്റികളില്‍ ഒന്ന് വീതവും ആളുകളെയാണ് നിയോഗിക്കുക. ബിടെക്/എം ബി എ/എം എസ് ഡബ്ലു യോഗ്യതയുള്ള 99 പേരെ ഇങ്ങനെ നിയമിക്കും.
ഇതോടൊപ്പം ശുചിത്വ മിഷനില്‍ ഡോക്യൂമെന്റേഷന്‍ സ്പെഷ്യലിസ്റ്റിനെയും നിയോഗിക്കും. എല്ലാ നിയമനങ്ങളും മൂന്ന് വര്‍ഷത്തേക്കായിരിക്കും. നഗരസഭകളില്‍ ഹെല്‍ത്ത് ഇൻസ്‌പെക്‌ടർമാരാണ് മാലിന്യ-ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുക.
മാലിന്യങ്ങളോടുള്ള മനോഭാവവും അത് കൈകാര്യം ചെയ്യുന്നവരോടുള്ള സമീപനവും വീണ്ടു വിചാരത്തിന് വിധേയമാക്കാന്‍ തയാറാകണം. നഗരങ്ങളില്‍ കുന്നു കൂടുന്ന മാലിന്യങ്ങള്‍ പുറത്തു നിന്ന് വരുന്നതല്ല. നഗരവാസികള്‍ തന്നെ ഉണ്ടാക്കുന്നതാണ്. ഉറവിടത്തില്‍ തന്നെ മാലിന്യങ്ങള്‍ കുറയ്ക്കാനുള്ള സന്നദ്ധത ഉണ്ടാകണം. കണക്കില്ലാതെയും ആവശ്യത്തിലധികവും ഉപഭോഗം നടത്തി അവശിഷ്‌ടവും മാലിന്യവുമുണ്ടാക്കുന്ന മനോഭാവം മാറ്റാന്‍ തയ്യാറാകണം.
ആഹാര സാധനങ്ങള്‍ ആവശ്യത്തിന് മാത്രം ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യുകയെന്ന ശീലം മാലിന്യം വലിയ തോതില്‍ കുറയ്ക്കും. മാലിന്യമുണ്ടാകുന്നത് പരമാവധി കുറയ്ക്കുകയും ഉണ്ടാകുന്ന മാലിന്യങ്ങള്‍ പൂര്‍ണ്ണമായും സംസ്‌കരിക്കുകയും ചെയ്യുകയെന്ന ശീലം ഉണ്ടാകണം. മാലിന്യ സംസ്‌കരണത്തിന് അനിവാര്യമായതാണ് ഉറവിടത്തിൽ തന്നെ വേര്‍ തിരിക്കല്‍.
ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും പ്രത്യേകമായി ശേഖരിച്ചാല്‍ പരിപാലനം എളുപ്പമാകും. ഉറവിടത്തില്‍ തന്നെ സംസ്‌കരിച്ചതിനു ശേഷം അധികമായി വരുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പ്രാദേശികമായ സംവിധാനങ്ങള്‍ വേണം. അതിനായി ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എത്തുമ്പോള്‍ അവരോട് പൂര്‍ണ്ണമായി സഹകരിക്കുകയും അതിനുള്ള യൂസര്‍ ഫീ നല്‍കുകയും വേണം. ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്ന ബോധ്യം ഓരോ പൗരനും ഉണ്ടാകണം.
മാലിന്യ മലകള്‍ ഇല്ലാതാകും
കേരളത്തില്‍ അവിടവിടെ കണ്ടിരുന്ന മാലിന്യ മലകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതില്‍ മികച്ച മാതൃക കാട്ടിയത് കൊല്ലം കുരീപ്പുഴയിലാണ്. 2012-വരെ അവിടെ തള്ളിയിരുന്ന മാലിന്യക്കൂമ്പാരം അഞ്ചര ഏക്കറില്‍ മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തിലുണ്ടായിരുന്നു. ഹരിത ട്രിബ്യൂണല്‍ വിധിയെ തുടര്‍ന്ന് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഖര മാലിന്യ സംസ്‌കരണത്തിന് അവിടെ തുടക്കമായി. മാലിന്യം മുഴുവന്‍ തരം തിരിച്ച് നീക്കം ചെയ്‌ത മണ്ണ് വീണ്ടെടുക്കുന്ന പ്രക്രിയയാണ് നടന്നത്. മൈക്രോ പ്ലാസ്റ്റിക് അടക്കമുള്ള പല വസ്‌തുക്കളും വേർതിരിച്ചെടുത്ത് വില്‍ക്കാന്‍ കഴിഞ്ഞു. പ്ലാസ്റ്റിക് അവശിഷ്‌ടം തമിഴ് നാട്ടിലെയും മഹാരാഷ്ട്രയിലെയും സിമന്റ് ഫാക്‌ടറികളിലേക്ക് കൊണ്ടു പോയി.
മറ്റ് വസ്‌തുക്കളുമായി ചേർത്ത് ഇന്ധനമായി ഇത് ഉപയോഗിക്കാന്‍ കഴിയും. ഇരുമ്പ് തുടങ്ങിയ ലോഹങ്ങള്‍, കുപ്പിച്ചില്ലുകള്‍, ടയറിന്റെ അവശിഷ്‌ടം, പാദ രക്ഷയുടെ സോള്‍ എന്നിവ പുനരുപയോഗത്തിനായി ഡല്‍ഹിയിലേക്ക് കൊണ്ടു പോയി. ഇതെല്ലാം കഴിഞ്ഞ് അരിച്ചെടുത്ത മണ്ണ് ചവറയിലെ ബേബി ജോണ്‍ മെമ്മോറിയല്‍ കോളേജിലെ മൈതാനം നിരപ്പാക്കാനായി നല്‍കി. 163 ലോഡ് മണ്ണാണ് കൊണ്ടു പോയത്.
സംസ്ഥാനത്ത് ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ മാലിന്യക്കൂമ്പാരങ്ങള്‍ ഇല്ലാതാക്കും. നഗരങ്ങളില്‍കെട്ടിടനിര്‍മ്മാണം, കെട്ടിടം പൊളിക്കല്‍ എന്നിവമൂലമുള്ള അവശിഷ്ടങ്ങള്‍ ജലാശയങ്ങളില്‍തള്ളുന്നത്തടയാനും പുനരുപയോഗത്തിനുള്ള ഉല്‍പന്നങ്ങളായിമാറ്റാനുമുള്ള വിപുലമായ പദ്ധതിയും തയാറാക്കിയിട്ടുണ്ട്.
നിര്‍മ്മാതാക്കളില്‍ നിന്ന് ഫീസ്ഈടാക്കിയായിരിക്കും അവശിഷ്ടംശേഖരിക്കുക. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി അവശിഷ്ടംതള്ളുന്നവര്‍ക്ക്കനത്ത പിഴയും ജയില്‍വാസമടക്കമുള്ളശിക്ഷയും നല്‍കുന്നതാണ് നിയമം. ഇതുസംബന്ധിച്ച വിശദമായമാര്‍ഗരേഖതയാറായിട്ടുണ്ട്.
നമ്മുടെ തെരുവുകളെ മാലിന്യവിമുക്തമാക്കി മനോഹരമാക്കിമാറ്റാനും അതുവഴി കേരളത്തിന്റെമുഖച്ഛായമാറ്റാനും പുതിയ പദ്ധതിക്ക് കഴിയുമെന്ന പ്രതീക്ഷയുണ്ട്. അതിനായി എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുന്നു.