സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിങ്ങ്‌ കേരളം

പിണറായി വിജയന്‍
മുഖ്യമന്ത്രി

എല്ലാവര്‍ക്കും ഡിജിറ്റല്‍ ബാങ്കിങ്ങ് പ്രാപ്യമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായിരിക്കുകയാണ്‌ കേരളം. ഏറെ അഭിമാനകരമായ നേട്ടമാണിത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2019-ല്‍ മുന്നോട്ടു വച്ച നിർദേശമനുസരിച്ച് തൃശ്ശൂർ ജില്ലയിലാണ് ആദ്യമായി സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിങ്ങ് നടപ്പിലാക്കിയത്. അതിനു ശേഷംകോട്ടയം ജില്ലയിലും നടപ്പാക്കി. ഈ രണ്ടു ജില്ലകളും സമ്പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറിയതിൽ നിന്ന് ഉൾക്കൊണ്ട ഊര്‍ജം നിര്‍ണ്ണായകമായ ഈ മാറ്റത്തിന് പ്രചോദനമായി.

ബാങ്ക്, ബാങ്കിങ്ങ് എന്നീ പദങ്ങളുടെ നിര്‍വചനത്തിലും പ്രവര്‍ത്തനത്തിലും വലിയ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന കാലമാണിത്. ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും ഇടപെടാന്‍ കഴിയുന്ന സ്ഥാപനങ്ങളായി ബാങ്കുകള്‍ മാറിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ വികാസം ഇത്തരം മാറ്റങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. ഡിജിറ്റല്‍ സേവനങ്ങള്‍ മാത്രമല്ല കറന്‍സികള്‍ വരെ വ്യാപകമാവുകയാണ്. ഈ മാറുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ പ്രാധാന്യം വലിയ തോതിലാണ് കൂടി വരുന്നത്. ബാങ്കുകളുടെ അടിസ്ഥാന സൗകര്യങ്ങളിലും സാങ്കേതിക വിദ്യയിലും മാറ്റമുണ്ടായാല്‍ മാത്രം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിങ്ങ് എന്ന ലക്ഷ്യം കൈവരിച്ചതായി പറയാനാവില്ല. അതിന് വലിയ തരത്തിലുള്ള സാമൂഹിക ഇടപെടലുകള്‍ കൂടി ആവശ്യമാണ്. കേരളത്തിലെ ജനങ്ങളുടെ ഡിജിറ്റല്‍ സാക്ഷരത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മുഖേന സ്വീകരിച്ചു വരികയാണ്. അതിന്റെ ഉദാത്തമായ ഉദാഹരണമാണ് തിരുവനന്തപുരത്തെ പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത്. ഇതിനോടകം തന്നെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ ഗ്രാമ പഞ്ചായത്തായി പുല്ലമ്പാറ മാറിയിരിക്കുകയാണ്. ഇത്തവണത്തെ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐ ടി വകുപ്പിന്റെ ഡിജിറ്റല്‍ ഇന്ത്യ അവാര്‍ഡുകളില്‍ മൂന്നെണ്ണമാണ്‌ സംസ്ഥാനം നേടിയത്.

കെ-ഡിസ്‌ക് മുഖേനെ നടപ്പാക്കിയ ഡിജിറ്റല്‍ വര്‍ക്ക്‌ ഫോര്‍ മാനേജ്മെന്റിന് പ്ലാറ്റിനം അവാര്‍ഡാണ്‌ ലഭിച്ചത്. കോട്ടയം ജില്ലാ ഭരണ കൂടത്തിന്റെ വെബ്സൈറ്റിന് ഗോള്‍ഡ്‌ മെഡല്‍, ക്ഷീര ശ്രീ പോര്‍ട്ടലിന് സില്‍വര്‍ മെഡല്‍ ഇങ്ങനെ മൂന്ന് അവാർഡുകൾ നമുക്ക്‌ ലഭിക്കുകയുണ്ടായി. കാര്യക്ഷമമായ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ കേരളം എത്രമാത്രം ശ്രദ്ധ പതിപ്പിക്കുന്നു എന്നതിന്റെ തെളിവാണ് ഈ പുരസ്‌കാരങ്ങള്‍.

ഡിജിറ്റല്‍ വിഭജനം ഇല്ലാതാവുന്നു

ഡിജിറ്റല്‍ സൗകര്യങ്ങളും സേവനങ്ങളും സാര്‍വത്രികമായി ലഭ്യമാക്കണമെന്നുണ്ടെങ്കില്‍ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാവണം. അത്തരത്തില്‍ എല്ലാ പൗരന്മാർക്കും ഇന്റര്‍നെറ്റ്‌ സൗകര്യം ലഭ്യമാക്കണം എന്ന ലക്ഷ്യത്തോടെയാണ്‌ കെ-ഫോണ്‍ പദ്ധതി നടപ്പിലാക്കുന്നത്. കെ-ഫോണ്‍ പദ്ധതിയുടെ 90% വും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. 17,155 കിലോ മീറ്റര്‍ ഒപ്റ്റിക്‌ ഫൈബര്‍ കേബിള്‍ ശൃംഖല തയ്യാറായിക്കഴിഞ്ഞു.

കെ-ഫോണ്‍ പദ്ധതി പൂര്‍ണ്ണമാകുന്നതോടെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിലോ സൗജന്യമായോ ഇന്റര്‍നെറ്റ്‌ സേവനം ലഭ്യമാകും. പൊതു ജനങ്ങള്‍ക്ക്‌ സേവനങ്ങള്‍ ലഭ്യമാക്കുന്ന കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളും ഇത് മുഖേന ബന്ധിക്കപ്പെടും. ഇതിനൊക്കെ പുറമേ രണ്ടായിരത്തിലധികം പൊതുവിടങ്ങളില്‍ സൗജന്യ വൈഫൈ ഹോട്ട്‌ സ്പോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍ ഡിജിറ്റല്‍ ഇടപാടുകൾക്ക് എല്ലാവിധത്തിലും അടിസ്ഥാന സൗകര്യങ്ങള്‍ കേരളത്തില്‍ ഒരുങ്ങുകയാണ്. വിവിധ തരം ഡിജിറ്റല്‍ സേവനങ്ങളും അവയ്‌ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുങ്ങുന്നു. അവ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രാപ്യമാക്കുന്നതിനുള്ള ഇടപെടലുകളും ഒപ്പം നടക്കുകയാണ്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിങ്ങ് നടപ്പാക്കാന്‍ ഏറ്റവും ഉചിതമായ ഇടം തന്നെയാണ്‌ കേരളം.

ബാങ്കിങ്ങ്‌ മേഖല സാങ്കേതിക വിദ്യയ്ക്ക് അനുസൃതമായി വികസിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. അത് ബാങ്കിങ്ങ് മേഖലയിൽ ഉണ്ടാവുന്ന സൈബര്‍ കുറ്റ കൃത്യങ്ങളുടെ വര്‍ധനയാണ്. ഇത്തരം കുറ്റ കൃത്യങ്ങള്‍ തടയുന്നതിനായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പോലെയുള്ള സംവിധാനങ്ങള്‍ കേരള പോലീസിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കുറ്റ കൃത്യങ്ങള്‍ നടന്നു കഴിഞ്ഞാല്‍ അവയെക്കുറിച്ച് ഫല പ്രദമായ അന്വേഷണം നടത്തുന്നുമുണ്ട്. പക്ഷേ വേണ്ടത് കുറ്റ കൃത്യങ്ങൾക്ക് പഴുതുണ്ടാവാതെ നോക്കാന്‍ പൊതു ജനങ്ങൾക്ക് ആവശ്യമായ ബോധവല്‍ക്കരണമാണ്.

കുറ്റ കൃത്യങ്ങള്‍ നടക്കുന്നതിനു മുമ്പു തന്നെ അവ തടയണമെങ്കില്‍ ബാങ്കിംഗ് മേഖലയിലെ അധികൃതരുടെ സഹകരണം ഏറെ അനിവാര്യമാണ്. ഇന്റര്‍ നെറ്റ് ബാങ്കിങ്ങ്‌ സൗകര്യങ്ങള്‍ ഒരുക്കുമ്പോള്‍ അവയ്‌ക്ക് മതിയായ സുരക്ഷാ കവചങ്ങള്‍ ഒരുക്കുന്നതിലും കാലാനുസൃതമായി നവീകരിക്കുന്നതിനും അതീവ ശ്രദ്ധ ചെലുത്തണം. അവയെക്കുറിച്ചൊക്കെ ഇടപാടുകാരെ ബോധ്യപ്പെടുത്തുന്നതിനൊപ്പം തട്ടിപ്പുകൾക്ക് ഇരയാകാത്ത വണ്ണം ഡിജിറ്റല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ആവശ്യമായ പരിശീലനവും നല്‍കണം. കേരളത്തിന്റെ സമ്പദ് ഘടനയെ കൂടുതൽ ഉത്തേജിപ്പിക്കാന്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിങ്ങ്‌ സംവിധാനങ്ങള്‍ ഉപകരിക്കും എന്ന് പ്രതീക്ഷിക്കാം.