ലോക കേരള സഭ ലോകത്തിന് കേരളത്തിന്‍റെ സംഭാവന

പി. ശ്രീരാമ കൃഷ്‌ണൻ
നോര്‍ക്ക റൂട്ട്സ് റെസിഡന്റ്
വൈസ് ചെയര്‍മാന്‍

ജനാധിപത്യം പുഷ്ക്കലമാകുന്നത് അത് പുതിയ വിതാനത്തിലേക്ക് ഓരോ സന്ദര്‍ഭത്തിലും ഉയരുമ്പോഴാണ്. പുതിയ പുതിയ തലങ്ങളില്‍ ജനാധിപത്യത്തിന്‍റെ വ്യാഖ്യാനവും നിര്‍വ്വഹണവും നിര്‍വ്വഹിക്കപ്പെടു മ്പോഴാണ് അത് സുരഭിലമാകുന്നത്. ഒരു ദിവസം തുടങ്ങി പെട്ടെന്ന് അവസാനിക്കുന്ന പ്രക്രിയയല്ലത്. ആ നിലയില്‍ ലോകത്തിന് പല മാതൃകകളും സൃഷ്‌ടിച്ച കേരളം ജനാധിപത്യ ലോകത്തിന് നല്‍കിയ സംഭാവനയാണ് ലോക കേരള സഭ.

കേരളം പ്രവാസത്തിന്‍റെ ശക്തി കൊണ്ട് വളരുകയും നില്‍ക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ്. പ്രവാസ സാന്ദ്രതയേറിയ സമൂഹം. ആ പ്രവാസ സാന്ദ്രതയെ ഫലപ്രദമായി വിന്യസിക്കുന്നതിന് പദ്ധതികള്‍  ആവിഷ്കരിക്കുകയെന്നത് ഏതൊരു മലയാളിയുടെയും ആഗ്രഹമാണ്, സ്വപ്നമാണ് ചുമതലയുമാണ്. കേരള സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് കൊണ്ട് ഇത്തരം ഒരു സഭ രൂപീകരിക്കുമ്പോള്‍ അത് നിക്ഷേപകരുടെ സംഗമമാണെന്നോ, പണക്കാരുടെ വേദിയാണെന്നോ തെറ്റിദ്ധരിച്ച് വാദകോലാഹലങ്ങളില്‍ ഏര്‍പ്പെട്ടവരുണ്ട്. എന്നാല്‍ ഇത് നിക്ഷേപകരുടെ സംഗമമോ പണക്കാരുടെ വേദിയോ അല്ല. ലോകത്താകമാനമുള്ള മലയാളികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന ജനാധിപത്യ സഭയാണ്. അവരുടെ ചിന്തകള്‍ക്കും ശക്തികള്‍ക്കും കേരളത്തില്‍ സ്ഥാനമുണ്ട്.

ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന മലയാളികളുടെ പ്രാഗത്ഭ്യം, വൈദഗ്ദ്ധ്യം, സാങ്കേതിക അറിവുകള്‍, പ്രായോഗികജ്ഞാനങ്ങള്‍ അതെല്ലാം കേരളത്തിലേക്ക് ഒഴുകിയെത്തണമെന്നാണ് നാം ആഗ്രഹിക്കുന്നത്. ആഗോള മലയാളി കൂട്ടായ്മ എന്ന സങ്കല്‍പം കേരളത്തിന്‍റെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ എല്ലാ തരത്തിലും ഒരു കൈസഹായം എന്ന നിലയില്‍ എത്തുന്ന ലോക മലയാളികളുടെ സംഗമമാണ്. എന്നാല്‍ അതുപോലെ തന്നെ പ്രധാനമാണ് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു കൊണ്ടിരിക്കുന്നവരുടെ കഴിവുകള്‍ നമ്മുടെ നാടിനു വേണ്ടി പ്രയോജനപ്പെടുത്തുകയെന്നത് കൃഷിയിലും വിദ്യാഭ്യാസത്തിലും ശാസ്ത്രീയ ചിന്തകളിലും ശുചീകരണത്തിനും എല്ലാം നമുക്ക് പുതിയ അനുഭവങ്ങള്‍ പ്രദാനം ചെയ്യാന്‍ കഴിയുന്ന ലോക മലയാളികള്‍ ഉണ്ട്. നമ്മുടെ നവകേരള സങ്കല്‍പ്പം യഥാര്‍ഥ്യമാക്കാന്‍ അവരുടെ കഴിവുകളും ഉപയോഗപ്പെടുത്താന്‍ സാധിയ്ക്കണം.

നവകേരള സങ്കല്‍പ്പം എന്നു പറയുന്നത് ആധുനിക കേരളത്തിന്‍റെ പുതിയ വളര്‍ച്ചയുടെ ഒരു ഘട്ടമാണ്. ടെക്നോളജിയും അതിന്‍റെ ഭാഗമായിട്ടുള്ള ഉല്‍പ്പന്നങ്ങളും ഏററവും കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയുന്ന, ശേഷിയുള്ള ഒരു സമൂഹമായി കേരളത്തിനെ മാറ്റാനുള്ള ശ്രമമാണത്. കാര്‍ഷിക പരിഷ്‌കരണത്തിലൂടെ വലിയ മാറ്റം വന്ന കേരളത്തില്‍ പ്രവാസികളുടെ കുടിയേറ്റത്തിന്‍റെ ഭാഗമായി ലഭിച്ച സമ്പത്ത് കൂടി കേരളത്തിന്‍റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ആ നിര്‍ണ്ണായകമായ പങ്ക് വഹിച്ച കേരളത്തിന് ഇനി പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കണം. അത് ലോകോത്തര നിലവാരമുള്ള ഒരു സമൂഹമായി കേരളത്തെ മാറ്റുക എന്നതാണ്. ജീവിത നിലവാരം എന്നത് വികസിത രാജ്യത്തിനോടുമൊപ്പം എത്താന്‍ പറ്റുന്ന  രീതിയില്‍ കേരളത്തെ വികസിപ്പിക്കാവുന്ന നിലയില്‍ എല്ലാ മേഖലയിലും വളര്‍ച്ചയുണ്ടാക്കുക എന്നതാണ് കേരളത്തിന്‍റെ ലക്ഷ്യം. അതാണ് നവകേരള സങ്കല്‍പ്പം. നവകേരള സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാന്‍ ഒരു പക്ഷേ നവകേരള സങ്കല്‍പ്പത്തിന്‍റെ ഭാഗമായിട്ട് നാം ഒരുക്കുന്ന വിവിധ പദ്ധതികളില്‍ ഏററവും ശ്രദ്ധേയമായ ഒരു പദ്ധതിയാണ് കെ-ഫോണ്‍. ഇന്‍റര്‍നെറ്റ് പുതിയ കാലത്തെ ഏററവും സൗകര്യ പ്രദമായ ഒരു ഉല്‍പ്പന്നമാണ്. വിവര വിനിമയ വിദ്യയുടെ സാങ്കേതിക വിസ്ഫോടനം ലോകത്തെ മാറ്റി മറിക്കുന്നതില്‍ പ്രധാന കാരണമായി വന്നത് ഇന്‍റര്‍നെറ്റാണ്. ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയാത്തവര്‍ ഉള്ളിടത്തോളം കാലം ഒരു സമൂഹം നിരക്ഷരരായി തുടരും. സമൂഹത്തിലെ നിരക്ഷരത എന്നു പറയുന്നത് ഇന്ന് പുതിയ കാലത്ത് പുതിയ രൂപത്തിലാണ് അനുഭവപ്പെടുന്നത്. സാക്ഷരതാ പ്രസ്ഥാനം രൂപപ്പെട്ടതു പോലെ, ജനകീയമായ ആസൂത്രണത്തിലൂടെ പ്രാദേശിക പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടതു പോല, ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗത്തിലൂടെ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാത്ത ഒരു സമൂഹമെന്ന സങ്കല്‍പത്തിലേക്ക് കേരളം വളരുകയാണ്. ഒരു പക്ഷെ ലോകത്ത് ആദ്യമായിട്ടായിരിക്കാം ഒരു സമൂഹം ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാത്ത എന്നാല്‍ സമ്പൂര്‍ണ്ണമായി ഡിജിറ്റലൈസ് ചെയ്‌ത ഒരു സമൂഹമായി മാറാനുള്ള ത്വര കാണിക്കുന്നത്, അത് പ്രയോഗവല്‍ക്കരിക്കുന്നത്. കെ-ഫോണിലൂടെ അത് ഇവിടെ യാഥാര്‍ത്ഥ്യമാവുകയാണ്. അതായത് സമൂഹത്തിന്‍റെ ഏത് താഴെത്തട്ടിലുള്ളവര്‍ക്കും ഏററവും ഊര്‍ജ്ജ സ്വലമായ നിലയില്‍ സാങ്കേതിക വൈദഗ്ദ്ധ്യം തികഞ്ഞ ജീവിതം നയിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം സൃഷ്‌ടിക്കാൻ കേരളം ശ്രമിക്കുന്നു എന്നുള്ളതാണ്. അതുപോലെ തന്നെ ശുചീകരണ രംഗത്തും പുതിയ മാര്‍ഗ്ഗങ്ങള്‍ നാം ആരായുകയാണ്. കേരളത്തിലെ 44 നദികളിലെ ജലം പാഴായി പോകാതെ ഉപയോഗ പ്രദമാക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാൻ നമുക്ക് നെതർലാൻഡ്‌സിലേതുൾപ്പെടെയുള്ള പരീക്ഷണങ്ങള്‍ നിര്‍വ്വഹിക്കാവുന്നതാണ്.

ലോകത്ത് പല തരത്തിലുള്ള ഇത്തരം മാതൃകകള്‍ സൃഷ്‌ടിക്കുന്ന സമൂഹമെന്ന നിലയില്‍ കേരളം മനുഷ്യ വിഭവത്തിന്‍റെ ഒരു മഹാ സംഭരണിയായി ലോകത്തിനു മുന്നില്‍ നില്‍ക്കുകയാണ്. അതു കൊണ്ട് തന്നെ മലയാളി ബ്രാന്‍ഡ് കുടിയേററം ഇന്ന് ലോകത്തെ എല്ലാ രാജ്യങ്ങളിലും അനുഭവ വേദ്യവുമാണ്. മലയാളി ബ്രാന്‍ഡ് കുടിയേറ്റത്തിന്‍റെ ശക്തിയും സ്രോതസ്സും ഇല്ലാത്ത സമൂഹങ്ങള്‍ ഇന്ന് ലോകത്ത് എവിടെയും ഇല്ല എന്നതും നിസ്സംശയം പറയാന്‍ സാധിക്കും. യുറോപ്പിലേക്കും, അമേരിക്കയിലേക്കും, മിഡില്‍ ഈസ്റ്റിലേക്കും, ആഫ്രിക്കയിലേക്കും മനുഷ്യ വിഭവത്തെ സംഭരണം ചെയ്യുന്ന ഇന്ന് കുടിയേററത്തിന്‍റെ തോതും രീതികളും മാറിയിരിക്കുന്നു. പഠനത്തോടൊപ്പം ജോലിയും കണ്ടു കൊണ്ട് പെര്‍മനന്‍റ് റസിഡന്‍റ്സ്ഷിപ്പ് കിട്ടാന്‍ ആവശ്യമായ നിലയിലേക്ക് പുതിയ തലമുറ കുടിയേറ്റത്തെ മാറ്റിത്തീര്‍ത്തിരിക്കുന്നു. അഭ്യസ്‌ത വിദ്യരായ യുവതീ യുവാക്കളുടെ ലക്ഷ്യങ്ങളായിട്ട് വിദേശ രാജ്യങ്ങള്‍ മാറിത്തീരുന്നതും സ്വാഭാവികമായിരിക്കുന്നു. ലോക കേരള സഭ എന്തിന് ഈ പശ്ചാത്തലത്തിലാണ് ലോകം മുഴുവന്‍ പരന്നു കിടക്കുന്ന മലയാളികളുടെ ഒരു പൊതു വേദി എന്ന ആശയം കേരള സര്‍ക്കാരിന്‍റേയും കേരള നിയമ സഭയുടെയും സഹായത്തോടു കൂടി യാഥാര്‍ഥ്യമായത്. ‘എന്തിന് ലോക കേരള സഭ’ എന്ന ചോദ്യമുണ്ട്. എന്തിന് സൗഹൃദങ്ങള്‍ ; എന്തിന് കൂട്ടായ്‌മകൾ; എന്തിന് ലോകമാകെയുള്ള മനുഷ്യരുടെ മാനവികമായ ഒരുമ; എന്ന ചോദ്യത്തെ പോലെ നിരര്‍ത്ഥകമായ ചോദ്യമാണ് എന്തിന് ലോക കേരള സഭ എന്ന ചോദ്യം. മലയാളികളുടെ, അവര്‍ എവിടെയായിരുന്നാലും എല്ലാ പ്രശ്‌നങ്ങളും എല്ലാ സാധ്യതകളും പരിശോധിക്കാനുള്ള ഒരു വേദി എന്ന നിലയിലുള്ള ഒരു സംഗമമാണ് ലോക കേരള സഭ കൊണ്ട് ഉദ്ദേശിക്കുന്നത്. അതില്‍ ചിലരുടെ പരിമിതികള്‍ക്കപ്പുറം കടന്നു കൊണ്ട് രാജ്യാന്തര അതിര്‍ത്തികളില്‍ ഭൂമി ശാസ്ത്രപരമായ പരിമിതികള്‍ മറി കടന്നു കൊണ്ടുള്ള ആഗോള കൂട്ടായ്‌മ എന്ന ലക്ഷ്യത്തിലേക്ക് കേരളം കുതിക്കുകയാണ്. ലോകത്തെല്ലായിടത്തുമുള്ള മലയാളികളുടെ സാന്നിധ്യവും സഹകരണവും പ്രതീക്ഷാ നിര്‍ഭരമായി ഒഴുകിയെത്തുന്ന സ്ഥലമായി കേരളം മാറുമ്പോള്‍ കേരളത്തിന് അതിന് ആഗോളമായ ഒരു മാനം കൈവരിക്കാന്‍ സാധിക്കും.

ആഗോള ഡിജിറ്റല്‍ പ്ളാറ്റ്ഫോം

ഒരു പക്ഷേ ആദ്യത്തെ രണ്ട് സമ്മേളനങ്ങളിലും ഏഴ് മേഖലാ വിഷയങ്ങള്‍ കേന്ദ്രീകരിച്ചു കൊണ്ടുള്ള ചര്‍ച്ചകളിലൂടെ രൂപപെട്ടു വന്ന അഭിപ്രായങ്ങള്‍ എല്ലാം പരിഗണിക്കാനും നടപ്പാക്കാനും കഴിഞ്ഞില്ലെങ്കിലും ഒരുപാട് തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചു. ഡിമാന്‍റുകള്‍ വയ്ക്കാനും പണച്ചിലവുള്ള പരിപാടികള്‍ നടത്താനുമുള്ള ഒരു സംവിധാനമെന്ന നിലയിലല്ല, കുടിയേറ്റത്തിന്‍റെ പ്രശ്‌നങ്ങളെ ഒരു പക്ഷേ ഇന്ത്യാ ഗവണ്‍മെന്‍റിന് മുന്നില്‍ അവതരിപ്പിക്കാന്‍ പോലും കഴിയാവുന്ന തരത്തിലുള്ള ഡാറ്റയുമായിട്ടാണ് അത് മുന്നോട്ട് പോകുന്നത്. ഇന്ന് ആഗോള കുടിയേറ്റത്തിന്‍റെ എല്ലാ വിശദാംശങ്ങളും സമാഹരിക്കാന്‍ ശേഷിയുള്ള ഒരു സ്ഥാപനമായിട്ട് നോര്‍ക്കയെ മാററാന്‍ ശ്രമം നടത്തുകയാണ്. ഒരു ഗ്ലോബല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം രൂപീകരിക്കുമ്പോള്‍ ലോകത്തെവിടെയും ഉള്ള മലയാളികളുടെ എല്ലാ വിശദാംശങ്ങളും ലഭ്യമാക്കാന്‍ കഴിയുന്ന ആ പ്ലാറ്റ്ഫോമിലൂടെ അതെല്ലാം നമുക്ക് ഉപയോഗ പ്രദമാക്കാന്‍ സാധിക്കും.