തിരികെയെത്തുന്ന മലയാളികള്‍ പ്രതിസന്ധികളും സാധ്യതകളും
പ്രവാസികളുടെ പ്രശ്‌നങ്ങളും പ്രവാസ ലോകത്തുണ്ടാകുന്ന മാറ്റങ്ങളും കേരളത്തിന്‍റെ സാമൂഹിക ഭൂമികയില്‍ ആഴത്തോളം ഇഴ ചേര്‍ന്നിരിക്കുന്നതിനാല്‍ പ്രവാസികളുടെ വലിയ തോതിലുള്ള മടങ്ങി വരവ് പലപ്പോഴും വാര്‍ത്താ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യാറുണ്ട്. 1990-കളിലെ കുവൈത്ത് യുദ്ധകാലം മുതല്‍ 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തും 2011 മുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പിലാക്കുവാന്‍ തുടങ്ങിയ സ്വദേശിവല്‍ക്കരണ നയങ്ങളുടെ ആരംഭ കാലത്തും കേരളത്തിലേക്ക് പ്രവാസി മലയാളികളുടെ വലിയ തോതിലുള്ള തിരിച്ചു വരവ് ഉണ്ടായിട്ടുണ്ട്. 2018-ലെ കേരളാ മൈഗ്രേഷന്‍ സര്‍വ്വേ പ്രകാരം ഏതാണ്ട് 13 ലക്ഷം പ്രവാസികള്‍ തിരികെയെത്തിയിട്ടുണ്ട്. തിരിച്ചു വരുന്നവരുടെ എണ്ണം വര്‍ഷം തോറും വര്‍ധിക്കുന്നുമുണ്ട്. പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ച കോവിഡ് മഹാമാരി മൂലമുണ്ടായ ആഗോള പ്രതിസന്ധി പ്രവാസികളുടെ മടങ്ങി വരവിനെ ത്വരിതപ്പെടുത്തുന്ന ഒന്നാണെന്ന് നിസംശയം പറയാം. മുന്‍ പ്രതിസന്ധികളില്‍ നിന്ന് വ്യത്യസ്‌തമായി മലയാളി പ്രവാസികള്‍ കൂടുതലായി കുടിയേറുന്ന ഗള്‍ഫ് രാജ്യങ്ങളെ കോവിഡ് കാര്യമായി ബാധിച്ചു. കോവിഡ് മൂലം കേരളത്തിലേക്ക് വളരെ കുറഞ്ഞ സമയം കൊണ്ട് വളരെയധികം പ്രവാസികള്‍, പ്രധാനമായും തൊഴില്‍ നഷ്‌ടപ്പെട്ട് തിരിച്ചെത്തി എന്നതും കാണാം. തിരികെയെത്തുന്ന പ്രവാസികള്‍ വലിയ തോതിലുള്ള പ്രവാസികളുടെ തിരിച്ചു വരവ് ഒരു വെല്ലുവിളി തന്നെയാണ്. തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്ട്രേഷനായി നോര്‍ക്ക തുടങ്ങിയ പോര്‍ട്ടല്‍ ലഭ്യമാക്കുന്ന കണക്കുകള്‍ അനുസരിച്ച് 2020 മേയ് ഏഴ് മുതല്‍ 713756 പ്രവാസികള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വന്ദേ ഭാരത് മിഷന്‍ വഴിയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ വഴിയും കേരളത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് തിരിച്ചെത്തിയവരില്‍ 452258 (63.3%) പേര്‍ തിരികെ വരാനുള്ള കാരണം തൊഴില്‍ നഷ്‌ടം എന്നതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാന ആതിഥേയ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ വരവില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും മലയാളികളുടെ പ്രധാന ആശ്രയമായ യുഎഇ, സൗദിഅറേബ്യ എന്നീ രണ്ടു രാജ്യങ്ങളില്‍ നിന്ന് മാത്രം ഏകദേശം അഞ്ചു ലക്ഷം പ്രവാസികളാണ് തിരികെയെത്തിയത്. (2020 ഡിസംബര്‍ 11 വരെയുള്ള കണക്കുകള്‍) കേരള മൈഗ്രേഷന്‍ സര്‍വ്വേ ഡേറ്റ ഇഴകീറി പരിശോധിച്ചാല്‍ തിരികെയെത്തുന്ന പ്രവാസികളുടെ നിരവധി വിവരങ്ങള്‍ ലഭ്യമാകും. 2018-ലെ സര്‍വ്വേ കണക്കുകള്‍ പ്രകാരം 13 ലക്ഷം തിരിച്ചെത്തിയ പ്രവാസികള്‍ എന്നത് ആകെ കുടിയേറ്റക്കാരുടെ 61 ശതമാനമാണ്. മടങ്ങിയെത്തിയ പ്രവാസികളുടെ എണ്ണം ഇത്രയധികം ഉണ്ടായത് 1998-ലാണ്. അന്ന് 54 ശതമാനമായിരുന്നു. നിലവില്‍, മടങ്ങിയെത്തിയ പ്രവാസികളില്‍ 98 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. സൗദി അറേബ്യയില്‍ നിന്ന് 38, യു.എ.ഇ യില്‍ നിന്നു 34 ശതമാനവുമാണ് തിരികെയെത്തുന്നത്. കൂടാതെ തിരികെയെത്തുന്ന പ്രവാസി തൊഴിലാളികളില്‍ 94 ശതമാനവും പുരുഷന്മാരാണ്. ഒരു പക്ഷെ കേരളത്തിലെ പ്രവാസികളുടെ സംഖ്യയ്‌ക്ക് ആനുപാതികമായിരിക്കാം തിരിച്ചു വരുന്ന പ്രവാസികളിലുള്ള പുരുഷന്മാരുടെ വലിയ തോതിലുള്ള പ്രാതിനിധ്യം. സര്‍വ്വേ നല്‍കുന്ന മറ്റൊരു സുപ്രധാന കണക്ക് തിരികെയെത്തുന്നവരുടെ ശരാശരി പ്രായമാണ്. നിലവില്‍ തിരിച്ചെത്തിയവരില്‍ പകുതിപേരും 48 വയസ്സില്‍ താഴെയുള്ളവരും ബാക്കി പകുതി 48 വയസ്സിനു മുകളില്‍ ഉള്ളവരുമാണ് എന്നതാണ്. ഇതില്‍ 20 ശതമാനം മാത്രമാണ് 60 വയസ്സില്‍ മുകളില്‍ പ്രായമുള്ളവര്‍. ഈ കണക്കുകള്‍ പ്രകാരം തിരിച്ചു വരുന്നവരില്‍ കൂടുതലും തൊഴില്‍ ചെയ്യാന്‍ സാധിക്കുന്ന പ്രായപരിധിക്കുള്ളില്‍ ഉള്ളവരാണ്. തിരിച്ചെത്തിയവരില്‍ 30 ശതമാനത്തോളം 40 വയസ്സില്‍ താഴെയുള്ളവരാണ് എന്നത് പ്രവാസികളില്‍ എത്രത്തോളം തൊഴില്‍ ജീവിതം ബാക്കിയുണ്ട് എന്നതിന്‍റെ സൂചനയാണ്. ഏതാണ്ട് 29 ശതമാനം തൊഴിലാളികളും തൊഴില്‍ നഷ്‌ടമാണ് തിരിച്ചു വരവിന്‍റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ചര്‍ച്ച ചെയ്യപ്പെടേണ്ട മറ്റൊരു പ്രധാന വിഷയം ഇവരുടെ വിദേശത്തെ തൊഴില്‍ മേഖലകളും തിരിച്ചു വന്നതിനു ശേഷം കണ്ടെത്തുന്ന വരുമാന മാര്‍ഗ്ഗങ്ങളുമാണ്. തിരിച്ചു വരുന്ന പ്രവാസികളില്‍ ഏതാണ്ട് 35 ശതമാനത്തോളം തൊഴിലാളികള്‍ സെയിൽസ്‌മാൻ, നിര്‍മ്മാണ മേഖല, ഡ്രൈവിംഗ് എന്നീ മേഖലകളിലാണ് തൊഴിലെടുത്തത്. ഏതാണ്ട് പകുതിയോളം പേര്‍ ബിസിനസ്, കൃഷി, നിര്‍മ്മാണ മേഖല, ഡ്രൈവിംഗ് എന്നിവയെയാണ് വരുമാനത്തിനായി ആശ്രയിച്ചത്. ഭൂരിഭാഗം പ്രവാസികളും വിദേശത്ത് മറ്റു തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരാണ്. ഇവയൊക്കെ സ്വയം തൊഴില്‍ മേഖലകളാണ് താനും. നിര്‍മ്മാണ മേഖല പോലെ വിദേശത്ത് വളരെയധികം യന്ത്രവല്‍ക്കൃതമായ തൊഴില്‍ മേഖലകളില്‍ സിദ്ധിച്ച അറിവുകളും കഴിവുകളും കേരളത്തിലെ നിര്‍മ്മാണ മേഖലയില്‍ പലപ്പോഴും ആവശ്യമായി വരുന്നില്ല. നയ രൂപീകരണവും പദ്ധതി ആസൂത്രണവും നിലവിലെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളില്‍ ബുദ്ധിമുട്ടേറിയ നയ രൂപീകരണമാണ് ഈ രംഗം ആവശ്യപ്പെടുന്നത്. നോര്‍ക്ക വഴി നടപ്പിലാക്കി വരുന്ന പുനരധിവാസ പദ്ധതികളില്‍ സര്‍ക്കാരിന്‍റെ തിരിച്ചു വരുന്നവരോടുള്ള അനുഭാവപൂര്‍ണമായ കാഴ്ച്ചപ്പാടും ഇച്ഛാശക്തിയും വ്യക്തമാണ്. ഡ്രീം കേരള പദ്ധതിയും കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ പ്രവാസികളോടുള്ള കരുതലിന്‍റെ പരിശ്ചേദമായി വേണം കണക്കാക്കുവാന്‍. പുനരധിവാസ പദ്ധതികള്‍ രാജ്യത്തു നിലവിലുള്ളത് കേരളത്തില്‍ മാത്രവുമാണ്. സര്‍ക്കാരിന്‍റെ താല്‍പര്യത്തോടൊപ്പം സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന സഹകരണ സ്ഥാപനങ്ങളുടെ ശൃംഖലയും കുടുംബശ്രീ പോലുള്ള സ്ഥാപനങ്ങളും നമുക്ക് മുന്നില്‍ വലിയ സാധ്യതകള്‍ തുറന്നിടുന്നുണ്ട്. കോവിഡാനന്തര പുനര്‍ നിര്‍മ്മാണത്തില്‍ തിരിച്ചെത്തിയ പ്രവാസികളുടെ കഴിവുകള്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ രീതിയില്‍ കൂടി പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കഴിയും. അതിനായി കേരളത്തിലെ പ്രവാസി സംഘടനകളുടെയും ലോക കേരള സഭയുടെയും സഹായം ഉപയോഗപ്പെടുത്താം.