പ്രത്യാശയോടെ വീണ്ടും ഒത്തു ചേരുമ്പോള്‍

എസ്. ഹരികിഷോർ ഐ.എ.എസ്
എഡിറ്റര്‍

അസംഖ്യം അടരുകളുള്ള ജീവിതാനുഭവങ്ങളുടെ, അസംഖ്യം മനുഷ്യരുടെ മഹാ പ്രയാണങ്ങളുടെ ഓര്‍മ്മകള്‍ കൂടി ഉള്ളടങ്ങിയതാകും ഒരു ജനതയുടെ പ്രവാസ ചരിത്രം. മലയാളിയുടെ കഥയും വ്യത്യസ്‌തമല്ല. നാം ഇന്നറിയുന്ന ആധുനിക മലയാളി രൂപം കൊള്ളുന്നതിനും എത്രയോ കാലം മുമ്പ് അതി ജീവനത്തിനായി വിദൂര ദേശങ്ങളിലേക്ക്, മഹാ സമുദ്രങ്ങള്‍ താണ്ടി നമ്മുടെ ജനത ചെന്നെത്തിയിരുന്നു. ഏതു ദേശത്തും ഒരു മലയാളിയുണ്ടാവുമെന്ന് അൽപം തമാശയോടെ നമ്മള്‍ പറയും. പക്ഷെ ചോരയും കണ്ണീരും സഹനങ്ങളും കലര്‍ന്നു കിടപ്പുണ്ട് ആ യാത്രകള്‍ ലക്ഷ്യത്തിലെത്തിയതിനു പിന്നിലെന്ന് ഇന്ന് അറിയാം. എത്തിപ്പെട്ടിടത്തെല്ലാം അത് ഇന്ത്യയിലെ മഹാനഗരങ്ങളിലാകട്ടെ, വിദേശ രാജ്യങ്ങളിലാകട്ടെ സങ്കുചിത ചിന്തയില്ലാതെ അതത് സംസ്‌കാരങ്ങളുമായി ഇടപഴകി മുന്നോട്ടു പോവാന്‍ കഴിഞ്ഞതും മലയാളി പ്രവാസി വിജയ ഗാഥയ്ക്കു പിന്നിലുണ്ട്.

കരുത്തുറ്റ ഒരു സമൂഹമാണ് ഇപ്പോള്‍ മലയാളി പ്രവാസ ലോകം. ജന്മ ദേശത്തിന്‍റെ പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങാകാനും വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കാനും മലയാളി പ്രവാസികള്‍ നിലകൊള്ളുന്നത് അഭിമാനകരമാണ്. എന്നാല്‍ ലോകത്തിന്‍റെ പല കോണുകളിലായി ചിതറിക്കിടക്കുന്ന മലയാളിയുടെ അനുഭവ സമ്പത്തും ബൗദ്ധിക ശേഷിയും കേരളത്തിന്‍റെ വികസനത്തിനായി കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനും അവര്‍ നേരിടുന്ന പ്രശ്‌നങ്ങൾ കേള്‍ക്കുന്നതിനും ഒരു വേദി എന്ന നിലയിലാണ് ലോക കേരള സഭ എന്ന ആശയം ഉദയം കൊള്ളുന്നത്. 2018 ലും 2020 ലുമായി രണ്ട് സഭകള്‍ പിന്നിട്ട് മൂന്നാം ലോക കേരള സഭയാണ് ജൂണ്‍ 16, 17, 18 തീയതികളിലായി നടക്കുന്നത്. ആദ്യ സഭകള്‍ പകര്‍ന്ന അനുഭവവും ഊര്‍ജവും ഉള്‍ക്കൊണ്ട് കൂടുതല്‍ ഗൗരവകരമായ സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും മൂന്നാം സമ്മേളനം ഇടമൊരുക്കുമെന്ന് പ്രത്യാശിക്കുന്നു.