മഹാമാരിയിലെ പച്ചത്തുരുത്ത്
ഡോ. ഗണേഷ് ബാല
അധ്യാപകന്‍ (ഓസ്ട്രേലിയ)
ചരിത്രത്തിലുട നീളം മാനവരാശിക്ക് ഇതു പോലെയുള്ള ‘ഓര്‍ക്കാപ്പുറത്തെ അടികള്‍’ കിട്ടി പോന്നിട്ടുണ്ട്. കോവിഡിന് മുന്‍പ്, ലോക സാമ്പത്തിക മാന്ദ്യം/സ്‌പാനിഷ് ഫ്ളൂ, അതിനും മുന്‍പ് പ്ളേഗ് യൂറോപ്പില്‍ പടര്‍ന്നു പിടിച്ച കാലം, ഈ മഹാമാരികളെയെല്ലാം, ദൈവങ്ങള്‍, മനുഷ്യന്, അവന്‍റെ ദുഷ് ചെയ്‌തികൾക്കു ശിക്ഷകള്‍ കൊടുക്കുന്നതാണ് എന്ന് മത പണ്ഡിതന്മാര്‍ വ്യാഖ്യാനിച്ചും പോന്നിട്ടുണ്ട്. കഴിഞ്ഞ ഏതാണ്ട് രണ്ടര കൊല്ലക്കാലം ആഫ്രിക്ക തൊട്ട് ഏഴാം കടലിനക്കരെ അങ്ങ് അമേരിക്ക വരെ വൈറസ് ബാധയാല്‍ മനുഷ്യര്‍ ദിനംപ്രതി മരിച്ചു വീഴുമ്പോഴും, ഇവിടെ ഓസ്ട്രേലിയ എന്ന ഭൂഖണ്ഡ ദ്വീപ്, ഒരു ‘പച്ചത്തുരുത്ത്’ പോലെ, കോവിഡില്‍ നിന്നും ‘കാത്തു’ എന്ന് നിസ്സംശയം പറയാം! വളരെ കുറഞ്ഞ മരണ നിരക്ക്, ദൈനം ദിന കോവിഡ് കേസുകളിലെ കുറവ്, മാലാഖമാരെപ്പോലെ പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, ടെസ്റ്റിംഗ് സൗകര്യങ്ങള്‍, ഫലപ്രദമായ വാക്‌സിൻ ലഭ്യത അങ്ങനെ സര്‍ക്കാരും, ആശുപത്രികളും അവര്‍ക്കു ചെയ്യേണ്ടത് നന്നായി ചെയ്‌തുവെങ്കിലും, യൂറോപ്പിലും, അമേരിക്കയിലും, ഇന്ത്യയിലും മനുഷ്യര്‍ മരിച്ചു വീഴുന്ന വാര്‍ത്തകള്‍ ടെലിവിഷനില്‍ കണ്ടു വേദനയോടെ നാട്ടിലെ ബന്ധുക്കളെകുറിച്ചു ഓര്‍ത്തു വിറളി പൂണ്ടു ദുഖിച്ചിരിക്കുമ്പോഴും, ഇവിടെ ഓസ്ട്രേലിയയില്‍ എവിടെയോ ഒരു ‘ദൈവത്തിന്‍റെ കൈ’ പ്രവര്‍ത്തിക്കുന്നതായി തോന്നിക്കൊണ്ടേയിരുന്നു. ലോകം ഒരു തവിട്ട് തുരുത്തായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഇപ്പോഴും ഒരു ‘പച്ചത്തുരുത്തില്‍’ തന്നെയാണല്ലോ എന്ന് അത്ഭുതത്തോടെയും, അൽപം ഭയത്തോടെയും ആശ്വസിച്ചവരാണ് ഓസ്ട്രേലിയന്‍ മലയാളികള്‍!
കഴിഞ്ഞ രണ്ടോ മൂന്നോ ദശാബ്‌ദക്കാലം തകര്‍ന്നു കൊണ്ടിരിക്കുന്ന കുടുംബ ജീവിതത്തെക്കുറിച്ചു സാംസ്‌കാരിക ചര്‍ച്ചകളും, സിനിമകളും നിറഞ്ഞ ലോക മലയാളി സമൂഹത്തിന് കോവിഡ് സമ്മാനിച്ചത് ‘ഉര്‍വ്വശി ശാപം ഉപകാരമാണ്’. പെട്ടെന്ന് വീട് നിറച്ചു മനുഷ്യരെക്കൊണ്ട് നിറഞ്ഞു! ഇനി എന്ത് ചെയ്യും? എന്ന് ഒരു അങ്കലാപ്പ്! ഇരുപതു വര്‍ഷമായി ക്ലാസ്സുമുറിയില്‍ വിദ്യാര്‍ത്ഥികളെ സാമ്പത്തിക ശാസ്ത്രം പഠിപ്പിച്ച ഞാന്‍ വീട്ടിലിരുന്നു ലാപ്ടോപ്പ് വഴി അവര്‍ക്കു ക്ലാസ് കൊടുത്തു തുടങ്ങി. സോഫ്‌റ്റ് വെയർ മാനേജര്‍ ആയ സ്ത്രീകള്‍ അടുക്കളപ്പണിയും, ജോലിയും വീട്ടില്‍ തന്നെയായി, കുട്ടികള്‍ സ്‌കൂൾ അവരുടെ വീട്ടിലേക്കു മാറ്റി പാര്‍പ്പിച്ചു, അങ്ങനെ കുടുംബ സദസ്സുകള്‍ വളരെ കാലത്തിന് ശേഷം സജീവമായി തുടങ്ങി. ഒന്നും നാശത്തിന് മാത്രമായി ഉണ്ടാകുന്നില്ല എന്നൊരു ആശ്വാസം ഉണ്ടായ കാലം! വീടിന്‍റെ ബാല്‍ക്കണിയില്‍ ബാല്യ-കൗമാര ദിനങ്ങളും, പാട്ടുകളും, ഓര്‍മകളും ഓടി വന്നെത്തി തുടങ്ങി. എഴുത്തിലേക്കെത്തി.
എന്‍റെ ആദ്യ നോവല്‍ ‘ക്രിക്കറ്റ് ഹൗസ്’ ഈ വര്‍ഷം പുറത്തിറക്കി. രണ്ടാമത്തേത് ‘എഴുത്തുപുര’ ഈ മാസം ഇറക്കുന്നു. കോവിഡ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ അമ്പതു മലയാളികളുടെ അനുഭവങ്ങളെ ആധാരമാക്കി ഒരു പുസ്‌തകം ഓസ്ട്രേലിയയില്‍ ഒരു മലയാളി വനിത ഈ മാസം പുറത്തിറക്കിയതും പറയണം.. കോവിഡിന്‍റെ ആദ്യത്തെ ഒന്നര വര്‍ഷം മാസ്‌ക് പോലും സിഡ്‌നിയിൽ നിര്‍ബന്ധമല്ലായിരുന്നു! എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായാണ് ഇന്ത്യയിലെ സ്നേഹിതര്‍ അനുഭവിക്കുന്ന ലോക്‌ഡൗൺ സമ്പ്രദായം ഇവിടെയും വന്നെത്തിയത്. കേസുകള്‍ കൂടി, ആശുപത്രികള്‍ രോഗികളെ കൊണ്ടു നിറയാന്‍ തുടങ്ങി. എന്നാല്‍ ഇവിടെയും എന്തോ ഭാഗ്യം പോലെ മരണ നിരക്ക് താരതമ്യേന കുറവായി തുടര്‍ന്നു. ഇതിന്‍റെയൊക്കെ അര്‍ത്ഥം ഓസ്ട്രേലിയന്‍ മലയാളികള്‍ കോവിഡ് കൊണ്ട് പ്രയാസപ്പെട്ടില്ല എന്നല്ല. ഈ രണ്ടര വര്‍ഷ കാലം പലയിടങ്ങളിലായി മലയാളി കുടുംബങ്ങള്‍ കോവിഡ് കൊണ്ട് പലതരം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്.
പക്ഷേ ഇന്ത്യയിലെയോ, മറ്റിടങ്ങളിലെയോ പോലെയുള്ള വ്യാപകമായ വിഷമങ്ങള്‍ ഓസ്ട്രേലിയന്‍ മലയാളികള്‍ക്ക് ഉണ്ടായിട്ടില്ല. ഇപ്പോള്‍ കോവിഡ് ഒരു ശീലമായി തീര്‍ന്നിട്ടുണ്ട്. മാനസികമായും, വാക്‌സിൻ കൊണ്ട് ശാരീരികമായും ഒരു പ്രതിരോധം ഉണ്ടായിത്തീര്‍ന്നിട്ടുണ്ട്. കോവിഡിന്‍റെ കൂടെ സഞ്ചരിക്കുവാന്‍ ഇന്ന് ഓസ്ട്രേലിയന്‍ ജനത പ്രാപ്‌തരാണ്.
‘മരുഭൂമിക്കും പൂക്കാം’ എന്ന ബഷീര്‍ വിമര്‍ശനത്തെ ഓര്‍മപ്പെടുത്തി കോവിഡ് കാലത്തെ ദുരിതങ്ങളുടേയും, വേദനകളുടേയും നീണ്ട കഥകള്‍ ലോകം മുഴുവന്‍ നോവലുകളായും, സിനിമകളായും, അനുഭവകഥകളായും ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണല്ലോ. സമാനമായ അനുഭവ ലോകങ്ങള്‍, നാട്ടില്‍ മരിച്ച അമ്മയെ കാണാന്‍ പോകാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍, അസുഖം ബാധിച്ച മാതാപിതാക്കളെ ഓസ്ട്രേലിയയിലേക്കു കൊണ്ടു വരാന്‍ കഴിയാതെ വ്യസനിച്ച മക്കള്‍, വര്‍ഷങ്ങളോളം സ്വന്തം നാട്ടിലുള്ള കാമുകനെ കാണാന്‍ കഴിയാത്ത കാമുകിമാര്‍, രാപകലില്ലാതെ രോഗികളെ ശുശ്രൂഷിച്ചു സ്വയം കോവിഡിന് കീഴടങ്ങിയ നേഴ്‌സുമാർ, വീട്ടില്‍ തന്നെയിരുന്നു ജോലി ചെയ്‌തു മാനസിക രോഗത്തിന് അടിമപ്പെട്ട പ്രൊഫഷണലുകള്‍ എന്നിങ്ങനെ ആ പട്ടിക നീണ്ടു നീണ്ടു പോകുന്ന ഒന്നാണ്. ഒരിക്കലും ഒന്ന് വഴക്കിടാത്ത ദമ്പതികള്‍, ജോലി നഷ്‌ടപ്പെട്ട് ഗാര്‍ഹിക പീഡനങ്ങള്‍ക്കു നിര്‍ബന്ധിതരായ നിസ്സഹായാവസ്ഥ, നാലുപാടും ചിതറിയ കുടുംബ ബന്ധങ്ങള്‍ എന്നീ ദുരന്ത രൂപമായ ഒരു മറുപുറവും കൂടി ഈ അസുഖത്തിനുണ്ടായി. മറുവശത്തു വീട്ടില്‍ അകന്നു കഴിഞ്ഞിരുന്നവരെ രോഗ ഭീതി ഒന്നിപ്പിച്ച അനുഭവങ്ങളും ഉണ്ടായി എന്നത് ആശ്വാസം. ഞാന്‍ കോവിഡിനെ സമീപിച്ചത് ‘ജീവിക്കുന്ന പരിമിതിയില്‍, കിട്ടിയ ജീവിതത്തെ എങ്ങനെ കലയാക്കി/ബൗദ്ധികമാക്കി മാറ്റാം’ എന്ന സ്വാഭാവിക പ്രക്രിയയുടെ ഭാഗമായി തീരുക എന്നതായിരുന്നു. ഇത് കോവിഡിനെ നേരിടാന്‍ നല്‍കിയ ആത്മ വിശ്വാസവും, ധൈര്യവും വിശദീകരിക്കാവുന്നതിനു അപ്പുറമാണ്.ഈ ദുരന്തത്തിനു ശേഷവും, ഈ ദുസ്വപ്‌നങ്ങളുടെ രാത്രിക്ക് ശേഷവും, ഈ മരവിച്ച നിശ്ശബ്‌ദതക്കു ശേഷവും ഒരു സംഗീതം ഉണ്ടാകും എന്ന് പ്രത്യാശിക്കാം.