യാത്രയും മലയാളിയും
ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്
യാത്ര ചെയ്യുന്നതിനോ പുതിയ ലോകങ്ങളെ അന്വേഷിക്കുന്നതിനോ യാതൊരു സാമൂഹിക സാംസ്‌കാരിക സാഹചര്യങ്ങളും ഇല്ലാഞ്ഞിട്ടും മലയാളി ഒരു പ്രവാസി ജനത ആയി മാറി എന്നത് കാലത്തിന്‍റെ ഒരു മാജിക്കല്‍ റിയലിസമാണ്. ഇന്ന് ലോകത്തിന്‍റെ ഏത് ഭാഗത്തും എന്ത് അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോഴും നടുങ്ങുന്ന ഒരു ജനതയാണ് മലയാളി. കാരണം ലോകത്തിന്‍റെ എല്ലായിടത്തും അവനുണ്ട്. റഷ്യ യുക്രൈയിനിനെ ആക്രമിച്ചപ്പോഴും നാം നെഞ്ചത്ത് കൈ വച്ചു. അവിടെ പഠിക്കാന്‍ പോയ മക്കളെയോര്‍ത്ത്. അവിടെ ജോലി ചെയ്യാന്‍ പോയ രക്ഷിതാക്കളെയോര്‍ത്ത് സൂക്ഷിച്ചു നോക്കിയാല്‍ രണ്ട് ലോക മഹാ യുദ്ധങ്ങളാണ് യാത്രാ വിമുഖരായ മലയാളികളെ കിടക്കപ്പായയില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് നഴ്‌സിങ്ങ് ജോലിക്കും മറ്റുമായി യൂറോപ്പിലേക്കും അമേരിക്കയിലേക്കും അയച്ചത്. അതുവരെ കാണാത്തത്ര ഭാരിച്ച ശമ്പളവും ജീവിത സൗകര്യങ്ങളും അവരെ ആകര്‍ഷിച്ചു. തൊട്ടു പിറകെ പെട്രോളിന്‍റെ വര്‍ധിച്ച തോതിലുള്ള ഖനികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ തുറക്കപ്പെട്ടു.
യൂറോ അമേരിക്കന്‍ പ്രവാസം ബഹു ദൂര ഭാഗവും മധ്യ തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ സമൂഹത്തിന്‍റേതായിരുന്നു. എന്നാല്‍ ഗള്‍ഫ് സമൂഹത്തിലെ ബഹു ഭൂരിഭാഗം വരുന്ന ആദ്യ സമൂഹം മലബാര്‍ കടല്‍ത്തീരവാസികളായിരുന്നു. അറബിക്കടലിനോട് ചേര്‍ന്ന് നീണ്ടു കിടക്കുന്ന കേരളത്തെ മൂന്നായി തിരിക്കാം. കടല്‍ത്തീര കേരളം, സമതല കേരളം, പശ്ചിമ ഘട്ടത്തോട് ചേര്‍ന്ന മലയോര പ്രദേശങ്ങള്‍ മറ്റൊരു നിലയ്ക്ക് പറയുകയാണെങ്കില്‍ കേരളം ആകെ മൊത്തം നോക്കിയാല്‍ ശരാശരി പത്തറു നൂറ് കിലോമീറ്റര്‍ നീണ്ട മൂന്നുവരിപ്പാതയാണ്. ചരിത്രപരമായി നോക്കിയാല്‍ ഇങ്ങനെ മൂന്ന് കേരളമുണ്ട്. കടലോര കേരളം എന്നത് ജാതി പീഢകളാല്‍ ഓടി രക്ഷപ്പെട്ട് കടലുമായി മല്ലിട്ടും അതിനെ ആശ്രയിച്ചും ജീവിക്കുന്നവരുടേതായിരുന്നു. പൗരാണിക തുറമുഖ പ്രവിശ്യകളിലേക്ക് വന്നെത്തിയ ഇതര രാജ്യങ്ങളിലെ വണിക്കുകളെ ആശ്രയിച്ചു കഴിഞ്ഞിരുന്ന നാട്ടു പ്രമാണികളായ കച്ചവടക്കാരടക്കമുള്ള സാമ്പത്തികമായി ഉന്നത ശ്രേണിയിലുള്ള ന്യൂന വര്‍ഗ്ഗത്തെ ഒഴിച്ചു നിര്‍ത്തിയാല്‍ പരമ ദരിദ്ര സമൂഹമായിരുന്നു ഇത്. പക്ഷേ ഇവര്‍ക്ക് കടല്‍ ഒരു ഭയ പ്രദേസമോ കടല്‍ കടന്നാല്‍ ജാതിയില്‍ നിന്ന് പുറത്തായിപ്പോകുന്ന ഭയമോ ഉണ്ടായിരുന്നില്ല. അതു കൊണ്ട് പെട്രോമണി ഉയര്‍ത്തിയതിന്‍റെ മണിയൊച്ച ഇവര്‍ പെട്ടെന്ന് ശ്രദ്ധിച്ചു.
ശ്രദ്ധിക്കുക മാത്രമല്ല കടല്‍ ഭീതി ഇല്ലാത്തതിനാല്‍ ലോഞ്ച് യാത്രകള്‍ ഭയാനക സങ്കല്‍പ്പമായിരുന്നില്ല. ആദ്യകാല ഗള്‍ഫ്, മലേഷ്യ സിങ്കപ്പൂര്‍ യാത്രകള്‍ വളരെ കാര്യമായി സംഭവിച്ചത് കേരളത്തിന്‍റെ കടല്‍ത്തീര ദേശങ്ങളിലാണ്. ആ യാത്രകള്‍ സാഹസികതയുടേയും ജീവന്‍ പണയം വച്ചുള്ളതുമായിരുന്നു. എത്രയോ പേര്‍ ഈ ലോഞ്ച് യാത്രയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൊടിഞ്ഞി ഗ്രാമത്തില്‍ നിന്ന് പത്തറുപതോളം യാത്രക്കാര്‍ പോയ ലോഞ്ച് ഒന്നിച്ച് അപ്രത്യക്ഷമായിട്ട് ദശാബ്‌ദങ്ങൾ പലത് പിന്നിട്ടിട്ടും തിരിച്ചു വന്നിട്ടില്ല. മലയാളി യുദ്ധങ്ങള്‍ കണ്ടിട്ടില്ല എന്നൊക്കെ സാമാന്യവത്കരിക്കുന്ന നമ്മുടെ സാമൂഹിക നിരൂപകര്‍ കാണാതെ പോകുന്ന സത്യമാണിത്.
സത്യത്തില്‍ ആദ്യകാല മലയാളി ഗള്‍ഫ് പ്രവാസം യുദ്ധ സമാനമായ അനുഭവം തന്നെയായിരുന്നു. കേരളത്തില്‍ ഗൾഫ് മണി നട്ടു നനച്ചിട്ടില്ലാത്ത ഒരിടവുമില്ല. കേരളത്തിന് ഇക്കാര്യത്തില്‍ സവിശേഷമായ ഒരു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമിയും അയ്യങ്കാളിയും പല നിലയ്ക്ക് രൂപകല്‍പന ചെയ്‌ത നവോത്ഥാന പ്രസ്ഥാനങ്ങള്‍ വരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരെ ദേശീയ സമര പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുന്നു. കേരളം സ്വതന്ത്ര ഇന്ത്യയുടെ ഭാഗമാകുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ സജീവമായ രാഷ്ട്രീയ ശക്തിയാകുന്നു. ഗള്‍ഫ് മണി വരുന്നു. ഇവ തമ്മില്‍ പരസ്‌പരം ബന്ധങ്ങള്‍ തോന്നില്ലെങ്കിലും മേല്‍പ്പറഞ്ഞ രാഷ്ട്രീയ, ആത്മീയ ചലനങ്ങള്‍ ഒന്നു ചേര്‍ന്നു വന്നതിന്‍റെ ഗുണ ഫലമാണ് ഇന്നു കാണുന്ന കേരളം. ഇന്ത്യ സ്വതന്ത്രമായതോടെയാണ് ഓരോ പൗരനുമുള്ള അവകാശങ്ങള്‍ തുല്യമായതോടെയാണ് സത്യത്തില്‍ മലയാളികളുടെ വിദേശ യാത്രകള്‍ പോലും പ്രബലപ്പെടുന്നത്. ഇന്ത്യ സ്വതന്തമായതിനു ശേഷമാണ് നമുക്ക് ഒരു യാത്രാ വിവരണ സാഹിത്യം പോലും ഉണ്ടാകുന്നത്. തോമാ കത്തനാരുടെ വർത്തമാന പുസ്‌തകം കഴിഞ്ഞ് ദീര്‍ഘ കാലത്തിനു ശേഷമാണ് എസ്.കെ.പൊറ്റക്കാട് എന്ന യാത്രാ വിവരണ സാഹിത്യകാരന്‍ ഉദയം ചെയ്യുന്നത്. തോമാകത്തനാരുടെ വർത്തമാന പുസ്‌തകം എഴുതി അവസാനിപ്പിച്ചത് 1786-ല്‍ ആണെന്ന് കാണുന്നു. ഇതാണ് നമ്മുടെ ഭാഷയിലെ ആദ്യ യാത്രാ വിവരണ ഗ്രന്ഥമായി കണക്കാക്കുന്നത്. മതപരമായ തര്‍ക്കം തീര്‍ക്കാന്‍ റോമായിലേക്ക് കപ്പല്‍ മാര്‍ഗം പോയ യാത്രാ വഴിയാണത്. 1949-ല്‍ കപ്പല്‍ മാര്‍ഗം അദ്ദേഹം ആദ്യത്തെ വിദേശ യാത്ര നടത്തുകയും യാത്രാ വിവരണ ഗ്രന്ഥം എഴുതുകയും ചെയ്‌തു. അതിനു മുമ്പ് അദ്ദേഹം എഴുതിയ യാത്രാ വിവരണ പുസ്‌തകം കാശ്‌മീർ സന്ദര്‍ശനത്തെ ആധാരമാക്കിയാണ്. സത്യത്തില്‍ യാത്രാ വിവരണ ഗ്രന്ഥമല്ല അദ്ദേഹത്തിന്‍റെ യാത്രയാണ് ഇപ്പോഴും എന്നെ അമ്പരപ്പിക്കുന്നത്. തുടര്‍ന്ന് ഒട്ടേറെ യാത്രാ വിവരണ ഗ്രന്ഥങ്ങള്‍ മലയാളത്തില്‍ പിറന്നു. എന്തിനേറെ മലയാളിയായി ജനിച്ച്, ബംഗാളി ഭാഷയില്‍ പ്രശസ്‌തനായ അന്തരിച്ച വിക്രമന്‍ നായര്‍ ബംഗാളി ഭാഷയില്‍ എഴുതിയ പശ്ചിംദിഗന്തേ പ്രദോഷ്‌കാലെ എന്ന യാത്രാ വിവരണ പുസ്‌തകം പോലും സംഭവിച്ചു. (മലയാള പരിഭാഷ സുനില്‍ ഞാളിയത്ത്) വിക്രമന്‍ നായര്‍ നടത്തിയ ആ യൂറോപ്പ് യാത്രാ പുസ്‌തകം വ്യക്തിപരമായി എന്നെ അമ്പരപ്പിച്ച പുസ്‌തകമാണ്.
ഇന്ന് മലയാളി വിദേശങ്ങളിലേക്ക് വിനോദ യാത്ര ചെയ്യുന്നത് പതിവ് കാഴ്‌ചയായി. ഗൾഫ് വാസത്തിന്റെ പുതിയ ശാഖ എന്ന നിലയ്ക്ക് യൂറോപ്പിലേക്കും സ്കാന്‍ഡിനേവ്യന്‍ രാജ്യങ്ങളിലേക്കും തൊഴില്‍ തേടി പറക്കുകയും പരമാവധി അവിടെ കൂടണയുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഉന്നത മധ്യവര്‍ഗ പ്രവാസികളായ പുതു തലമുറകള്‍ രൂപപ്പെട്ടിരിക്കുന്നു. എന്നാല്‍ താഴ്ന്ന വരുമാനക്കാരായ ഗള്‍ഫ് പ്രവാസികള്‍ ഇപ്പോഴും അതി ജീവന രേഖ കടന്നു എന്നു പറയാറായിട്ടില്ല. ഇത് ബഹു ഭൂരിപക്ഷമാണെന്ന സത്യം ഓര്‍ക്കേണ്ടതുണ്ട്. അവരുടെ ഹൃദയത്തിലെ ആശങ്കകളും അരക്ഷിതാവസ്ഥകളും അങ്ങേയറ്റം അനുഭാവപൂര്‍വമായി കാണേണ്ട ഉത്തരവാദിത്വം കേരളത്തില്‍ ജീവിക്കുന്ന മലയാളികള്‍ക്കുണ്ട്.
മലയാളി യാത്രകള്‍ പെരുകുംമ്പോഴും അവന്റെ സാംസ്‌കാരിക യാത്രകള്‍ കട്ടപ്പുറത്തെ ബസ്സു പോലെ തന്നെ നില്‍ക്കുന്നു. ഭൂമി മുഴുവന്‍ പടര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലേക്ക് ചിറകു വിരിച്ച് പറന്ന് ചേക്കേറുമ്പോഴും ആഹാരം, വലിയ വീടുകള്‍, ആര്‍ഭാടങ്ങള്‍, ധന സമ്പാദനം എന്നീ വേവലാതികളില്‍ മാത്രം കുടുങ്ങി നില്‍ക്കുകയാണ് മലയാളി. മാനസികമായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന അനേകം സാംസ്‌കാരിക അടരുകളെ ശ്രദ്ധിക്കുന്നതിലോ ജാതിമത കേന്ദ്രീകൃതമായ സാമൂഹിക ഉപബോധങ്ങളില്‍ നിന്ന് കുതറിയുള്ള മൗലികാന്വേഷണത്തിലോ എത്ര കണ്ട് വിജയിക്കുന്നുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏറ്റവും ആധുനികമായ ഷൂസുകള്‍ ധരിക്കുമ്പോഴും ദുര്‍ഗന്ധ വാഹിയായ ഭൂതകാല പാദുകം അവന്‍ ഉപേക്ഷിക്കാതെ കൈയ്യില്‍ കൊണ്ടു നടക്കുന്നില്ലേ എന്ന് നാം സംശയിക്കേണ്ടിയിരിക്കുന്നു.