കേരളം സംസ്ഥാനത്തിന്‍റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്കു വളര്‍ന്നു ലോക കേരളമായി മാറിയിരിക്കുന്നു എന്ന തിരിച്ചറിവാണ് ലോക കേരള സഭ എന്ന ആശയം മുന്നോട്ടു വെയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്
ഡോ. കെ. എന്‍. ഹരിലാല്‍
മുന്‍ ആസൂത്രണ ബോര്‍ഡ് അംഗം
രാഷ്ട്രങ്ങളെയും ദേശീയ ജന വിഭാഗങ്ങളേയും ഭൂപ്രദേശാടിസ്ഥാനത്തില്‍ നിര്‍വചിക്കുകയും കാണുകയും ചെയ്യുന്നതാണ് നമ്മുടെ സാമ്പ്രദായിക രീതി. കേരളം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടി വരുക കേരളത്തിന്‍റെ ഭൂപടവും കേരളത്തിന്‍റെ അതിര്‍ത്തികളുമാണ്. കേരളത്തെ കേരളം എന്ന ഭൂപ്രദേശത്തിനകത്ത് ഒതുങ്ങി നില്‍ക്കുന്ന ഒന്നായി കാണുന്ന രീതി അക്ഷരാര്‍ത്ഥത്തില്‍ കാലഹരണപ്പെട്ടിരിക്കുന്നു. കേരളത്തിനകത്തെന്ന പോലെ പുറത്തും കേരളമുണ്ട് എന്ന് കണ്ടു കഴിഞ്ഞാല്‍ അനാവശ്യ വിമര്‍ശനങ്ങള്‍ ഒഴിവാകും.
ഭാഷാ സമൂഹങ്ങളും സംസ്‌കാരങ്ങളും അവ വളര്‍ന്നു വന്ന ഭൂപ്രദേശങ്ങളുടെ ഭൂമി ശാസ്ത്രപരമായ അതിര്‍ത്തികള്‍ പിന്നിട്ടു പടര്‍ന്നു വളരുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. ആഗോളവല്‍ക്കരണവും സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയും ലോകമൊട്ടാകെ ദേശീയ ജന സമൂഹങ്ങളുടെ പ്രദേശാനന്തര വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ദേശീയ സംസ്‌കാരങ്ങൾ താന്താങ്ങളുടെ പരമ്പരാഗത അതിര്‍ത്തികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പുലരാന്‍ പറ്റാത്ത നിലയിലാണ് ആഗോള പ്രവൃത്തി വിഭജനം വളര്‍ന്നു കൊണ്ടിരിക്കുന്നത്. ജീവിതം പഴയ ദേശ- ഉപദേശ അതിര്‍ത്തികള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കാന്‍ വിസമ്മതിക്കുകയാണ്. ജീവിതം പ്രദേശാനന്തരമാകുന്നു എന്നതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട തെളിവ് ജനിച്ച രാജ്യം വിട്ട് അന്യ ദേശങ്ങളിലേക്കു കുടിയേറുന്നവരുടെ അതായത് പ്രവാസികളുടെ എണ്ണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധനവാണ്. 2019-ലെ ആഗോള കുടിയേറ്റ റിപ്പോര്‍ട്ടനുസരിച്ചു ഏകദേശം മുപ്പതു കോടിയോളം മനുഷ്യര്‍ ജനിച്ച രാജ്യത്തിന് പുറത്തു പ്രവാസത്തിലാണ്. ഇത് ലോക ജനസംഖ്യയുടെ 3.5 ശതമാനം വരും. യഥാര്‍ഥത്തില്‍ ലോക ജനസംഖ്യയിലെ പ്രവാസികളുടെ അനുപാതം തുടര്‍ച്ചയായി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. അതായത് പ്രവാസികളുടെ എണ്ണം ലോക ജന സംഖ്യയേക്കാള്‍ വേഗത്തില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.
പ്രവാസം എന്നത് പ്രദേശം വിട്ടു വളര്‍ച്ചയുടെ ഒരു വശം മാത്രമാണ്. സാധനങ്ങളും സേവനങ്ങളും, ആശയങ്ങളും അഭിരുചികളും, സാങ്കേതിക വിദ്യയും അറിവും, മൂലധനവും എന്നു വേണ്ട സംസ്‌കാരത്തിന്റെ എല്ലാ തലങ്ങളും ദേശ -പ്രദേശ അതിര്‍ത്തികള്‍ക്കും പ്രദേശാധിഷ്‌ഠിത തട്ടകങ്ങള്‍ക്കും അതീതമായി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. അതു കൊണ്ടാണ് ഓരോ ദേശത്തെയും സ്വദേശവാസികള്‍ പല ദേശവാസികള്‍ ആയി കൊണ്ടിരിക്കുന്നത്. പക്ഷെ, പല ദേശത്തു വസിക്കുമ്പോഴും സ്വന്തം നാട്ടില്‍ നിന്നും അന്യവത്ക്കരിക്കപ്പെടാന്‍ ആരും ആഗ്രഹിക്കുന്നില്ല. മറുനാട്ടില്‍ നില്‍ക്കുമ്പോഴും സ്വന്തം നാടിന്‍റെ സാമ്പത്തികവും സാംസ്‌കാരികവുമായ നിര്‍മിതിയില്‍ പ്രവാസികള്‍ നാട്ടിലുള്ളവരോടൊപ്പം പങ്കു വഹിക്കുന്നുണ്ട്. പക്ഷെ, സംസ്‌കാരത്തിന്റെ നിര്‍മാണത്തിലും പുനര്‍ നിര്‍മാണത്തിലും തുല്യ പങ്കു വഹിക്കുന്ന പ്രവാസിയുടെ പൊതു സംസ്‌കാരത്തെ നിര്‍ണയിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കുന്നതിലും പങ്കില്ല. രാഷ്ട്രീയ അധികാരത്തില്‍ പ്രവാസികള്‍ക്ക് എന്തെങ്കിലും സ്ഥാനവും പങ്കും അനുവദിക്കുന്ന പതിവ് ഒരു രാജ്യത്തും അടുത്ത കാലം വരെ ഉണ്ടായിരുന്നില്ല. പക്ഷെ, ഇപ്പോള്‍ കാര്യങ്ങള്‍ വളരെ വേഗം മാറുകയാണ്. സാമൂഹിക ജീവിതം ദേശീയ അതിര്‍ത്തികള്‍ വിട്ടു വളരുമ്പോഴും രാഷ്ട്രീയ ക്രമവും അധികാര ഘടനയും അതിര്‍ത്തിക്കുള്ളില്‍ ഒതുക്കപ്പെടുന്നതിലെ വൈരുധ്യം ഇപ്പോള്‍ രാഷ്ട്ര മീമാംസകള്‍ വ്യാപകമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. ഈ സംവാദം പല രാജ്യങ്ങളിലും ഭരണ ഘടനാ ഭേദഗതിയിലേക്കും അധികാര വ്യവസ്ഥയുടെ അഴിച്ചുപണിയിലേക്കും കാര്യങ്ങളെ കൊണ്ടെത്തിച്ചിട്ടുണ്ട്.
പ്രവാസികളുടെ പൗരാവകാശം
പ്രവാസികള്‍ക്ക് ആതിഥേയ രാജ്യങ്ങളില്‍ മാത്രമല്ല മാതൃ രാജ്യങ്ങളിലും മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും നിഷേധിക്കപ്പെടുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ പല രാജ്യങ്ങളിലും വീണ്ടും ആരംഭിച്ചിട്ടുണ്ട്. പല യൂറോപ്യന്‍ രാജ്യങ്ങളിലും തങ്ങളുടെ പൗരന്മാരായ പ്രവാസികള്‍ക്കു നിയമ നിര്‍മാണ സഭകളില്‍ പ്രാതിനിധ്യം അനുവദിക്കുന്നു.
പ്രവാസി പൗരന്മാര്‍ക്ക് പ്രത്യേകം സഭ തന്നെ രൂപീകരിക്കുന്ന തരത്തിലുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. ജന സമൂഹങ്ങളുടെ പ്രദേശാനനന്തര വളര്‍ച്ച സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങൾ ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്ന നാടാണ് കേരളം. കേരളം എല്ലാ അര്‍ത്ഥത്തിലും പ്രദേശാനന്തരമായിക്കൊണ്ടിരിക്കുകയാണ്. അതു കൊണ്ടു തന്നെ പ്രദേശാനന്തര വളര്‍ച്ചയെ ഗൗരവമായി കണ്ടു കൊണ്ടുള്ള ഭരണ പരിഷ്‌കാരത്തിനു കേരളം മുന്‍ കൈ എടുക്കേണ്ടതുണ്ട്. ലോക കേരള സഭ തീര്‍ച്ചയായും അത്തരമൊരു തുടക്കമാണ്. പ്രവാസികളുടെ പൗരാവകാശം സംരക്ഷിക്കുന്നതിലും അവര്‍ക്ക് രാജ്യത്തിന്‍റെ ജനാധിപത്യ പ്രക്രിയയില്‍ അര്‍ഹമായ പങ്കാളിത്തം നല്‍കുന്നതിന് വേണ്ടിയാണ് പ്രവാസി വോട്ടിനെക്കുറിച്ചുള്ള ചര്‍ച്ച ദേശീയ തലത്തില്‍ ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പ്രവാസി ദിനാഘോഷങ്ങളില്‍ ഇക്കാര്യം പലവട്ടം ഉന്നയിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് ജന പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്‌ത് പ്രവാസികള്‍ക്ക് നാട്ടിലെ അവരവരുടെ നിയോജക മണ്ഡലങ്ങളില്‍ വോട്ടു രജിസ്റ്റര്‍ ചെയ്യുന്നതിനും നേരിട്ട് ഹാജരായി സമ്മതി ദാനം രേഖപ്പെടുത്തുന്നതിനും അവകാശം നല്‍കിയത്. നാട്ടില്‍ ഹാജരായി വോട്ട് രേഖപ്പെടുത്തുന്നത് അപ്രായോഗികവും ചെലവേറിയതുമാണെന്നുള്ള വിമര്‍ശനത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അവകാശം നല്‍കുന്നത് പരിഗണിച്ചത്. എന്നാല്‍ പ്രോക്‌സി സമ്പ്രദായം സമ്മതി ദാനത്തിന്‍റെ രഹസ്യ സ്വഭാവം ഇല്ലാതാക്കുമെന്നും വോട്ട് കച്ചവടത്തിനു വഴി വെയ്ക്കുമെന്നും ജനാധിപത്യത്തിനു തന്നെ ഭീഷണിയാവുമെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പ്രോക്‌സി സമ്പ്രദായം ഒറ്റപ്പെട്ട വോട്ടു കച്ചവടത്തിലേക്കല്ല വോട്ടിന്‍റെ മൊത്തക്കച്ചവടത്തിലേക്കുതന്നെ കാര്യങ്ങള്‍ എത്തിച്ചാല്‍ അത്ഭുതപ്പെടാനില്ല.
എന്നാല്‍ പ്രോക്‌സി വോട്ടിന്‍റെ കൂടുതല്‍ അടിസ്ഥാനപരമായ ഒരു പരിമിതി അത് പ്രവാസികളുടെ പ്രാതിനിധ്യത്തിന്‍റെ പ്രശ്നത്തിന് പരിഹാരമല്ല എന്നാണ്. നാട്ടിലെ പ്രദേശാധിഷ്‌ഠിത നിയോജക മണ്ഡലങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയയില്‍ പങ്കാളിത്തം കിട്ടിയതു കൊണ്ട് നിയമ നിര്‍മാണ വേദികളില്‍ പ്രവാസികളുടെ സാന്നിധ്യം അനുഭവപ്പെടില്ല. പ്രവാസത്തിന്‍റെ സാധ്യതയും പ്രശ്‌നങ്ങളും പരമ്പരാഗത നിയോജക മണ്ഡലങ്ങളുടേതില്‍ നിന്നും വ്യത്യസ്‌തമാണ്. ഈ കാരണം കൊണ്ടാണ് ഫ്രാന്‍സും ഇറ്റലിയും മറ്റും പ്രവാസികള്‍ക്ക് പ്രത്യേകം നിയോജക മണ്ഡലം അനുവദിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്‍റെ വലിപ്പവും പ്രാധാന്യവും കണക്കിലെടുക്കുമ്പോള്‍ ഇന്നല്ലെങ്കില്‍ നാളെ ഇന്ത്യന്‍ നിയമ നിര്‍മാണ വേദികളില്‍ പ്രവാസികള്‍ക്കും ഇടം നല്‍കേണ്ടി വരും അതിനു തത്കാലം കഴിഞ്ഞില്ലെങ്കില്‍ ആംഗ്ലോ-ഇന്ത്യന്‍ പ്രതിനിധികള്‍ക്കു സമാനമായ നിലയില്‍ പ്രവാസികളുടെ പ്രതിനിധികളെ നിയമ നിര്‍മാണ സഭകളിലേക്കു നാമ നിര്‍ദ്ദേശം ചെയ്യുന്ന സമ്പ്രദായമെങ്കിലും കൊണ്ടു വരേണ്ടി വരും. പരിമിതി ഉണ്ടെങ്കിലും പ്രവാസികളുടെ ശബ്‌ദം സഭാ വേദികളില്‍ മുഴങ്ങി കേള്‍ക്കാന്‍ ഇത് സഹായിക്കും. ഈ പശ്ചാത്തലത്തിലാണ് കേരളത്തിന്‍റെ പരീക്ഷണമായ ലോക കേരള സഭ നടക്കുന്നതെന്ന യാഥാര്‍ഥ്യം ഒരിക്കല്‍ കൂടി വ്യക്തമാക്കട്ടെ.