ഒമിക്രോണിലും ജാഗ്രത
സാര്‍സ് കൊറോണ വൈറസ് 2 ന്‍റെ പുതിയ വകഭേദമാണ് ഒമിക്രോണ്‍. ഈ വകഭേദം 2021 നവംബര്‍ 22 ന് ദക്ഷിണാഫ്രിക്കയിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത്. കൂടുതല്‍ വര്‍ധിച്ച പകര്‍ച്ചാ ശേഷി, പ്രതിരോധ ശക്തിയെ തകര്‍ക്കാനുള്ള കഴിവ് ഇവ പരിഗണിച്ചാണ് ലോകാരോഗ്യ സംഘടന ഇതിനെ ഉത്കണ്‌ഠയുണർത്തുന്ന വകഭേദം ആയി പ്രഖ്യാപിച്ചത്. വൈറസുകള്‍ക്ക് പകരാനും പെരുകാനും ശേഷിയുള്ളിടത്തോളം അതിന് വകഭേദങ്ങളും ഉണ്ടാകും. കൂടുതല്‍ പകര്‍ച്ചാ ശേഷി, ഒരു പ്രാവശ്യം രോഗം ബാധിച്ചവര്‍ക്ക് വീണ്ടു രോഗം വരിക എന്നിങ്ങനെയുണ്ടാകുമ്പോഴാണ് വകഭേദത്തിനെ കൂടുതല്‍ ശ്രദ്ധിക്കേണ്ടി വരിക. വകഭേദങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ഏറ്റവും പ്രധാന നടപടി കോവിഡ് വ്യാപനം കുറയ്ക്കുക എന്നതാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നമ്മള്‍ ഓരോരുത്തരും പങ്കാളിത്തം ഉറപ്പു വരുത്തുക. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാം.