സില്‍വര്‍ലൈന്‍ നാടിന്റെ ആവശ്യം
പിണറായി വിജയന്‍
മുഖ്യമന്ത്രി
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒട്ടേറെ കാര്യങ്ങളില്‍ നാം ഏറെ മുന്നിലാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖല മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ്. കാലാനുസൃതമായ പുരോഗതി പൊതു വിദ്യാഭ്യാസ മേഖലയിലുണ്ടാകണമെന്ന് ഈ രംഗത്തെ പ്രാധാന്യത്തോടെ കാണുന്നവര്‍ ആഗ്രഹിക്കുകയും അതനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതിന്റെയും ഫലമാണിത്. പൊതു വിദ്യാലയങ്ങള്‍ തകര്‍ന്നു വീഴുകയും കുട്ടികള്‍ കൊഴിഞ്ഞു പോകുകയും ചെയ്‌ത കാലമുണ്ടായിരുന്നു. 2016-ല്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പൊതു വിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു. പശ്ചാത്തല സൗകര്യ മേഖലയിലും അക്കാദമിക് മേഖലയിലും അടക്കം വലിയ മാറ്റങ്ങളുണ്ടായി. വിദ്യാലയങ്ങള്‍ നന്നാകില്ലെന്ന് ധരിച്ചവരും അന്ന് നാട്ടിലുണ്ടായിരുന്നു. പൊതു വിദ്യാഭ്യാസ രംഗം മെച്ചപ്പെടണമെന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോയതുകൊണ്ടാണ് മാറ്റം സാധ്യമായത്.
ആരോഗ്യ രംഗത്തും ഇതു തന്നെയാണ് സംഭവിച്ചത്. നേരത്തേ നേടിയ നേട്ടങ്ങളില്‍ തറച്ചു നില്‍ക്കാതെ പുതിയ നേട്ടങ്ങള്‍ക്കായി ശ്രമിച്ചു. 2016-ല്‍ ആരംഭിച്ച ആര്‍ദ്രം മിഷന്‍ ആരോഗ്യ മേഖലയില്‍ സമഗ്ര മാറ്റമുണ്ടാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയ ആരോഗ്യ കേന്ദ്രങ്ങളില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലുള്ള ചികിത്സാ സംവിധാനങ്ങളായി. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാനത്തിന് ഇതു വളരെയേറെ ഗുണം ചെയ്‌തു. കോവിഡിനു മുന്നില്‍ ലോക രാജ്യങ്ങള്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ ലോകത്തിനു മുന്നില്‍ നാം അഭിമാനത്തോടെ തല ഉയര്‍ത്തി നിന്നു. കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ പൊതു ശേഷിയെ കോവിഡ് മറി കടന്നില്ല.
നേട്ടങ്ങളുണ്ടായിരുന്ന മേഖലയില്‍ തന്നെ കൂടുതല്‍ നേട്ടങ്ങളുണ്ടാക്കുകയാണ് ഈ രണ്ടു രംഗങ്ങളിലും സംഭവിച്ചത്. എന്നാല്‍ പശ്ചാത്തല സൗകര്യത്തിന്റെ കാര്യത്തില്‍ നാം ഏറെ പിന്നിലായിരുന്നു. ദേശീയ പാത വികസനത്തില്‍ കേരളം പിന്നിലായിരുന്നു. ഗ്രാമീണ റോഡുകളുടെ പോലും വീതിയില്ലാത്ത ദേശീയ പാതയുണ്ടായിരുന്നു. ദേശീയ പാതയുടെ വീതി കൂട്ടുന്ന ഘട്ടത്തില്‍ എത്ര മീറ്റര്‍ വീതി കൂട്ടണം എന്നതു സംബന്ധിച്ച് വാദ പ്രതിവാദങ്ങള്‍ നടന്നു. തുടര്‍ന്ന് സര്‍വ കക്ഷി യോഗത്തില്‍ 45 മീറ്റര്‍ വീതി കൂട്ടാന്‍ തീരുമാനമായെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് അന്നത്തെ സര്‍ക്കാരിന് പദ്ധതിക്കായി ഭൂമിയേറ്റെടുക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ 2016-ല്‍ അധികാരത്തിലെത്തിയ സര്‍ക്കാര്‍ 45 മീറ്റര്‍ വീതി വര്‍ധിപ്പിക്കുന്നതിന് നടപടികളാരംഭിച്ചു. നാടിന്റെ ഭാവിക്കായി സഹകരിക്കണമെന്ന് എതിര്‍ത്തവരോട് അഭ്യര്‍ഥിച്ചു. നാടിന്റെ പൊതു ആവശ്യം മുന്നില്‍ വെച്ചപ്പോള്‍ എല്ലാവരും സഹകരിച്ചു. ഏറ്റവുമധികം എതിര്‍പ്പ് ഉയര്‍ന്ന ജില്ലയില്‍പ്പോലും ജനങ്ങള്‍ സംതൃപ്‌തരാണ്. വലിയ തോതിലുള്ള നഷ്‌ട പരിഹാരമാണ് ഇവര്‍ക്ക് ലഭ്യമാക്കിയത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല, പ്രയാസങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയല്ല ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുകയും അവരെ കഴിയാവുന്നത്ര സഹായിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ദേശീയ പാത വികസനം, ഗെയില്‍ പൈപ്പ്‌ലൈന്‍ അനുഭവങ്ങള്‍
ദേശീയ പാതയില്‍ തലപ്പാടി മുതല്‍ ഓരോ റീച്ചുകളായി ടെന്‍ഡര്‍ ചെയ്‌ത് വരികയാണ്. ദേശീയ പാത വേണ്ട എന്നു വാദിച്ചവര്‍ക്കൊപ്പം സര്‍ക്കാര്‍ നിന്നിരുന്നുവെങ്കില്‍ പദ്ധതി നടക്കുമായിരുന്നില്ല. എതിര്‍ക്കുന്നവര്‍ക്കൊപ്പം നിന്നാല്‍ നാട് സര്‍ക്കാരിനെ കുറ്റപ്പെടുത്തും. ഗെയ്ല്‍ പൈപ്പ് ലൈന്‍ മറ്റു സംസ്ഥാനങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കിയപ്പോള്‍ കേരളത്തില്‍ എതിര്‍പ്പു കൊണ്ട് പദ്ധതി മുടങ്ങിയിരുന്നു. തെറ്റായ പ്രചാരണങ്ങളും പദ്ധതിയുടെ വിപത്തുകളെക്കുറിച്ചുള്ള പ്രചാരണങ്ങളും മൂലം പദ്ധതി പൂര്‍ത്തീകരിക്കാനാകാത്ത സ്ഥിതിയായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് പദ്ധതി നടപ്പാക്കാനായി.
കൂടംകുളം വൈദ്യുതി ലൈന്‍ പദ്ധതിയും സമാനമായ രീതിയില്‍ എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് പാതി വഴിയിലായിരുന്നു. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പദ്ധതി നടപ്പാക്കിയപ്പോള്‍ വൈദ്യുതി എത്തിക്കാനുള്ള പവര്‍ ഹൈവേ യാഥാര്‍ഥ്യമായി.
നാടിനാവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ ചില്ലറ ബുദ്ധിമുട്ടുകളുണ്ടാകും. സ്ഥലമേറ്റെടുക്കേണ്ടി വരും. എന്നാല്‍ അതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മലയോര ഹൈവേ, തീരദേശ ഹൈവേ, ജല പാത തുടങ്ങിയ പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്. വലിയ തോതിലുള്ള യാത്രാ സൗകര്യങ്ങളൊരുക്കുക പ്രധാനമാണ്. വ്യാവസായിക നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ഇത് വളരെയേറെ സഹായകരമാകും. കാലത്തിനനുസരിച്ച് മുന്നേറാനും പശ്ചാത്തല സൗകര്യ വികസനത്തിനായി ബജറ്റിനു പുറത്ത് വിഭവ സമാഹരണം നടത്തി പദ്ധതി നടപ്പാക്കാനാണ് കിഫ്ബി രൂപീകരിച്ചിരിക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ പദ്ധതികള്‍ ലക്ഷ്യമിട്ട സ്ഥാനത്ത് 62,000 കോടി രൂപയുടെ പദ്ധതികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു.
നമ്മുടെ നാട് കൂടുതല്‍ മുന്നോട്ടുപോകുക എന്നതാണ് ഏറ്റവും പ്രധാനം. ഇതിനു പുറമേ കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ജല പാത കൃത്യമായി മുന്നേറിക്കൊണ്ടിരിക്കുന്നു. വലിയ താമസമില്ലാതെ പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ മുഖച്ഛായയാണ് ഇങ്ങനെ മാറുന്നത്. അത് വലിയ മാറ്റമാണ് കേരളത്തില്‍ സൃഷ്‌ടിക്കുന്നത്. നാല് വിമാനത്താവളങ്ങളാണ് നമുക്കുള്ളത്. ആ വിമാനത്താവളങ്ങള്‍ യാത്രക്കു മാത്രമല്ല ചരക്കു ഗതാഗതത്തിനും ഉപയോഗിക്കാവുന്നതാണ് വിദേശത്തേക്ക് നമ്മുടെ കാര്‍ഷികോത്പന്നങ്ങളടക്കം കയറ്റിയയക്കുന്നതിന് വിമാനത്താവളങ്ങള്‍ വലിയ തോതില്‍ സഹായകരമാകും. ഇതിനെല്ലാം യാത്രാ സൗകര്യം വര്‍ധിക്കുക എന്നത് ഏറെ പ്രയോജനകരമാണ്. കാലാനുസൃതമായി നാട് പുരോഗതി നേടണം, ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പടുന്നത് സില്‍വര്‍ ലൈന്‍ പദ്ധതിയാണ്.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ഘട്ടത്തിനു ശേഷമാണ് എതിര്‍പ്പ് ഉയര്‍ന്നത്. അതിന് അതിന്റേതായ കാരണങ്ങളുണ്ട്. നിയമ സഭയില്‍ ഈ വിഷയം അവതരിപ്പിച്ചിട്ടില്ലെന്നത് ശരിയല്ല. പദ്ധതിയുടെ തുടക്കത്തില്‍ തന്നെ എംഎല്‍എമാരുമായാണ് ആദ്യം ചര്‍ച്ച ചെയ്‌തത്. നിയമ സഭയില്‍ പ്രധാന കക്ഷി നേതാക്കള്‍ വിഷയവുമായി ബന്ധപ്പെട്ട് സംശയങ്ങളുന്നയിച്ചിരുന്നു. അടിയന്തര പ്രമേയത്തിന് മറുപടിയും നല്‍കിയിട്ടുണ്ട്. 2020 ഫെബ്രുവരിയില്‍ പാത കടന്നു പോകുന്ന മണ്ഡലങ്ങളിലെ എംഎല്‍എമാരുടെ യോഗം വിളിച്ചിട്ട് പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയ സാഹചര്യത്തിലാണ് എതിര്‍പ്പ് രൂക്ഷമായത്. ഈ പദ്ധതി നാടിനാവശ്യമാണ്. എതിര്‍പ്പിനൊപ്പം നില്‍ക്കുകയല്ല നാടിന്റെ ഭാവിക്കായി നില കൊള്ളുകയും നാടിനെ പുരോഗതിയിലേക്ക് നയിക്കുകയുമാണ് സര്‍ക്കാരിന്റെ ധര്‍മ്മവും കടമയും. പദ്ധതി ഇപ്പോള്‍ പറ്റില്ലെങ്കില്‍ പിന്നെ എപ്പോള്‍ എന്നു നാം ചിന്തിക്കണം. ഇപ്പോള്‍ നടപ്പാക്കേണ്ട പദ്ധതികള്‍ ഇപ്പോള്‍ തന്നെ നടപ്പാക്കിയില്ലെങ്കില്‍ അതുമൂലമുള്ള നഷ്‌ടം നികത്താന്‍ വര്‍ഷങ്ങളെടുക്കും. ഇത് നാടിനെ പിന്നോട്ടടിക്കും. കാലാനുസൃതമായി നാട് പുരോഗമിക്കണം. അല്ലെങ്കില്‍ അത് നാളത്തെ ഭാവിയായ നമ്മുടെ കുഞ്ഞുങ്ങളോട് ചെയ്യുന്ന നീതികേടാകും.